ലോകത്തു പട്ടിണിയും ദാരിദ്ര്യവും അനുദിനം വർധിപ്പിക്കുമ്പോൾ, “ആരെയും പിന്നിൽ ഉപേക്ഷിക്കരുത്” എന്ന പ്രമേയവുമായാണ് 2022 ലെ “ലോക ഭക്ഷ്യദിനം ആചരിക്കപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനം, കോവിഡ് മഹാമാരി, സാമ്പത്തിക മാന്ദ്യം, യുദ്ധക്കെടുതികൾ തുടങ്ങിയവ ആഗോളതലത്തിൽ ഭക്ഷ്യസുരക്ഷയ്ക്കും പോഷക സുരക്ഷയ്ക്കും ഭീഷണിയായി മാറിയിരിക്കുന്നു. ഭക്ഷ്യദിനാചരണത്തോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച “ആഗോള വിശപ്പു സൂചികാ” (ഗ്ലോബൽ ഹങ്കർ ഇൻഡക്സ്) റിപ്പോർട്ട് പുറത്തുവന്നപ്പോൾ, ഇന്ത്യയുടെ സ്ഥാനം പ്രതീക്ഷിച്ചതിനേക്കാൾ ഏറെ താഴെയായത് കേന്ദ്രസർക്കാരിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. സൂചികയിൽ ഉൾപ്പെട്ട 121 രാജ്യങ്ങളിൽ, നാമമാത്രമായ രാജ്യങ്ങളെ മാത്രം പിന്നിൽ അവശേഷിപ്പിച്ച ഇന്ത്യയുടെ സ്ഥാനം 107 ആണ്. ദക്ഷിണേഷ്യയിൽ ഇന്ത്യയ്ക്കു പിന്നിലായുള്ളത് അഫ്ഗാനിസ്ഥാൻ മാത്രമാണ്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ യശസിന് കോട്ടം തട്ടിക്കുന്ന ഈ റിപ്പോർട്ട് മനഃപൂർവമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണെന്നാണ് കേന്ദ്രസർക്കാർ ആരോപിക്കുന്നത്. വിശപ്പ് സൂചികയിൽ ദരിദ്രരാഷ്ട്രങ്ങളുടെപോലും പിന്നിലായി ഇടം പിടിക്കേണ്ടിവന്നതാണ് സർക്കാരിനെ പ്രകോപിപ്പിച്ചിട്ടുള്ളത്.
ദേശീയ–അന്താരാഷ്ട്ര തലങ്ങളിൽ പട്ടിണിയെ സമഗ്രമായി വിശകലനം ചെയ്യുന്നതിനാണ് ആഗോള വിശപ്പ് സൂചിക ഉപയോഗിച്ചുവരുന്നത്. പോഷകാഹാരക്കുറവ്, കുട്ടികളിലെ വളർച്ചാ മുരടിപ്പ്, ഭാരക്കുറവ് (ഉയരത്തിന് ആനുപാതികമായ ഭാരം), ശിശുമരണ നിരക്ക് എന്നീ നാലു സൂചകങ്ങളെ ആസ്പദമാക്കിയാണ് ഇതു തയാറാക്കുന്നത്. ഓരോ രാജ്യത്തും നിലനിൽക്കുന്ന വിശപ്പിന്റെ തീവ്രത, പൂജ്യം മുതൽ 100 വരെ നീളുന്ന ഒരു സ്കെയിലിലാണ് രേഖപ്പെടുത്തുന്നത്. സൂചകങ്ങളുടെ തീവ്രത അനുസരിച്ച്, അതീവ ഗുരുതരം (സ്കോർ 50 മുതൽ 100 വരെ), ഗുരുതരം (35–50), ഗൗരവതരം (20–35), മധ്യമം (10–20), കുറവ് (10 ൽ താഴെ) എന്ന ക്രമത്തിലാണ് ഇത് അടയാളപ്പെടുത്തുന്നത്. അയർലൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന “കൺസേൺ വേൾഡ് വൈഡും ജർമനിയിലെ പ്രമുഖ ധനസഹായ ഏജൻസിയായ “വെൽട്ട് ഹംഗർഹിൽഫിയും” സംയുക്തമായാണ് സൂചികയുടെ പ്രസിദ്ധീകരണത്തിന് ചുക്കാൻ പിടിക്കുന്നത്. തൊട്ടുമുമ്പുള്ള അഞ്ച് വർഷത്തെ കണക്കുകളാണ്, ഓരോവർഷവും പ്രസിദ്ധീകരിക്കുന്ന ഈ സൂചികയ്ക് അടിസ്ഥാനമാകുന്നത്. 2000ൽ പ്രസിദ്ധീകരണം ആരംഭിച്ച ആഗോള വിശപ്പു സൂചികയുടെ പതിനഞ്ചാമത് റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്. “2030 ഓടെ വിശപ്പുരഹിത ലോകം” എന്ന ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യം കൈവരിക്കുന്നതിൽ ലോകരാജ്യങ്ങൾ എങ്ങനെ മുന്നേറുന്നുവെന്നു നിരീക്ഷിക്കുന്നത് പ്രധാനമായും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്.
ലോകരാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും നിരന്തരമായ ശ്രമങ്ങൾക്കിടയിലും, വർഷങ്ങളായി വിശപ്പ് സൂചിക കാര്യമായ മാറ്റത്തിനു വിധേയമാകാതെ തുടരുകയാണ്. 2014ൽ 19.1 ശതമാനം ആയിരുന്ന വിശപ്പ് സൂചിക, 2022ൽ 18.2 ശതമാനമായി മാത്രമാണ് കുറഞ്ഞിട്ടുള്ളത്. 2023ലും തുടർന്നങ്ങോട്ടും സ്ഥിതി രൂക്ഷമാകാനാണ് സാധ്യതയെന്ന് റിപ്പോർട്ട് പറയുന്നു. ആവശ്യത്തിന് ഭക്ഷണം കിട്ടാതെ ലോകമെങ്ങും 821 മില്യൺ ജനങ്ങളാണ് ഇന്നധിവസിക്കുന്നത്. ഇങ്ങനെ വിശന്നു ജീവിക്കുന്നവരിൽ 60 ശതമാനവും സ്ത്രീകളാണ്. ഏതാണ്ട് 3.1 ബില്യൺ ജനങ്ങൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാകുന്നില്ല. 20 മില്യൺ കുട്ടികൾ ഓരോ വർഷവും ഭാരക്കുറവുമായി ജനിച്ചു വീഴുന്നു. ലോകത്ത് ഓരോ വർഷവും സംഭവിക്കുന്ന മരണങ്ങളിൽ 50 ശതമാനവും, അഞ്ച് വയസിൽ താഴെമാത്രം പ്രായമുള്ള കുട്ടികളുടെ പോഷകക്കുറവ് മൂലമുള്ള മരണമാണ്. പോഷകാഹാരക്കുറവിൽ ഇന്ത്യയുടെ സൂചിക, 2018–2020 കാലയളവിൽ 14.6 ശതമാനമായിരുന്നത്, 2019–2021 ൽ 16.3 ശതമാനമായി ഉയർന്നിരിക്കുന്നു. കുട്ടികളുടെ ഭാരക്കുറവിൽ (ഉയരത്തിന് ആനുപാതികമായ ഭാരം) ലോകത്ത് ഏറ്റവും മുന്നിൽ നിൽക്കുന്നത് ഇന്ത്യയാണ് (19.3ശതമാനം). ഇത് 2014 ൽ രേഖപ്പെടുത്തിയതിനേക്കാൾ (15.1 ശതമാനം) മോശപ്പെട്ട അവസ്ഥയാണ്. കുട്ടികളുടെ വളർച്ചാ മുരടിപ്പിൽ ഇന്ത്യയുടെ സൂചിക 35.5 ശതമാനമാണ്. എന്നാൽ ഇത് 2014 ലെ സൂചികയേക്കാൾ (38.7 ശതമാനം) അല്പം മെച്ചപ്പെട്ടിട്ടുണ്ട്. ശിശുമരണ നിരക്കിലും 2014 ലെ 4.6ശതമാനം നിരക്കിൽ നിന്നും ഇന്ത്യ നില മെച്ചപ്പെടുത്തിയിട്ടുണ്ട് (3.3ശതമാനം). ആഗോള വിശപ്പു സൂചികയിൽ 29.1 ശരാശരി സ്കോർ ലഭിച്ച ഇന്ത്യ, “ഗൗരവതരമായ” പട്ടിണി / വിശപ്പ് നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയ്ക്കു പുറമെ 36 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. 2014 നു ശേഷം ഇന്ത്യയുടെ വിശപ്പു സൂചിക ക്രമേണ ഉയരുന്നതായാണ് കാണുന്നത്. അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവ ഇന്ത്യയേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് ഈ വർഷം കാഴ്ചവച്ചിട്ടുള്ളത്. പ്രധാനപ്പെട്ട അയൽരാജ്യമായ ചൈന, വികസിത രാജ്യങ്ങൾക്കൊപ്പം മുൻനിരയിലും നിലയുറപ്പിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ്, സൂചികയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന നീക്കവുമായി ഇന്ത്യ മുന്നോട്ടു വന്നത്.
2022 ഒക്ടോബർ 15 നു പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിനെ കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് പൂർണമായി തള്ളിക്കളയുകയാണ്. ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും പോഷക സുരക്ഷയും ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട ഒരു രാജ്യമായി ഇന്ത്യയെ ഉയർത്തിക്കാട്ടി, രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതിനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നുവരുന്നതെന്ന് മന്ത്രാലയം ആരോപിക്കുന്നു. നാലു സൂചകങ്ങളിൽ പോഷകാഹാരക്കുറവ് ഒഴിച്ചുള്ള മൂന്നു സൂചകങ്ങളും കുട്ടികളുടെ ആരോഗ്യവുമായി മാത്രം ബന്ധപ്പെട്ടതാണ്. അതിനെ രാജ്യത്തെ പട്ടിണിയുടെയോ വിശപ്പിന്റെയോ സൂചകമായി കണക്കാക്കുന്നത് ശാസ്ത്രീയമോ യുക്തിസഹമോ അല്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. ഭക്ഷ്യ കാർഷിക സംഘടന നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പോഷകാഹാര കുറവ് സംബന്ധിച്ച സൂചികയും വിശ്വാസയോഗ്യമല്ല. പോഷൺ അഭിയാൻ, മാതൃവന്ദന യോജന, ഗരീബ് കല്യാൺ അന്ന യോജന, ആത്മനിർഭർ ഭാരത്, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, സംയോജിത ശിശുക്ഷേമ പദ്ധതി തുടങ്ങി ഭക്ഷ്യസുരക്ഷയും പോഷകസുരക്ഷയും ലക്ഷ്യമാക്കി ഇന്ത്യ നടത്തുന്ന അഭിമാനകരമായ പ്രവർത്തനങ്ങളും കോവിഡ് മഹാമാരിയുടെ കാലത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളും റിപ്പോർട്ട് കണ്ടില്ലെന്ന് നടിക്കുന്നുവെന്നും ഇന്ത്യ പരാതിപ്പെടുന്നു.
ഇന്ത്യയെപ്പോലെ വിശാലവും വൈവിധ്യവുമാർന്ന ഒരു രാജ്യത്ത്, ഏകീകൃത കലോറി മൂല്യം വിശപ്പിന്റെ സൂചികയായി നിശ്ചയിക്കുന്നതിൽ അപാകതയുണ്ടെന്ന വാദം നിലനിൽക്കുന്നതാണ്. ആളോഹരി ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയാണ് പോഷകാഹാരക്കുറവ് അളക്കുവാനുള്ള ശാസ്ത്രീയ മാർഗമെന്ന് വനിതാ-ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ പോഷകക്കുറവിലെ കണക്കുകളെ ഖണ്ഡിക്കുമ്പോഴും, മറ്റു സൂചകങ്ങൾ ഇന്ത്യ നിഷേധിക്കുന്നില്ല എന്നുള്ളതാണ് വസ്തുത. ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരമുള്ള കണക്കുകൾ കേന്ദ്ര വനിത‑ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി 2021 ഡിസംബർ 15 നു രാജ്യസഭയിൽ വെളിപ്പെടുത്തിയിരുന്നു. പോഷകാഹാരക്കുറവിലെ അടിസ്ഥാന ഘടകങ്ങളായാണ് കുട്ടികളുടെ വളർച്ചാ മുരടിപ്പ്, ഭാരക്കുറവ്, ഉയരത്തിന് ആനുപാതികമായ ഭാരക്കുറവ് എന്നീ സൂചകങ്ങളെ അവതരിപ്പിച്ചത്. ഇതേ കണക്കുകൾ തന്നെയാണ് ആഗോള വിശപ്പു സൂചികയിലും ഉപയോഗിച്ചിട്ടുള്ളത്. ലോക ഭക്ഷ്യ‑കാർഷിക സംഘടന, തങ്ങളുടെ വിവരശേഖരണം കുറ്റമറ്റ രീതിയിൽ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെതന്നെ കീഴിലുള്ള ഇന്റർ ഏജൻസി ഗ്രൂപ്പ് തയാറാക്കുന്ന കണക്കുകളാണ് ശിശുമരണ സൂചികകളുടെ അടിസ്ഥാനം. യൂണിസെഫ്, ലോകാരോഗ്യ സംഘടന, ലോകബാങ്ക് എന്നിവയുടെ സംയുക്തമായ വിവരശേഖരമാണ്, ശിശുക്കളുടെ പൊക്കക്കുറവും തൂക്കക്കുറവും സംബന്ധിച്ച സൂചികകൾക്കായി ആശ്രയിച്ചിട്ടുള്ളത്. ഭക്ഷ്യ‑കാർഷിക സംഘടന, ലോകാരോഗ്യ സംഘടന, യൂണിസെഫ്, വേൾഡ് ഫുഡ് പ്രോഗ്രാം, കാർഷിക വികസനത്തിനായുള്ള അന്താരാഷ്ട്ര ഫണ്ട് എന്നിവ സംയുക്തമായി, 2022 ജൂലൈയിൽ പ്രസിദ്ധീകരിച്ച “ആഗോള ഭക്ഷ്യ സുരക്ഷിതത്വവും പോഷണവും” സംബന്ധിച്ച റിപ്പോർട്ട് പ്രകാരം, 2019 ‑21 കാലയളവിൽ ഇന്ത്യയുടെ മൊത്തം ജനസംഖ്യയിൽ 16.3 ശതമാനം പോഷക കുറവ് നേരിട്ടു. ഇന്ത്യയിൽ കുട്ടികളിലെ വളർച്ചാ മുരടിപ്പ് 34ശതമാനത്തിനു മുകളിലും ഭാരക്കുറവ് (ഉയരത്തിന് ആനുപാതികമായ ഭാരം) 17 ശതമാനവുമാണെന്ന് 2021 ലെ ഗ്ലോബൽ ന്യൂട്രിഷൻ റിപ്പോർട്ടിലും രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ, 174 രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള ‘ഹ്യൂമൻ ക്യാപിറ്റൽ ഇൻഡക്സിൽ” ഇന്ത്യയുടെ സ്ഥാനം 116 മാത്രമാണ്.
“വിശപ്പിന്റെ സൂചിക” എന്ന് വിശേഷിപ്പിക്കപ്പെടുന്നതുകൊണ്ടാണ് റിപ്പോർട്ടിനെതിരെ കേന്ദ്ര സർക്കാരിന്റെ വൈകാരിക പ്രതികരണങ്ങൾ എന്നതിൽ സംശയമില്ല. എന്നാൽ, അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ ഏതാണ്ട് 20 ശതമാനം കുട്ടികൾ ഭാരക്കുറവും 35 ശതമാനം കുട്ടികൾ വളർച്ചാ മുരടിപ്പും നേരിടുന്ന ഒരു രാജ്യത്തിന്റെ അവകാശ വാദങ്ങൾ നിലനിൽക്കുന്നതല്ല. “വിശപ്പിന്റെ സൂചിക” എന്നതിനു പകരം, “ആഗോള പോഷക സൂചിക” എന്നായാലും അത് ലോകത്തിനു നൽകുന്ന സന്ദേശം ഒന്നുതന്നെയാണ്. ഓരോ രാജ്യത്തും നിലനിൽക്കുന്ന പോഷക കുറവിന്റേയും, അത് സ്ത്രീകളിലും കുട്ടികളിലും സൃഷ്ടിക്കുന്ന ആരോഗ്യ പ്രതിഫലനങ്ങളുടെയും സൂചകങ്ങൾ തന്നെയാണ് ഈ റിപ്പോർട്ട് എന്നതിൽ സംശയമില്ല. 2019–21 ലെ ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം കുട്ടികളിലെ വളർച്ചാ മുരടിപ്പ് മേഘാലയയിൽ 46.5ശതമാനമാണ്. ബിഹാർ- 42.9, ഉത്തർപ്രദേശ്- 39.7, ഝാർഖണ്ഡ്- 39.6, ഗുജറാത്ത്-39, മധ്യപ്രദേശ്- 35.7ശതമാനം എന്നിങ്ങനെയാണ്. ഭാരക്കുറവിന്റെ കാര്യത്തിൽ ബിഹാർ- 41, ഝാർഖണ്ഡ്- 39.4, ഗുജറാത്ത് 39.7, മഹാരാഷ്ട്ര- 36.1ശതമാനം എന്നിങ്ങനെയാണ് കണക്ക്. സ്ത്രീകളിലെ പോഷകാഹാരക്കുറവിൽ മുന്നിട്ടു നിൽക്കുന്നത് ഝാർഖണ്ഡ്- 26.2, ബിഹാർ- 25.6, ഗുജറാത്ത്- 25.2ശതമാനം എന്നീ സംസ്ഥാനങ്ങളാണ്. ഈ സൂചകങ്ങളൊക്കെ അന്താരാഷ്ട്ര സമൂഹത്തിനു നൽകുന്ന ചിത്രമെന്തെന്നു ചിന്തിച്ചാൽ, ആഗോള വിശപ്പു സൂചികയ്ക്കെതിരെയുള്ള ഇന്ത്യയുടെ പ്രതികരണം എത്രമാത്രം ന്യായീകരിക്കപ്പെടാവുന്നതാണെന്ന് ‘ബോധ്യ’മാകും.
ഇന്ത്യയിൽ വിശപ്പും പട്ടിണിയും ഒരു യാഥാർത്ഥ്യമാണെന്ന് നാം ഉൾക്കൊള്ളേണ്ടതുണ്ട്. ലോകത്തിന്റെ നെറുകയിൽ “ആത്മനിർഭർ ഭാരത്” ആയി നിലകൊള്ളുന്നതിൽ അഭിമാനിക്കാത്ത ഒരു ഇന്ത്യക്കാരനും ഉണ്ടാകില്ല. എന്നാൽ, അന്താരാഷ്ട്ര സമൂഹം പൊതുവിൽ അംഗീകരിക്കുന്ന റിപ്പോർട്ടുകളെ ഏകപക്ഷീയമായി നിരാകരിക്കുന്നത്, ഇന്ത്യയുടെ യശസ് ഉയർത്തുമെന്ന് കരുതാനാവില്ല. ലോകത്തിന്റെ ഗതി നിയന്ത്രിക്കുന്ന സാമ്പത്തിക ശക്തിയായി ഉയർത്തി കാട്ടുന്നതിലല്ല, മറിച്ച് സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിബന്ധങ്ങളെയും വൻകിടരാഷ്ട്രങ്ങൾ സൃഷ്ടിക്കുന്ന പ്രതിരോധങ്ങളെയും ശക്തമായി നേരിട്ട്, മാനുഷിക മൂല്യങ്ങളോടെ നിലകൊള്ളുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയായി ഇന്ത്യയെ അംഗീകരിക്കുമ്പോഴാണ് ഓരോ ഇന്ത്യക്കാരന്റെയും ആത്മാഭിമാനം ഉയരുന്നത്. നമ്മുടെ കുറവുകൾക്കും പരിമിതികൾക്കും മുമ്പിൽ നാം തന്നെ പ്രതിരോധ മതിലുകൾ സൃഷ്ടിക്കുമ്പോൾ, മറയുന്നത് നമ്മുടെ മാത്രം ദൃഷ്ടിയാണ്. ലോകത്തിന്റെ ദൃഷ്ടിയിൽ നിന്നും അവ മായണമെങ്കിൽ കുറവുകൾ ഇല്ലാതാവുകതന്നെ വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.