വിദ്യാർഥികൾക്ക് നേരെ അധ്യാപകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന നീതിക്ക് നിരക്കാത്ത സമീപനങ്ങൾ പുറത്തു വരികയും ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന കാലമാണല്ലോ ഇത്.അപ്പോഴും അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം ക്ലാസ് മുറിക്കകത്ത് ഇത്തരം അനീതികൾ ചോദ്യം ചെയ്യാനുള്ള വളർച്ച കുട്ടികൾക്ക് കൈ വന്നിട്ടില്ല എന്നതാണ്.തെറ്റാണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയിട്ടും പ്രതികരിക്കാനുള്ള ആത്മ ധൈര്യം കുട്ടികൾക്ക് ഇല്ലാത്തതാണോ അതോ കാലമിത്രയായിട്ടും അധ്യാപകർക്ക് ചാർത്തി കൊടുത്ത അതി വൈകാരികമായ പരിവേഷം നിലനിർത്തി കൊണ്ട് ചോദ്യം ചെയ്യലിലെ രാഷ്ട്രീയത്തിൽ നിന്ന് നമ്മുടെ കുട്ടികളെ തന്ത്രപൂർവം മാറ്റി നിർത്തുകയാണോ ചെയ്യുന്നത്.പുതിയ തലമുറ തെറ്റായി മോൾഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു.
ഈ അടുത്ത് കർണാടകയിലെ ഒരു സ്കൂളിൽ കുട്ടികളിലെ പഠന വൈകല്യങ്ങളെ കുറിച്ചുള്ള ക്ലാസിൽ പങ്കെടുക്കാൻ പോയപ്പോഴുള്ള അനുഭവം സഹപ്രവർത്തകൻ പറയുകയുണ്ടായി. ക്ലാസിനു മുൻപ് നടന്ന സ്കൂൾ അസംബ്ലിയിൽ വെച്ച് കുട്ടികളിലെ ജനറൽ നോളേജ് വർദ്ധിപ്പിക്കാൻ ആവിഷ്കരിച്ച ചോദ്യോത്തരവേളയിൽ ഇന്ത്യയുടെ സംസ്കാരം എന്ന വിഷയത്തിൽ പ്രധാനധ്യാപിക ചോദിച്ച ചോദ്യം ശിവൻ പ്രധാന പ്രതിഷ്ഠയായിട്ടുള്ള ഇന്ത്യയിലെ അറിയപ്പെടുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണ് എന്നാണത്രേ! ഇന്ത്യൻ സംസ്കാരം ഹൈന്ദവ മതത്തിലേക്ക് ഒതുക്കാനുള്ള ഹിഡൻ അജണ്ടയ്ക്ക് കൂട്ടുനിൽക്കുന്നത് അക്കാഡമിക്കലി കഴിവും അറിവുമുള്ള അധ്യാപകരാണെന്ന് മനസിലാക്കുമ്പോൾ നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതി എവിടെയാണ് നിൽക്കുന്നതെന്ന് നമുക്ക് ബോധ്യപ്പെടും.വളർന്നു വരുന്ന കുട്ടികളുടെ ചിന്താശേഷിക്കും,സാമൂഹിക ജീവിതത്തിലെ നിലപാടുകൾക്കും അതിരുകൾ നിശ്ചയിക്കുന്നതിൽ ഇത്തരം അധ്യാപകർക്ക് വ്യക്തമായ പങ്കുണ്ട്. അൺ ലിമിറ്റഡ് അറിവും,സ്കൂൾ പരിചയവും ഉണ്ടായിട്ടും ഇടുങ്ങിയ മൂല്യബോധവുമായി ക്ലാസ് മുറികളിലേക്ക് കയറിചെല്ലുന്ന അധ്യാപകർ വരും തലമുറക്ക് എന്തുകൊണ്ടും വെല്ലുവിളിയാണ്.
കുട്ടികളുടെ ഭാഗത്തുനിന്നുള്ള ചോദ്യങ്ങളേയും,സംശയങ്ങളേയും ശരിയായ രീതിയിൽ കൈകാര്യം ചെയ്യാനറിയാത്ത അധ്യാപകർ ഇന്നും ഇന്ത്യയിലുണ്ട്.സിലബസ്സിനു പുറത്തുള്ള വിഷയങ്ങളെ കുറിച്ചുള്ള കുട്ടികളുടെ കൗതുകങ്ങൾ,നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയെ കുറിച്ചുള്ള ആശങ്കകൾ ഇവയൊക്കെ ഒരു ടീച്ചറുമായി ചർച്ച ചെയ്യാനുള്ള സമത്വ ബോധമൊന്നും ഇന്ത്യൻ സ്കൂൾ ക്ലാസ്മുറിക്കകത്ത് ഇതുവരെയും എത്തിയിട്ടില്ല.സ്വന്തം നിലപാടുകളേയും, വിശ്വാസങ്ങളേയും ആചാരങ്ങളേയും യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുന്നവരാകരുത് അധ്യാപകർ.സിലബസിലെ നൂതന പരിഷ്കാരങ്ങൾ എന്ന പേരിൽ NCERT ടെക്സ്റ്റ് ബുക്കുകളിൽ നിന്ന് അപ്രത്യക്ഷമാവുന്നത് ശാസ്തത്തിന്റേയും ചരിത്രത്തിന്റേയും അടിസ്ഥാന അറിവുകളാണ്. ഇത്തരം അറിവില്ലായ്മകളെ ചോദ്യം ചെയ്യാനുള്ള പൊതുബോധം അധ്യപകർ കാണിക്കേണ്ടതുണ്ട്. സിലബസിനു അകത്തു നിന്നു കൊണ്ടുള്ള അധ്യാപക പരിശീലന ക്ലാസുകൾ കൊണ്ടു മാത്രം നമ്മുടെ സ്കൂൾ വിദ്യാഭ്യാസ മേഖല രക്ഷപ്പെടാൻ പോകുന്നില്ല.അക്കാഡമിക് സ്കോറിന് അപ്പുറം മൂല്യബോധമുള്ള അധ്യാപകരെ നിയമിക്കേണ്ടതായുണ്ട്.
നിരന്തരം ചോദ്യം ചെയ്യപ്പെടലുകൾക്ക് വിധേയമാവുകയും,സ്വയം വിമർശനം നടത്തേണ്ടവരും തന്നെയാണ് ആധുനിക ലോകത്തെ അധ്യാപകർ.ഒറ്റ സ്ക്രോളിങ്ങിൽ ഒരായിരം അറിവുകൾ കുട്ടികളെ തേടിയെത്തുന്ന സൈബർ ലോകത്ത് അധ്യാപനം അത്ര എളുപ്പമല്ല.നല്ലൊരു നാളേക്ക് വേണ്ടി തയ്യാറാവാനും പ്രതീക്ഷയോടെ വരവേൽക്കാനും ആത്മ വിശ്വാസമുള്ളവരായി കുട്ടികളെ വാർത്തെടുക്കാൻ ഉത്തരവാദിത്വമുള്ള അധ്യാപനം ആവശ്യമാണ്.ടീച്ചറെന്ന പദവിക്കപ്പുറം പ്രവർത്തിയെ ബഹുമാനിക്കുന്നവരാവട്ടെ നമ്മുടെ കുട്ടികൾ.അപ്പോൾ മാത്രമേ ക്ലാസ് മുറികൾ ഒരു ജനാധിപത്യ രാജ്യത്തിൻ്റെ പ്രതിഫലനമാവുകയുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.