March 31, 2023 Friday

Related news

January 23, 2023
January 10, 2023
December 20, 2022
December 14, 2022
November 18, 2022
October 8, 2022
September 29, 2022
September 11, 2022
August 3, 2022
July 21, 2022

ഓണ്‍ലൈന്‍ വില്‍പ്പനയും ഹോം ഡെലിവറിയുമായി സപ്ലൈകോ

Janayugom Webdesk
തിരുവനന്തപുരം
December 8, 2021 9:24 pm

സപ്ലൈകോ ഉല്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും വിപുലമാക്കുന്നു. 500 ല്‍ അധികം സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും ആരംഭിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം 11 ന് ഉച്ചയ്ക്ക് 12 ന് തൃശൂര്‍ ജില്ലാ പ്ലാനിങ് ഓഫീസ് ഹാളില്‍ റവന്യു മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷത വഹിക്കും. തൃശൂരിലെ മൂന്ന് സപ്ലൈകോ വില്പന ശാലകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സപ്ലൈകോ ഹോംഡെലിവറി ആദ്യഘട്ടമായി ആരംഭിക്കുകയെന്ന് മന്ത്രി ജി ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലായിരിക്കും ഹോംഡെലിവറി. അ­ധിക ദൂരത്തിനും ഭാരത്തിനുമനുസരിച്ച് വിതരണ നിരക്ക് വര്‍ധിക്കും. സപ്ലൈകോ ഉല്പന്നങ്ങള്‍ ലഭിക്കാന്‍ സപ്ലൈകോ കേരള എന്ന മൊബൈല്‍ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യാം. ഈ ആപ്പ് ഡിസംബര്‍ 11 മുതല്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകും. നാല് കിലോമീറ്റര്‍‍ പരിധിയില്‍ അഞ്ച് കിലോ തൂക്കം വരുന്ന ഓര്‍‍ഡര്‍ വിതരണം ചെയ്യുന്നതിന് 35 രൂപയും ജിഎസ്‌ടി യുമാണ് ഈടാക്കുക. അടുത്ത വര്‍ഷം മാര്‍ച്ചോടെ സംസ്ഥാനത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഓണ്‍ലൈന്‍ വില്‍പ്പനയും ഹോംഡെലിവറിയും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

2022 ജനുവരി ഒന്ന് മുതല്‍ രണ്ടാം ഘട്ടമായി കേരളത്തിലെ നഗരസഭ അതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളിലും മൂന്നാം ഘട്ടം ഫെബ്രുവരി ഒന്നിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പദ്ധതി നടപ്പാക്കും. നാലാം ഘട്ടത്തില്‍ മാര്‍ച്ച് 31 ന് സംസ്ഥാനത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി അറിയിച്ചു.

മൊബൈല്‍ മാവേലി സ്റ്റോറുകള്‍ക്ക് വന്‍ സ്വീകാര്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ വിപണി ഇടപെടല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിച്ച മൊബൈല്‍ വില്പ­നശാലകള്‍ക്ക് ജനങ്ങള്‍ക്കിയില്‍ വന്‍ സ്വീകാര്യത. നവംബര്‍ 30 ന് ആരംഭിച്ച പദ്ധതി വഴി 14 ജില്ലകളില്‍ 700 കേന്ദ്രങ്ങളില്‍ എത്തി സബ്സിഡി സാധനങ്ങള്‍ വിതരണം നടത്താനാണ് ലക്ഷ്യം. മൂന്ന് ജില്ലകളില്‍ ഒഴികെ വില്‍പ്പന പൂര്‍ത്തിയായി. ഇതുവരെ 37,30,946 രൂപയുടെ വില്പന നടന്നെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ആകെ 50 ലക്ഷം രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ഉല്പന്നങ്ങള്‍ പായ്ക്കിങിന് ശേഷം കാലതാമസം ഒഴിവാക്കി വില്പനശാലകളില്‍ എത്തിക്കുന്നത് സപ്ലൈകോയുടെ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.

മില്‍മ, ഹോര്‍ട്ടികോര്‍പ്പ്, കെപ്കോ ഉല്പന്നങ്ങളും ലഭ്യമാകും

സര്‍ക്കാര്‍ സ്ഥാപനങ്ങളായ മില്‍മ, ഹോര്‍ട്ടികോര്‍പ്പ്, കെപ്കോ, മത്സ്യഫെ‍ഡ് എന്നിവയുടെ ഉല്പന്നങ്ങളും ഓണ്‍ലൈന്‍ വഴി സപ്ലൈകോ ലഭ്യമാക്കും. ഓണ്‍ലൈന്‍ വില്‍പ്പനയുടെ ആരംഭം മുതല്‍ ഈ സാമ്പത്തിക വര്‍ഷാവസാനം വരെ ഓണ്‍ലൈന്‍ വഴി ഉല്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങിയ ബില്ലില്‍ അഞ്ച് ശതമാനം ഇളവ് നല്‍കും. ആയിരം രൂപയ്ക്ക് മുകളില്‍ ഉല്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് അഞ്ച് ശതമാനം ഇളവിന് പുറമെ ഒരു കിലോ ചക്കി ഫ്രെഷ്ഹോള്‍ വീറ്റ് ആട്ടയും രണ്ടായിരം രൂപയ്ക്ക് മുകളില്‍ ഉല്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് അഞ്ച് ശതമാനം ഇളവിന് പുറമെ 250ഗ്രാം ശബരി ഗോള്‍‍ഡ് തേയില (ബോട്ടില്‍) സൗജന്യമായി ലഭിക്കും. അയ്യായിരം രൂപയ്ക്ക് മുകളില്‍ ഉല്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് അഞ്ച് ശതമാനം ഇളവിന് പുറമെ ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്റര്‍ പൗച്ചും സൗജന്യമാണ്.

eng­lish summary;Supplyco with online sales and home delivery

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.