7 December 2025, Sunday

Related news

December 5, 2025
November 26, 2025
November 25, 2025
November 21, 2025
November 19, 2025
November 18, 2025
November 18, 2025
November 12, 2025
November 12, 2025
October 5, 2025

നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
April 12, 2025 10:54 am

ഗവർണർമാര്‍ക്ക് പുറമെ രാഷ്ട്രപതിക്കും നിയമസഭ പാസാക്കുന്ന ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. രാഷ്ട്രപതിക്ക് വിട്ടാൽ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്നാണ് ഉത്തരവ്. ബില്ലുകൾ പിടിച്ചുവച്ചാൽ അതിന് വ്യക്തമായ കാരണം വേണമെന്നും രാഷ്ട്രപതിക്കും സമ്പൂർണ വീറ്റോ അധികാരമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച തമിഴ്‌നാട് കേസിലെ ഉത്തരവിൽ തന്നെയാണ് രാഷ്ട്രപതിക്കും സമയപരിധി നിർദേശിക്കുന്നത്.

അനുച്ഛേദം 201 പ്രകാരം ഒരു ബില്‍ ഗവര്‍ണര്‍ അയച്ചാല്‍ രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കുകയോ അല്ലെങ്കില്‍ തടയുകയോ ചെയ്യുമെന്ന് പ്രഖ്യാപിക്കും. ഭരണഘടനയില്‍ സമയപരിധി നല്‍കിയിട്ടില്ലെങ്കിലും ഒരു നിയമത്തിന് കീഴിലുള്ള ഏതെങ്കിലും അധികാരം വിനിയോഗിക്കുന്നതിന്, അത് ന്യായമായ സമയത്തിനുള്ളില്‍ പ്രയോഗിക്കണം എന്നാണ് നിയമത്തിന്റെ അന്തഃസത്ത. അനുച്ഛേദം 201 പ്രകാരം രാഷ്ട്രപതിയുടെ അധികാരങ്ങള്‍ വിനിയോഗിക്കുന്നത് ഈ പൊതുതത്വത്തിന് വിരുദ്ധമാണെന്ന് പറയാനാവില്ല. ബില്ലുകള്‍ ഒപ്പിടുന്നതിലെ അനാവശ്യ കാലതാമസം ഒഴിവാക്കാനാണ് സമയപരിധിയെന്നും പരമോന്നത കോടതി വ്യക്തമാക്കി.

ബില്ലുകള്‍ അനന്തമായി പിടിച്ചുവയ്ക്കാന്‍ രാജ്യത്തെ ഒരു സംസ്ഥാനത്തെയും ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവർണർ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണം. ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നതില്‍ ഒരു വീറ്റോ അധികാരവും ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയിട്ടില്ല. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ മൂന്ന് സാധ്യത മാത്രമാണുള്ളത്. ബില്ലിന് അംഗീകാരം നല്‍കാം, തടഞ്ഞുവയ്ക്കാം, രാഷ്ട്രപതിക്ക് കൈമാറാം. ഇതിലൊന്ന് ചെയ്ത ശേഷം രാഷ്ട്രപതിക്ക് ബില്‍ കൈമാറാനാവില്ല. ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാനാവില്ല.

ഓര്‍ഡിനന്‍സുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കുള്ള സമയപരിധി മൂന്നാഴ്ചയായിരിക്കും. ചോദ്യങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ബന്ധപ്പെട്ട മന്ത്രാലയം 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഒരു മാസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ മന്ത്രാലയത്തിന് ബില്ലില്‍ നിലപാടില്ലെന്ന് കണക്കാക്കും.
വിധിയുടെ പകര്‍പ്പ് എല്ലാ ഗവര്‍ണര്‍മാരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും ഹൈക്കോടതികള്‍ക്കും അയച്ചു കൊടുക്കാനും സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

415 പേജുള്ള വിധി

ഈ മാസം എട്ടിന് പുറപ്പടുവിച്ച വിധിയുടെ 415 പേജുകളടങ്ങിയ പൂര്‍ണരൂപം കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. രാഷ്ട്രപതി നടപടിയെടുക്കുന്നതിന് സുപ്രീം കോടതി സമയപരിധി നിശ്ചയിക്കുന്നത് ഇതാദ്യമായാണ്. ബില്ലുകൾ അംഗീകരിക്കുന്നത് സംബന്ധിച്ച് വിവിധ സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മില്‍ പോര് നിലനില്‍ക്കുന്നതിനിടയിലാണ് ചരിത്രപരമായ ഉത്തരവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.