27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 13, 2024
July 12, 2024
July 10, 2024
July 9, 2024
July 4, 2024
July 1, 2024
June 24, 2024
June 21, 2024
June 19, 2024
June 19, 2024

ശബരിമലയില്‍ അനിയന്ത്രിതമായ അവസ്ഥ ഇല്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രദ്ധയോടെയാണ് ഇടപെടുന്നതെന്നും മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 13, 2023 12:15 pm

ശബരിമലയില്‍ അനിയന്ത്രിതമായ അവസ്ഥ ഇല്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതീവ ശ്രദ്ധയോടെ ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.സന്നിധാനത്തെ ഒരോ സമയത്തുമുള്ള ഭക്തജനത്തിരിക്ക് നോക്കിയാണ് തീര്‍ത്ഥടകരെ മുകളിലേക്ക് കടത്തി വിടുന്നത്. മണ്ഡല കാലത്തെ കുടുത്ത തിരക്കാണ് ഇപ്പോഴുള്ളത്. തിരക്ക് അനിയന്ത്രിതമായി വര്‍ധിക്കുന്നത് നമ്മുടെ നിയന്ത്രണങ്ങള്‍ക്കപ്പുറത്തെ ചില അപകടങ്ങള്‍ക്ക് കാരണമാകും.

അത് മുന്നില്‍ കണ്ടുകൊണ്ട് ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും നവകേരള സദസ്സിന്റെ ഭാഗമായുള്ള വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാണ്. കഴിഞ്ഞ മണ്ഡല കാലത്തിന്റെ ആദ്യ നാളുകളിൽ ശരാശരി 62,000 പേരായിരുന്നുവെങ്കിൽ ഇത്തവണ ഡിസംബർ 6 മുതലുള്ള 4 ദിവസങ്ങളിൽ തന്നെ തീർത്ഥാടകരുടെ എണ്ണം ശരാശരി 88,000 ആയി വർദ്ധിച്ചു. കേരളത്തിന് പുറത്തുനിന്നുള്ളവർ വലിയ തോതിൽ എത്തുന്നുണ്ട്. ചെന്നൈയിലെ പ്രളയം, തെലങ്കാന തെരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് ആദ്യനാളുകളിൽ വരാൻ കഴിയാതിരുന്നവരും ഇപ്പോൾ കൂട്ടത്തോടെ എത്തുന്നു. ഇത് മനസ്സിലാക്കി, ദർശനസമയം ഒരു മണിക്കൂർ കൂടി വർദ്ധിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പോട്ട് ബുക്കിംഗ് വഴി ഏതാണ്ട് ഇരുപതിനായിരം പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്. പുല്ലുമേട് കാനനപാതയിലൂടെ ശരാശരി അയ്യായിരം പേർ വന്നു. എല്ലാം ചേർത്ത് ഒരു ദിവസം 1,20,000 ത്തിലധികം തീർത്ഥാടകർ എത്തുകയാണ്. പൊതു അവധി ദിവസങ്ങളിൽ തിരക്ക് വല്ലാതെ വർധിച്ചു. ഇതിന്റെ ഫലമായി ശബരിമലയിൽ എത്തിച്ചേരാൻ കൂടുതൽ സമയം വേണ്ടിവരുന്ന അവസ്ഥയുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ ഇതാണ് അവിടെ സംഭവിച്ചത്.

പതിനെട്ടാം പടിയിലൂടെ ഒരു മണിക്കൂറിൽ 4200 പേർക്കാണ് സാധാരണ നിലയിൽ ദർശനം സാധ്യമാവുക. എത്തിച്ചേരുന്നവരിൽ വയോജനങ്ങളും കുട്ടികളും പ്രായമായ സ്ത്രീകളും ഉണ്ട്. ഇവർക്ക് പടികയറാൻ അല്പം സമയം കൂടുതൽ വേണം. ഇത് മനസ്സിലാക്കിയാണ് വെർച്ച്വൽ ക്യു വഴിയുള്ള ദർശനം 80,000 ആയി ചുരുക്കിയത്. ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി കഴിഞ്ഞ ഏഴു വർഷം കൊണ്ട് 220 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായ വികസന പ്രവർത്തനങ്ങൾ ഹൈക്കോടതി ഹൈപവർ കമ്മിറ്റിയുടെ അംഗീകാരത്തോടെ നടന്നു വരുന്നു. ശബരിമല തീർത്ഥാടകർക്കും തീർത്ഥാടന കാലത്തിനു ശേഷം പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന 6 ഇടത്താവളങ്ങൾ പൂർത്തിയായി വരുന്നു. കിഫ്ബിയിൽ നിന്നും 108 കോടി രൂപ ചെലവിട്ടാണ് ചെങ്ങന്നൂർ, കഴക്കൂട്ടം, ചിറങ്ങര, എരുമേലി, നിലയ്ക്കൽ, മണിയംകോട് എന്നിവിടങ്ങളിൽ ഇടത്താവളം നിർമിക്കുന്നത്.

കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ കേരളത്തിലെ വിവിധ ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക് ഉൾപ്പെടെ 467 കോടി രൂപയുടെ സഹായമാണ് സർക്കാർ നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് മാത്രം 144 കോടി നൽകി. ശബരിമല സീസണിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി പത്തനംതിട്ട , കോട്ടയം ജില്ലകൾക്ക് 16 ലക്ഷം രൂപയും അനുവദിച്ചു.തിരക്ക് വർധിച്ച പശ്ചാത്തലത്തിൽ ഇന്നലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രത്യേക യോഗം വിളിച്ചു. സ്പോട്ട് ബുക്കിങ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനമെടുത്തത്. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നുണ്ട്. കൂടുതൽ ഏകോപിച്ച സംവിധാനമൊരുക്കാനും തീരുമാനിച്ചു. ഇത്തരം യോഗങ്ങളും നടപടികളും ആദ്യത്തേതല്ല. ശബരിമലയിലെ മണ്ഡലം മകരവിളക്ക് സീസൺ ഏറ്റവും സുഗമമാക്കി നടത്താനുള്ള ആസൂത്രണം സർക്കാർ നേരത്തെ തന്നെ തുടങ്ങിയതാണ്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ചു കൊണ്ടുള്ള ഇടപടൽ ആണുണ്ടായത്. ഈ തീർത്ഥാടന കാലം സുഗമമായി നടത്താൻ ഉദ്ദേശിച്ചുള്ള ആലോചനായോഗങ്ങൾ മാസങ്ങൾക്കു മുമ്പേ തന്നെ തുടങ്ങിയതാണ്. ഇതിനു പുറമെ, ദുരന്ത നിവാരണ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറിയും സ്റ്റേറ്റ് പോലീസ് മേധാവിയും ജില്ലാ കളക്ടറും നേരിട്ട് യോഗങ്ങൾ വിളിക്കുകയും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്. 

നിലയ്ക്കൽ 86 ഉം പമ്പയിൽ 53 ഉം സന്നിധാനത്ത് 50 ഉം കുടിവെള്ള കിയോസ്കുകൾ സ്ഥാപിച്ചു. പമ്പ‑സന്നിധാനം കാനന പാതയുടെ ഇരുവശങ്ങളിലായി സ്ഥാപിച്ച ടാപ്പുകൾ വഴി ശുദ്ധീകരിച്ച കുടിവെള്ളമാണ് നൽകുന്നത്. കുടിവെള്ളത്തിനായി അടിയന്തര കിയോസ്‌കുകളും സജീവമാണ്. നിലയ്ക്കലിൽ ശുദ്ധീകരിച്ച വെള്ളവും മറ്റ് ആവശ്യങ്ങൾക്കുള്ള വെള്ളവും ടാങ്കർ ലോറിയിലൂടെ വിതരണം ചെയ്യുന്നു. ജല അതോറിറ്റിയുടെ പമ്പാ തീർഥം കുടിവെള്ള പദ്ധതിയും ദേവസ്വം ബോർഡിന്റെ സൗജന്യ ചുക്ക് വെള്ളം പദ്ധതിയും കുറ്റമറ്റ നിലയിൽ നടപ്പാക്കുന്നു. ഇതിനു പുറമേ നടപ്പന്തലിലും ക്യൂ കോപ്ലക്‌സുകളിലും ഭക്തരുടെ തിരക്ക് അനുഭവപ്പെടുന്ന എല്ലാ പരിസരങ്ങളിലും ദേവസ്വം ബോർഡ് ചുക്ക് വെള്ളവും ബിസ്‌ക്കറ്റും നൽകുന്നു. ശുചീകരണ പ്രവർത്തനങ്ങൾക്ക് വലിയ സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിൽ 449 ഉം പമ്പയിൽ 220 ഉം സന്നിധാനത്ത് 300 ഉം ക്ലീനിംഗ് ജോലിക്കാരാണുള്ളത്. ആകെ 2350 ടോയ്‌ലറ്റുകൾ ഒരുക്കി.

ബയോ ടോയ്‍ലെറ്റുകൾ ഉൾപ്പെടെ നിലയ്ക്കലിൽ 933 ഉം പമ്പയിൽ 412 ഉം സന്നിധാനത്ത് 1005 ഉം ടോയ്‌ലറ്റുകളാണുള്ളത്. നിലയ്ക്കലിൽ 3500 ഉം പമ്പയിൽ 1109 ഉം സന്നിധാനത്ത് 1927 ഉം വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചു. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്താൻ ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിച്ചു. 15 എമർജൻസി മെഡിസിൻ സെൻററുകളും 17 ആംബുലൻസുകളും തീർത്ഥാടകർക്കായി ഒരുക്കി പമ്പയിൽ 2 വെൻറിലേറ്ററുകളും 25 ഐ.സി യൂണിറ്റുകളും തയ്യാറാക്കി. യാത്രാ സൗകര്യം ഒരുക്കുന്ന കെഎസ്ആർടിസി ഈ ഞായറാഴ്ച വരെ 24,456 ട്രിപ്പുകൾ പമ്പയിലേക്കും 23,663 ട്രിപ്പുകൾ പമ്പയിൽ നിന്നും സർവ്വീസ് നടത്തിയിട്ടുണ്ട്.

കോവിഡിന് മുൻപത്തെ വർഷം സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലുമായി 11,415 പോലീസുകാരെയാണ് വിന്യസിച്ചത്. കഴിഞ്ഞ വർഷം 16,070 ആയിരുന്നു. ഇത്തവണ 16,118 പോലീസുകാരെയാണ് ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഒരേ തരത്തിലാണ് എല്ലാ വർഷവും ഡ്യുട്ടി നിശ്ചയിക്കുന്നത്. ശബരിമലയിൽ തിരക്ക് വരുമ്പോൾ സഹായം ചെയ്യാൻ 50 ഫോറസ്റ്റ് ബീറ്റ് ഓഫീസർമാരുടെ സേവനം വിട്ടുകൊടുത്ത് ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിൽ ഇടുക്കി ജില്ലയിൽ 42,234 നിവേദനങ്ങളാണ് ആകെ ലഭിച്ചത്. തൊടുപുഴ — 9434, ഇടുക്കി — 8203ദേവികുളം- 9774, ഉടുമ്പഞ്ചോല- 6088,
പീരുമേട് — 8735 എന്നിങ്ങനെയാണ് മണ്ഡലങ്ങൾ തിരിച്ചുള്ള കണക്ക്.

Eng­lish Summary:
The Chief Min­is­ter said that there is no uncon­trolled sit­u­a­tion at Sabari­mala and gov­ern­ment sys­tems are inter­ven­ing carefully

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.