16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 26, 2024
October 19, 2024
October 17, 2024
September 21, 2024
September 12, 2024
September 7, 2024
September 4, 2024
August 25, 2024
July 23, 2024
July 23, 2024

കാടിനെ വിറപ്പിച്ച കൊമ്പൻ ; വീരപ്പന്റെ ഓർമ്മകൾക്ക് ഇന്ന് 20 വയസ്

Janayugom Webdesk
October 17, 2024 6:00 am

കേരളം, തമിഴ്‌നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ ഉൾപ്പെടുന്ന 16,000 ചതുരശ്ര കിലോമീറ്റർ വനപ്രദേശത്തെ 30 വർഷത്തോളം അടക്കി ഭരിച്ച കാട്ടുരാജാവ്. 187 മനുഷ്യരേയും 3000 ആനകളേയും കൊന്നുതള്ളിയ ക്രൂരത. ഒരുകാലത്ത് വനംകൊള്ളയുടെ പര്യായമായിരുന്നു വീരപ്പൻ എന്ന നാമം. സത്യമംഗലം കാടുകളെ വിറപ്പിച്ച ആ ഭീകരത ഭരണകൂടങ്ങൾക്കും തീരാത്ത തലവേദനയായത് ചരിത്രം. ഇന്ത്യയിൽ ഒരു കൊള്ളക്കാരനെ പിടികൂടാനായി ഏറ്റവും കൂടുതൽ പണം മുടക്കിയതും വീരപ്പനെ ‘തളക്കാൻ’ ആയിരുന്നു. തന്റെ പ്രവർത്തനങ്ങൾക്കു തടസ്സം നിന്നവരെയും എതിരായി നിന്നവരെയും ഒറ്റിയവരെയും കൊന്നൊടുക്കാൻ വീരപ്പനു മടിയുണ്ടായിരുന്നില്ല. കാട്ടിൽ ശബ്ദമില്ലാതെ എങ്ങനെ സഞ്ചരിക്കാമെന്ന് വീരപ്പന് അറിയാം. കാട്ടിലെ ഓരോ ജീവിയുടെയും ശബ്ദം അനുകരിക്കാനും അദ്ദേഹത്തിന് മിടുക്കുണ്ടായിരുന്നു

ദാരിദ്ര്യം നിറഞ്ഞ ബാല്യം
കർണാടകയിലെ കാവേരി തീരത്തുള്ള സെംഗപ്പടി എന്ന ഗ്രാമത്തിലാണ് വീരപ്പൻ ജനിച്ചതെങ്കിലും പിന്നീട് തമിഴ് നാട്കാരനായി മാറിയ ജീവിതമായിരുന്നു വീരപ്പന്റേത്. ബാല്യകാലത്ത് പല ദിവസങ്ങളിലും കൊടും പട്ടിണി.മാടിനെ മേയ്‌‌ക്കലായിരുന്നു ചെറിയ പ്രായത്തിൽ പ്രധാന ജോലി. ഒരു കർഷക കുടുംബത്തിൽ ആയിരുന്നു വീരപ്പന്റെ ജനനം. കൂസ് മുനിസ്വാമിക്കും പൊന്നുത്തായിക്കും പിറന്ന അഞ്ച് മക്കളിൽ രണ്ടാമനായിരുന്നു വീരപ്പൻ. മാതേയൻ, അർജുനനൻ, മുനിയമ്മ, മാരിയമ്മ എന്നിവരായിരുന്നു മറ്റു സഹോദരങ്ങൾ. കുട്ടിക്കാലത്ത് തന്നെ പഠനത്തോട് വീരപ്പന് താൽപര്യമുണ്ടായിരുന്നില്ല. മകനെ പഠിപ്പിക്കാനുള്ള ശേഷി വീട്ടുകാർക്കും ഉണ്ടായിരുന്നില്ല.

കുപ്രസിദ്ധിയുടെ ഉയരങ്ങളിൽ 

ചന്ദനമരം കടത്ത്, ആനക്കൊമ്പ് കടത്ത്, മനുഷ്യക്കടത്ത് എന്നിങ്ങനെ വിവിധ കുറ്റകൃത്യങ്ങളിലൂടെ വീരപ്പൻ നടന്നുകയറിയത് കുപ്രസിദ്ധിയുടെ ഉയരങ്ങളിൽ . സത്യമംഗലം ഗജനൂർ ഫാംഹൗസിൽ നിന്ന് കന്നഡ സൂപ്പർസ്റ്റാർ രാജ്കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയി. സത്യമംഗലം വനത്തിലെ ഫോറസ്റ്റ് ഓഫീസറായ ചിദംബരനാഥനെ ക്രൂരമായി കൊലപ്പെടുത്തി . കർണാടക മന്ത്രി നാഗപ്പയേയും തട്ടികൊണ്ട് പോയി . പിന്നീട് അദ്ദേഹത്തെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീരപ്പനെതിരെ രജിസ്റ്റർ ചെയ്ത 184 കേസുകളിൽ 99 കേസുകൾ തമിഴ്‌നാട്ടിൽ ആയിരുന്നു. കേരളത്തിലും വീരപ്പന്റെ പേരിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാളയാർ ചെക്ക് പോസ്റ്റ് പ്രദേശത്ത് ആയുധങ്ങളുമായി കറങ്ങിയതിന്റെ പേരിലായിരുന്നു ആ കേസ്

പിഴക്കാത്ത ഉന്നം, അടങ്ങാത്ത ലഹരി

തന്റെ പിഴക്കാത്ത ഉന്നത്തിൽ കരിവീരന്മാർ ചിന്നം വിളിച്ചു നിലം പതിച്ചപ്പോൾ വീരപ്പനത് അടങ്ങാത്ത ലഹരിയായി .വീരപ്പന്റെ ഈ കഴിവ് കൊണ്ടെത്തിച്ചത് തമിഴ്‌നാട്-കർണാടക മേഖലയിലെ ആദ്യത്തെ ആനവേട്ടക്കാരനായിരുന്ന ബന്ധു സേവി ഗൗണ്ടറുടെ മുന്നിൽ. ആന ഉൾപ്പടെയുള്ള മൃഗങ്ങളെ വിദഗ്‌ദ്ധമായി എങ്ങനെ നിറയൊഴിക്കാമെന്ന് പഠിപ്പിച്ചത് സേവി ഗൗണ്ടർ ആയിരുന്നു. വിശപ്പകറ്റാൻ വേട്ടക്കിറങ്ങിയ വീരപ്പൻ പിന്നീട് പണത്തിനായി വേട്ടയാടുന്നത് ലോകം കണ്ടു.

കർണാടകയെ കത്തിച്ച നാടൻ രാജ്‌കുമാറിന്റെ കിഡ്‌നാപ്പിങ്

2000 ജൂലൈ 30‑ന് സത്യമംഗലം ഗജനൂർ ഫാംഹൗസിൽ നിന്ന് കന്നഡ സൂപ്പർസ്റ്റാർ രാജ്കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയി. രാജ്യത്തെ മുൾമുനയിൽ നിർത്തിയ നിമിഷങ്ങൾക്കാണ് കർണാടകവും തമിഴ്‌നാടും സാക്ഷ്യം വഹിച്ചത്. തമിഴ് നാട്ടുകാർക്ക് മക്കൾക്ക് രജനികാന്തിനോടുള്ള അതേ ആരാധനയാണ് കർണാടകയിൽ രാജ്‌കുമാറിനോടുണ്ടായിരുന്നത്. രാജ്‌കുമാറിന്റെ കിഡ്‌നാപ്പിങ് സംബന്ധിച്ച ഔഗ്യോഗിക സ്ഥിരീകരണം ലഭിച്ചതോടെ നാടെങ്ങും പ്രതിഷേധം അലയടിച്ചു. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ കത്തിച്ചും റോഡ് ഉപരോധിച്ചും ആരാധകരുടെ അടങ്ങാത്ത പ്രതിഷേധം . ബാംഗ്ലൂരിൽ നടന്ന അക്രമത്തിൽ നിരവധി പൊലീസുകാർക്കും പരിക്കേറ്റു. കർണാടക സിനിമാ മേഖല സ്തംഭിച്ചു. ഇതിനെ തുടർന്ന് മുഖ്യമന്ത്രി എസ് എം കൃഷ്ണ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുമായി ചർച്ച നടത്തി. ഇന്നത്തെ എഐസിസി പ്രസിഡന്റ് മല്ലികാർജുന ഗാർഗെയായിരുന്നു അന്ന് കർണാടക ആഭ്യന്തരമന്ത്രി.
രാജ്‌കുമാറിനെ വിട്ടയക്കാൻ വലിയ തുക മോചനദ്രവ്യമായി നൽകണമെന്നും കർണ്ണാടക ജയിലിൽ കഴിയുന്ന തന്റെ അൻപതോളം വരുന്ന ആളുകളെ വെറുതെ വിടണമെന്നും വീരപ്പൻ ആവശ്യപ്പെട്ടു. ഇരു മുഖ്യമന്ത്രിമാരും തമ്മിലുള്ള ചർച്ചയിൽ ഒടുവിൽ ഒരു തീരുമാനത്തിലെത്തി . വീരപ്പനോട് ചർച്ച നടത്താൻ ഒരു മധ്യസ്ഥനെ കണ്ടെത്തുക . ഈ അന്വേഷണം ചെന്നെത്തിയതാവട്ടെ തമിഴ്‌നാട് ബൈവീക്കിലിയായ നക്കീരൻ മാഗസിൻ എഡിറ്റർ ആർ ആർ ഗോപാൽ എന്ന നക്കീരൻ ഗോപാലിന്റെയടുക്കൽ. 10 ദിവസത്തോളം നീണ്ട തിരച്ചിലിനിടയിലാണ് നക്കീരൻ ഗോപാലന് വീരപ്പന്റെ ഒളിത്താവളത്തിലേക്കുള്ള മാർഗ്ഗം തെളിഞ്ഞത് .സത്യമംഗലം കാട്ടിൽ വീരപ്പനെ സന്ദർശിച്ച് തിരിച്ചിറങ്ങയ നക്കീരന്റെ കൈവശം ഒരു വീഡിയോ കാസറ്റ്‌ കൂടി വീരപ്പൻ കൊടുത്തയച്ചു. വീരപ്പൻ ആവശ്യപ്പെട്ട 5 കോടി രൂപ നൽകുന്നതിൽ കർണാടക സർക്കാരിന് വൈമുഖ്യമില്ലായിരുന്നു. എന്നാൽ വീരപ്പൻ റിലീസ് ചെയ്യാൻ ആവശ്യപ്പെട്ട 50 സംഘാംഗങ്ങളുടെ മേൽ കർണാടക സർക്കാർ ‘ടാഡ’ നിയമം ചുമത്തിയിരുന്നു അതിനാൽ അവരെ വെറുതെ വിട്ടയക്കാൻ കഴിയാത്ത അവസ്ഥ . ഒടുവിൽ ഗത്യന്തരമില്ലാതെ തട്ടിക്കൊണ്ടുപോകൽ നടന്നതിന്റെ മൂന്നാമത്തെ ആഴ്‌ചയിൽ, വീര‍പ്പന്റെ സംഘാംഗങ്ങൾക്കെതിരെ ചുമത്തിയ ടാഡ പിൻവലിക്കുകയും അവരെ വെറുതെവിടുകയും ചെയ്തു. 5 കോടി രൂപയാണ് വീരപ്പൻ മോചനദ്രവ്യമായി ആവശ്യപ്പെട്ടത് . രാജ്‌കുമാറിന്റെ കുടുംബം രണ്ടുകോടിയും, ചലച്ചിത്ര മേഖല മൂന്നു കോടിയും ശേഖരിച്ച് നക്കീരന്റെ കൈവശം കൊടുത്തുവിട്ടു.

കൊക്കൂൺ ദൗത്യത്തിൽ വീരപ്പന് അന്ത്യനിദ്ര

കർണാടക മുൻമന്ത്രി നാഗപ്പയെ തട്ടികൊണ്ട് പോയതോടെ വീരപ്പനെ പിടികൂടാനുള്ള ഓപ്പറേഷൻ കൊക്കൂൺ ദൗത്യം ശക്തി പ്രാപിച്ചു . സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സിന്റെ മേധാവി മലയാളിയായ ഐപിഎസ് ഓഫിസർ കെ വിജയകുമാർ ആയിരുന്നു . വീരപ്പന്റെ കണ്ണിന് തകരാറുണ്ടെന്ന വിവരം ദൗത്യസംഘത്തിന് ലഭിച്ചു. ചില ആരോഗ്യപ്രശ്‌നങ്ങൾ വീരപ്പനെ അലട്ടുന്നതായും വിവരം ലഭിച്ചു . ഈ അവസരം ഉപയോഗിക്കാൻ ദൗത്യസംഘം തീരുമാനിച്ചു. പൊലീസ് സംഘത്തിൽ നിന്നുള്ള ചിലർ വീരപ്പന്റെ സംഘത്തിൽ കടന്നുകയറിയിട്ടുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ധർമപുരിയിലുള്ള പാപിരപ്പട്ടി ഗ്രാമത്തിലുള്ള ആശുപത്രിയിൽ ചികിത്സക്ക് പോകുവാനായി വീരപ്പൻ ആംബുലൻസിൽ വന്നു കയറി. ആ സമയം 35 അംഗപൊലീസ് സേനയും മറ്റ് സുരക്ഷാസൈനികരും ഗ്രാമത്തിൽ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിനിടെ വീരപ്പനെയും സംഘത്തെയും ദൗത്യസംഘം വളഞ്ഞു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വീരപ്പനും കൂട്ടാളികളും അതിനൊരുക്കമായിരുന്നില്ല. പൊലീസിനു നേർക്ക് ഇവർ വെടിയുതിർത്തതോടെ തിരിച്ചും വെടിവയ്പുണ്ടായി. ഒടുവിൽ ദൗത്യ സംഘത്തിന്റെ ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ വീരപ്പൻ വെടിയേറ്റ് മരിച്ചു വീഴുകയായിരുന്നു.

TOP NEWS

November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.