ബിജെപി സർക്കാരിനെതിരെ രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ മതേതര കക്ഷികളുടെ ഐക്യം ഉണ്ടാക്കുക എന്നതാണ് സിപിഐ ലക്ഷ്യമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തൃശൂർ ജില്ലാസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം തൃപ്രയാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐയും സിപിഎമ്മും മാത്രമാണ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒന്നിച്ചു പ്രവർത്തിക്കുന്നത്. ഇടതുപക്ഷ പാർട്ടികൾ തന്നെ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. മുന്നണികളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും,അവ പരിഹരിച്ച് ശക്തമായി മുന്നോട്ടുപോകണം.
ഈ സാഹചര്യത്തിൽ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്തം സിപിഐയ്ക്കുണ്ടെന്നും ഇടതുപക്ഷ പാർട്ടികളുടെ ഐക്യം കൊണ്ടുവരാൻ പരിശ്രമിക്കണമെന്നും കാനം പറഞ്ഞു. പ്രതിപക്ഷത്തുള്ളവരെ ഭിന്നിപ്പിച്ച് നിർത്തിയാണ് ബിജെപി അധികാരത്തിൽ തുടരുന്നത്. മതനിരപേക്ഷ സങ്കൽപ്പം യൂറോപ്യൻ ആശയം എന്ന് വിശ്വസിക്കുന്ന ബിജെപി നാടിന്റെ ദിശ മാറ്റി വിടാൻ ശ്രമിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ നവലിബറൽ പരിഷ്കാരങ്ങളുടെ ഫലമായി ശതകോടീശ്വരന്മാർ വർധിച്ചപ്പോൾ പാർശ്വവത്കരിക്കപ്പെട്ടവരുടെ എണ്ണവും വർധിച്ചു. കേന്ദ്രസർക്കാരിന്റെ പുതിയ സാമ്പത്തിക നയങ്ങൾ ജനങ്ങൾക്കെതിരാണ്. ഇതിനെതിരായ സമരം ശക്തിപ്പെടുത്തുന്നതിനായി ബിജെപിക്ക് എതിരെ മതേതരശക്തികളുടെ വിശാല ഐക്യം ഉറപ്പിക്കണമെന്നും കാനം ആവശ്യപ്പെട്ടു. ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ദേശീയ കൗൺസിലംഗങ്ങളായ സി എൻ ജയദേവൻ, കെ പി രാജേന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എ കെ ചന്ദ്രൻ, അഡ്വ. പി വസന്തം, മന്ത്രി കെ രാജൻ, ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സംഘാടകസമിതി ചെയർമാൻ വി എസ് സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ. ടി ആർ രമേഷ് കുമാർ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം ഇന്ന് വൈകിട്ട് സമാപിക്കും.
English Sumamry: The goal is the unity of the left movements: Kanam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.