24 May 2024, Friday

Related news

May 18, 2024
May 17, 2024
May 17, 2024
May 17, 2024
May 16, 2024
May 15, 2024
May 14, 2024
May 13, 2024
May 13, 2024
May 10, 2024

ചർമ്മത്തിൽ സ്പർശിക്കാത്തവ ലൈംഗിക അതിക്രമമല്ല; ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
November 18, 2021 1:46 pm

ചർമ്മത്തിൽ സ്പർശിക്കാത്ത പീഡനം പോക്സോ പ്രകാരം ലൈംഗിക അതിക്രമമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. വസ്ത്രത്തിന് മുകളിലൂടെ ലൈംഗിക ഉദ്ദേശത്തോടെ തൊടുന്നത് കുറ്റകരമെന്ന് സുപ്രീം കോടതി പറഞ്ഞു.

ഏറ്റവും പ്രധാനം ലൈംഗിക ഉദ്ദേശമാണെന്ന് കോടതി നിരീക്ഷിച്ചു. നിയമത്തിന്റെ ഉദ്ദേശം കുറ്റവാളിയെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടാൻ അനുവദിക്കുന്നത് ആകരുതെന്ന് കോടതി പറഞ്ഞു. ഹൈക്കോടതി വിധി അസംബന്ധമാണെന്ന് സുപ്രീം കോടതി കൂട്ടിച്ചേർത്തു. ഇത്തരം വ്യാഖ്യാനങ്ങൾ സ്വീകരിച്ചാൽ കൈയ്യുറകൾ ഉപയോഗിച്ച് പീഡിപ്പിക്കുന്ന പ്രതി കുറ്റത്തിൽ നിന്ന് രക്ഷപ്പെടില്ലേയെന്നും സുപ്രീം കോടതി ചോദിച്ചു.

31 വയസായ ഒരാൾ 12 വയസുള്ള ഒരു കുട്ടിയുടെ ഷാൾ മാറ്റി മാറിടത്തിൽ കയറിപ്പിടിച്ച കേസ് പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വിവാദ പരാമർശം നടത്തിയത്. പ്രതിയെ പോക്സോ കേസ് ചുമത്താതെ, ലൈംഗികാതിക്രമം എന്ന താരതമ്യേന കുറഞ്ഞ വകുപ്പ് ചുമത്തി ഒരു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു ജഡ്ജി. ഇതേ കേസിൽ പോക്സോ ചുമത്തിയിരുന്നെങ്കിൽ പ്രതിക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ തടവുശിക്ഷയ്ക്ക് സാധ്യതയുണ്ടായിരുന്നതാണ്. പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് വിളിച്ച് വരുത്തി പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ചതാണ് കേസ്. പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറഞ്ഞതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

കേസ് പരിഗണിച്ച ബോംബെ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഈ സംഭവത്തിൽ പോക്സോ കേസ് നിലനിൽക്കില്ലെന്ന വിചിത്രമായ പരാമർശമാണ് നടത്തിയത്. പോക്സോ ചുമത്തണമെങ്കിൽ പ്രതി വസ്ത്രത്തിനുള്ളിലൂടെ സ്പർശിക്കണമായിരുന്നു. പ്രതി മാറിടത്തിൽ പിടിച്ചെന്ന് പറയുന്നത് വസ്ത്രത്തിന് പുറത്ത് കൂടിയാണ്. ഇത് ലൈംഗികാതിക്രമമല്ല. ശരീരത്തിൽ നേരിട്ട് സ്പർശിക്കാത്ത പക്ഷം സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് മാത്രം ചുമത്താം എന്നായിരുന്നു കേസിൽ കോടതിയുടെ വിധിന്യായം. പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിൽ വസ്ത്രത്തിൻറെ മറയില്ലാതെ തൊടുകയോ പ്രതിയുടെ ലൈംഗികാവയവത്തിൽ തൊടുവിക്കുകയോ ചെയ്താൽ മാത്രമേ പോക്സോ ചുമത്താനാകൂ എന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് പുഷ്പ ഗണേധിവാല പോക്സോ നിയമത്തിലെ അനുബന്ധ വകുപ്പിന്റെ നിർവചനത്തെ വ്യാഖ്യാനിച്ചത്.

രാജ്യത്തെ ഭാവി ലൈംഗിക അതിക്രമ കേസുകളുടെ വിചാരണകളെ നിർണായകമായി ബാധിക്കാനിടയുണ്ടായിരുന്ന ഈ ഒരു ഞെട്ടിക്കുന്ന നിരീക്ഷണത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഇപ്പോൾ യൂത്ത് ബാർ അസോസിയേഷനിലെ വനിതാ അഭിഭാഷകർ സ്പെഷ്യൽ ലീവ് പെറ്റിഷൻ സമർപ്പിച്ചത്. ജസ്റ്റിസ് പുഷ്പ ഗണേധിവാല നടത്തിയ ഈ അനവസരത്തിലുള്ള, അനാവശ്യമായ നിരീക്ഷണം ഭാവി കേസുകളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും അത് സ്ത്രീസുരക്ഷയ്ക്ക് എതിരുനിൽക്കുന്നതാണ് എന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് പുഷ്പ ഗണേധിവാല തന്റെ വിധിന്യായത്തിന്റെ പന്ത്രണ്ടാം ഖണ്ഡികയിൽ ഇരയുടെ പേര് എടുത്തെഴുതിയതിലൂടെ നടത്തിയിരിക്കുന്നത് ഐപിസി 228 എ വകുപ്പിന്റെ ലംഘനമാണ് എന്നുകൂടി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അഡ്വ. മഞ്ജു ജെറ്റ്ലി, അഡ്വ. സംപ്രീത് സിംഗ് അജ്മാനി എന്നിവർ ചേർന്ന് ഹർജി നൽകിയത്.

eng­lish sum­ma­ry:  Supreme Court quash­es con­tro­ver­sial order of Bom­bay High Court

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.