19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 23, 2024
February 14, 2024
February 5, 2024
February 5, 2024
February 2, 2024
January 31, 2024
January 23, 2024
January 12, 2024
February 17, 2023
February 6, 2023

അശുഭപ്രതീക്ഷയുടെ കേന്ദ്രബജറ്റ്

Janayugom Webdesk
February 13, 2022 4:59 am

കൂപ്പുകുത്തിയ സമ്പദ്‌വ്യവസ്ഥയ്ക്ക് സുരക്ഷയില്ലാതെ, പട്ടിണിക്കാർക്കും തൊഴിൽരഹിതർക്കും സഹായമില്ലാതെ, ജീവിത നിലവാരത്തകർച്ചയുടെ തുടർച്ചക്ക് അടിവരയിടുന്നതാണ് കേന്ദ്രസർക്കാരിന്റെ ബജറ്റ്. അവശ്യവസ്തുക്കളുടെ വില ജനങ്ങൾക്ക് താങ്ങാനാകാത്ത വിധത്തിലാകുന്നതിനാൽ, ഉപഭോക്തൃ ചെലവിലും വളർച്ച പ്രതീക്ഷിക്കാനാവില്ല. കോർപറേറ്റുകൾക്കൊഴികെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും വരുമാനം കുറയുന്നു. അടിസ്ഥാന ചെലവുകൾ ഇടത്തരക്കാർക്ക് പോലും താങ്ങാനാകാത്ത വിധത്തിലാകുമ്പോൾ ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇടത്തരക്കാർക്കോ പാവപ്പെട്ടവർക്കോ നികുതിയിളവില്ല. അവരുടെ ഉപജീവന മാർഗങ്ങൾക്ക് പണം കൈമാറാൻ പദ്ധതിയില്ല. വരുമാനം കുറയുന്നതുമൂലം സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന മാന്ദ്യം വലിയ തോതിൽ ഉയരുകയാണ്. എന്നിട്ടും ഈ വിഷയത്തിൽ വ്യക്തമായ നിസംഗതയാണ് ബജറ്റ് പുലർത്തുന്നത്.


ഇതുകൂടി വായിക്കൂ:  ഇന്ത്യയെ കാണാത്ത കേന്ദ്രബജറ്റ്


റോഡുകൾ, റയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, പൊതുഗതാഗതം, ജലപാതകൾ, ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ എന്നിങ്ങനെ ‘ഏഴ് എഞ്ചിനുകളുടെ’ സഹായത്തോടെ സുസ്ഥിര വികസനമെന്ന അവകാശവാദമാണ് ബജറ്റ് ഉന്നയിക്കുന്നത്. ഈ ഘടകങ്ങളിലധികവും ഇപ്പോൾത്തന്നെ സ്വകാര്യവല്ക്കരിക്കപ്പെട്ടിരിക്കുന്നു. നിലവിലെ പ്രഖ്യാപനങ്ങളും നടപ്പാക്കുക എങ്ങനെയെന്ന് അവ്യക്തമാണ്. പലതും ഇതുവരെ പ്രായോഗികമാക്കാത്ത മുൻ വർഷങ്ങളിലെ പ്രഖ്യാപനങ്ങളുടെ ആവർത്തനവുമാണ്. പൊതുമേഖലയിലെ അടിസ്ഥാന വികസനം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്ന് കാണാം. ഗതാഗതമാർഗങ്ങളായ റോഡുകളിലും റയിൽവേയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നുവെങ്കിലും ഇവയെല്ലാം മുൻകാലങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ളതും ‘ബജറ്റ്‘എന്നതിന്റെ മതിപ്പ് കുറയ്ക്കുന്നതുമാണ്. ആരോഗ്യം, തൊഴിൽ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നീ പ്രധാന മേഖലകൾക്ക് നാമമാത്രമായ പരിഗണനയാണ് നല്കുന്നത്. വാസ്തവത്തിൽ, വികസനത്തിന്റെ ആഘാതം ചുമക്കുന്ന ഒരു സമൂഹത്തിന്റെ നെടുംതൂണുകളാണിവ. 2023 ലെ സാമ്പത്തിക പദ്ധതികളിൽ അവയെ ഉത്തേജിപ്പിക്കാൻ ഒരു നടപടിയും പരാമർശിച്ചിട്ടില്ല. മൂലധനശക്തികളുടെ മേലുള്ള എല്ലാവിധ നിയന്ത്രണവും നീക്കുകയും സ്വകാര്യവല്ക്കരണം അടിസ്ഥാന നയമാക്കി പ്രഖ്യാപിക്കുകയും തൊഴിലും ജീവിതസുരക്ഷയും ഉറപ്പുനൽകുന്ന പൊതുനിക്ഷേപം ഗണ്യമായി വെട്ടിച്ചുരുക്കുകയും ചെയ്യുന്ന നയത്തിന്റെ തുടർച്ച മാത്രമാണ് ബജറ്റിലൂടെ പ്രഖ്യാപിച്ചത്. ആറ് ദശലക്ഷത്തിലധികം സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങൾ പ്രവർത്തനരഹിതമായിക്കിടക്കുന്നു.


ഇതുകൂടി വായിക്കൂ:  പ്രതീക്ഷകള്‍ കെടുത്തുന്ന കേന്ദ്ര ബജറ്റ്


ഈ മേഖലയിലെ തൊഴിലവസരങ്ങളും ഇല്ലാതായി. പാർശ്വവല്ക്കരിക്കപ്പെട്ട എൺപത്തിനാല് ശതമാനം കുടുംബങ്ങൾ ഉള്ള രാജ്യമാണിത്. കോവിഡ് കാലത്ത് 4.6 കോടിയിലധികം ആളുകൾ തൊഴിൽരഹിതരാക്കപ്പെടുന്ന അവസ്ഥയിലുമാണ്. ഗ്രാമീണ തൊഴിലുറപ്പിന്റെ മാതൃകയിൽ നഗരമേഖലയിലും പുതിയ സംരംഭം ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിവിഹിതം പോലും 25 ശതമാനം വെട്ടിക്കുറച്ചു. 73,000 കോടിയാണ് എൻആർഇജിഎ ബജറ്റ് വിഹിതം. 2021–22 സാമ്പത്തിക വർഷത്തിലെ പുതുക്കിയ എസ്റ്റിമേറ്റ് 98,000 കോടിയായിരുന്നു. 25,000 കോടിയാണ് വെട്ടിക്കുറച്ചത്. 2021–22 ബജറ്റിലെ പുതുക്കിയ കണക്കിനെക്കാൾ 1,74,909 കോടി രൂപയുടെ വർധന ഇക്കൊല്ലത്തെ അടങ്കലിൽ കാണിക്കുന്നു. അതേസമയം 2021–22ൽ ബജറ്റ് അടങ്കൽ, ജിഡിപിയുടെ 17.8 ശതമാനമായിരുന്നത് ഇത്തവണ 15.3 ശതമാനമായി കുറഞ്ഞു. വരുമാനത്തിലുണ്ടായ വർധനയുമായി തട്ടിച്ചുനോക്കുമ്പോൾ ചെലവിലെ വർധന കുറവാണ്. ജനങ്ങളിൽനിന്ന് പരോക്ഷനികുതികൾ പിരിച്ചാണ് സർക്കാരിന്റെ വരുമാനം കൂട്ടിയത്. സംസ്ഥാനങ്ങൾക്കുള്ള വിഹിതം 2021–22ൽ 6.91 ശതമാനമായിരുന്നത് 2022–23ൽ 6.25 ശതമാനമായി കുറഞ്ഞു. കർഷകർക്കുള്ള എല്ലാ പദ്ധതികളുടെയും വിഹിതം ഗണ്യമായി വെട്ടിക്കുറച്ചു. കാർഷികമേഖലയ്ക്ക് പ്രോത്സാഹനം നൽകുന്ന പുതിയ പദ്ധതിയൊന്നും ഇല്ലെന്നു മാത്രമല്ല, മുൻ ബജറ്റിനേക്കാൾ വിഹിതം ഗണ്യമായി കുറച്ചു.


ഇതുകൂടി വായിക്കൂ:  കോര്‍പറേറ്റ് പ്രീണനം വെളിപ്പെടുത്തി കേന്ദ്ര ബജറ്റ്


കർഷകരോട് പ്രതികാരസമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. കടാശ്വാസമോ, മറ്റ് ഇളവുകളോ കർഷകർക്ക് നൽകിയിട്ടില്ല. കാർഷികമേഖലയ്ക്ക് മുൻ ബജറ്റിൽ 5.74 ലക്ഷം കോടി രൂപ നീക്കിവച്ചപ്പോൾ ഈ ബജറ്റിൽ 4.63 ലക്ഷം കോടി രൂപ മാത്രം, 20 ശതമാനത്തിന്റെ കുറവാണ്. വളം സബ്സിഡിക്കുള്ള വിഹിതം 25 ശതമാനവും ഭക്ഷ്യസബ്സിഡി 28 ശതമാനവും വെട്ടിക്കുറച്ചു. ഭക്ഷ്യ, ഇന്ധന സബ്സിഡികളും ആരോഗ്യ, ഗ്രാമീണവികസന മേഖലകൾക്കുള്ള വിഹിതവും കുറച്ചു. സർക്കാർ എജൻസികൾ നടത്തിയ പഠനങ്ങളനുസരിച്ച് തന്നെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്ന ഗ്രാമീണ ജനത വിഭവങ്ങളുടെ അഭാവം മൂലം കഷ്ടപ്പെടുന്നു. വിളനാശം, പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശം എന്നിവയ്ക്ക് യാതൊരു സഹായവുമില്ല. രാജ്യത്തെ മൂന്നിൽ രണ്ട് ജനങ്ങളും കഴിഞ്ഞ അഞ്ച് വർഷമായി സ്ഥിരമായ വേതനമില്ലാതെ കഷ്ടപ്പെടുകയാണ്. മൊത്തം തൊഴിലാളികളിൽ നാലിലൊന്നിന് അർഹമായ വേതനം നഷ്ടപ്പെട്ടു. ഇതിലെ മൂന്നിൽ രണ്ടും കർഷകത്തൊഴിലാളികളാണ്. കർഷകത്തൊഴിലാളികളും ചെറുകിട കർഷകരും ഉൾപ്പെടെ കാർഷിക മേഖല മുഴുവൻ അതൃപ്തി പുകയുകയാണ്. പാവപ്പെട്ടവരുടെ തൊഴിലും വരുമാനവും മെച്ചപ്പെടുത്താനുതകുന്ന പ്രഖ്യാപനങ്ങളില്ലാത്ത, വർധിച്ചുവരുന്ന അസമത്വവും കൊടിയ ദാരിദ്ര്യവും രൂക്ഷമായ തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കാൻ നിർദേശങ്ങളില്ലാത്ത ബജറ്റിലൂടെ ഉപജീവനമാർഗവും അന്തസും നഷ്ടപ്പെട്ട് ജീവിക്കേണ്ടിവരുമ്പോൾ നിരാശയല്ല ജനങ്ങളെ പിടികൂടുക, 13 മാസത്തെ കർഷക ധർണ പോലെ ശക്തമായ പ്രതിഷേധത്തിന് അവർ ഉയിർത്തെഴുന്നേല്ക്കും.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.