തെലങ്കാനയിലെ പുതിയ പാഠപുസ്തകങ്ങളിലും മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു തന്നെ. സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറി ആറുമാസം പിന്നിടുമ്പോഴാണ് ഒരു മാസം മുമ്പേ അച്ചടിച്ച പാഠപുസ്തകത്തില്‍ ഗുരുതര പിഴവ് കടന്നു കൂടിയിരിക്കുന്നത്. പാഠപുസ്തകങ്ങളുടെ ആദ്യപേജിലാണ് തെറ്റ് സംഭവിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ അതേ മാറ്റര്‍ ഉപയോഗിച്ചാണ് സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രയിനിങ് (എസ്‌സിഇആര്‍ടി) ഇത്തവണയും പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. കെസിആറിന് പുറമെ ബിആര്‍എസ് മന്ത്രിമാരുടെ പേരും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, വിദ്യാഭ്യാസമന്ത്രിമാരായ ജി ജഗദീഷ് റെഡ്ഡി, കഠിയം ശ്രീഹരി, സബിത ഇന്ദ്ര റെഡ്ഡി എന്നിവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. ബിആര്‍എസ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥരുടെ പേരും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. രാജീവ് രഞ്ജന്‍ ആചാര്യ, ചിരഞ്ജീവലു, ജഗദീശ്വര്‍ എന്നിവര്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത പദവികള്‍ വഹിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഇവരെല്ലാം തന്നെ സര്‍വീസില്‍ നിന്ന് വിരമിച്ചു. 2022 ഡിസംബര്‍ അഞ്ച് എന്ന തീയതിയും മാറ്റിയിട്ടില്ല.
25 ലക്ഷത്തിലധികം പാഠപുസ്തകങ്ങളാണ് അച്ചടിച്ചത്. പാഠപുസ്തകങ്ങള്‍ തിരിച്ചുവിളിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഒരു പേജ് മാത്രം അച്ചടിച്ച് തെറ്റുപറ്റിയ പേജിന് മുകളിലായി ഒട്ടിച്ചുവയ്ക്കാനും ആലോചന നടക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.