സംസ്ഥാനത്ത് റോഡ് നിർമ്മാണങ്ങളും അറ്റകുറ്റപ്പണികളും പ്രതിസന്ധിയിലാക്കി ടാർ വില കുതിക്കുന്നു. കേന്ദ്രസർക്കാർ റിഫൈനറികൾ വഴി നൽകുന്ന ബിറ്റുമിൻ ഉൾപ്പെടെയുള്ള ടാറിന് വൻതോതിൽ വില കൂട്ടിയതാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായത്.
ഒരു വീപ്പ ടാറിന് ഒരു മാസത്തിനിടെ ആയിരം രൂപയോളം വർധനവാണ് ഉണ്ടായത്. അഞ്ച് വർഷത്തിനിടയിൽ ഇരട്ടിയിലേറെ വില കൂടി. വിലവർധിക്കുന്ന സാഹചര്യത്തിൽ പുതിയ കരാറുകൾ ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് റോഡ് നിർമ്മാണ കരാറുകാർ. അസംസ്കൃത എണ്ണയുടെ വിലക്കയറ്റമാണ് ടാർവില കൂട്ടുന്നതിന് എണ്ണകമ്പനികൾ പറയുന്ന ന്യായം.
ബിറ്റുമിൻ ടാറിന് ഒരു ബാരലിന്(156 കിലോ)അഞ്ച് വർഷത്തിനിടെ 5,600രൂപയിൽനിന്ന് 10,600 രൂപയായാണ് വർധിപ്പിച്ചത്. ആർഎസ് വൺ എമെൽഷൻ ടാറിന്(200 കിലോ വീപ്പ) 3000 രൂപ വർധിച്ച് 12,000 ആണ് വില. മെറ്റൽ ചെയ്ത ശേഷം റോഡിന്റെ ഉപരിതലത്തിൽ പാകുന്നതാണ് ഇത്. മെറ്റലിനോടൊപ്പം പാകുന്ന എസ്എസ് വൺ ടാർ വീപ്പയ്ക്ക് 7000 രൂപയോളമാണ് കൂടിയത്. എസ്എസ് വൺ ടാറിന് 10, 300ൽനിന്ന് 17,000 രൂപയായി. ഇതോടെ റോഡ്പണി കരാറെടുത്തവർ പണി പൂർത്തിയാക്കാൻ കഴിയാതെ പ്രതിസന്ധിയിലാണ്. മാത്രമല്ല, ടാർ ലഭിക്കുന്നതിൽ വരുന്ന കാലതാമസവും കരാറുകാരെ പ്രതിസന്ധിയിലാക്കുന്നു. ഇതുമൂലം എസ്റ്റിമേറ്റ് തുകയിൽനിന്ന് കൂടുതൽ ചെലവഴിക്കേണ്ടി വരുന്നതായും കരാറുകാർ പറയുന്നു.
ടാറിന്റെ മാർക്കറ്റ് വിലയ്ക്ക് അനുസരിച്ചുള്ള തുക കണക്കാക്കിയാണ് പൊതുമരാമത്ത് വകുപ്പിലെ റോഡ് നിർമാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ടെൻഡറിൽ 2018 വില കണക്കാക്കുന്നത് കരാറുകാരെ പ്രതിസന്ധിയിലാക്കുന്നു. ഷെഡ്യൂൾ നിരക്ക് പുതുക്കിയില്ലെങ്കിൽ കരാർ ഏറ്റെടുക്കുന്നത് പുനഃപരിശോധിക്കണ്ടിവരുമെന്നും തദ്ദേശസ്ഥാപനങ്ങളിലെ മാരാമത്ത് പണികളിൽ 2021ലെ ഷെഡ്യൂൾ നിരക്ക് പുതുക്കണമെന്നും കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
English Summary: Tar prices soar in retaliation for road construction
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.