22 December 2024, Sunday
KSFE Galaxy Chits Banner 2

ദുരിത മുതലാളിത്തം എന്ന ആധുനിക ഷോക്ക് ചികിത്സ!

ബെൻസി മോഹൻ ജി
April 2, 2022 1:50 pm

1940 കൾ വൈദ്യശാസ്ത്രത്തിലും മന:ശാസ്ത്രത്തിലും ഒട്ടേറെ നാഴികക്കല്ലുകളും, പുരോഗതിയും കണ്ട ഒരു ദശകമായിരുന്നു. ശാസ്ത്രജ്ഞന്മാർ മാനസികരോഗികളെ ചികിത്സിച്ചു ഭേദമാക്കാനായി ഒരു പുതിയ ചികിത്സരീതി കണ്ടുപിടിച്ചത് ആ സമയത്താണ്.
“ഇലക്ട്രിക്ക് ഷോക്ക് ചികിത്സ!”
ഇലക്ട്രിക്ക് ഷോക്ക് തലയിൽ കടത്തിവിട്ട് രോഗികളുടെ മനസ്സിന്റെ രോഗാവസ്ഥ തുടച്ചു വൃത്തിയാക്കി, പുതിയ ശൂന്യമായ ഒരു തുടക്കം നൽകുക എന്നതായിരുന്നു അതിന്റെ പ്രവർത്തനരീതി. ഈ കണ്ടുപിടിത്തത്തെ മറ്റൊരു രീതിയിൽ ദുരുപയോഗിയ്ക്കാനും സാധ്യത ഉണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി. ആരോഗ്യവാന്മാരായ ആൾക്കാരെയും ഷോക്ക് നൽകി തങ്ങളുടെ ആശയങ്ങളുടെ അടിമകളാക്കാൻ കഴിയുമെന്ന സാധ്യതയായിരുന്നു അത്.

1950 കളിൽ ഈ സാധ്യതയെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങൾ ചില കോണുകളിൽ ഉണ്ടായി. അമേരിക്കൻ ചാരസംഘടനയായ സിഐഎ ഇത്തരം പരീക്ഷണങ്ങൾക്കായി കോടിക്കണക്കിന് ഡോളർ ഫണ്ടുകൾ അനുവദിച്ചു. അതിന്റെ ഫലമായി ഉണ്ടാക്കിയ ഒരു രഹസ്യ ഹാൻഡ്ബുക്ക് വിളിച്ചു പറയുന്നത്, രഹസ്യമായി നടത്തപ്പെട്ട ഇത്തരം മാനസിക പരീക്ഷണങ്ങൾ പ്രധാനമായും, തങ്ങളോട് സഹകരിയ്ക്കാത്ത തടവുകാരെ മാനസികമായി തകർക്കാൻ ഉള്ള വഴികൾ രൂപകൽപ്പന ചെയ്യുന്നതിനെപ്പറ്റിയായിരുന്നു എന്നാണ്.
ഇലക്ട്രിക്ക് ഷോക്ക് ഉപയോഗിച്ച് പ്രായപൂർത്തിയായ മനുഷ്യരെ കുട്ടികളുടെപോലെ നിഷ്കളങ്കമായ മാനസികാവസ്ഥയിൽ എത്തിയ്ക്കുക എന്നതായിരുന്നു ഇത്തരം പരീക്ഷണങ്ങളുടെ കാതൽ. അത്തരം ഒരു മാനസികമായ ഒരു അവസ്ഥയിൽ തടവുകാർ അവരുടെ ചോദ്യകർത്താക്കൾ നൽകുന്ന നിർദ്ദേശങ്ങൾ അതുപടി പാലിയ്ക്കുകയും, അവരുടെ വ്യക്തിത്വങ്ങൾ തന്നെ അധികാരികളുടെ താത്പര്യങ്ങൾക്കനുസരിച്ചു മാറ്റി മറിയ്ക്കാൻ കഴിയുകയും ചെയ്യും. ഷോക്ക് നൽകുന്ന തോതും, സമയങ്ങളും അനുസരിച്ചു ഏതു ഘട്ടത്തിലാണ് തങ്ങൾ പറയുന്ന ആശയങ്ങൾ അവർ എതിർപ്പൊന്നും കൂടാതെ അനുസരിയ്ക്കുന്നതെന്നും, കൃത്യമായി മനസ്സിലാക്കാൻ പറ്റുന്ന സാങ്കേതിക വിദ്യകളും ഇത്തരം പരീക്ഷണങ്ങളിലൂടെ രൂപകൽപന ചെയ്യപ്പെട്ടു. ഈ രീതികൾ തങ്ങളുടെ തടവുകാരെ ചോദ്യം ചെയ്യാനും മാറ്റി മറിയ്ക്കാനും ചാരസംഘടന ഉപയോഗിയ്ക്കുകയും ചെയ്തു.

ഷോക്ക് ഉപയോഗിച്ച് ഒരു മനുഷ്യന്റെ മാനസിക നിലയെ പിടിച്ചു കുലുക്കി, തങ്ങൾ പറയുന്നതെന്തും അനുസരിയ്ക്കുന്ന അടിമ ഭാവത്തിൽ എത്തിയ്ക്കുകയും ചെയ്യുന്ന ഈ തന്ത്രം, ഒരു സമൂഹത്തിൽ തന്നെ പ്രയോഗിയ്ക്കുകയാണെങ്കിൽ എന്ത് സംഭവിയ്ക്കും എന്ന് മനസ്സിലാക്കാനായി പരീക്ഷണങ്ങളും പഠനങ്ങളും നടന്നു. സമൂഹത്തിന് ഷോക്ക് കൊടുക്കുന്നത് പല മാർഗ്ഗങ്ങളിലാകാം. അത് ഒരു വലിയ പ്രകൃതിദുരന്തമോ, രൂക്ഷമായ പകർച്ചവ്യാധിയോ, കൊടിയ ഒരു യുദ്ധമോ, തീവ്രവാദി ആക്രമണമോ വഴി ഉണ്ടാകാം. അങ്ങനെ ഒരു ഷോക്ക് സംഭവിയ്ക്കുമ്പോൾ, പരിഭ്രാന്തരായ സമൂഹം അവരെ ഭരിയ്ക്കുന്ന നേതാക്കളെയും, ഭരണകൂടത്തെയും രക്ഷകരായി കാണുകയും, അവർ പറയുന്നത് എന്തും അതേപടി പിന്തുടരുന്ന മാനസികാവസ്ഥയിൽ എത്തുകയും ചെയ്യും എന്ന് പഠനങ്ങൾ തെളിയിച്ചു. ഈ സാമൂഹിക ഷോക്ക് തെറാപ്പിയുടെ വമ്പിച്ച സാധ്യതക്കളെക്കുറിച്ചു ആദ്യമായി മനസ്സിലാക്കിയത് അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞനായ മിൽട്ടൺ ഫ്രിഡ്മാൻ ആയിരുന്നു. വിപണിയിലെ ലാഭം (prof­it in mar­ket) ജീവിതത്തിന്റെ എല്ലാ മേഖലകളെയും നിയന്ത്രിയ്ക്കുന്ന ഒരു സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ഫ്രീഡ്മാൻ.

എല്ലാ വ്യാപാര പരിരക്ഷകളും നിർത്തലാക്കണമെന്നും, എല്ലാ വിലകളും നിയന്ത്രണവിധേയം അല്ലാതാക്കണമെന്നും, സർക്കാർ സൗജന്യസേവനങ്ങൾ ഒഴിവാക്കണമെന്നും നിരന്തരം ആവശ്യപ്പെട്ടിരുന്ന ഒരു യാഥാസ്ഥിതിക ക്യാപ്പിറ്റലിസ്റ്റ് വീക്ഷണമായിരുന്നു അദ്ദേഹം പുലർത്തിയത്. എന്നാൽ ഈ ആശയങ്ങൾ എല്ലായ്പ്പോഴും തൊഴിലാളിവിരുദ്ധവും, തൊഴിലില്ലായ്മ വർദ്ധിപ്പിയ്ക്കുന്നതും, വിലകൾ കുതിച്ചുയർന്ന് ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവിതം കൂടുതൽ ദുഃസ്സഹമാക്കുകയും ചെയ്യുന്നവയായതിനാൽ, വളരെയധികം ജനങ്ങളുടെ എതിർപ്പിനെ ക്ഷണിച്ചു വരുത്തുന്നവയായിരുന്നു. അതിനാൽ തന്നെ ഇവ നടപ്പിലാക്കാൻ ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ തയ്യാറായിരുന്നില്ല. ഇവിടെയാണ് സാമൂഹിക ഷോക്ക് തെറാപ്പി ഉപയോഗിയ്ക്കപ്പെടുത്താൻ ഫ്രീഡ്മാൻ തീരുമാനിച്ചത്. രാജ്യത്തു വലിയ പ്രകൃതിക്ഷോഭങ്ങളോ, ആക്രമണങ്ങളോ മറ്റോ ഉണ്ടായി സമൂഹം ഷോക്കിലാകുന്ന സന്ദർഭങ്ങളിലെല്ലാം, പ്രതിസന്ധി നേരിട്ട ഉടൻ തന്നെ വേദനാജനകമായ എല്ലാ നയങ്ങളും നടപ്പാക്കണമെന്ന് അദ്ദേഹം രാഷ്ട്രീയക്കാരെ ഉപദേശിച്ചു. ആ ഷോക്കിൽ നിന്നും മുക്തരാകാനുള്ള സമയം ജനങ്ങൾക്ക് കിട്ടുന്നതിന് മുൻപ് അത്തരം നയങ്ങൾ നടപ്പിലാക്കിയാൽ, അവയോടുള്ള ജനങ്ങളുടെ എതിർപ്പ് കുറവായിരിയ്ക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. അദ്ദേഹം ഈ രീതിയെ സാമ്പത്തിക ഞെട്ടൽ ചികിത്സ (eco­nom­ic shock treat­ment) എന്ന് വിളിച്ചു.
നമുക്കതിനെ ഞെട്ടൽ സിദ്ധാന്തം (Shock Doc­trine) എന്ന് വിളിയ്ക്കാം.

ലോകമെമ്പാടുമുള്ള മുതലാളിത്ത ഭരണകൂടങ്ങൾ ഈ സിദ്ധാന്തത്തെ പ്രായോഗികമായി നടപ്പാക്കിയിട്ടുണ്ട്. കടുത്ത ജനദ്രോഹപരമായ നയങ്ങൾ ജനങ്ങളുടെ എതിർപ്പ് ഉണ്ടാകാതെ നടപ്പിലാക്കാൻ ഞെട്ടൽ സിദ്ധാന്തം അവരെ സഹായിച്ചിട്ടുണ്ട്. അതിനെക്കുറിച്ചുള്ള ചരിത്രത്തിലേക്കും, വർത്തമാനത്തിലേയ്ക്കുമുള്ള ഒരു അവലോകനയാത്രയാണ് ഞാനിവിടെ നടത്താൻ ഉദ്ദേശിയ്ക്കുന്നത്. ഈ തന്ത്രം 40 വർഷത്തിലേറെയായി നവലിബറലിസം അടിച്ചേൽപ്പിക്കുന്നതിൽ നിശബ്ദ പങ്കാളിയാണ്.

ലോകമെമ്പാടുമുള്ള 40 വര്‍ഷത്തിലേറെയായ നവലിബറലിസത്തിന്റെ ചരിത്രം പരിശോധിച്ചാൽ, എന്നും ഷോക്ക് സിദ്ധാന്തം അതിന്റെ നിശബ്ദമായ പങ്കാളിയായിരുന്നു എന്ന് മനസിലാക്കാം.
ഷോക്ക് തന്ത്രങ്ങൾ വ്യക്തമായ ഒരു മാതൃക പിന്തുടരുന്നു:
നാലു ഘട്ടങ്ങളാണ് അതിനുള്ളത്.
1) ഒരു ദുരന്തത്തിനായി അല്ലെങ്കിൽ പ്രതിസന്ധിക്കായി കാത്തിരിക്കുക (അല്ലെങ്കിൽ. ചിലവ കൃതിമമായി സൃഷ്ടിയ്ക്കുക)
2) “അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ നടപടികൾ” നടത്താനുള്ള രാഷ്ട്രീയതീരുമാനങ്ങൾ ഉണ്ടാകുക, പരിഭ്രാന്തി സൃഷ്ട്ടിച്ചു ജനങ്ങളെ അതിനായി മയപ്പെടുത്തുക
3) ചില അല്ലെങ്കിൽ എല്ലാ ജനാധിപത്യ മാനദണ്ഡങ്ങളും താൽക്കാലികമായി നിർത്തുക
4) തുടർന്ന് കോർപ്പറേറ്റ് ആഗ്രഹപ്പട്ടിക പോലെ നടപടികൾ എത്രയും വേഗം നടപ്പിലാക്കുക..

രാഷ്ട്രീയ നേതാക്കൾ മതിയായ ഹിസ്റ്റീരിയ ഉപയോഗിച്ച് രൂപപ്പെടുത്തിയാൽ, ഏത് പ്രക്ഷുബ്ധമായ സാഹചര്യവും, ഈ മയപ്പെടുത്തൽ പ്രവർത്തനത്തിന് സഹായകമാകുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചു.

ദുരന്തത്തിൽ നിന്ന് അധികാരം ലാഭമുണ്ടാക്കുന്ന വിദ്യ!
ലോകമെമ്പാടും ഒട്ടേറെ ഉദാഹരണങ്ങൾ അതിന് ചരിത്രം നൽകുന്നുണ്ട്.

2003 ൽ അമേരിക്കയുടെ ഇറാക്ക് യുദ്ധം മൂലം എണ്ണവില കുതിച്ചുയർന്നപ്പോൾ, എക്സോൺമൊബിൽ (Exxon­Mo­bil) അമേരിക്കൻ എണ്ണക്കമ്പനി അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭമുണ്ടാക്കുകയുണ്ടായി. എന്ന് മാത്രമല്ല, അമേരിക്ക പിന്തുണച്ച ഇറാക്കിലെ വലതുപക്ഷ പാവ സർക്കാരിനെതിരെ പൊരുതുന്ന, ഇറാക്കിലെ കുർദിസ്ഥാനിൽ ഉള്ള വിമതസർക്കാരുമായി, അവിടെ എണ്ണ പര്യവേഷണത്തിന് ആ കമ്പനി കരാർ ഒപ്പിടുകയും ചെയ്തു. ഇറാക്ക് സർക്കാർ‑കുർദിസ്ഥാൻ വിമതർ തമ്മിലുള്ള ആന്തരിക സംഘർഷം കൂടുതലാക്കി, യുദ്ധം സൃഷ്ടിച്ചു, അതിനെ മുതലാക്കി, എണ്ണ കച്ചവടത്തിലൂടെ വൻ ലാഭം കൊയ്യാനുള്ള ഈ വിജയകരമായ ശ്രമം പൂർത്തിയാക്കിയ, അന്നത്തെ എക്സോൺമൊബിൽ കമ്പനി സി ഇ.ഓ ആയിരുന്ന റെക്സ് ടില്ലെഴ്സൺ (Rex Tiller­son), പിന്നീട് അമേരിക്കൻ സർക്കാരിന്റെ സെക്രെട്ടറി ഓഫ് സ്റ്റേറ്റ് ആയി മാറി എന്നതും ശ്രദ്ധേയമാണ്. അതായത് അക്കാലത്തു നടന്നത് മുഴുവൻ അമേരിക്കൻ സർക്കാരും ആ കമ്പനിയും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമായിരുന്നു എന്ന് ചുരുക്കം. യുദ്ധം എന്ന ഷോക്ക് ആയിരുന്നു അതിന് അവർക്ക് സഹായകമായത്.

അത് പോലെ തന്നെ മുതലാളിത്തം ലാഭമെടുത്ത ഒരു ഷോക്ക് ആയിരുന്നു 2001 സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം. ആ സംഭവത്തോടെ ഭീകരവാദത്തിനെതിരെ “അവസാനിയ്ക്കാത്ത പോരാട്ടം” തുടങ്ങുമെന്ന് പ്രഖ്യാപിച്ച ജോർജ്ജ് ബുഷ് ഭരണകൂടം, അതിനു വേണ്ടി സുരക്ഷനിരീക്ഷണം, പ്രതിരോധം എന്നീ മേഖലകൾ (Home­land Secu­ri­ty and sur­veil­lance industry)
പൂർണ്ണമായും സ്വകാര്യമേഖലയ്ക്ക് തുറന്നു കൊടുത്തു. ഈ മേഖലകളിൽ ഒട്ടേറെ പുതിയ കമ്പനികൾ കൂണ് പോലെ മുളച്ചു വരികയും, അവയും നിലവിലുള്ള ഇത്തരം കമ്പനികളും കോടിക്കണക്കിനു രൂപയുടെ ലാഭം ഉണ്ടാക്കുകയും ചെയ്തു.

അമേരിക്കയിൽ 2005 ആഗസ്റ്റിൽ വീശിയടിച്ച കത്രീന ചുഴലിക്കാറ്റ് ന്യൂ ഒർലീൻസ് എന്ന പട്ടണത്തിൽ കനത്ത നാശനഷ്ടമുണ്ടായി. നൂറുകണക്കിന് ആളുകൾ മരിയ്ക്കുകയും, പതിനായിരക്കണക്കിന് ആൾക്കാരെ മാറ്റി പാർപ്പിയ്ക്കുകയും ചെയ്യേണ്ടി വന്ന ആ പ്രകൃതി ദുരിതം, അന്നത്തെ അമേരിക്കൻ സർക്കാരിന് അവരുടെ നയങ്ങൾ നടപ്പാക്കാനുള്ള ഒരു സുവർണ്ണാവസരമാണ് തുറന്നു കൊടുത്തത്. പഴയ സ്ക്കൂൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ തകർത്ത് പുതിയത് പണിയാനും, ആളുകൾ ഒഴിഞ്ഞു പോയ സ്ഥലങ്ങൾ ഉൾപ്പെടുത്തി അവിടെ ഉണ്ടായിരുന്ന വ്യവസായമേഖലകളുടെയും, പ്ലാന്റുകളുടെയും വിസ്തൃതി കൂട്ടുന്നതിനും ഒക്കെ ഈ അവസരം അവർ ഉപയോഗിച്ചു. ജനങ്ങളുടെ എതിർപ്പ് മൂലം കാലങ്ങളായി നടക്കാതിരുന്ന പ്രോജക്ടുകൾ വളരെ വേഗം അവർ തുടങ്ങി. കോർപ്പറേറ്റ് കമ്പനികളും, വൻകിട കോൺട്രാക്ടർമാരും ബില്ല്യണുകളാണ് ഈ പ്രോജക്ടുകൾ വഴി ലാഭമായി നേടിയത്.

ഇന്ത്യയിൽ ഇമ്മാതിരി നടന്ന സാമൂഹിക “ഷോക്ക് ചികിത്സ’യ്ക്ക് ഏറ്റവും വലിയ ഉദാഹരണമാണ് നരേന്ദ്രമോഡി സർക്കാരിന്റെ “നോട്ടുനിരോധന“ത്തിനു ശേഷം നടന്ന സാമ്പത്തിക പരിഷ്‌കാരങ്ങൾ. പ്രത്യേകിച്ചും, ജനങ്ങൾ നോട്ടുനിരോധനത്തിന്റെ ഷോക്കിൽ നിന്നും മോചിപ്പിയ്ക്കപ്പെടുന്നതിന് മുൻപായി, ബാങ്കിങ് മേഖലയിൽ നടന്ന പരിഷ്‌കാരങ്ങൾ.
ഇന്ത്യയിൽ ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ മിക്കവയും സൗജന്യമായിരുന്നു. ആ സൗകര്യം എടുത്തു കളഞ്ഞു, ഭൂരിപക്ഷം സേവനങ്ങൾക്കും സർവ്വീസ് ചാർജ്ജ് ഏർപ്പെടുത്തിയത് അപ്പോഴാണ്. സാധാരണ അവസ്ഥയിൽ ജനങ്ങളിൽ നിന്നും വൻപ്രതിഷേധം വരുത്തി വയ്ക്കുമായിരുന്ന ഈ പരിഷ്‌കാരങ്ങൾ, യാതൊരു ബുദ്ധിമുട്ടും കൂടാതെ നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞത് നോട്ടുനിരോധനം ഉണ്ടാക്കിയ ഷോക്ക് എഫക്റ്റ് കൊണ്ടാണ് എന്ന് കാണാം. കൊറോണ രോഗബാധ സൃഷ്‌ടിച്ച ഷോക്ക് മുതലെടുത്ത്, അമേരിക്കയും, ഇന്ത്യയും അടക്കമുള്ളയിടങ്ങളിൽ ഭരണകൂടങ്ങൾ വൻകിടകമ്പനികളുടെ കടങ്ങൾ എഴുതിത്തള്ളാനും, പാരിസ്ഥിതിക നിയമങ്ങളെ മയപ്പെടുത്തി വൻകിട പ്രൊജെക്റ്റുകൾക്ക് അനുമതി നൽകിയതും ലോകം കണ്ടു.

കൊറോണയുടെ ദുരിതകാലത്ത് മോഡി ഭരണകൂടം കാർഷിക ഭേദഗതി ബില്ല് കൊണ്ടുവന്നതും, പൊതുമുതൽ സ്വകാര്യവൽക്കരണം ത്വരിതപ്പെടുത്തിയതും ഒക്കെ ഷോക്ക് ക്യാപ്പിറ്റലിസത്തിന്റെ ക്‌ളാസ്സിക്ക് ഉദാഹരണങ്ങളാണ്. ഷോക്ക് ക്യാപ്പിറ്റലിസം ഒരു വർത്തമാനകാല യാഥാർഥ്യമാണ് എന്ന സത്യത്തെ ഉൾകൊള്ളുമ്പോൾ തന്നെ, അതിനെ എങ്ങനെ നേരിടാൻ കഴിയും എന്നതിലും ചിന്തകൾ ആവശ്യമാണ്. ഒരു ദുരിതം സൃഷ്‌ടിച്ച ഷോക്ക് നേരിടുമ്പോഴും, അതിൽ തല മരവിയ്ക്കപ്പെടാതെ, ചുറ്റും നടക്കുന്ന കാര്യങ്ങളെ കൃത്യമായി വിശകലനം ചെയ്തു മനസ്സിലാക്കുകയും, അതിനെ അവസരമായി കണ്ടു നമ്മെ ചൂഷണം നടത്താൻ മുതലാളിത്ത ശക്തികളെ അനുവദിയ്ക്കാതിരിയ്ക്കുകയും ചെയ്യുക എന്നതാകും ഏറ്റവും പ്രായോഗികമായ നിർദ്ദേശം.

Eng­lish Summary:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.