28 April 2024, Sunday

Related news

April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 23, 2024

ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്വം ആണെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
February 26, 2024 12:26 pm

ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്വം ആണെന്നും അവരെ ചേര്‍ത്ത് പിടിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുക എന്നത് സാംസ്കാരിക ഔന്നത്യത്തിന്റെ ഏറ്റവും പ്രധാന ലക്ഷണമാണെന്നും ഭിന്നശേഷി മേഖലയിലുള്ളവരുമായി നടത്തിയ മുഖാമുഖംപരിപാടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ആർഡിആർ കൺവൻഷൻ സെൻറിൽ സാമൂഹ്യ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലായിരുന്നു മുഖാമുഖം. 4,19,678 ഭിന്നശേഷിക്കാർക്ക് കേരളത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും ഭിന്നശേഷി വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സംസ്ഥാന ബജറ്റില്‍ കൂടുതല്‍ തുക ഉൾപ്പെടുത്തിയെന്നും ബാരിയര്‍ ഫ്രീ കേരള പദ്ധതിക്കായി 8 കോടി രൂപയാണ് നീക്കിവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ ക്ഷേമ വികസന മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു . വ്യത്യസ്തതകളെ അംഗീകരിക്കുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥത്തില്‍ സാമൂഹ്യജീവികളാകുന്നത്.

ആ നിലയ്ക്ക് ഭിന്നശേഷിയുള്ളവരെക്കൂടി പൊതുസമൂഹത്തിന്റെ ആല്ലെങ്കില്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് ഏറെ പ്രധാനമാണ്.ലോകത്തിലാകെ നൂറുകോടിയോളം പേര്‍ ഏതെങ്കിലും വിധത്തില്‍ ഭിന്നശേഷി ഉള്ളവരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 800 കോടിയില്‍ 100 കോടി എന്നു പറഞ്ഞാല്‍, 8 പേരില്‍ ഒരാള്‍ എന്നര്‍ത്ഥം. ചെറിയ സംഖ്യയല്ലായിത്. അതുകൊണ്ടുതന്നെ ഭിന്നശേഷിയുള്ളവര്‍ പൊതുസമൂഹത്തില്‍ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുകയെന്നത് ഒരു ആധുനിക ജനാധിപത്യ സമൂഹത്തെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്.കാഴ്ച, കേള്‍വി, സംസാരശേഷി എന്നിവയിലോ ശാരീരികമായോ ബുദ്ധിപരമായോ പിന്നാക്കം നില്‍ക്കുന്നവരെ അതൊന്നുമില്ലാത്തവരോടു മത്സരിക്കാന്‍ നിയോഗിക്കുന്നതു നീതിയല്ല. . അതുകൊണ്ടാണ് ഭിന്നശേഷിയുള്ളവരെ സവിശേഷമായി കാണുകയും അവര്‍ക്കു വേണ്ട പ്രത്യേക പദ്ധതികള്‍ ആവഷ്‌ക്കരിക്കുകയും ചെയ്യേണ്ടത്.

അതൊരുക്കിക്കൊണ്ട് ഭിന്നശേഷികള്‍ ഉള്ളവരെക്കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ചെയ്യുന്നത് നവകേരളസൃഷ്ടിയുടെ ഭാഗമായാണ്. നവകേരളത്തിന്റെ മുഖമുദ്രകളിൽ പ്രധാനപ്പെട്ട ഒന്ന് അതിന്റെ ഉള്‍ച്ചേര്‍ക്കല്‍ സ്വഭാവമാണ്. ഭിന്നശേഷി എന്നത് അതുള്ള ആ വ്യക്തിയുടെ മാത്രം പ്രശ്‌നമാണെന്നും സമൂഹത്തിന് അതില്‍ ഉത്തരവാദിത്വമില്ലെന്നും വ്യാഖാനിക്കുന്ന ചിലരുണ്ട്. ഇതൊരു ആരോഗ്യപ്രശ്‌നമാണെന്നും അതിനാല്‍ ചികിത്സ ലഭ്യമാക്കുക മാത്രമാണ് സമൂഹത്തിന്റെ കടമയെന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍ ഭിന്നശേഷിക്കാരുടെ സമഗ്രവികസനം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്തമാണെന്നും മറ്റുള്ളവരെപ്പോലെ അവരെയും ചേര്‍ത്തുനിര്‍ത്തേണ്ടത് സമൂഹത്തിന്റെ പ്രധാന കടമയാണ് എന്നുമുള്ള കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.കേരളത്തിലെ എല്ലാ സര്‍ക്കാര്‍ — പൊതുമേഖലാ സ്ഥാപനങ്ങളെയും കെട്ടിടങ്ങളെയും പാര്‍ക്കുകളെയും ഭിന്നശേഷി സൗഹൃദമാക്കി തീര്‍ക്കുന്നതിനുള്ള ബാരിയര്‍ ഫ്രീ കേരള പദ്ധതിയാണ് ഇതില്‍ പ്രധാനം.

2,000 ത്തിലധികം പൊതുകെട്ടിടങ്ങള്‍ ഇതിനകം തടസ്സരഹിതമാക്കിയിട്ടുണ്ട്.കേരളത്തിലെ എല്ലാ ജില്ലകളിലും ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെട്ടവരുടെ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ജില്ലാതല കമ്മിറ്റികള്‍ നിലവിലുണ്ട്. ഭിന്നശേഷി പ്രതിരോധം, ഭിന്നശേഷി നേരത്തെ കണ്ടെത്തല്‍, വിദ്യാഭ്യാസം, തൊഴില്‍, പുനരധിവാസം എന്നീ മേഖലകളിലെ വിടവുകള്‍ പരിഹരിക്കുന്നതിനായി ആരോഗ്യ‑വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ ‘സ്‌റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റി’ ആരംഭിച്ചിട്ടുണ്ട്. ‘അനുയാത്ര’ പദ്ധതി വഴി ഭിന്നശേഷി പ്രതിരോധം മുതല്‍ അവരുടെ സുസ്ഥിര പുനരധിവാസം വരെയുള്ള സേവനങ്ങള്‍ ലഭ്യമാക്കിവരുന്നുണ്ട്.ഒന്നാം ക്ലാസു മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ്തലം വരെ പഠിക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നുണ്ട്. വിദൂരവിദ്യാഭ്യാസ മാധ്യമങ്ങളിലൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്ക് യു ഐ ഡി കാര്‍ഡുകള്‍ നല്‍കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഫെബ്രുവരി ആദ്യ വാരം വരെ 3,11,287 പേര്‍ക്ക് യു ഐ ഡി കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്.

ഭിന്നശേഷി സേവനങ്ങള്‍ കാര്യക്ഷമമായി ലഭ്യമാക്കുന്ന പ്രധാന സ്ഥാപനമാണ് നിഷ്. 1.49 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച കേരളത്തിലെ ആദ്യ ഭിന്നശേഷിസൗഹൃദ ബാരിയര്‍ ഫ്രീ ക്യാമ്പസാണ് ഇതിനുള്ളത്.ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിനായി സംസ്ഥാനത്ത് സംയോജിത പുനരധിവാസ ഗ്രാമങ്ങള്‍ ആരംഭിക്കും. ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും ഒരു കേന്ദ്രത്തില്‍ ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും മുക്തി നേടുന്നതിനു കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സഹായം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സഹജീവനം സഹായകേന്ദ്രങ്ങള്‍ ആരംഭിക്കും.ഭിന്നശേഷിയുണ്ടെന്ന് കരുതി ഒതുങ്ങിക്കൂടേണ്ടവരല്ല നിങ്ങളെന്നുംബ ഭിന്നശേഷി ജീവിതവിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച നിരവധി പ്രശസ്തരായ ആളുകളുണ്ടെന്നും അവർ പ്രചോദനം ആകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary:
The Chief Min­is­ter said that the com­pre­hen­sive devel­op­ment of the dif­fer­ent­ly abled is the gen­er­al respon­si­bil­i­ty of the society

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.