21 December 2024, Saturday
KSFE Galaxy Chits Banner 2

സുസ്ഥിര വികസന ലക്ഷ്യങ്ങളും ജൈവവൈവിധ്യ സംരക്ഷണവും

Janayugom Webdesk
May 22, 2022 7:00 am

“സർവ ജീവജാലങ്ങൾക്കുമായി പങ്കുവയ്ക്കപ്പെടുന്ന പുതിയൊരു ലോകസൃഷ്ടി” എന്നതാണ് 2022 ലെ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണത്തിനായി ഐക്യരാഷ്ട്രസഭ ഉയർത്തിയിട്ടുള്ള പ്രമേയം. 2021 മുതൽ 2030 വരെയുള്ള പത്തുവർഷക്കാലം, ആവാസവ്യവസ്ഥകളെ വീണ്ടെടുക്കുന്നതിന് “ഐക്യരാഷ്ട്രസഭാ ദശാബ്ദമായി” ആചരിക്കുന്നതിനുള്ള തീരുമാനത്തിനു പിൻതുടർച്ചയായി വന്നിട്ടുള്ള ഈ അന്താരാഷ്ട്ര പ്രമേയം, പ്രകൃതിയുമായി സമരസപ്പെട്ടു പോകുന്ന ഒരു പുത്തൻ ഉല്പാദന-ഉപഭോഗ, സാമൂഹ്യ‑സാമ്പത്തിക ലോകക്രമം ഉരുത്തിരിയേണ്ടതുണ്ടെന്നു നമ്മെ വീണ്ടും ഓർമ്മപ്പെടുത്തുന്നു. ഭൂമിയിലെ ജീവന്റെ ആകെ തുകയാണ് ജൈവവൈവിധ്യം എന്ന പദംകൊണ്ടു വിവക്ഷിക്കപ്പെടുന്നത്. ഏതാണ്ട് 1.75 മില്യൺ ഇനം ജീവജാലങ്ങളെയാണ് ഇതിനകം മനുഷ്യർ തിരിച്ചറിഞ്ഞിട്ടുള്ളത്. എന്നാൽ മൊത്തം ജൈവവൈവിധ്യം 13 മില്യൺ എങ്കിലും വരുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. ജൈവവൈവിധ്യ സംരക്ഷണം, ജൈവവിഭവങ്ങളുടെ സുസ്ഥിര ഉപയോഗം, ജൈവവിഭവങ്ങളുടെയും അതിൽനിന്നുള്ള പ്രയോജനങ്ങളുടെയും തുല്യവും നീതിപൂർവകവുമായ പങ്കുവയ്ക്കൽ എന്നിവ ലക്ഷ്യമാക്കി, 1992‑ൽ റിയോ ഡി ജനീറോയിൽ ചേർന്ന ഭൗമ ഉച്ചകോടിയാണ്, ജൈവവൈവിധ്യം സംബന്ധിച്ച ആദ്യ ആഗോളകരാറിനു രൂപം നൽകിയത്. തുടർന്ന്, ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കുവാനായി 1993ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി, അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം പ്രഖ്യാപിച്ചു. ജൈവവൈവിധ്യ ആഗോളകരാർ നിലവിൽവന്ന ഡിസംബർ 29 ആണ് ദിനാചരണത്തിനായി തുടക്കത്തിൽ തീരുമാനിച്ചതെങ്കിലും കരാറിലെ വ്യവസ്ഥകൾ അന്തിമമായി അംഗീകരിച്ച ദിവസത്തെ ഓർമ്മപ്പെടുത്തി മേയ് 22 അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായി ഐക്യരാഷ്ട്രസഭ പുനഃപ്രഖ്യാപനം നടത്തി. തുടർന്ന്, 2011–2020 കാലയളവ് ജൈവവൈവിധ്യ സംരക്ഷണത്തിനു വേണ്ടിയുള്ള “ഐക്യരാഷ്ട്രസഭാ ദശാബ്ദ”മായും പ്രഖ്യാപിക്കപ്പെടുകയുണ്ടായി. ഇന്ന്, 75 ശതമാനം കര ആവാസവ്യവസ്ഥകളും 66 ശതമാനം സമുദ്രജല ആവാസവ്യവസ്ഥകളും മനുഷ്യരുടെ പ്രതിലോമകരമായ ഇടപെടലുകൾക്ക് വിധേയമായി കഴിഞ്ഞു. ഏതാണ്ട് 10 ലക്ഷത്തോളം സസ്യ‑ജന്തുജാലങ്ങൾ ഇപ്പോൾത്തന്നെ വംശനാശ ഭീഷണി നേരിടുകയാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ കര ആവാസവ്യവസ്ഥയിലെ മുഖ്യകണ്ണിയായ വനങ്ങളുടെ 45 ശതമാനവും നമുക്ക് നഷ്ടമായിരിക്കുന്നു.

ലോക ഭക്ഷ്യ‑കാർഷിക സംഘടനയുടെ കണക്കുകൾ പ്രകാരം 13 മില്യൺ ഹെക്ടർ വനഭൂമിയാണ് പ്രതിവർഷം ഇല്ലാതെയാകുന്നത്. വന്യജീവികളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന പല രോഗങ്ങളും മനുഷ്യരിലേക്ക് പകരുവാൻ തുടങ്ങിയത് വന്യജീവി ആവാസവ്യവസ്ഥയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങളുടെ ഫലമാണ്. ഭൂമിയുടെ മൊത്തം ഉപരിതല വിസ്തൃതിയിൽ 71 ശതമാനമുള്ള സമുദ്രങ്ങളാണ് 90 ശതമാനം സസ്യ- ജന്തുജാലങ്ങൾക്കും ആവാസമൊരുക്കുന്നത്. നമുക്കുവേണ്ട ജീവവായുവിന്റെ 50 ശതമാനവും പ്രദാനം ചെയ്യുന്ന സമുദ്രങ്ങൾ, കാലാവസ്ഥാ ഘടകങ്ങളെ നിയന്ത്രിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നു. മൊത്തം ഉപരിതല വിസ്തൃതിയിൽ 27 ശതമാനം വരുന്ന; ഒപ്പം ലോക ജനസംഖ്യയിൽ 22 ശതമാനത്തിന് വാസസ്ഥലമൊരുക്കുന്ന, പർവത ആവാസവ്യവസ്ഥകളുടെ സംരക്ഷണവും ഏറെ പ്രധാനപ്പെട്ടതാണ്. നമുക്കുവേണ്ട ശുദ്ധജലത്തിന്റെ പകുതിയിലധികവും ലഭ്യമാക്കുന്നത് ഈ ആവാസവ്യവസ്ഥയാണ്. ഭക്ഷ്യോല്പാദന പ്രക്രിയയെ താങ്ങിനിർത്തുന്ന ജന്തു-സസ്യ‑സൂക്ഷ്മജീവി വൈവിധ്യത്തിൽ വലിയതോതിലുള്ള ശോഷണമാണ് ഇക്കാലയളവിൽ സംഭവിച്ചിട്ടുള്ളത്. നമ്മുടെ ആഹാരത്തിന്റെ 80 ശതമാനത്തിന്റെയും ഉറവിടം സസ്യങ്ങളാണ്. ഏതാണ്ട് 300 കോടി ജനങ്ങൾക്ക് ജന്തുജന്യ മാംസ്യത്തിന്റെ 80 ശതമാനവും ലഭ്യമാകുന്നത് മത്സ്യങ്ങളിൽ നിന്നുമാണ്. ലോക ഭക്ഷ്യ‑കൃഷി സംഘടനയുടെ കണക്കുകൾ പ്രകാരം, കാർഷിക ജനിതകവൈവിധ്യത്തിൽ ഏതാണ്ട് മുക്കാൽ പങ്കും കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ നമുക്ക് നഷ്ടമായിട്ടുണ്ട്. ഇപ്പോൾത്തന്നെ, ഭക്ഷ്യോല്പാദനത്തിനായി ഉപയോഗിക്കാവുന്ന 6,000 സസ്യ ഇനങ്ങളിൽ നെല്ല്, ഗോതമ്പ്, ചോളം, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, സോയപ്പയർ, മരച്ചീനി, കരിമ്പ്, എണ്ണപ്പന എന്നീ ഒന്‍പത് വിളകൾ മാത്രമാണ് മൊത്തം ഭക്ഷ്യോല്പാദനത്തിന്റെ 66 ശതമാനവും ലഭ്യമാക്കുന്നത്. അതിൽത്തന്നെ ഗോതമ്പ്, അരി, ചോളം എന്നിവ മാത്രം, മൊത്തം സസ്യജന്യ ഭക്ഷ്യോർജ്ജത്തിന്റെ പകുതിയിലേറെ നൽകുന്നു. അതുപോലെ, വളർത്തു മൃഗങ്ങളിലെ 30 ശതമാനം ഇനങ്ങളും വംശനാശ ഭീഷണി നേരിടുകയാണ്. പശു, ആട്, ചെമ്മരിയാട്, ടർക്കി, താറാവ്, പോത്ത്, പന്നി, കോഴി എന്നീ എട്ട് വളർത്തുമൃഗങ്ങളാണ് ലോകത്തിന്റെ നിലവിലെ മാംസോല്പാദനത്തിന്റെ 97 ശതമാനവും നിറവേറ്റുന്നത്. ഭ


ഇതുകൂടി വായിക്കാം; നവകേരള സൃഷ്ടിയുടെ മുന്നേറ്റം


ക്ഷ്യോല്പാദനം ചുരുക്കം ചില വിളകളിലേക്കും മൃഗങ്ങളിലേക്കും ചുരുങ്ങുമ്പോൾ നമ്മുടെ ഭക്ഷണ വൈവിധ്യവും അതുപോലെ ചുരുങ്ങുകയാണ്. ഇതു സൃഷ്ടിക്കുന്ന പോഷകക്കുറവ് പൊതുജനാരോഗ്യത്തെ സാരമായി ബാധിക്കുന്നു. ലോക ജനസംഖ്യ 800 കോടിയിലേക്ക് വളരുമ്പോൾ, നമുക്കു നേരിടാനുള്ളത് കൊടും ദാരിദ്ര്യം തന്നെയാണെന്നാണ് ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. 2050 എത്തുമ്പോഴേക്കും പട്ടിണി നേരിടേണ്ടിവരുന്ന ലോകജനത 11 ശതമാനത്തിൽ നിന്നും 20 ശതമാനത്തിലേക്ക് ഉയരും. ജൈവവൈവിധ്യവും ആവാസവ്യവസ്ഥകളും സംരക്ഷിക്കുന്ന കാര്യത്തിൽ നിലവിലെ സ്ഥിതി തുടർന്നാൽ, 2030ലെ ആഗോള “സുസ്ഥിര വികസന ലക്ഷ്യങ്ങൾ” (സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് ഗോൾസ്, 2030) നേടുന്നതിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നാണ് 2020 സെപ്റ്റംബർ 30നു നടന്ന ലോക നേതാക്കളുടെ പ്രത്യേക ഉച്ചകോടി അഭിപ്രായപ്പെട്ടത്. 2012ൽ റിയോ ഡി ജനീറോയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ഉച്ചകോടിയിലാണ് ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്ന ആശയത്തിനു രൂപംകൊടുത്തത്. ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക, രാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിനും 2000ൽ തുടക്കമിട്ട സഹസ്രാബ്ദ വികസന ലക്ഷ്യങ്ങൾ (മില്ലേനിയം ഡെവലപ്‌മെന്റ് ഗോൾസ്) മുന്നോട്ടു കൊണ്ടുപോകുന്നതിനുമാണ് ഇവ രൂപകല്പന ചെയ്തത്. തുടർന്ന്, 2015 സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന യുഎൻ സുസ്ഥിരവികസന ഉച്ചകോടിയിൽവച്ച് 17 ഇന സുസ്ഥിരവികസന അജണ്ട എല്ലാ അംഗരാജ്യങ്ങളും അംഗീകരിക്കുകയും അതിനുള്ള സമയപരിധി 2030 ആയി നിശ്ചയിക്കുകയും ചെയ്തു. ഭൂമുഖത്തുനിന്നും ദാരിദ്ര്യം തുടച്ചുനീക്കുക എന്നതാണ് സുസ്ഥിരവികസന ലക്ഷ്യങ്ങളിലെ ആദ്യത്തെ അജണ്ട. ദരിദ്ര ഗ്രാമീണരുടെയും ആദിവാസി സമൂഹങ്ങളുടെയും ഉപജീവനം സാധ്യമാകുന്നത് ജൈവവൈവിധ്യത്തിലധിഷ്ഠിതമായ ആവാസവ്യവസ്ഥകളിലൂടെയാണ്. സുസ്ഥിര കൃഷിയിലൂടെ ഭക്ഷ്യസുരക്ഷയും പോഷകസുരക്ഷയുമൊരുക്കി “വിശപ്പുരഹിത ലോകം” സൃഷ്ടിക്കുകയെന്ന ലക്ഷ്യവും ഏതാണ്ട് പൂർണമായിത്തന്നെ ജൈവവൈവിധ്യ സംരക്ഷണത്തെ ആശ്രയിച്ചാണ് നിൽക്കുന്നത്.

സുസ്ഥിരമായ സാമ്പത്തിക വളർച്ചയും ഉല്പാദനക്ഷമമായ തൊഴിലും പ്രദാനം ചെയ്യുന്നതിലും ഇതു വലിയ പങ്കുവഹിക്കുന്നു. പ്രകൃതിവിഭവങ്ങൾ ശേഖരിക്കുന്നതിലും തങ്ങളുടെ വീടുകളിൽ ഭക്ഷണവും വെള്ളവും ഇന്ധനവുമൊരുക്കുന്നതിലും വലിയ ഉത്തരവാദിത്തം നിറവേറ്റുന്ന ഗ്രാമീണസ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹ്യവും സാമ്പത്തികവുമായ ഉന്നതിയും ലിംഗസമത്വവും വലിയൊരളവുവരെ ജൈവവൈവിധ്യ സംരക്ഷണത്തെ ആശ്രയിച്ചാണിരിക്കുന്നത്. “എല്ലാവര്‍ക്കും ശുദ്ധജലം; എവിടെയും ശുചിത്വം” എന്ന സുസ്ഥിര ലക്ഷ്യം നേടുവാനും ആവാസ വ്യവസ്ഥകളും ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. “സുസ്ഥിരവും സുരക്ഷിതവുമായ നഗരങ്ങളും മനുഷ്യവാസ കേന്ദ്രങ്ങളും” എന്ന ലക്ഷ്യം നേടുന്നതിലും ജൈവവൈവിധ്യ സംരക്ഷണം പ്രധാനമാണ്. സുസ്ഥിര വ്യാവസായികവല്ക്കരണത്തിൽ സസ്യജാലങ്ങൾ, പവിഴപ്പുറ്റുകൾ, കണ്ടൽവനങ്ങൾ തുടങ്ങിയ “ഗ്രീൻ ഇൻഫ്രാസ്ട്രക്ചർ” നൽകുന്ന സംഭാവനയും ചെറുതല്ല. വിശ്വാസയോഗ്യവും സുസ്ഥിരവുമായ ഊർജലഭ്യത ഉറപ്പാക്കുകയെന്ന ലക്ഷം നേടുന്നതിൽ ജൈവവൈവിധ്യത്തെയും പ്രകൃതി വിഭവങ്ങളെയും വലിയതോതിൽ ആശ്രയിക്കേണ്ടിവരും. എല്ലാറ്റിനുമുപരി, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ ജൈവവൈവിധ്യവും ആവാസവ്യവസ്ഥകളും വഹിക്കുന്ന പങ്ക് ഉദാത്തമാണ്. ആഗോളതാപനം തടയുന്നതിനു വേണ്ടിയുള്ള കാർബൺ സിങ്കുകളായി വർത്തിക്കേണ്ടത്, നമ്മുടെ ജൈവവൈവിധ്യവും ആവാസവ്യവസ്ഥകളുമാണ്. പ്രകൃതിയിലെ സർവചരാചരങ്ങളുമായി സമരസപ്പെട്ടുപോകുന്ന പുത്തൻ ജീവിതക്രമത്തിനു മനുഷ്യൻ തയാറാകേണ്ടതിന്റെ ആവശ്യകതയാണ് ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത്. ജൈവവൈവിധ്യ ശോഷണം ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ പ്രകൃതിദത്തമായ ജൈവസമ്പത്തുകളെല്ലാം ക്രമേണ നഷ്ടമാകുകയും ജീവജാലങ്ങളെ താങ്ങിനിർത്തുവാൻ ഭൂമിക്ക് സാധ്യമാകാതെ വരികയും ചെയ്യും. ഫലമോ, ജൈവസമ്പത്തും പ്രകൃതിവിഭവങ്ങളും പരമാവധി ചൂഷണം ചെയ്ത്, ഔന്നത്യത്തിന്റെ കൊടുമുടിയിൽ എത്തിച്ചേർന്നുവെന്നഭിമാനിക്കുന്ന മനുഷ്യന്, മഹാമാരികളുടെയും അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും മഹായുദ്ധങ്ങളുടെയും മാത്രമല്ല, വിശപ്പിന്റെയും മുന്നിൽ കീഴടങ്ങേണ്ടി വരും. അതാണ്, 2022‑ലെ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം നമുക്കു നൽകുന്ന സന്ദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.