21 November 2024, Thursday
KSFE Galaxy Chits Banner 2

അധ്യാപക പ്രസ്ഥാനത്തിന്റെ ചരിത്രം എടത്താട്ടിൽ മാധവന്റേയും

എൻ ശ്രീകുമാർ
February 13, 2022 7:21 am

ഉലയിൽ കാച്ചിയ ഇരുമ്പിൻ ദണ്ഡിനെപ്പോലെ, പ്രവർത്തന ശൈലിയിൽ കൂടുതൽ മൂർച്ച കൂട്ടാനേ, പൊള്ളുന്ന സംഘടനാനുഭവങ്ങൾ എടത്താട്ടിൽ മാധവൻ മാഷിനെ പ്രാപ്തമാക്കിയുള്ളു. ഒരു ഘട്ടത്തിലും തളരാതെ നിലകൊണ്ട ഈ അധ്യാപക നേതാവ്, താൻ കൂടി ചേർന്ന് വളർത്തിയ എകെഎസ്ടിയു പ്രസ്ഥാനം കേരളത്തിന് അഭിമാനമായി കാൽ നൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായി ഊർജസ്വലമായി നിലകൊള്ളുമ്പോൾ, ഇപ്പോൾ തൃശൂർ ജില്ലയിലെ ആളൂരിലെ വീട്ടിൽ ഭാര്യക്കും ഇളയ മകൾക്കും ഒപ്പം വിശ്രമ ജീവിതത്തിൽ. 1997 ൽ പുതിയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കും മുമ്പുള്ള മൂന്നു പതിറ്റാണ്ടുകാലത്തെ എടത്താട്ടിലിന്റെ അധ്യാപക ജീവിതവും സംഘടനാ ജീവിതവും ആധുനിക കാലത്തെ അധ്യാപക പ്രസ്ഥാനത്തിന്റെ ചരിത്രവും നടന്നു തീർത്ത കനൽ പാതകളും നമുക്കു പറഞ്ഞു തരും. എ കെ എസ് ടി യു പ്രസ്ഥാനത്തിന്റെ ചരിത്രത്തെ, സഹപ്രവർത്തകരായ രണ്ട് പി എം വാസുദേവൻമാർക്കൊപ്പം, പ്രതിനിധീകരിക്കുന്ന അദ്ദേഹം സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറി കൂടിയാണ്.

പിഎസ് ടി എ എന്ന പൊതു അധ്യാപക പ്രസ്ഥാനം

പിഎസ് ടിഎ എന്ന പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ പൊതു സംഘടനയായിരുന്നു. ഭാഷാധ്യാപകരുടെ മാത്രമായിരുന്നു, അന്ന് നിലനിന്ന പൗരസ്ത്യ ഭാഷാ സംഘം അഥവാ പിബിഎസ് എന്ന സംഘടന. പ്രൈമറി മേഖലയിൽ കേരള എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് യൂണിയൻ എന്ന സംഘടനയും നിലനിന്നിരുന്നു. എന്നാൽ, എയ്ഡഡ് മേഖലയിലെ അധ്യാപകർക്ക് സർക്കാർ സ്കൂൾ അധ്യാപകരുടെ തുല്യ വേതനവും സർവീസ് അവകാശങ്ങളും സ്ഥാപിച്ചെടുക്കാൻ അന്ന് പടപൊരുതിയത് പി എസ് ടി എ യായിരുന്നു. കമ്യൂണിസ്റ്റ് കാരനും ഉജ്വല വാഗ്മിയുമൊക്കെയായിരുന്ന ഇറവങ്കര ഗോപാലക്കുറുപ്പായിരുന്നു, അതിന്റെ അനിഷേധ്യ നേതാവും ജനറൽ സെക്രട്ടറിയും. ഒട്ടേറെ പ്രക്ഷോഭങ്ങളുടെ തുടർച്ചയായിട്ടാണെങ്കിലും സി അച്ചുത മേനോൻ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ, സർക്കാർ സ്കൂൾ അധ്യാപകർക്കു തുല്യമായ വേതനം, ഗുമസ്തൻമാരെക്കാൾ ഉയർന്ന ശമ്പളം എന്നീ ആവശ്യങ്ങൾ ഉൾപ്പെടെ അംഗീകരിപ്പെട്ടു. എന്നാൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള വിരോധത്തിന്റെ പേരിൽ ആ സർക്കാരിനെതിരെ നിരന്തര വിമർശനളും സമരവുമായി മുന്നോട്ടു പോകാനായിരുന്നു പിഎസ് ടിഎ യിലെ ഒരു വിഭാഗത്തിന്റെ തീരുമാനം. ഇത് സംഘടനക്കുള്ളിലെ പുരോഗമന പക്ഷത്തെയും കമ്മ്യൂണിസ്റ്റ്കാരെയും അസ്വസ്ഥമാക്കി. തീർത്തും വലതുപക്ഷത്തേക്ക് സംഘടനയെ വലിച്ചു കൊണ്ടുപോകാനും കയ്യിലൊതുക്കാനുമുള്ള ചിലരുടെ ശ്രമത്തിനെതിരെ സംഘടനക്കുള്ളിൽ എതിരഭിപ്രായങ്ങളുയർന്നു. 1970 ‑കളുടെ മധ്യത്തോടെ നിലനിൽപ്പിനു വേണ്ടി പൊരുതാനുറച്ച് അന്നത്തെ പ്രബല സംഘടനയായ പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (പിഎസ് ടിഎ) എന്ന അധ്യാപക പ്രസ്ഥാനത്തോട് സലാം പറഞ്ഞിറങ്ങി ഒരു കൂട്ടം അധ്യാപക നേതാക്കൾ. പിഎസ് ടിഎ യുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന പൂവറ്റൂർ ഗോപി, വി ആർ വിജയ രാഘവൻ, വി കെ മനോഹരൻ എന്നീ കരുത്തുറ്റ സംഘടനാ നേതാക്കളായിരുന്നു, അധ്യാപകരുടെ അവകാശ സംരക്ഷണത്തിനായി വ്യത്യസ്തമായൊരു സംഘടന കെട്ടിപ്പടുത്തുയർത്താനുള്ള തീരുമാനത്തിന് അന്ന് നേതൃത്വം നൽകിയവർ. 1962 ൽ അധ്യാപകനായ എടത്താട്ടിൽ, ഭാഷാധ്യാപകരോട് പിഎസ് ടിഎ പ്രസ്ഥാനം പുലർത്തിയ തൊട്ടുകൂടായ്മ തിരിച്ചറിഞ്ഞ് നേരത്തെ തന്നെ ആ സംഘടനയെ ഉപേക്ഷിച്ചയാളാണ്. മാത്രമല്ല, ജന്മനാ കമ്യൂണിസ്റ്റായ അദ്ദേഹത്തിന് സി അച്ചുത മേനോൻ സർക്കാരിനെതിരെ ഭാഷാധ്യാപക സംഘം സമര രംഗത്തിറങ്ങാൻ തീരുമാനിച്ചതും ഇഷ്ടപ്പെട്ടില്ല. ഇങ്ങനെ, എല്ലാ സംഘടനകളോടും തുല്യ അകലം പാലിക്കുന്നതാണ് നല്ലതെന്ന് ചിന്തിച്ച് കഴിയവേയാണ്, കമ്യൂണിസ്റ്റ് കാരായ പൂവറ്റൂർ ഗോപി, വി ആർ വിജയ രാഘവൻ, വി കെ മനോഹരൻ, തൃശൂരിലെ പി ബി പണിക്കർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പിഎസ് ടിഎ യിലെ ഒരു വിഭാഗം അതിൽ നിന്ന് കലഹിച്ച് അധ്യാപകരുടെ പുരോഗമനപക്ഷമായി നിലകൊള്ളാനുള്ള തീരുമാനത്തെക്കുറിച്ച് അറിയുന്നത്. എടത്താട്ടിൽ മാധവന് അത് അധ്യാപക സംഘടനാ രംഗത്തേക്ക് പുതിയൊരു വഴിയാണ് തുറന്നിട്ടത്.

 

എടത്താട്ടിൽ നേതൃത്വത്തിലേക്ക്

തൃശൂർ പാർട്ടി ജില്ലാ കൗൺസിയോഗം ചേരുന്നു. സാക്ഷാൽ സി അച്ചുത മേനോൻ അതിൽ പങ്കെടുക്കുന്നുണ്ട്. പാർട്ടി ജില്ലാ സെക്രട്ടറി കരുത്തനും സഹൃദയനുമായ സഖാവ് ടി കെ കരുണൻ. പുരോഗമന അധ്യാപക പ്രസ്ഥാനത്തിന്റെ ജില്ലയിലെ ദയനീയ സ്ഥിതി കൗൺസിൽ യോഗം ചർച്ച ചെയ്യാൻ തീരുമാനിക്കുന്നു. പാർട്ടി ജില്ലാ കൗൺസിലിന്റെ ഒരു മേൽനോട്ടം അധ്യാപക പ്രസ്ഥാനത്തിന് നൽകണമെന്ന് അച്ചുത മേനോൻ നിർദേശിക്കുന്നു. അന്ന്, ജില്ലാ കൗൺസിൽ അംഗവും അധ്യാപകനുമായ എടത്താട്ടിലാണ് അധ്യാപക പ്രസ്ഥാനത്തിന്റെ ജില്ലയിലെ ചുമതലക്കാരനാകേണ്ടതെന്ന് ജില്ലാ സെക്രട്ടറി നിർദേശിച്ചു. സ്വതവേ ഉൾവലിയുന്ന സ്വഭാവം ഉള്ളതുകൊണ്ട്, തന്നെ ഒഴിവാക്കണമെന്ന് എടത്താട്ടിൽ അഭ്യർഥിച്ചു. അപ്പോൾ കരുണൻ സഖാവിന്റെ ചാട്ടുളി പോലെ മറുപടി വന്നു. എന്നാൽ അധ്യാപക പ്രസ്ഥാനത്തിന്റെ ചുമതല കർഷക തൊഴിലാളി നേതാവിന് നൽകാം! എല്ലാവരും ചിരിച്ചു. എടത്താട്ടിൽ തൃശൂരിലെ അധ്യാപക പ്രസ്ഥാനത്തിന്റെ സാരഥ്യത്തിലേക്ക് എന്ന തീരുമാനം വന്നു!.

അധ്യാപക പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാർടികളും

പിഎസ് ടിഎ എന്ന എല്ലാ വിഭാഗം അധ്യാപകരുടെയും സംഘടനയെ കോൺഗ്രസ് പാർടി അവരുടെ പാളയത്തിലേക്ക് നയിക്കാൻ ചരടുവലി നടത്തിക്കൊണ്ടിരുന്നു. പിൽക്കാലത്ത് എൻ സി പി നേതാവായി മാറിയ ടി പി പീതാംബരൻ മാസ്റ്റർ ഉൾപ്പെടെയുള്ള അധ്യാപക നേതാക്കൾ ആ പ്രവർത്തനത്തിനൊപ്പമുണ്ടായിരുന്നു. ഈ നടപടിയോടെയാണ് കേരളത്തിലെ അധ്യാപക മേഖല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് വഴി മാറുന്നത്. പി ആർ നമ്പ്യാർ, ടി സി നാരായണൻ നമ്പ്യാർ എന്നീ കമ്യൂണിസ്റ്റ് നേതാക്കളായ മുൻ കാല അധ്യാപക നേതാക്കളുടെയും പി എം കുഞ്ഞിരാമൻ നമ്പ്യാരെ പോലുള്ളവരുടെ അധ്യാപക നേതാക്കളുടെയും പ്രവർത്തനാനുഭവ സാക്ഷ്യം ഉള്ളതു കൊണ്ടു തന്നെ അധ്യാപകരെ രാഷ്ട്രീയ ബോധ്യത്തോടെ സംഘടിപ്പിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയും തീരുമാനിച്ചു. പൂവറ്റൂർ ഗോപിയുടെയും വി ആർ വിജയ രാഘവന്റെയും നേതൃത്വത്തിൽ 1981 ൽ എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (എഎസ് ടിഎ ) പിറവി അങ്ങനെയായിരുന്നു. സമാനമായി സർക്കാർ സ്കൂൾ മേഖലയിൽ ഡിപ്പാർട്ടുമെന്റൽ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷനും കേരള ഗവണ്മെന്റ് പ്രൈമറി ടീച്ചേഴ്സ് യൂണിയനും കൂടിച്ചേർന്ന് എല്ലാ വിഭാഗം അധ്യാപകരുടെതുമായി ഡിപ്പാർട്ടുമെന്റൽ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (ഡിഎസ് ടിയു) എന്ന സംഘടനക്ക് 1983 ൽ ജന്മം നൽകി. എം ആർ ജി കുറുപ്പ്, പി എം വാസുദേവൻ, എസ് വാസുദേവൻ എന്നിവരായിരുന്നു നേതൃതലത്തിൽ. പിൽക്കാലത്ത് കേരളത്തിന്റെ വൈദ്യുതി, ധനകാര്യ വകുപ്പുകൾ കൈകാര്യം ചെയ്ത അധ്യാപക നേതാവായിരുന്ന ടി ശിവദാസമേനോൻ, വി വി ദക്ഷിണാമൂർത്തി ഉൾപ്പെടെ നേതൃത്വം നൽകി കെപിടിയു (കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയൻ ) എന്ന അധ്യാപക പ്രസ്ഥാനവും വൈകാതെ രൂപം കൊണ്ടു.

സർക്കാർ, എയ്ഡഡ് മേഖലകൾ രണ്ടു വഴിയിൽ

താരതമ്യേന എയ്ഡഡ് അധ്യാപക മേഖലയിലാണ് അവകാശ നിഷേധം അന്ന് കൂടുതൽ നിലനിന്നത്. 1958 ൽ കേരള വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും പ്രാബല്യത്തിൽ വന്നെങ്കിലും മാനേജ്മെന്റുകളുടെ അധികാരങ്ങൾ അങ്ങനെ തന്നെ ചോദ്യം ചെയ്യാതെ നില കൊണ്ടു. എയ്ഡഡ് അധ്യാപകർക്ക് ശമ്പളം സർക്കാർ ഖജനാവിൽ നിന്ന് എന്നതു മാത്രമായിരുന്നു ആശ്വാസം. നിയമനാധികാരി എന്ന നിലയിൽ അധ്യാപകരെ ശിക്ഷിക്കാനുള്ള അധികാരം ഉൾപ്പെടെ എയ്ഡഡ് മാനേജർമാരിൽ നിക്ഷിപ്തമായിരുന്നു. ഇന്നും അത് അങ്ങനെ തന്നെയാണ്. എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് ഇൻക്രിമെന്റും സർവീസ് ഗ്രേഡും ഉൾപെടെ അനുവദിക്കാനുള്ള അധികാരവും മാനേജർമാർക്കായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം എയ്ഡഡ് സ്കൂൾ അധ്യാപകരിൽ വലിയ തോതിൽ അരക്ഷിത ബോധം സൃഷ്ടിച്ചിട്ടുണ്ട്. ഇന്നത്തേതുപോലെ നിയമ സംവിധാനങ്ങളുടെ പിന്തുണയും ലഭ്യമാകാൻ പ്രയാസമുണ്ടായിരുന്നല്ലോ. സ്വകാര്യ മേഖലയിൽ അധ്യാപക സംഘടനകളുടെ പ്രസക്തി അതിനാൽ തന്നെ ഏറിയിരുന്നു. പിൽക്കാലത്ത് എഎസ് ടിഎ യുടെ സംസ്ഥാന നേതൃത്വത്തിലേക്ക് എടത്താട്ടിൽ എത്തുമ്പോൾ, എയ്ഡഡ് അധ്യാപകരുടെ ഏറ്റവും വിശ്വാസ്യതയുള്ള പ്രസ്ഥാനമായി അതിന് മാറാൻ കഴിഞ്ഞു. കാലോചിതമായി സർക്കാർ മേഖലയിലെ അധ്യാപകർക്കും സേവന വേതന പരിഷ്കരണങ്ങൾക്കായി നിരന്തരം ശബ്ദമുയർത്തിയേ കഴിയുമായിരുന്നുള്ളു. ഡിഎസ് ടിയു, കെജിടിഎ (കേരള ഗവണ്മെന്റ് ടീ ച്ചേഴ്സ് അസോസിയേഷൻ), ജിഎസ് ടിയു (ഗവ. സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ) തുടങ്ങിയ സംഘടനകൾ ആ ഉത്തരവാദിത്തം ഏറ്റെടുക്കാനാണ് ശ്രമിച്ചത്.

ഐക്യ പ്രസ്ഥാനം രൂപം കൊള്ളുന്നു

1996 ഫെബ്രുവരിയിൽ കൊല്ലത്ത് ചേർന്ന എഎസ് ടിഎ, ഡിഎസ് ടിയു സംയുക്ത സംസ്ഥാന സമ്മേളനം ഈ സംഘടനകൾ തമ്മിൽ ലയിച്ച് ഒരു സംഘടനയാകാൻ തീരുമാനിച്ചു. 1997 മാർച്ച്. എടത്താട്ടിൽ മാധവൻ മാഷ് അന്ന് എഎസ് ടിഎ യുടെ ജനറൽ സെക്രട്ടറി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ശിവരാജ് വിജയൻ ഐഎഎസിന്റെ പ്രത്യേക താൽപര്യപ്രകാരം എസ്എസ്എൽസി പരീക്ഷാ ചുമതലയുമായി അദ്ദേഹം ലക്ഷദ്വീപിൽ. അവിടുത്തെ പരീക്ഷാക്രമക്കേടിനെപ്പറ്റി നിരന്തരം ഉയരുന്ന ആക്ഷേപങ്ങൾക്ക് അറുതി വേണം. നിലവിലുള്ള സാഹചര്യം മനസ്സിലാക്കി എന്തൊക്കെ നടപടികൾ അനിവാര്യമാണെന്ന് പഠിച്ച് റിപ്പോർട്ട് ചെയ്യണം. ഇതാണ് എടത്താട്ടിലിന് നൽകിയ ചുമതല. പരീക്ഷയ്ക്കിടെ കേരളത്തിൽ ചോദ്യ പേപ്പർ ചോർച്ച വിവാദം ഉയർന്നു. പരീക്ഷ അനന്തമായി നീണ്ടു പോയി. പരീക്ഷാ ചുമതല കാരണം എടത്താട്ടിലിന് ലക്ഷദ്വീപ് വിട്ടു പോരാനാകുന്നില്ല. മാർച്ച് മാസത്തിൽ തന്നെ ലയന സമ്മേളനം തീരുമാനിച്ചിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കൗൺസിലിൽ അധ്യാപക സംഘടനയുടെ ചുമതല നിർവഹിച്ചിരുന്ന സഖാക്കൾ വെളിയം ഭാർഗവനും, പി പി മുകുന്ദനും യഥാസമയം തന്നെ സമ്മേളനം നടത്താൻ നിർദേശിച്ചു. എടത്താട്ടിൽ പാഞ്ഞെത്തി. പൂവറ്റൂർ ഗോപി, ഡിഎസ് ടിയു നേതാക്കളായ പി എം വാസുദേവൻ (കോഴിക്കോട്), എം ആർ ജി കുറുപ്പ്, പി എം വാസുദേവൻ (തിരുവനന്തപുരം), എസ് വാസുദേവൻ (കൊല്ലം) എന്നിവരുൾപ്പെടെ പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന്, ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ് ടി യു ) എന്ന സംയുക്ത സംഘടനയ്ക്ക് രൂപം നൽകാൻ തീരുമാനമെടുത്തു. പിഎസ് ടിഎ എന്ന സംഘടനയുടെ ഭാഗമായി പിന്നീട്, എഎസ് ടിഎ, ഡിഎസ് ടിയു എന്നീ സംഘടനകളായി വിവിധ കൈവഴികളിലൊഴുകിയ പുരോഗമന അധ്യാപക പ്രസ്ഥാനം കെഎസ് ടിയു എന്ന പേരിൽ ഐക്യപ്രസ്ഥാനമായി പിറവി കൊണ്ടു. പി എം വാസുദേവനെ പ്രസിഡന്റായും, എടത്താട്ടിൽ മാധവനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

എയ്ഡഡ് — സർക്കാർ മേഖലകളിലെ സംഘടനകൾ പൊതുമുദ്രാവാക്യത്തിൽ ഏകീകരിക്കണമെന്ന സന്ദേശം ആദ്യം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക് നൽകിയത് കെപിടിയുവും കെജിടിഎയും സംയുക്തമായി ചേർന്ന് കെഎസ് ടിഎ രൂപീകരിച്ചതോടെയായിരുന്നു. കുറച്ചു വർഷങ്ങളുടെ വ്യത്യാസത്തിൽ എകെഎസ് ടിയു വും അതേ രൂപത്തിൽ സംയുക്ത സംഘടനയായി മാറി. കുറച്ചു വൈകിയെങ്കിലും കെപി എസ് ടി യു. എന്ന പേരിൽ പഴയ പിഎസ് ടിഎ യിലെ വലതു ചേരിയും ജിഎസ് ടിയു വും ചേർന്ന് ഒന്നായി ചേർന്നതും ചരിത്രം. ഈ സംയോജിപ്പുകൾ കേരളത്തിലെ അധ്യാപക സംഘടനാ പ്രവർത്തനത്തിന് പുതിയ ദിശാബോധവും കരുത്തും പകർന്നു നൽകി.

പുതിയ സംഘടന പുതിയ ശൈലി

നാടിന്റെ വിമോചനത്തിനു വേണ്ടിയും, സാമൂഹിക മാറ്റത്തിനു വേണ്ടിയും അധ്യാപകരെ വിവിധ തൊഴിലാളി — കർഷക പ്രസ്ഥാനത്തോടൊപ്പം അണി നിരത്തിയ പി ആർ നമ്പ്യാർ ഉൾപ്പെടെയുള്ള ആദ്യകാല അധ്യാപക നേതാക്കളുടെ ശൈലി എകെഎസ് ടിയു പ്രസ്ഥാനം പിന്തുടരാൻ തീരുമാനിച്ചത് എടത്താട്ടിൽ മാധവനും, പി എം വാസുദേവനും ഉൾപ്പെട്ട, സംഘടനയുടെ സ്ഥാപക നേതൃതലത്തിലുള്ളവരുടെ ഉയർന്ന സംഘടനാ ബോധം കൊണ്ടു തന്നെയാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി മുന്നേറ്റം പദ്ധതി ഉൾപ്പെടെ ഏറ്റെടുക്കാൻ പിൽക്കാലത്ത് ഈ പ്രസ്ഥാനത്തിനായതും ആ ദീർഘവീക്ഷണത്തിന്റെ തേജസ്സ് തന്നെയെന്ന് നിർണ്ണയം! കാസറഗോഡു മുതൽ തിരുവനന്തപുരം വരെ എത്രയെത്ര ത്യാഗസന്നദ്ധരായ അധ്യാപക നേതാക്കളെയാണ് ഈ പ്രസ്ഥാനം കണ്ടെത്തിയത്. കൂടുതൽ പഠിക്കാനും, നന്നായി പഠിപ്പിക്കാനും അനീതികൾക്കെതിരെ നിരന്തരം പോരാടാനും പരിശ്രമിച്ച അവരുടെ ഊർജം ഈ രജത ജൂബിലി വർഷത്തിൽ പ്രത്യേകം സ്മരിക്കേണ്ടതു തന്നെയാണ്.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.