കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നടത്തുന്ന രാഷ്ട്രീയ കളികള്‍ സംബന്ധിച്ച് ഇതേ കോളത്തില്‍ എഴുതിയിരുന്നതാണ്. ഗവര്‍ണറുടെ നടപടികള്‍ ജനാധിപത്യ — ഭരണഘടനാ വിരുദ്ധമാണെന്ന പൊതു വിലയിരുത്തലാണ് നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകര്‍ക്കും വിദ്യാഭ്യാസ വിചക്ഷണര്‍ക്കുമുള്ളതെങ്കിലും സര്‍ക്കാര്‍ വിരുദ്ധ മാധ്യമങ്ങളുടെ അജണ്ടകള്‍ക്കനുസൃതമായി താന്‍പ്രമാണിത്തത്തോടെയുള്ള തന്റെ നിലപാടുകളില്‍ ഉറച്ചു നില്ക്കുകയാണ് അദ്ദേഹം. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങള്‍ ആവര്‍ത്തിച്ചും തെരഞ്ഞെടുക്കപ്പെട്ടതും നിയമപരമായി നിയമിക്കപ്പെടുന്നതുമായ ഭരണസംവിധാനങ്ങളെ വെല്ലുവിളിച്ചും മുന്നോട്ടുപോകുകയാണ് കേരള ഗവര്‍ണര്‍. കേരള, കണ്ണൂര്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും അവയുടെ കീര്‍ത്തി നശിപ്പിക്കുകയും ചെയ്യുന്ന നിലപാടുകളാണ് സമീപ ദിവസങ്ങളിലായി അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. സംസ്ഥാന ഭരണ നടപടികളെ പ്രതിസന്ധിയിലാക്കുന്ന വിധം കാലാവധി കഴിയാറായ ഓര്‍ഡിനന്‍സുകള്‍ പുനര്‍ വിജ്ഞാപനം ചെയ്യുന്നത് തടസപ്പെടുത്തുന്നതിന് സന്നദ്ധനായി. പ്രതിസന്ധി ഒഴിവാക്കുവാന്‍ നിയമസഭാ സമ്മേളനം അടിയന്തരമായി വിളിച്ച് ഓര്‍ഡിനന്‍സുകള്‍ നിയമമാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ഗവര്‍ണര്‍ സ്വയം പരിഹാസ്യനായപ്പോഴാണ് ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്നു ഭാവിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങള്‍ ഇപ്പോള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
കണ്ണൂര്‍, കേരള സര്‍വകലാശാലകള്‍ക്കെതിരെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഇപ്പോള്‍ നിഴല്‍യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. നിയമപരമായി താന്‍തന്നെ നിയമിച്ച വൈസ് ചാന്‍സലര്‍ (വിസി)മാരെയും താന്‍ ചാന്‍സലറായിരിക്കുന്ന സര്‍വകലാശാലകളെയും രാജ്യാന്തര തലത്തില്‍ പോലും അപഹസിക്കുന്ന പ്രസ്താവനകളും നടപടികളുമാണ് അദ്ദേഹത്തില്‍ നിന്നുണ്ടാകുന്നത്. വിസിമാരുടെ യോഗ്യതയെ കുറിച്ചും കഴിവുകേടുകളെ കുറിച്ചും പരസ്യപ്രതികരണം നടത്തുന്ന ഗവര്‍ണര്‍ തന്റെ സ്ഥാനത്തിന് യോജിച്ച നിലയിലല്ല പെരുമാറുന്നതെന്ന് പറയേണ്ടിവരുന്നതില്‍ വീണ്ടും വീണ്ടും ഖേദമുണ്ട്. ഒടുവില്‍ 2019 ഡിസംബറില്‍ കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസിനിടെ തനിക്കെതിരെ നടന്ന പ്രതിഷേധം വിസിയുടെ ഒത്താശയോടെയാണെന്ന വിലകുറഞ്ഞ പ്രസ്താവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കേ ചരിത്രകോണ്‍ഗ്രസിന്റെ വേദിയില്‍ അതിനെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരായ സ്വാഭാവിക പ്രതിഷേധമായിരുന്നു അന്ന് അദ്ദേഹം നേരിട്ടത്. എന്നാല്‍ ഇപ്പോള്‍ അത് വിസിയുടെ ഒത്താശയോടെ നടന്നതാണെന്ന ആരോപണം ഉന്നയിക്കുകയാണ് അദ്ദേഹം. കണ്ണൂര്‍ വിസിക്കെതിരെ നിരന്തരം അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കുകയുമാണ്. അവിടെ നടന്ന നിയമനങ്ങളെ കുറിച്ചുള്ള മാധ്യമ വിവാദങ്ങളില്‍ പക്ഷം ചേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നടത്തുന്ന പ്രതികരണങ്ങള്‍ അവഗണിക്കാമെങ്കിലും ഇല്ലാത്ത അധികാരം എടുത്തണിഞ്ഞ് മേനി നടക്കുവാനും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ദൈനംദിന നടത്തിപ്പില്‍ പ്രതിസന്ധി തീര്‍ക്കുവാനുമാണ് അദ്ദേഹം ശ്രമിക്കുന്നത്.
കേരള സര്‍വകലാശാലയെയും അദ്ദേഹം നിര്‍ത്താതെ ഭര്‍ത്സിച്ചുകൊണ്ടിരിക്കുകയാണ്. വിസിയെ പരസ്യമായി അപമാനിക്കുന്ന പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നു. പുതിയ വൈസ് ചാൻസലറെ തെരഞ്ഞെടുക്കാൻ നിയമ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി രണ്ടംഗ കമ്മിറ്റിയെ തീരുമാനിച്ച ഉത്തരവ് അതിന്റെ തെളിവാണ്. കേന്ദ്രത്തിന്റെ തല്പര കക്ഷികളായ രണ്ടുപേരെയാണ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഇംഗിതം നടപ്പിലാക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ ഗവര്‍ണര്‍ നടത്തിയിരിക്കുന്നത്. എന്നുമാത്രമല്ല 1974ലെ കേരള സര്‍വകലാശാല നിയമം പത്താംവകുപ്പിന് വിരുദ്ധവുമാണ് ഈ നടപടി. ചാന്‍സലറെന്ന നിലയില്‍ സര്‍വകലാശാലയുടെ ഉന്നമനത്തെയും നേട്ടങ്ങളെയും ലക്ഷ്യം വയ്ക്കേണ്ട ഗവര്‍ണര്‍ അതിന് തുരങ്കം വയ്ക്കുന്ന നടപടികളും സ്വീകരിക്കുന്നുണ്ട്. എ++ അക്രഡിറ്റേഷന്‍ നേടിയപ്പോള്‍ അഭിനന്ദിക്കുന്നതിന് തയാറാകാതിരുന്ന ഗവര്‍ണര്‍, അര്‍ഹതപ്പെട്ട ചാന്‍സലേഴ്സ് പുരസ്കാരം വൈകിപ്പിക്കുകയും ചെയ്യുന്നു. അഞ്ചുകോടിരൂപ പുരസ്കാര തുക ലഭിച്ചാല്‍ സര്‍വകലാശാലയുടെ വികസനത്തിനുപയോഗിക്കാമെങ്കിലും അത് നല്കുന്നതില്‍ അലംഭാവം കാട്ടുകയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ചെയ്തത്. ഫെഡറല്‍ സംവിധാനത്തില്‍ അനാവശ്യമാണെന്ന് പൊതു അഭിപ്രായമുള്ളതാണ് ഗവര്‍ണര്‍ പദവിയെങ്കിലും ഭരണഘടനാപരമായതും സംസ്ഥാന സര്‍ക്കാരുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കേണ്ടതുമെന്ന നിലയിലാണ് പദവിയെ സമൂഹം ഇപ്പോഴും ആദരിക്കുന്നത്. അന്ധമായ രാഷ്ട്രീയമനസും താന്‍പ്രാമാണിത്ത ബോധവും കാരണം നിഴലിനോട് യുദ്ധം ചെയ്ത് പ്രസ്തുത പദവിയുടെ മഹത്വം കളഞ്ഞുകുളിക്കുകയാണ് കേരള ഗവര്‍ണര്‍ ആവര്‍ത്തിച്ച് ചെയ്തുകൊണ്ടിരിക്കുന്നത്.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.