17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 7, 2024
September 9, 2024
September 6, 2024
September 2, 2024
June 26, 2024
March 16, 2024
March 15, 2024
March 4, 2024
March 1, 2024
February 16, 2024

മന്ത്രി വാക്ക് പാലിച്ചു; ഭക്ഷ്യധാന്യങ്ങളെത്തി; അഗതിമന്ദിരങ്ങളിൽ ആശ്വാസം

സരിത കൃഷ്ണൻ
കോട്ടയം
July 31, 2022 8:07 pm

ആറ് മാസത്തിനുശേഷം സംസ്ഥാനത്തെ അഗതിന്ദിരങ്ങളിൽ റേഷനരിയും ഗോതമ്പും എത്തി. ആയിരക്കണക്കിന് അഗതികൾ പട്ടിണിയിലാവുമെന്ന ഘട്ടത്തിൽ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് സംസ്ഥാനത്തെ അഗതിമന്ദിരങ്ങളിലേക്കുള്ള റേഷൻ വിതരണം പുനസ്ഥാപിച്ചത്.
സംസ്ഥാനത്ത് സാമൂഹിക ക്ഷേമവകുപ്പിന് കീഴിൽ പ്രവർത്തികുന്ന ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുളള അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ മുതലായ ക്ഷേമ സ്ഥാപനങ്ങൾക്കും പട്ടിക ജാതി പട്ടിക വർഗ്ഗ മറ്റു പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകൾക്കുമാണ് ഈ സ്കീം പ്രകാരം ഭക്ഷ്യ ധാന്യങ്ങൾ നൽകിവരുന്നത്. ഈ സ്ഥാപനങ്ങളിലെ ഓരോ അന്തേവാസിയ്ക്കും പ്രതിമാസം 10. 5 കിലോ അരി 5.65 രൂപ നിരക്കിലും 4.5കിലോ ഗോതമ്പ് 4.15 രൂപ നിരക്കിലും നൽകി വരുന്നു.
സംസ്ഥാനത്ത് അംഗീകാരമുള്ള ക്ഷേമ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ ദർപ്പൺ എന്ന സോഫ്റ്റ് വയർ വഴി വെൽഫെയർ പെർമ്മിറ്റ് അനുവദിച്ചിരുന്നു. എന്നാൽ 2018 ‑2019 സാമ്പത്തിക വർഷത്തിലെ ആദ്യ അലോട്ട്മെന്റിന് ശേഷം ഇതുവരെ ഈ സ്കീമിൽ ഭക്ഷ്യ ധാന്യങ്ങൾ കേന്ദ്രം അനുവദിച്ചിരുന്നില്ല. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പും ഭക്ഷ്യമന്ത്രി ജി ആർ അനിലും പല തവണ ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടുത്തിയിരുന്നു എങ്കിലും പല വിധമായ സാങ്കേതിക തടസങ്ങൾ ഉന്നയിച്ച് കേന്ദ്രം റേഷൻവിഹിതം മുടക്കുകയായിരുന്നു.
എന്നാൽ, 2018 മുതൽ ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളുടെ പട്ടിണി മാറ്റുന്നതിനായി സംസ്ഥാന സർക്കാർ 2837.885 മെട്രിക് ടൺ അരിയും 736.027 മെട്രിക് ടൺ ഗോതമ്പും വിതരണം നടത്തിയിരുന്നു. ഇതിലൂടെ സംസ്ഥാനത്തിന് 1.65 കോടി രൂപയുടെ അധിക ബാദ്ധ്യത ഉണ്ടായിട്ടും അത് കണക്കിലെടുക്കാതെയാണ് റേഷൻ നൽകിവന്നിരുന്നത്. വീണ്ടും കേന്ദ്രം റേഷൻവിഹിതം വെട്ടിക്കുറച്ചതോടെയാണ് ഇത്തരം സ്ഥാപനങ്ങളിലേക്കുള്ള റേഷൻ വിതരണം തടസ്സപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ 1800ലേറെ വരുന്ന സ്ഥാപനങ്ങളിലെ അന്തേവാസികൾ ബുദ്ധിമുട്ടിലാവുമെന്ന് ചൂണ്ടിക്കാട്ടി പി എസ് സുപാൽ എംഎൽഎ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു.
വെൽഫയർ സ്കീം പ്രകാരമുള്ള ഭക്ഷ്യ ധാന്യങ്ങൾ കേന്ദ്രത്തിൽ നിന്നും അനുവദിക്കുന്നതുവരെ ടൈഡ് ഓവർ വിഹിതമായി സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങളിൽ‍ നിന്നും ഇത്തരം സ്ഥാപനങ്ങൾക്ക് മുമ്പ് നൽകിയിരുന്ന അളവിൽ ഈ മാസം മുതൽ ഭക്ഷ്യ ധാന്യങ്ങൾ നൽകുമെന്നായിരുന്നു മന്ത്രിയുടെ അറിയിപ്പ്. ടൈ‍ഡ് ഓവർ വിഹിതമായി കേന്ദ്ര സർക്കാർ അനുവദിച്ചു വന്നിരുന്ന ഗോതമ്പ് നിർത്തലാക്കിയ സാഹചര്യത്തിൽ പകരമായി അരി നൽകുമെന്നും അറിയിച്ചിരുന്നു. ഈ റേഷനാണ് കഴിഞ്ഞ ദിവസം മുതൽ സ്ഥാപനങ്ങളിൽ വിതരണം ചെയ്തു തുടങ്ങിയത്. 

Eng­lish Sum­ma­ry: The min­is­ter kept his word; food grains; Relief in poor houses

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.