രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി ഗാര്‍ഹിക കടം വര്‍ധിക്കുന്നു. 2023 ഡിസംബറില്‍ കുടുംബങ്ങളുടെ കടം എക്കാലത്തെയും ഉയര്‍ന്ന തോതിലേക്ക് കുതിച്ചുയര്‍ന്നു. മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) 40 ശതമാനം എന്ന റെക്കോഡ് നിരക്കില്‍ ഗാര്‍ഹികവായ്പ എത്തിയതായി മോത്തിലാല്‍ ഓസ്‌വാളിന്റെ അറ്റ സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാര്‍ഹിക കടം വര്‍ധിച്ചതോടെ കുടുംബങ്ങളുടെ അറ്റസമ്പാദ്യം ജിഡിപിയുടെ ഏറ്റവും താഴ്ന്ന നിലയായ അഞ്ച് ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖികരിക്കേണ്ടി വരുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. 2023 സെപ്റ്റംബറില്‍ കുടുംബങ്ങളുടെ അറ്റസമ്പാദ്യം അഞ്ച് ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ ജിഡിപിയുടെ 5.1 ശതമാനം രേഖപ്പെടുത്തിയെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2022 സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയ 7.2 ശതമാനത്തില്‍ നിന്നാണ് ഇത്രയും കുറഞ്ഞത്. അതോടൊപ്പം വാര്‍ഷിക ഗാര്‍ഹിക കടത്തിന്റെ തോത് ജിഡിപിയുടെ 3.8 ല്‍ നിന്ന് 5.8 ആയി വര്‍ധിക്കുകയും ചെയ്തു.
രൂക്ഷമായ പണപ്പെരുപ്പവും വിലക്കയറ്റവും കാരണം കുടുംബങ്ങള്‍ വായ്പയെ ആശ്രയിക്കുന്നതിന്റെ പ്രതിഫലനമാണ് കടം കുമിഞ്ഞ് കൂടുന്നതെന്ന് മോത്തിലാല്‍ ഓസ്‌വാള്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2022–23 ലെ ദേശീയ സാമ്പത്തിക വരുമാനം സംബന്ധിച്ച് ഫെബ്രുവരിയില്‍ പുറത്തുവിട്ട കണക്ക് പ്രകാരം കുടുംബങ്ങളുടെ ഗാര്‍ഹിക സമ്പാദ്യം ജിഡിപിയുടെ 5.3 ശതമാനം വരുമെന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് 47 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വരുമാനത്തിലെ കുറവ്, സമ്പാദ്യത്തിലെ ഇടിവ് എന്നിവയാണ് ഗാര്‍ഹിക കടം വര്‍ധിക്കുന്നതിന് പ്രധാന കാരണമെന്നും മോത്തിലാല്‍ ഓസ്‌വാള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഗാര്‍ഹിക കടം ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിരസിക്കുന്ന സമീപനമാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി രാജ്യത്തെ മാറ്റുമെന്ന് മോഡിയും കൂട്ടരും വീമ്പിളക്കുന്ന അവസരത്തിലാണ് രാജ്യത്ത് ഗാര്‍ഹിക കടം കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നത്.
നിക്ഷേപ‑വായ്പാ അനുപാതം ബാങ്കുകളും പ്രതിസന്ധിയില്‍
രാജ്യത്തെ ബാങ്കുകള്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ പെടാപ്പാടുപെടുന്നു. നിലവിലെ നിക്ഷേപ‑വായ്പാ അനുപാതം 80 ശതമാനത്തിലെത്തിയതാണ് ബാങ്കുകളെ വലയ്ക്കുന്നത്. 2015ന് ശേഷമുള്ള ഏറ്റവും വലിയ ക്രെഡിറ്റ്-ഡെപ്പോസിറ്റ് നിരക്കാണ് ഇപ്പോള്‍ ബാങ്കുകള്‍ നേരിടുന്നത്. ഭവന വായ്പകളുള്‍പ്പെടെ പരിധി വര്‍ധിച്ചതോടെയാണ് നിക്ഷേപത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയത്.
നിക്ഷേപം ആകര്‍ഷിക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചുവെങ്കിലും ഉപഭോക്താക്കള്‍ ഉയര്‍ന്ന വരുമാനം ലഭിക്കുന്ന ഓഹരികളിലും മറ്റും വന്‍തോതില്‍ നിക്ഷേപം നടത്തുന്ന പ്രവണത വര്‍ധിച്ചതാണ് ബാങ്കുകള്‍ക്ക് തിരിച്ചടിയായതെന്ന് ആല്‍വാരസ് ആന്റ് മെര്‍സല്‍ ധനകാര്യ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ ഭവിക് ഹാത്തി പറഞ്ഞു.
English Summary: The financial crisis deepened; Debt grips families
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.