17 November 2024, Sunday
KSFE Galaxy Chits Banner 2

മറയൂരിലെ കരിങ്കുരങ്ങുകളുടെ മേക്കപ്പ്!

ദേവിക
വാതില്‍പ്പഴുതീലൂടെ
November 14, 2022 4:30 am

മ്മുടെ മറയൂരിലെ ചന്ദനവനങ്ങള്‍ക്കെന്തു സൗരഭ്യമാണ്, സൗന്ദര്യമാണ്. ഈ വനശോഭ കെടുത്തുന്നവയാണ് അവിടത്തെ കരിങ്കുരങ്ങന്മാര്‍ എന്ന പേരുദോഷം തീര്‍ക്കാന്‍ അവര്‍ ഹനുമാന്‍ സ്വാമിയെ പ്രാര്‍ത്ഥിച്ചു. വൈകാതെ വരപ്രസാദവുമുണ്ടായി. കുരങ്ങുമഞ്ഞളെന്ന സിന്ദൂര മരത്തിന്റെ പഴുത്ത കായ്കള്‍ പറിച്ചു മുഖത്തു തേയ്ക്കുക. വരം ലഭിച്ചപാടേ വാനരസേന കായ്കള്‍ പറിച്ച് മുഖത്തു പരസ്പരം തേച്ചു. ഈ ഫേഷ്യല്‍ പായ്ക്കില്‍ മറയൂരിലെ കരിങ്കുരങ്ങുകളാകെ സുന്ദരിമാരും സുന്ദരന്മാരുമായി. കൈവശം കണ്ണാടിയില്ലാത്തതിനാല്‍ അവര്‍ പരസ്പരം നോക്കി കരിങ്കുരങ്ങു സൗന്ദര്യം ആസ്വദിക്കുന്നു. തങ്ങള്‍‍ കാനന ഭംഗിയുടെ ശോഭകെടുത്തുന്നുവെന്ന പേരുദോഷവും തീര്‍ന്നു. വാനര സൗന്ദര്യത്തിന് ഇപ്പോള്‍ മറയൂര്‍ ശര്‍ക്കരയുടെ മധുരവും. നമ്മുടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഈ കുരങ്ങു കഥ കേട്ടെന്നു തോന്നുന്നു. സര്‍വ കുണ്ടാമണ്ടികളും മുഖത്തു വാരിപ്പൂശി കണ്ണാടി നോക്കുന്നു. ഹായ് ഞാനെന്തു സുന്ദരനെന്ന് ആത്മഗതം. പക്ഷേ, ഓരോ ദിവസം കഴിയുന്തോറും ഗവര്‍ണറുടെ മുഖത്ത് സര്‍വത്ര അവലക്ഷണം എന്ന് ജനം. എന്നാല്‍ താന്‍ അനുനിമിഷം ഭരണഘടനാ സുന്ദരന്‍ ആകുന്നുവെന്ന് ഗവര്‍ണര്‍! അതല്ലേ പണ്ടുള്ളവര്‍ പറഞ്ഞത് സൗന്ദര്യം ആപേക്ഷികമാണെന്ന്.


ഇതുകൂടി വായിക്കൂ:  മനുഷ്യനേക്കാൾ ശ്രേഷ്ഠമായി മറ്റൊന്നുമില്ല


നമുക്ക് നമ്മുടെ ഗവര്‍ണറെ മഹാബലിപുരത്തേക്ക് ഒരു ഉല്ലാസ സവാരിക്കു കൂട്ടിക്കൊണ്ടുപോയാലോ. അവിടെ 20 അടി ഉയരവും അഞ്ച് മീറ്റര്‍ ചുറ്റളവും 250 ടണ്‍ ഭാരവുമുള്ള ഒരു ശില പാറകള്‍ക്കുമേല്‍ ഒരു താങ്ങുമില്ലാതെ ഒന്നര സഹസ്രാബ്ദമായി നിലനില്ക്കുന്നു. വെണ്ണ കട്ട കണ്ണനെ ഈ ശിലയിലാണ് കെട്ടിയിട്ടതെന്നാണ് ഐതിഹ്യം. 1400 വര്‍ഷം മുമ്പ് പല്ലവ രാജാക്കന്മാര്‍ ആനകളെക്കൊണ്ട് ഈ ശില ഇളക്കിമാറ്റാന്‍ ഒരു ശ്രമം നടത്തി. ഫലം നാസ്തി. ഗവര്‍ണറെ ഈ ശിലയൊന്നു കാണിക്കാം. ഭരണഘടനയും ജനങ്ങളും സര്‍ക്കാരുമെല്ലാം സമന്വയിപ്പിച്ച പാറക്കെട്ടുകളിലാണ് ഗവര്‍ണറെന്ന അനങ്ങാപ്പാറയെ കുടിയിരുത്തിയിരിക്കുന്നതെന്ന് അദ്ദേഹത്തോട് ഒന്നു പറഞ്ഞുകൊടുക്കാം. ഗവര്‍ണര്‍ പാറയിലേക്ക് നീട്ടിത്തുപ്പിയിട്ട് പറയും; ഈ പാറ എനിക്കെതിരെ പ്രചാരവേല നടത്തുന്നു. ‘ആര്‍ യു വെണ്ണക്കല്‍, ഗെറ്റൗട്ട്!’ മഹാബലിപുരത്തെ പാറക്കല്ലും പാഠമാകാത്ത ഗവര്‍ണറെ നോക്കി ജനങ്ങള്‍ പറയുന്നു; യൂ ബ്ലഡി ഗവര്‍ണര്‍ ഗെറ്റൗട്ട്’.
ഉലക കപ്പ് കാല്‍‍പ്പന്തു വിളയാട്ടത്തിന് പന്തുരുളാന്‍ ഇനി ഒരാഴ്ച മാത്രം. ലോകഫുട്ബോളില്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഇന്ത്യയുടെയും ഒന്നാം സ്ഥാനത്തുള്ള ചൈനയുടെയും സ്ഥാനം എത്രയെന്നു ചോദിച്ചാല്‍ ഉത്തരം ഒരു മുട്ടപോലെയെന്ന്. ആറു വര്‍ഷം മുമ്പ് നടന്ന ലോകകപ്പു കാലത്ത് ഈ പംക്തിയില്‍ പറഞ്ഞ ഒരു കഥയുണ്ട്. ഒരു ചൈനാക്കാരനും ഇന്ത്യാക്കാരനും ദൈവത്തിന്റെ അടുത്തെത്തി. ചൈനാക്കാരന്‍ ചോദിച്ചു; ഭഗവാനേ, ചൈന ലോകപ്പ് നേടാന്‍ എത്ര കാലമെടുക്കും. ഒരു ഇരുന്നൂറു വര്‍ഷം. ഇന്ത്യാക്കാരന്‍ ചോദിച്ചു, പൊന്ന് ഈശ്വരാ ഇന്ത്യ കപ്പുനേടാന്‍ എത്ര വര്‍ഷം എടുക്കും? ചോദ്യം കേട്ട് ഉടയതമ്പുരാന്റെ കണ്ണുനിറഞ്ഞു. ഗദ്ഗദകണ്ഠനായി ദൈവം പറഞ്ഞു; അന്നു ഞാനുണ്ടാവില്ലല്ലോ! പക്ഷേ, ഫുട്ബോളിലെ സ്ഥാനം മുട്ടപ്പൂജ്യമാണെങ്കിലും ലോകകപ്പില്‍ ഇന്ത്യയും സാന്നിധ്യമറിയിക്കുന്നു. ലോകകപ്പ് ആരാധകര്‍ക്കു വിളമ്പാന്‍ തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്ന് അഞ്ചുകോടി മുട്ടയാണ് ഖത്തറിലെത്തുന്നത്. അടുത്തഘട്ടമായി പത്തുകോടി മുട്ട കൂടി. ഇതുകേട്ടാല്‍ തോന്നും മുട്ട വിഴുങ്ങാനാണോ കളികാണാനാണോ ജനം ഖത്തറിലേക്ക് ഒഴുകുന്നതെന്ന്!


ഇതുകൂടി വായിക്കൂ:  ചെലോല്ടെ റെഡിയാകും ചെലോല്ടെ റെഡിയാവൂല്ല


പണ്ട് ഏറ്റുമാനൂരപ്പന്റെ വിഗ്രഹം കളവ് പോയപ്പോള്‍ അവിടെ സുരക്ഷാ ക്രമീകരണങ്ങള്‍ കുറവായിരുന്നുവെന്നായിരുന്നു പരാതി. ഇതുകേട്ട അന്നത്തെ മുഖ്യമന്ത്രി
ഇ കെ നായനാര്‍ ചോദിച്ചു; ഭഗവാനെന്തിനാടോ പാറാവ്! അന്നത്തെ കാലമല്ല ഇന്നത്തെ കാലം. തിരുപ്പതി വെങ്കിടാചല ഭഗവാന്‍ ഇന്ന് ഒരു കോര്‍പറേറ്റ് മുതലാളിയാണ്. വിപ്രോ, നെസ്‌ലേ, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, എയര്‍ ഇന്ത്യ എന്നിവയെ കവച്ചുവയ്ക്കുന്ന മുതലാളി ഭഗവാന്‍. ബാങ്കുകളില്‍ പത്തേകാല്‍ ലക്ഷം ടണ്‍ സ്വര്‍ണം. ഇന്ത്യയിലാകെ 1600 കോടിയുടെ ഭൂസ്വത്തുക്കള്‍. ബാങ്ക് നിക്ഷേപം 1.96 ലക്ഷം കോടി. ആകെ 2.5 ലക്ഷം കോടിയുടെ മുതലാളിയായ ശ്രീവെങ്കിടേശ്വര കോര്‍പറേറ്റ്. ഭഗവാന്‍ അങ്ങനെയങ്ങ് നെഗളിക്കേണ്ട. ഞങ്ങളുടെ ശ്രീപത്മനാഭസ്വാമിക്കുമുണ്ട് എണ്ണിയാലൊടുങ്ങാത്ത കോടിയുടെ സ്വര്‍ണനാണയങ്ങളും ഊഞ്ഞാലാടാന്‍തക്ക വലിപ്പമുള്ള മാലകളും. അപ്പോള്‍ പറ, ഭഗവാനും വേണ്ടേ പാറാവ്. പ്രതിമാസം ആറരക്കോടി വരുമാനമുള്ള ഗുരുവായൂരപ്പന് എത്ര പാറാവുകാര്‍.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.