22 December 2024, Sunday
KSFE Galaxy Chits Banner 2

രാഷ്ട്രീയ രംഗത്തെ പ്രകാശഗോപുരം

ബിനോയ് വിശ്വം
July 12, 2024 12:25 pm

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ എക്കാലവും വെളിച്ചമായി പ്രശോഭിക്കുന്ന പികെവിയുടെ സ്മരണകള്‍ക്ക് ഇന്ന് 19 വര്‍ഷം പൂര്‍ത്തിയാവുകയാണ്. പിന്നാലെവന്ന തലമുറയ്ക്ക് വെളിച്ചം കാണിച്ച വിളക്കുമാടമായിരുന്നു അദ്ദേഹം. കഴിവുറ്റ സംഘാടകന്‍, മികച്ച പാര്‍ലമെന്റേറിയന്‍, ഭരണാധികാരി, പ്രഭാഷകന്‍ തുടങ്ങിയ നിലകളില്‍ കേരള ജനതയുടെ മനസില്‍ പികെവി നിറഞ്ഞ് നിന്നു. ഇടതുപക്ഷ വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ സമരനാളുകളിൽനിന്നും കേരള‑ദേശീയരാഷ്ട്രീയത്തിന്റെ മഹാസ്പന്ദനങ്ങളിലേക്ക് നടന്നുകയറിയ പികെവിയുടെ ജീവിതം വരാനിരിക്കുന്ന എല്ലാ തലമുറകളിലെയും കമ്മ്യൂണിസ്റ്റുകാർക്ക് ഉറവവറ്റാത്ത ആവേശമാണ്. സിപിഐയുടെ മാത്രം സ്വത്തായിരുന്നില്ല പികെവി, പൊതുജീവിതത്തിൽ നന്മകൾക്കുവേണ്ടി കൊതിക്കുന്ന നേരും നെറിയും പുലർന്നുകാണാൻ ആഗ്രഹിക്കുന്ന സത്യത്തിന്റെയും ധർമ്മത്തിന്റെയും പാത പിൻതുടരുന്ന എല്ലാവരുടെയും സ്വത്തായിരുന്നു. പികെവി കടന്നുവന്ന കർമ്മകാണ്ഡങ്ങള്‍ പലതായിരുന്നു. വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടം ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടേത് കൂടിയായിരുന്നു. അതുകൊണ്ടുതന്നെ ആ സമരങ്ങളിലൂടെയാണ് അദ്ദേഹം വളര്‍ന്നത്. തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി യൂണിയന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന യുസി കോളജ് യൂണിറ്റിന്റെ സെക്രട്ടറിയായിരിക്കെ ഒരു പ്രസംഗത്തിന്റെ പേരില്‍ പികെവിക്കെതിരെ അറസ്റ്റ് വാറണ്ടുണ്ടായി. യുസി കോളജ് പഠനാനന്തരം തിരുവനന്തപുരം ലോ കോളജില്‍ ചേര്‍ന്ന പികെവി, ജനാധിപത്യഭരണ വ്യവസ്ഥയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിഡന്റുമായി. 1945ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ അദ്ദേഹം 1948ല്‍ ഒളിവില്‍പ്പോയി.

ഒളിവുകാലത്താണ് കേരളത്തിലുടനീളം സഞ്ചരിച്ച് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയത്. 1951ല്‍ പാര്‍ട്ടിയുടെ നിരോധനം നീങ്ങിയതിനു ശേഷം, അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ ഭാഗമായി അഖില കേരള വിദ്യാര്‍ത്ഥി ഫെഡറേഷന്‍ രൂപം കൊണ്ടപ്പോള്‍ അതിന്റെ ആദ്യത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ധാരാളം വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. സ്കൂള്‍-കോളജ് മാനേജ്‌മെന്റുകളുടെ ധിക്കാരവും ഗര്‍വും നിറഞ്ഞ സമീപനങ്ങള്‍ക്കെതിരായി നടന്ന ആ സമരങ്ങള്‍ ചരിത്രത്തിലിടം നേടി. അതിനിടെ പികെവി അറസ്റ്റ് ചെയ്യപ്പെട്ടു. ജയില്‍ മോചിതനായി പുറത്തുവന്നപ്പോള്‍ അദ്ദേഹം പാര്‍ട്ടിയുടെ ശ്രദ്ധേയ നേതാക്കളില്‍ ഒരാളായി മാറി. 1954ല്‍ പാര്‍ട്ടി പികെവിയെ ജനയുഗം പത്രത്തിന്റെ മുഖ്യ ചുമതലക്കാരനാക്കി. 1957ല്‍ രണ്ടാമത് പൊതുതെരഞ്ഞെടുപ്പില്‍ തിരുവല്ല പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി ജയിച്ചു. 1959ല്‍ അഖിലേന്ത്യാ യുവജന ഫെഡറേഷന്‍ രൂപം കൊണ്ടപ്പോള്‍ ആദ്യ പ്രസിഡന്റായ പികെവി, ലോക യുവജന ഫെഡറേഷന്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1962ല്‍ അമ്പലപ്പുഴ നിന്നും 1967ല്‍ പീരുമേട് നിന്നും പാര്‍ലമെന്റംഗമായി. 1977ല്‍ തന്റെ പ്രവര്‍ത്തന കേന്ദ്രം കേരളത്തിലേക്ക് മാറ്റിയ പികെവി, ആലപ്പുഴ നിന്നും നിയമസഭാംഗമായി. 1977–78ല്‍ എ കെ ആന്റണി മന്ത്രിസഭയില്‍ വ്യവസായം, വിദ്യുച്ഛക്തി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. ആന്റണി രാജിവച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയായി. ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപീകരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 1984ല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയാവുകയും 1998 വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ദേശീയ സെക്രട്ടേറിയറ്റംഗമായി പ്രവര്‍ത്തിച്ചുവരവേയായിരുന്നു മരണം. 2004ല്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി തിരുവനന്തപുരത്തുനിന്ന് പികെവി ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. പികെവിയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് സദാ പുലർത്തിവന്ന പ്രസാദാത്മകതയാണ്. എല്ലാ ജീവിതത്തുറകളിലുംപെട്ട പതിനായിരക്കണക്കിനു മനുഷ്യരെ പികെവി എന്ന ത്രയാക്ഷരങ്ങളിലേക്ക് ആകർഷിച്ചത് അതാണ്. 

ഞാൻ പികെവിയുടെ തലമുറയിൽപ്പെട്ട ആളല്ല, അച്ഛന്റെയും അമ്മയുടെയും തലമുറയിൽപ്പെട്ട പ്രമുഖനായിരുന്നു അദ്ദേഹം. അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട സഹപ്രവർത്തകരിൽ പ്രമുഖനായിരുന്നു. ആ കണ്ണിലൂടെയാണ് ഞാൻ പികെവിയെ ആദ്യമായി അറിയുന്നതും അടുക്കുന്നതും. 1968ലാണ് മനസിൽ തെളിയുന്ന പികെവിയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച. പിന്നീട് വിദ്യാർത്ഥി ഫെഡറേഷന്‍ ഭാരവാഹിയായി പ്രവർത്തിക്കുന്ന ഘട്ടത്തിൽ കൂടുതൽ ഇടപഴകാൻ അവസരങ്ങളുണ്ടായി.
സംഘടനാപ്രവർത്തനങ്ങളിലും സമ്മേളനവേദികളിലും സമരമുഹൂർത്തങ്ങളിലും തുടങ്ങി എത്രയോ ഘട്ടങ്ങളിൽ പി കെ വാസുദേവൻ നായർ എന്ന നേതാവിന്റെ സാമീപ്യത്തിന്റെ സുഖം ഞങ്ങളുടെ തലമുറയ്ക്ക് വേണ്ടുവോളം ലഭിച്ചു. കലവറയില്ലാതെ പികെവി ഞങ്ങളെ ശാസിക്കുമായിരുന്നു. നാലോ അഞ്ചോ മിനിറ്റു കഴിയുമ്പോൾ ഒന്നും സംഭവിക്കാത്തതുപോലെ സ്നേഹത്തോടെ അടുത്തുപിടിച്ചു കാര്യങ്ങൾ സംസാരിച്ചു സാന്ത്വനപ്പെടുത്തി അയച്ചതും മറക്കാന്‍ കഴിയില്ല.
അടിയന്തരാവസ്ഥയിൽ പ്രഖ്യാപിച്ച ഫീസ് വർധന പിൻവലിക്കാന്‍ നടത്തിയ സംയുക്ത വിദ്യാർത്ഥിപ്രക്ഷോഭകാലത്ത് എഐഎസ്എഫിന്റെ ഭാരവാഹികളായിരുന്നു കെ പി രാജേന്ദ്രനും ഞാനും. പ്രതിപക്ഷത്തായിരുന്ന എസ്എഫ്ഐയും കെഎസ്‌യുവും അടക്കം എല്ലാ വിദ്യാർത്ഥി സംഘടനകളും ഒരുമിച്ച് അണിനിരന്ന ആ സമരത്തിന്റെ ഭാഗമായി പൊലീസ് മർദനവും ലാത്തിച്ചാർജും അരങ്ങേറി. ആ വിദ്യാർത്ഥിപ്രക്ഷോഭത്തിൽ എഐഎസ്എഫ് മുൻനിര പങ്കാളിത്തമാണ് വഹിച്ചത്. അന്നത്തെ രാഷ്ട്രീയകാലാവസ്ഥയിൽ അത് ഉളവാക്കിയ ആത്മസംഘർഷങ്ങൾ വളരെ വലുതായിരുന്നു. മുഖ്യമന്ത്രിയായിരുന്ന പികെവിക്ക് ഞങ്ങൾ കൈക്കൊണ്ട സമീപനത്തെപ്പറ്റി സ്വാഭാവികമായും വിമർശനമുണ്ടായിരുന്നു. അത് അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ഞങ്ങളെ അനുഭവക്കുറവിന്റെ പേരിൽ ശാസിക്കുകയും ചെയ്തു. എന്നാൽ ആ വിദ്യാർത്ഥിപ്രക്ഷോഭത്തെ പികെവി എന്ന മുഖ്യമന്ത്രി കൈവിട്ടില്ല എന്ന കാര്യം പ്രത്യേകം പറഞ്ഞേ മതിയാകൂ. സമരങ്ങൾക്കും സംഘർഷങ്ങൾക്കും മാന്യമായ ഒത്തുതീർപ്പുണ്ടാക്കാൻ പികെവി കാണിച്ച വ്യക്തിപരമായ ജാഗ്രത, വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ വികാരവിക്ഷോഭങ്ങൾ ഒരു ജീവിതം മുഴുവനും മനസിലാക്കാൻ തയ്യാറായ ഒരു വലിയ നേതാവിൽനിന്നു മാത്രം പ്രതീക്ഷിക്കാവുന്നതാണ്. 

പൊതുജനങ്ങളോട് ഇത്രയേറെ ഹൃദയബന്ധം പുലർത്തിയ രാഷ്ട്രീയനേതാക്കന്മാർ വിരളമായിരുന്നു. പികെവിയുടെ പുല്ലുവഴിയിലെ ചീട്ടുകളിസംഘത്തിന്റെ കഥ മുതൽ ഡൽഹിയിലെ അദ്ദേഹത്തിന്റെ വാസസ്ഥലത്തെ സാഹിത്യ സാംസ്കാരിക കൂട്ടായ്മ വരെയുള്ള ഒട്ടേറെ അനുഭവങ്ങളെപ്പറ്റി വളരെയധികം ആളുകൾ പറയുന്നതു കേട്ടിട്ടുണ്ട്. അതെല്ലാം ഒരു ചെറുചിരിയോടെയാണ് പികെവി കേട്ടിരുന്നത്. ചിലപ്പോൾ അനുഭവങ്ങളുടെ ഒരു ഏട് അതിലൂടെ കൂട്ടിച്ചേർക്കുന്നത് കണ്ടും കേട്ടും ഇരിക്കാൻ തന്നെ എത്ര കൗതുകമായിരുന്നു. ചെറുപ്രായത്തിൽത്തന്നെ ഒട്ടേറെ പദവികളും സ്ഥാനമാനങ്ങളും പികെവിയെ തേടിയെത്തിയിട്ടുണ്ട്. പക്ഷേ, ഒരു പദവിയുടെയും സ്ഥാനമാനത്തിന്റെയും നിറക്കൂട്ടുകളിൽ അദ്ദേഹം മുങ്ങിപ്പോയില്ല. എന്നും ലാളിത്യമായിരുന്നു മുഖമുദ്ര. സാമാന്യമനുഷ്യരോടു കാണിച്ച സ്നേഹവും പരിഗണനയും പികെവിയുടെ പെരുമാറ്റശൈലിയുടെ പ്രത്യേകതയായിരുന്നു. എല്ലാവരോടും പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കാൻ ഇഷ്ടപ്പെടുമ്പോഴും, വേണ്ടിടത്ത് അദ്ദേഹം തന്റെ ധാർമ്മികരോഷം വെട്ടിത്തുറന്നു പറയുന്നതിന് എത്രയോ തവണ സാക്ഷിയായിട്ടുണ്ട്. സ്വന്തം സഖാക്കളോട് അങ്ങനെ പറയേണ്ട ഘട്ടങ്ങളിൽ പറയുകതന്നെ വേണമെന്ന് തികഞ്ഞ കമ്മ്യൂണിസ്റ്റ് ബോധമുള്ള പികെവിക്ക് നിർബന്ധബുദ്ധിയുണ്ടായിരുന്നു. അദ്ദേഹം സെക്രട്ടറിയായി പ്രവർത്തിച്ച കമ്മിറ്റിയിൽ അംഗമായിരിക്കുമ്പോഴെല്ലാം ഈ സ്വഭാവഗുണത്തിന്റെ മാസ്മരികതയും മൂർച്ചയും കണ്ടറിയാൻ അവസരമുണ്ടായിട്ടുണ്ട്. ഒരു കടുംപിടിത്തക്കാരനെന്ന വിശേഷണം ആരും പികെവിയെക്കുറിച്ച് പറയുകയില്ല. എന്നാൽ, ആദർശങ്ങളുടെയും പ്രത്യയശാസ്ത്രപ്രതിബദ്ധതയുടെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത കാർക്കശ്യം അദ്ദേഹം ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ഒരിക്കലും പതറാത്ത ശുഭാപ്തിബോധം പികെവിയുടെ രാഷ്ട്രീയസമീപനങ്ങളുടെ ആകത്തുകയായിരുന്നു. സങ്കീര്‍ണവും സംഭവബഹുലവുമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ രാജ്യം കടന്നുപോകുമ്പോഴാണ് നാം വീണ്ടും പികെവിയുടെ സ്മരണ പുതുക്കുന്നത്. അദ്ദേഹത്തിന്റെ സ്മരണ എക്കാലത്തേയ്ക്കുമുള്ള പ്രചോദനമാണ്. 

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.