23 December 2024, Monday
KSFE Galaxy Chits Banner 2

പൊതുവിദ്യാലയങ്ങളുടെ കാര്യക്ഷമത ഉയർത്തണം

Janayugom Webdesk
June 11, 2022 5:43 am

കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ കാര്യക്ഷമത ഉയർത്താൻ സത്വര നടപടികൾ സർക്കാർ ഭാഗത്തുനിന്നും ഉണ്ടാകണം. ജൂൺ ഒന്നിന് പൊതുവിദ്യാലയങ്ങൾ തുറന്നു പ്രവർത്തനം ആരംഭിച്ചതോടെ വലിയ പ്രതീക്ഷകളാണ് കേരളത്തിലെ രക്ഷാകർതൃ സമൂഹം വച്ചുപുലർത്തുന്നത്. ഫീസ് കൊടുത്തു പഠിക്കേണ്ട സ്വാശ്രയ വിദ്യാലയങ്ങളെ ഉപേക്ഷിച്ച് ആയിരക്കണക്കിന് കുട്ടികൾ ഈ മേഖലയിലേക്ക് പ്രവേശനം നേടി എത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏഴ് ലക്ഷത്തിലധികം കുട്ടികൾ അധികമായെത്തിയിട്ടുണ്ട്. ജൂൺ മാസത്തിലെ ആറാം പ്രവൃത്തി ദിനം കഴിയുമ്പോൾ കഴിഞ്ഞ പ്രവർത്തന വർഷത്തേക്കാൾ, ഈ വർഷം കൂടുതലായി എത്തിച്ചേർന്ന കുട്ടികളുടെ കൃത്യം കണക്ക് ലഭ്യമാകും. ഈ വർഷവും അതിശയകരമായ വർധനവ് ഉറപ്പാണെന്ന കാര്യത്തിൽ സംശയം വേണ്ട.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അതുവഴി, പൊതു വിദ്യാലയങ്ങളുടെ ഗുണമേന്മ വർധിച്ചതുമാണ് കുട്ടികൾ കൂടുതൽ എത്തിച്ചേരാൻ ഇടയാക്കിയതെന്ന് പൊതുവേ കരുതാം. എന്നാൽ കോവിഡ്കാലം സൃഷ്ടിച്ച സാമൂഹികാന്തരീക്ഷവും ഇതിന് ഒരു പ്രധാന ഘടകമായി തീർന്നിട്ടുണ്ട്. വലിയ ഫീസ് കൊടുത്തു പഠിപ്പിക്കാനുള്ള സാമ്പത്തിക ഭദ്രത നഷ്ടമായ രക്ഷിതാക്കൾ കുട്ടികൾക്ക് പൊതുവിദ്യാലയങ്ങളിലെ സൗജന്യ സ്കൂൾ പഠനത്തെ ആശ്രയിക്കാൻ ഇടയാക്കിയിട്ടുണ്ട്. വീടിന് അകലെയുള്ള സ്ഥലങ്ങളിലേക്ക് വാഹനത്തിൽ സഞ്ചരിക്കുന്നത് രോഗം പകരാനിടയാക്കുമോ എന്ന സംശയം കാരണം സമീപസ്ഥ വിദ്യാലയങ്ങളിലേക്ക് കുട്ടികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചവരും കുറവല്ല. ഇങ്ങനെ പല പല കാരണങ്ങൾ. പുതിയ മോടിയുള്ള കെട്ടിടങ്ങളും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന പ്രഖ്യാപനവും കോവിഡ് കാലത്തെ ഓൺലൈൻ ഫസ്റ്റ് ബെൽ ക്ലാസുകളുടെ ആകർഷണീയതയുമെല്ലാം നല്ലൊരു വിഭാഗം രക്ഷിതാക്കളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്ന കാര്യം സുനിശ്ചിതം.


ഇതികൂടി വായിക്കൂ:  മറുകര തേടുന്ന മെഡിക്കൽ വിദ്യാഭ്യാസം


എന്തു തന്നെയായാലും പൊതുവിദ്യാലയങ്ങൾ പുതിയൊരു വിഭാഗം ജനങ്ങൾക്കു കൂടി സ്വീകാര്യമായി എന്നത് നല്ല കാര്യം. പക്ഷെ, ഇത് വിദ്യാഭ്യാസ വകുപ്പിനു മുന്നിൽ വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. പുതുതായി എത്തിച്ചേർന്ന കുട്ടികളുടെ രക്ഷാകർതൃ സമൂഹത്തെ നിരാശപ്പെടുത്താതിരിക്കുക എന്നതാണ് പ്രധാന ഉത്തരവാദിത്തം. പൊതുവിദ്യാലയങ്ങളുടെ കാര്യക്ഷമത വർധിപ്പിച്ചുകൊണ്ടേ അത് സാധ്യമാവുകയുള്ളു.

കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാ പക ക്ഷാമം ഇപ്പോൾ പ്രധാന ചർച്ചാ വിഷയമാണ്. അധ്യാപകരില്ലാത്ത വിദ്യാലയങ്ങൾ എങ്ങനെ പൊതു സമൂഹത്തിന് സ്വീകാര്യമാവും? കേരളത്തിലെ പ്രൈമറി മേഖലയിൽ മാത്രം 4500ലധികം ഒഴിവുകളുള്ളതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്!. ലോവർ പ്രൈമറി സ്കൂൾ വിഭാഗത്തിൽ പബ്ലിക് സർവീസ് കമ്മിഷൻ റാങ്ക് പട്ടിക വിവിധ ജില്ലകളിൽ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇനി എപ്പോഴത്തേക്കാണ് നിയമനം നടത്തുക എന്ന് നിശ്ചയമില്ല. ശരാശരി 350 ഒഴിവുകൾ വീതം ഓരോ ജില്ലയിലും ഉണ്ടെന്നാണ് കണക്കുകൾ. അപ്പർ പ്രൈമറി തലത്തിൽ നിലവിൽ പിഎസ്‌സി റാങ്ക് പട്ടിക തയാറാക്കാനുള്ള അഭിമുഖം നടക്കുന്നതേയുള്ളു. നടപടിക്രമങ്ങൾ നീണ്ടുപോകാനാണ് സാധ്യത. ഹൈസ്കൂൾ, ഹയർ സെക്കന്‍ഡറി തലത്തിലും ഇതേ പ്രശ്നം നിലനിൽക്കുന്നു.

എയ്ഡഡ് മേഖലയിലാകട്ടെ, പ്രത്യേക പരിഗണന വേണ്ടവരുടെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട് വന്ന കോടതി ഉത്തരവിനെത്തുടർന്ന് നിയമനങ്ങൾ അംഗീകരിച്ചു നൽകുന്ന നടപടികൾ വൈകിക്കൊണ്ടിരിക്കുന്നു. സർക്കാർ വിധിക്കെതിരെ അപ്പീൽ പോകാതിരിക്കുന്നത് ഉയർന്ന സാമൂഹിക കാഴ്ചപ്പാടു പുലർത്തുന്നതിനാലാണ്. പക്ഷെ, നിയമനാംഗീകാരവും ശമ്പളവും കാത്ത് ആയിരക്കണക്കിന് ചെറുപ്പക്കാരാണ് പ്രതീക്ഷയോടെ സ്കൂളുകളിൽ ജോലി ചെയ്യുന്നത്. ഫലത്തിൽ അവരുടെ തസ്തികകളും ഒഴിഞ്ഞു കിടക്കുന്നതായി തന്നെ വിലയിരുത്തേണ്ടതായിവരും. കേവലം വണ്ടിക്കൂലി പോലും ലഭിക്കാതെ, എത്ര കാലം ഇവർക്ക് സ്കൂളിൽ എത്തി, സംതൃപ്തിയോടെ ജോലി ചെയ്യാനാകും?


ഇതികൂടി വായിക്കൂ:  രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് സമൂല പരിഷ്‌കരണം


അധ്യാപക ഒഴിവുകളിലേക്ക് താല്ക്കാലിക നിയമനം നടത്താൻ, അല്പം വൈകിയാണെങ്കിലും സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. ആദ്യം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരിൽ നിന്ന് നിയമിക്കാനാണ് ഉത്തരവിട്ടതെങ്കിലും കാലതാമസം ഉണ്ടാകുമെന്ന് ഭയന്ന് അത് തിരുത്തി ഉത്തരവ് നൽകി. കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നത് ആശ്വാസമാണ്. എന്നിരുന്നാലും പല വിദ്യാലയങ്ങളും അധ്യാപകരില്ലാതെ വിഷമിക്കുന്നുണ്ട്.

അധ്യാപകരുടെ സ്ഥലംമാറ്റം ഈ വർഷം ഇനിയും യാഥാർത്ഥ്യമായിട്ടില്ല. ഹയർ സെക്കന്‍ഡറി പ്രിൻസിപ്പാൾമാരുടെ സ്ഥലമാറ്റം ഉൾപ്പെടെ. ഹൈസ്കൂൾ പ്രഥമാധ്യാപകരുടെ നൂറ് കണക്കിന് തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ അക്കാദമികമായി നയിക്കേണ്ട ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങളുടെ (ഡയറ്റുകൾ) അവസ്ഥ കൂടുതൽ ദയനീയമാണ്. ആകെ ആവശ്യമുള്ളതിന്റെ മൂന്നിൽ ഒന്ന് അധ്യാപകർ പോലും നിലവിൽ ഈ സ്ഥാപനങ്ങളിൽ ഇല്ല. ഏറെക്കുറെ പൂർണമായും കേന്ദ്ര സാമ്പത്തിക സഹായം ലഭിക്കുന്ന സ്ഥാപനങ്ങളാണിവയെന്നിരുന്നിട്ടു കൂടി ഡയറ്റുകളിൽ അധ്യാപകരെ നിയമിക്കാൻ സാധിക്കാത്തതെന്താണ്?

ഹയർ സെക്കന്‍ഡറി മേഖലയിൽ ഏറെ നാളുകൾക്കു മുന്നേ തന്നെ പൊതുവിദ്യാലയങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. പക്ഷെ, ഈ മേഖല ഇപ്പോഴും ബാലാരിഷ്ടതകളിൽ നിന്ന് മോചനം നേടിയിട്ടില്ല. ഖാദർ കമ്മിഷൻ റിപ്പോർട്ടിനുമേൽ ചർച്ചകളല്ലാതെ, തീരുമാനങ്ങൾ കൈക്കൊള്ളാൻ എന്തിനാണ് മടിക്കുന്നത്? സംസ്ഥാനത്തെ, പ്രൈമറി പ്രഥമാധ്യാപക നിയമനം നേടിയ നൂറുകണക്കിനാളുകളുടെ സർവീസ് അവകാശങ്ങൾ മാസങ്ങളായിട്ടു കൂടി അനുവദിച്ചു നൽകിയിട്ടില്ല.


ഇതികൂടി വായിക്കൂ:  കോവിഡാനന്തര വിദ്യാഭ്യാസം


വിദ്യാഭ്യാസ സംവിധാനം കാര്യക്ഷമമാകണമെങ്കിൽ വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടണം. സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകൾ കാര്യക്ഷമതയുടെ കാര്യത്തിൽ വളരെ പിന്നിലാണ്. വിദ്യാഭ്യാസ മന്ത്രി തന്നെ പല ഓഫീസുകളും സന്ദർശിച്ച് നടപടി സ്വീകരിക്കുന്നതും, അദാലത്തുകൾ നടത്തുന്നതും സ്വാഗതാർഹമായ കാര്യം. എങ്കിലും അധ്യാപകരുടെ ന്യായമായ അവകാശങ്ങൾ പോലും സമയബന്ധിതമായി നടപ്പാകുന്നില്ലെന്നാണ് പരാതി. ഉത്തരവാദിത്തമുള്ള ഓഫീസുകളായി ഇതു മാറാൻ എത്ര നാൾ കാത്തിരിക്കേണ്ടതായി വരും?

സംസ്ഥാനത്ത് മികച്ച വിദ്യാഭ്യാസ മന്ത്രിയും പൊതു വിദ്യാഭ്യാസ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉണ്ട്. എന്നിട്ടും അവസ്ഥയെന്താണ് മെച്ചപ്പെടാത്തത്? പൊതുവിദ്യാലയങ്ങളിലേക്ക് പുതുതായി എത്തിച്ചേർന്ന കുട്ടികളുടെ രക്ഷിതാക്കളെയും പൊതു സമൂഹത്തെയും നിരാശപ്പെടുത്താതെ, ഈ മേഖലയിൽ തന്നെ തുടരാൻ കാര്യക്ഷമമായ പ്രവർത്തന പദ്ധതി സർക്കാർ ആസൂത്രണം ചെയ്യണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.