18 December 2024, Wednesday
KSFE Galaxy Chits Banner 2

പണപ്പെരുപ്പത്തിനെതിരായ പോരാട്ടം

പ്രൊഫ. കെ അരവിന്ദാക്ഷൻ
November 16, 2022 4:30 am

ന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്), ഏഷ്യാ-പസഫിക്ക് മേഖലാ വികസന കാഴ്ചപ്പാടുമായി ബന്ധപ്പെട്ടൊരു പഠന റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പ്രസിദ്ധീകരിച്ചത്. നിധിയുടെ ഏഷ്യന്‍ മേഖലാ ഡയറക്ടര്‍ ഡോ. കൃഷ്ണ ശ്രീനിവാസന്‍, ഈ വിഷയത്തില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായം ഏറെ ശ്രദ്ധേയമാണ്. പണപ്പെരുപ്പത്തിനെതിരായ പ്രതിരോധം തീര്‍ക്കുന്നതിനുള്ള മുഖ്യ ചുമതല അതതു രാജ്യത്തെ കേന്ദ്ര ബാങ്കിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. സര്‍ക്കാരുകളുടെ നികുതി-ധനകാര്യ നയങ്ങള്‍ക്ക് താല്ക്കാലികാശ്വാസം മാത്രമേ നല്കാന്‍ കഴിയൂ. പണപ്പെരുപ്പത്തിന്റെ പ്രതിരോധമെന്ന നിലയില്‍ ദീര്‍ഘകാല പശ്ചാത്തലം ഒരുക്കാന്‍ പണനയത്തിനു മാത്രമേ സാധ്യമാകൂ എന്നാണ് ഇത് വ്യക്തമാക്കുന്നത്.
നാണയനിധിയുടെ ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ടില്‍ 2022ലേക്കും, 2023ലേ‌ക്കുമുള്ള സാമ്പത്തികവളര്‍ച്ചാ സാധ്യതകള്‍ക്ക് വഴിയൊരുക്കുന്നതില്‍ ബാഹ്യഘടകങ്ങളുടെ സ്വാധീനം ഏറെയില്ലെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്. ഈ ഘടകങ്ങളില്‍ പ്രധാനമായവ, റഷ്യ‑ഉക്രെയ്ന്‍ യുദ്ധം, ചെെനീസ് വിപണിയുടെ തകര്‍ച്ച, അമേരിക്ക അടക്കമുള്ള വികസിതരാജ്യ കേന്ദ്രബാങ്കുകള്‍ സമീപകാലത്ത് സ്വീകരിച്ച പണത്തിന്റെ ലിക്വിഡിറ്റി നിയന്ത്രണ നടപടികള്‍ തുടങ്ങിയവയാണ്.

വികസിത രാജ്യ സമ്പദ്‍വ്യവസ്ഥകളിലെ സാമ്പത്തിക സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി വരുന്ന സാഹചര്യത്തില്‍ ഏഷ്യ‑പസഫിക്ക് മേഖലാ രാജ്യങ്ങളിലും- വിശിഷ്യാ ഇന്ത്യയില്‍— ഇതിന്റെ തുടര്‍ ആഘാതം ഏല്ക്കാതിരിക്കുകയില്ല. സമാനമായ ആഘാതമാണ് റഷ്യയുടെ ഉക്രെയ്ന്‍ കടന്നാക്രമണം മാറ്റമില്ലാതെ തുടരുന്ന സാഹചര്യവും സൃഷ്ടിച്ചിട്ടുള്ളത്. മൂലധനനിക്ഷേപത്തെ ഏതൊരു രാജ്യ സമ്പദ്‌വ്യവസ്ഥയിലേക്കും ആകര്‍ഷിക്കുക മെച്ചപ്പെട്ട ലാഭത്തോതിനെ ആശ്രയിച്ചായിരിക്കും. നിലവിലെ സാഹചര്യം തുടരാനിടവന്നാല്‍, വികസ്വര രാജ്യങ്ങളിലെ നിക്ഷേപനിരക്കുകള്‍ തുടര്‍ച്ചയായി ഇടിയുകയും ചരക്കുകളുടെയും സേവനങ്ങളുടെയും ഉല്പാദനം തകരുകയും വിലനിലവാരം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചാ സാധ്യതകളെപ്പറ്റി ഒട്ടുംതന്നെ ശുഭസൂചകമല്ലാത്ത ചിത്രമാണ് ഐഎംഎഫ് വരച്ചുകാണിക്കുന്നത്. ഇതിന്റെ വെളിച്ചത്തില്‍ 2022ലേക്കുള്ള വളര്‍ച്ചാനിരക്ക് നാല് ശതമാനവും, 2023ലേക്കുള്ളത് 4.3 ശതമാനവും ആയിരിക്കുമെന്ന നിധിയുടെ നിഗമനം തീര്‍ത്തും സാധൂകരിക്കാവുന്നതുമാണ്. ചെെനയുടേതാണെങ്കില്‍ ഇവ യഥാക്രമം 3.2 ശതമാനവും 4.4 ശതമാനവുമാണ്. ഈ കണക്കുകളും പ്രതീക്ഷകളും നിലവില്‍ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായാല്‍ ഇതിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ആഗോള സാമ്പത്തികശക്തി എന്ന നിലയില്‍ യുഎസ് സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയില്‍ കേവലം ഒരു ശതമാനം തകര്‍ച്ചയുണ്ടായാല്‍ത്തന്നെ ആഗോള സാമ്പത്തിക വളര്‍ച്ചയിലും തത്തുല്യമായ പ്രതിഫലനമാണുണ്ടാവുക.


ഇതുകൂടി വായിക്കൂ: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ – ഭാവി എന്ത് ?


ആഗോളതലത്തില്‍ പണപ്പെരുപ്പത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്കുന്നത് അമേരിക്കന്‍ ഭരണകൂടവും ഫെഡറല്‍ റിസര്‍വുമാണ്. ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) യുഎസ് ഫെഡറല്‍ റിസര്‍വിനു വേണ്ടി, ഫെഡറല്‍ ഫണ്ടുകളുടെ പലിശനിരക്കുകള്‍ 2022 നവംബര്‍ രണ്ട് വരെയുള്ള കാലയളവില്‍ തുടര്‍ച്ചയായി നാലുവട്ടമാണ് 75 അടിസ്ഥാന പോയിന്റുകള്‍ ഉയര്‍ത്തിയിയത്. ഇത്രയും നിരക്കുവര്‍ധന 1980കള്‍ക്കുശേഷം ഇതാദ്യമായിട്ടുമാണ്. അതായത് 8.2 ശതമാനമെന്ന 2022 സെപ്റ്റംബറിലെ നിരക്ക് നാല് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. വായ്പകള്‍ നിരുത്സാഹപ്പെടുത്തുകയും സമ്പദ്‌വ്യവസ്ഥയിലെ ലിക്വിഡിറ്റി കുറയ്ക്കുകയും ചെയ്യുകയാണ് നിരക്കുവര്‍ധന ലക്ഷ്യമാക്കുന്നത്.
ആഗോള ധനകാര്യ വിപണികള്‍ അഭിമുഖീകരിക്കുന്നത് മറ്റ് രണ്ട് ഗൗരവതരമായ പ്രശ്നങ്ങളാണ്. ഒന്ന്, എന്നായിരിക്കും ഫെഡറല്‍ റിസര്‍വ് റേറ്റില്‍ അയവ് വരുത്തുക; രണ്ട്, നിലവിലുള്ള പണപ്പെരുപ്പത്തില്‍ എന്നായിരിക്കും സ്ഥിരത കെെവരിക്കാനാവുക. യുഎസ് കേന്ദ്രബാങ്കിന്റെ ചുവടുപിടിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ടും നവംബര്‍ മൂന്നിന് 75 പോയിന്റുകള്‍ പലിശനിരക്കു വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ‘ഫെഡറല്‍ റിസര്‍വ് ഇപ്പോള്‍ പരിഗണിച്ചുവരുന്നത്, നിരക്കുവര്‍ധന ഏതറ്റം വരെ ആകാമെന്നും പണനയം അതിന്റെ നിലവിലുള്ള നിയന്ത്രണ സ്വഭാവം എത്രനാള്‍ തുടരണമെന്നും സംബന്ധിച്ചാണ്. നിരക്കു കുറയ്ക്കുന്നതിനെക്കാള്‍ യുഎസ് സമ്പദ്‌വ്യവസ്ഥ സുരക്ഷിതമായി തുടരുകയെന്നതാണ്’ ലക്ഷ്യമെന്ന് ഫെഡറല്‍ ചെയര്‍മാന്‍ ജെറോം പവ്വല്‍ തന്നെ പ്രസ്താവിച്ചിരുന്നു.
നാണയനിധിയുടെ റിപ്പോര്‍ട്ടിലെ മറ്റൊരു പരാമര്‍ശവിഷയം ഏഷ്യ‑പസഫിക്ക് മേഖലയിലെ‍ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ മെല്ലെപ്പോക്കും ഉല്പാദനത്തകര്‍ച്ചയും പണപ്പെരുപ്പത്തിന്റെ കുതിപ്പുമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഉല്പാദന മരവിപ്പിന്റെയും പണപ്പെരുപ്പത്തിന്റെയും സാഹചര്യങ്ങള്‍ ഒരേ സമയം നിലനില്ക്കുന്ന വിചിത്രമായ അവസ്ഥാവിശേഷം. വികസിതരാജ്യ തൊഴില്‍ വിപണികളിലും സമാനമായ സ്ഥിതിയായിരിക്കും നിലനില്ക്കുക. കാതലായ പണപ്പെരുപ്പ നിരക്ക് വികസിത രാജ്യങ്ങളില്‍ ആറ് ശതമാനത്തില്‍ത്തന്നെ 2023 ആദ്യപാദം വരെയെങ്കിലും തുടരാനാണ് സാധ്യത. അതുകൊണ്ടുതന്നെ, വേതന വര്‍ധനവിനുള്ള സമ്മര്‍ദ്ദവും തുടരാതിരിക്കില്ല. വേതന‑വിലവര്‍ധന ഒരു തുടര്‍പ്രക്രിയയായിരിക്കുമെന്ന അപകടവും ധനകാര്യ വിപണികളെ സംബന്ധിച്ച് നേരിടേണ്ടി വന്നേക്കാം. എങ്കിലും കേന്ദ്ര ബാങ്കുകള്‍ പണനയത്തില്‍ കാര്‍ക്കശ്യം ഏര്‍പ്പെടുത്തുക വഴി പണപ്പെരുപ്പം ഒരുവിധം നിയന്ത്രണവിധേയമാക്കാനാകും.
ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ നിന്നും നമുക്ക് വായിച്ചെടുക്കാനാകുന്ന മറ്റൊരു കാര്യം, ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ 2021 ലെ പണപ്പെരുപ്പ നിരക്ക് സാധാരണ നിലവാരം പുലര്‍ത്തിയെന്നതാണ്. ഇതിന് സഹായകമായത്, മോഡി സര്‍ക്കാരിന്റെ നയമായിരുന്നില്ല, മറിച്ച് വിളകളുടെ ഉല്പാദനത്തിന് സഹായകമായ കാലാവസ്ഥ അനുഗ്രഹിച്ചു എന്നതാണ്. തന്മൂലം കോവിഡിന്റെ കാലയളവില്‍പോലും അരിവില അതിരു കടക്കുകയുണ്ടായില്ല. എന്നാല്‍, സ്ഥിതി വഷളായത് റഷ്യ‑ഉക്രെയ്ന്‍ യുദ്ധം തുടങ്ങിയ 2022 ലാണ്. എങ്കിലും ചെെനയിലെയും ജപ്പാനിലെയും കേന്ദ്ര ബാങ്കുകള്‍ അവയുടെ പണനയത്തിനുമേല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സന്നദ്ധമായിട്ടില്ല. താമസിയാതെ എല്ലാ കേന്ദ്ര ബാങ്കുകളും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പാത തുടരാന്‍ നിര്‍ബന്ധിതമാകും.


ഇതുകൂടി വായിക്കൂ: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഗുരുതരാവസ്ഥയില്‍


ചില രാജ്യങ്ങളില്‍ പണപ്പെരുപ്പത്തിന്റെ ആഘാതം തടഞ്ഞുനിര്‍ത്താന്‍ സബ്സിഡികള്‍ നല്‍കുക പതിവാണ്. എന്നാല്‍, ഇത് സ്ഥിരമാക്കാന്‍‍ കഴിയില്ല. നിക്ഷേപ‑ഉല്പാദന വര്‍ധനവു വഴി ചരക്കുകളുടെയും സേവനങ്ങളുടെയും ലഭ്യത ഉയര്‍ത്തുക മാത്രമെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നുള്ളു.
ഇന്ത്യയിലും പണപ്പെരുപ്പമെന്ന ഗുരുതരാവസ്ഥ മറികടക്കാന്‍ ആര്‍ബിഐ പലിശനിരക്ക് ഉയര്‍ത്താന്‍ നിര്‍ബന്ധിതമായിരിക്കുകയാണല്ലോ. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് പാദങ്ങളിലും പലിശനിരക്ക് ഉയര്‍ത്തിയതിനുശേഷവും അനുകൂലഫലം നേടാന്‍ കഴിഞ്ഞിട്ടില്ല. ഈ അവസ്ഥയില്‍ മോണിറ്ററി പോളിസി കമ്മിറ്റി നവംബര്‍ മൂന്നിന് ചേര്‍ന്ന യോഗത്തില്‍ സ്വന്തം പരാജയത്തിനുള്ള കാരണങ്ങള്‍ നിരത്തി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് അയക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവിടാന്‍ സാമാന്യ മര്യാദയനുസരിച്ച് മോഡി സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ജനാധിപത്യവ്യവസ്ഥ നിലവിലിരിക്കുന്നിടത്തോളം, വിഷയം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള ഒന്നല്ല എന്നതിനാല്‍, ആര്‍ബിഐയുടെ വിശദീകരണ രേഖയിലെ വിവരങ്ങള്‍ അറിയാന്‍ സമൂഹത്തിന് അവകാശവുമുണ്ട്. എന്തിനും ഏതിനും കോവിഡിനെ പഴിപറയുന്നതില്‍ അര്‍ത്ഥമില്ല. കാരണം കോവിഡ് അനന്തരകാലയളവില്‍ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരുന്നതിലേക്കു നയിക്കാന്‍ പോന്ന വിധത്തില്‍ പൊതുചെലവില്‍ വര്‍ധനവുണ്ടായതിന് തെളിവുകളില്ല. അതേസമയം ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ പെട്രോളിയം ഇന്ത്യക്ക് ലഭ്യമായി. ഇതേത്തുടര്‍ന്ന് സര്‍ക്കാരുകള്‍ നാമമാത്രമായ തോതിലാണെങ്കില്‍ക്കൂടി ഇന്ധനങ്ങളുടെ ആഭ്യന്തര വിപണിവിലയില്‍ കുറവ് വരുത്തി. ഭക്ഷ്യവില വര്‍ധന ഒരു കാരണമാണെന്ന് വാദത്തിനുവേണ്ടി പറയാമെങ്കിലും ഈ നിലവാരവും ആറ് ശതമാനത്തില്‍ത്തന്നെയാണ് തുടര്‍ന്നത്. യഥാര്‍ത്ഥത്തില്‍ നിലവിലെ പണപ്പെരുപ്പത്തിന്റെ ഭീകരാവസ്ഥയ്ക്കുള്ള പ്രധാന കാരണങ്ങള്‍ കോവിഡ് കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ യുക്തിക്കു നിരക്കാത്ത ലോക്‌ഡൗണുകളും ഒഴിവാക്കാവുന്ന നിയന്ത്രണങ്ങളും സമ്പദ്‌വ്യവസ്ഥയിലെ ഡിമാന്‍ഡിനെ മാറ്റമില്ലാതെ നിലനിര്‍ത്തിയതും ചരക്കുകളുടെ വിതരണത്തില്‍ ‍അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ്.
ബാങ്കുകള്‍ അവയുടെ വായ്പാനയത്തില്‍ കാര്യമായ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതമായിട്ടുമില്ല. വായ്പ എടുത്തവരുടെ എണ്ണവും വായ്പാതുകയും ഉയര്‍ന്നിരുന്നില്ല. നിക്ഷേപം പഴയപടി തുടരുകയുമായിരുന്നു. അപ്പോള്‍ പിന്നെ പണപ്പെരുപ്പത്തിനുള്ള ബാധ്യത പണനയത്തിന്റേതല്ല. കേന്ദ്രസര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തിക‑ധനകാര്യ നയങ്ങളുടേതാണെന്ന് വ്യക്തമാവുന്നു.


ഇതുകൂടി വായിക്കൂ: ആരോഗ്യം ക്ഷയിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ


പണപ്പെരുപ്പനിരക്ക് നാല് ശതമാനമായിരുന്നു ആര്‍ബിഐ പ്രതീക്ഷിച്ചിരുന്നത്. ഇതില്‍ രണ്ട് ശതമാനം വരെ വര്‍ധനവും പ്രവചിച്ചിരുന്നു. എന്നാല്‍, പുതുക്കി നിശ്ചയിച്ച 5.5 ശതമാനം പിന്നീട് 7.5 ശതമാനമായി വര്‍ധിച്ചു. നിലവിലുള്ള നിരക്കും 7.5 ശതമാനം തന്നെയാണ്. അതായത്, പണപ്പെരുപ്പം പിടിവിട്ടു പോയിട്ടുണ്ടെങ്കില്‍, അതില്‍ പഴിചാരേണ്ടത് ആര്‍ബിഐയുടെ പണനയത്തെ അല്ല; സര്‍ക്കാരിന്റെ സാമ്പത്തികനയ വെെകല്യങ്ങളെയും നികുതി, ധനകാര്യ നയങ്ങളെയും ആയിരിക്കണം. കോവിഡിന്റെ ദീര്‍ഘകാല പ്രതികൂല ആഘാതത്തോടൊപ്പം അപ്രതീക്ഷിതമായി വന്നുപെട്ട ഉക്രെയ്ന്‍-റഷ്യ സെെനിക ഏറ്റുമുട്ടലുകളും ഇന്ത്യയുള്‍പ്പെടെ ലോകരാഷ്ട്രങ്ങളുടെ വികസന സംബന്ധമായ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഈ യാഥാര്‍ത്ഥ്യം മോഡി സര്‍ക്കാര്‍ വെെകിയാണെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ്, സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ ഡോ. വി അനന്തനാഗേശ്വരന്റെ ഏറ്റുപറയലിലൂടെ വെളിവാക്കപ്പെടുന്നത്. (ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, 2022 നവംബര്‍ 8). ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാനിരക്ക് 2023ല്‍ 6.5–7 ശതമാനം ആയിരിക്കുമെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞിരിക്കുന്നത്. ഔദ്യോഗികതലത്തില്‍ നിന്നും ഇതാദ്യമായിട്ടാണ് യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാനിരക്ക് നടപ്പു ധനകാര്യ വര്‍ഷത്തില്‍ ഏഴ് ശതമാനത്തിലധികമായിരിക്കില്ലെന്നു സമ്മതിച്ചിരിക്കുന്നത്. നാണയനിധി മാത്രമല്ല, ആര്‍ബിഐ പോലും ഇക്കാര്യം ഏറെക്കുറെ സമാനമായ തരത്തില്‍ തന്നെയാണ് പലകുറി വ്യക്തമാക്കിയിരുന്നത്. അന്നൊന്നും ഔദ്യോഗിക വക്താക്കള്‍ ‘കമാ’ എന്ന് ഉരിയാടാന്‍ തയാറായിരുന്നില്ല. ഈയിടെ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഒരു സമ്മേളനത്തിലാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, ഇന്ത്യ ലോകരാജ്യങ്ങളുടെ കൂട്ടത്തില്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്നൊരു രാജ്യമാണെങ്കിലും നടപ്പു ധനകാര്യ വര്‍ഷത്തിലെ ജിഡിപി വളര്‍ച്ച 6.5–7 ശതമാനത്തിലപ്പുറമാവില്ലെന്ന് സമ്മതിച്ചിരിക്കുന്നത്. ഇതിനു നിദാനമായി അദ്ദേഹം പറയുന്നത് പണപ്പെരുപ്പനിരക്ക് നിയന്ത്രണവിധേയമാക്കുക നിലവിലുള്ള ദേശീയ, സാര്‍വദേശീയ സാഹചര്യങ്ങളില്‍ ക്ഷിപ്രസാധ്യമല്ലെന്നതാണ്.


ഇതുകൂടി വായിക്കൂ: ഓരങ്ങളിലേക്ക് തള്ളിനീക്കപ്പെടുന്ന സമ്പദ്ഘടന


ജിഡിപി വളര്‍ച്ചയെ പുറകോട്ടടിക്കുന്ന മൂലധന ബഹിര്‍ഗമന പ്രവണതയും ഇന്ത്യന്‍ കറന്‍സിയുടെ വിദേശവിനിമയ മൂല്യത്തിലുള്ള ചാഞ്ചാട്ടങ്ങളും പണപ്പെരുപ്പമെന്ന പ്രതിഭാസം കുറേക്കാലത്തേക്കുകൂടി അതിന്റെ ആഘാതം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്കുമേല്‍ ഏല്പിച്ചുകൊണ്ടിരിക്കുമെന്നു തന്നെയാണ് ഡോ. അനന്ത നാഗേശ്വരന്റെ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുന്നത്. ഇതേ സാഹചര്യത്തില്‍ തന്നെയാണ് എല്‍പിജി വാണിജ്യസിലിണ്ടറിന്റെ ഇന്‍സന്റീവ് എണ്ണക്കമ്പനികള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് 19 കിലോ സിലിണ്ടറിന്റെ വില 240 രൂപ ഉയര്‍ന്ന് 1748 രൂപയിലെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിനുപേരാണ് ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നതെന്നതിനാല്‍ ഈ നടപടിയും പണപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും ആക്കം കൂട്ടും. മാത്രമല്ല, ആര്‍ബിഐയുടെ കണക്കനുസരിച്ച് തന്നെ, നോട്ട് നിരോധനം ആറ് വര്‍ഷം പിന്നിട്ടപ്പോഴും വിനിമയത്തിലുള്ള കറന്‍സിയുടെ മൂല്യം 17.7 ലക്ഷത്തില്‍ നിന്ന് 2022 ഫെബ്രുവരിയില്‍ 30.88 ലക്ഷം കോടിയായി ഉയര്‍ന്നിട്ടുണ്ടെന്നതും പണപ്പെരുപ്പത്തിന് കളമൊരുക്കുന്നത് തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.