യൗവ്വനം കത്തിനില്ക്കുന്ന മുപ്പതിന്റെ അന്ത്യം. അപ്പോഴേക്കും ക്ഷയരോഗം ആ പെൺശരീരത്തെ ആകമാനം പൊതിഞ്ഞുകഴിഞ്ഞിരുന്നു. ഏതു നിമിഷവും മരണം പിടികൂടാം. എഴുതിത്തീർത്ത വുതറിങ് ഹൈറ്റ്സ് ഇനിയും അച്ചടിമഷി പുരണ്ടിട്ടില്ല. ആൾ സാഹിത്യത്തിന്റെ വിശാലതയിൽ ഒരേയൊരു നോവൽ മാത്രം എഴുതി പ്രശസ്തിയുടെ ഔന്നത്യത്തിലെത്തിയ എമിലി ബ്രോണ്ടി. മരണത്തിന്റെ ഹംസഗീതം തൊട്ടടുത്ത് അലയൊലി ഉണർത്തുമ്പോഴും, മരണം തന്നെ ഭയപ്പെടുത്തുന്നില്ല എന്നും കൂട്ടുകാർ തന്നെ നിറമിഴികളോടെ യാത്രയയയ്ക്കുമെന്നും എമിലി സഹനം സ്വകാര്യമാക്കിക്കൊണ്ട് അറിയിച്ചതിന്റെ പിന്നിൽ ഒട്ടേറെ വേദനകൾ കുരുങ്ങിക്കിടപ്പുണ്ടായിരിക്കണം.
എന്തായിരിക്കണം എമിലി ബ്രോണ്ടിയുടെ സവിശേഷത? സാഹിത്യഭ്രമണത്തിൽ ബ്രോണ്ടി സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ഷാർലറ്റ് ബ്രോണ്ടി, എമിലി ബ്രോണ്ടി, ആനി ബ്രോണ്ടി എന്നീ മൂവരിലെ ഒരാള്‍. എമിലിയുടെ അത്രയും മറ്റു രണ്ടുപേർ പ്രശസ്തരായില്ല, ഒന്നുരണ്ട് കൃതികൾ എഴുതിയെങ്കിലും.
ഇംഗ്ലണ്ടിലെ യോർക്ക്ഷയറിൽ പുരോഹിതനായ പാട്രിക് ബ്രോണ്ടിയുടെ മകളായ എമിലി, പിതാവിന്റെ കർക്കശ നിലപാടുകൾക്കിടയിൽ തിങ്ങിക്കൂടിയപ്പോൾ ആ ജീവിതം തികച്ചും ഒറ്റപ്പെടുകയായിരുന്നു. ജനിച്ച വീടും ചുറ്റുമുള്ള ഗ്രാമ്യതയും മാത്രം പരിചയിച്ച എമിലിയിൽ എന്തൊക്കെയോ പ്രതിഭാജ്വരങ്ങൾ ജ്വലനശേഷി പകരുന്നുണ്ടായിരിക്കണം. ‘വുതറിങ് ഹൈറ്റ്സ്’ എന്ന ആ നോവൽ വിശ്വോത്തരമായി തീരണമെങ്കിൽ ആ സർഗസമ്പത്ത് നിസാരമൊന്നുമല്ല.
ഏകാന്തതയുടെ താഴ്വാരത്തു മാത്രം അലഞ്ഞലഞ്ഞ്, ലോകമെന്താണെന്നറിയാത്ത ആ പുരോഹിത പുത്രിയിൽ വിധി ആ ഒരൊറ്റ നോവലിലേക്ക് ഒരു ജന്മത്തിൽ എഴുതിത്തീർക്കാവുന്ന ഒട്ടേറെ കൃതികളുടെ വൈകാരികതയും തീക്ഷ്ണതയും ഭാവനയും ഒതുക്കിക്കെട്ടിയിരുന്നുവോ?
വുതറിങ് ഹൈറ്റ്സോ? അസാധാരണമായ, അതിതീവ്രമായ ഒരു പ്രണയകഥ. പൂർണതയേശാത്ത ഒരു പ്രേമത്തിൽ നിന്നും പൊട്ടിമുളച്ച പ്രതികാരം എങ്ങനെയൊക്കെ നീങ്ങിത്തുടങ്ങുന്നു എന്നും അത് അടുത്ത തലമുറയിലേക്ക് ചാടിക്കടക്കുന്നുവെന്നും എത്ര വ്യക്തതയോടെയാണ് എമിലി എഴുതിച്ചേർത്തിരിക്കുന്നത്.
ഇംഗ്ലണ്ടിലെ മൂർ പീഠഭൂമിയിൽ താമസിച്ചിരുന്ന ധനികനായ ഹേർട്ടൺ ഏൺഷാ ഒരനാഥ ബാലനെ എടുത്തു വളർത്തുന്നു. അതീവ സമ്പന്നമായ ആ വീട്ടിൽ സർവ സുഖസൗകര്യങ്ങളോടെയുമാണ് ആ ചെറുക്കൻ — ഹീത് ക്ലീഫ് — വളരുന്നത്. മെല്ലെ ആ അനാഥൻ ഏൺഷായുടെ ഒരേയൊരു പുത്രിയായ കാതറൈനിൽ അനുരാഗമുക്തനാകുന്നു.
ഇരുവരുടെയും പ്രണയം തകരുകയും കാതറൈനെ മറ്റൊരു ധനിക കുടുംബത്തിലെ എഡ്ഗറുമായി കൂട്ടിയിണക്കുകയും ചെയ്യുന്ന ദുരൂഹസാഹചര്യത്തിലേക്ക് ഹീത് ക്ലീഫ് കയറിക്കൂടിയത് പ്രതികാര ദൃഢതയുമായിട്ടായിരുന്നു. മറ്റൊരു ചിന്തയും ഇനി അയാളിലില്ല. അവളെ തന്നിൽ നിന്നും അടർത്തിമാറ്റിയത് കാതറൈന്റെ സഹോദരൻ തന്നെയായിരുന്നു. പ്രണയനഷ്ടവും മാനക്കേടും സഹിക്കവയ്യാതെ ഹീത് ക്ലിഫ് നാടുവിടുന്നു. വർഷങ്ങൾക്കുശേഷം അയാൾ തിരിച്ചുവരുന്നത് പകയും സമ്പത്തുമായിട്ടായിരുന്നു. തനിക്കു മുന്നിൽ രണ്ടു കുടുംബങ്ങൾ — ഏൺഷാ കുടുംബവും ലിൻഡൻ കുടുംബവും- തകരണം. തകർന്നേ തീരൂ… കാലം അതിന്റ യാത്ര തുടരവേ കാതറൈൻ അകാലത്തിൽ മരിക്കുകയായിരുന്നു. സ്വാഭാവികമായും തന്റെ മുൻ കാമുകിയുടെ മരണത്തിൽ അയാൾ മാറേണ്ടതാണ്. പക്ഷേ, പക ഒടുങ്ങുന്നില്ല. അത് ഏറിയേറിവന്നു. സ്വയം നിയന്ത്രിക്കാനാവാതെ അയാൾ കുതറുകയായിരുന്നു. അപഗ്രഥിക്കാനാവാത്ത ക്ലീഫിന്റെ ആ സ്വഭാവം തന്നിലും ഒതുങ്ങിക്കിടക്കുകയായിരുന്നില്ലേ എന്ന് എഴുത്തുകാരി ചിന്തിച്ചിരുന്നുവോ, എഴുത്തിന്റെ അവസാന ദിനങ്ങളിൽ?
ഒടുവിൽ തന്റെ ദുഷ്ട ചിന്തകളും ദുഷ്പ്രവൃത്തികളിലും പെട്ട് കാതറൈന്റെ പിതൃവീടും ഭർത്തൃവീടും തകർന്നു തരിപ്പണമാകുമ്പോഴും ക്ലിഫിന്റെ പക പഴയതുപോലെ തുടരുന്നു എന്നുവരുമ്പോൾ ഏതൊരു മനഃശാസ്ത്രമായിരിക്കാം ആ വ്യക്തിയുടെ സ്വഭാവഘടനയെ വിലയിരുത്തേണ്ടിവരിക.
നോവലിന്റെ അന്ത്യത്തിലെത്തുമ്പോള്‍ ഹീത് ക്ലിഫിന്റെ മകനും കാതറൈന്റെ മകളും അവിചാരിതമായി വിവാഹബന്ധത്തിൽ ഏർപ്പെടുന്നുണ്ട്. ഇനിയെങ്കിലും സ്വയം കീഴടങ്ങാവുന്ന പുതിയ സാഹചര്യത്തിലും ഹീത് ക്ലിഫിന്റെ വിചാരവികാരാദികൾ സംഘട്ടനാത്മകമാവുകയാണ് ‘കാതറൈനെപ്പോലെ’ അവളുടെ മകളും തന്റെ മകനെ നിർദാക്ഷിണ്യമായി ചതിക്കുമോ? ചതിച്ചാൽ.… തന്നിൽ നിന്നും പിടിവിടുന്ന മനോ നിയന്ത്രണത്തിന്റെ അധോഗതിയിൽ അയാൾ പുത്തൻ ദമ്പതികളെ വെറുത്തുവെറുത്ത് സ്വയം നിരാശതയിലേക്ക് ആഴ്ന്നിറങ്ങുന്നു. താൻ നടത്തിയ പല ദുഷ് ചെയ്തികളും ഫലിക്കാതെ വരികയും ഹീത് ക്ലിഫ് മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു.
കഥാ രചനയുടെ തന്ത്രം തന്നെ വ്യത്യസ്ത രീതിയിലാണ് എമിലി ബ്രോണ്ടി കൈകാര്യം ചെയ്തിരിക്കുന്നത്. കാതറൈനോടും ഹീത് ക്ലിഫിനോടുമൊപ്പം വളർന്നുവന്ന ഒരു കെട്ടിടം സൂക്ഷിപ്പുകാരിയായ നെല്ലിഡിൻ മറ്റൊരാളോട് കഥ പറയുകയാണ് വുതറിങ് ഹൈറ്റ്സിൽ ദീർഘ സംഭാഷണങ്ങളിലൂടെ കടന്നുപോകുന്ന നോവലിന്റെ അന്ത്യം വളരെ ഭീകരവും വൈകാരികദൃഢവുമാണ്. പ്രണയവും അത് വച്ചുനീട്ടിയ നിരാശതയും ലൈംഗിക ചോദനയും പ്രതികാരത്തിന്മേൽ പിന്നെയും പ്രതികാരവും ഇടതൂർന്നു വളരുന്ന മറ്റൊരു നോവൽ വിശ്വസാഹിത്യത്തിൽ കുറവാണ്. ഏകാന്തവും വിജനവുമായ ഒരു പ്രദേശത്തിന്റെ ആത്മാവു മുഴുവൻ വുതറിങ് ഹൈറ്റ്സിൽ ഒഴികിയൊടുങ്ങിയിരിക്കുകയാണ്.
വിശ്വസാഹിത്യത്തിലെ ലക്ഷണയുക്തങ്ങളായ പത്തോളം പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ അമേരിക്കയിലെ റെഡ് ബുക്സിന്റെ എഡിറ്റർ സോമർസെറ്റ് മോമിനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം തെരഞ്ഞെടുത്ത ആ പത്തു ഗ്രന്ഥങ്ങളിൽ ഒന്ന് വുതറിങ് ഹൈറ്റ്സായിരുന്നു. വീട്ടിനുള്ളിൽ അടച്ചുപൂട്ടപ്പെട്ട ഒരു സ്ത്രീ മനസിന്റെ അന്തഃസ്ഥലികളിലെ വീർപ്പുമുട്ടലും സംഭ്രമവും കൂടിക്കലർന്ന കൃതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.