21 September 2024, Saturday
KSFE Galaxy Chits Banner 2

ചരിത്രത്തിലാദ്യമായി വടക്കന്‍ അയര്‍ലന്‍ഡില്‍ ദേശീയ പാര്‍ട്ടിക്ക് വിജയം

Janayugom Webdesk
ബെല്‍ഫസ്റ്റ്
May 9, 2022 9:46 am

വടക്കന്‍ അയര്‍ലന്‍ഡിന്റെ ചരിത്രത്തിലാദ്യമായി ദേശീയ പാര്‍ട്ടിയായ സിന്‍ ഫെയ്‍ന് തെരഞ്ഞെടുപ്പില്‍ വിജയം. 90 അംഗ നിയമസഭയില്‍ 27 സീറ്റുകളാണ് സിന്‍ ഫെയ്‍ന്‍ നേടിയത്. രണ്ട് പതിറ്റാണ്ടായി വടക്കന്‍ അയര്‍ലന്‍ഡിന്റെ മുഖ്യകക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി 24 സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 101 വർഷം മുമ്പ് വടക്കൻ അയർലൻഡ് രൂപപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഒരു ദേശീയ പാർട്ടി, ബ്രിട്ടീഷ് ദേശീയതയ്ക്ക് പകരം ഐറിഷ് ദേശീയവാദം ഉന്നയിക്കുന്ന, ഒരു പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്.

സായുധ വിഘടനവാദ പ്രസ്ഥാനമായ ഐറിഷ് റിപ്പബ്ലിക്കൻ ആര്‍മിയുടെ രാഷ്ട്രീയ ശബ്ദമായിരുന്ന സിൻ ഫെയ്‍ന് തെരഞ്ഞെടുപ്പ് വി‍ജയം ഒരു നാഴികകല്ലാണ്. സിന്‍ ഫെയ്‍നിന്റെ വിജയത്തിന്റെ തീവ്രത വടക്കന്‍ അയര്‍ലന്‍ഡിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണുള്ളത്. വടക്കൻ അയർലന്‍ഡിനെ റിപ്പബ്ലിക് ഓഫ് അയർലന്‍ഡുമായി ഒന്നിപ്പിക്കുകയാണ് സിന്‍ ഫെയ്‍നെ സംബന്ധിച്ചുള്ള ആത്യന്തിക ലക്ഷ്യം. ഐറിഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സായുധ വിപ്ലവം ഉപേക്ഷിച്ച ശേഷം, ഒരു ഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയായി വികസിച്ച സിന്‍ ഫെയ്ന്‍, ബ്രിട്ടീഷ് ഭരണത്തിന് അറുതി വരുത്തുകയെന്ന ലക്ഷ്യത്തിനൊപ്പം സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജനപ്രീതി നേടിയത്.

എന്നാല്‍ വടക്കൻ അയർലന്‍ഡിലെ പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ നിന്ന് ഫലത്തിൽ പാര്‍ട്ടിക്ക് യാതൊരു പിന്തുണയും ലഭിച്ചിട്ടില്ല. പ്രൊട്ടസ്റ്റന്റ് ഭൂരിപക്ഷ പിന്തുണയുള്ള മൂന്ന് ബ്രിട്ടീഷ് അനുകൂല പാർട്ടികൾ തമ്മിലുള്ള ഭിന്നത സിന്‍ ഫെയ്‌നിന്റെ മുന്നേറ്റത്തിന് കാരണമായി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അധികാരത്തില്‍ വന്നാല്‍ ബ്രിട്ടീഷ് യൂണിയനില്‍ നിന്ന് പുറത്തുപോകാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും ഇല്ലെന്നുമുള്ള വിലയിരുത്തലുകളുമുണ്ട്.

എന്നാല്‍ ഭൂരിപക്ഷ വിജയത്തിനിടയിലും സിന്‍ ഫെയ്‍ന് സര്‍ക്കാര്‍ രൂപീകരിക്കാനാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. അധികാരം പങ്കിടൽ നിയമങ്ങൾ പ്രകാരം, പ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്യാനുള്ള അവകാശം സിന്‍ ഫെയ്‌നുണ്ട്. എന്നാൽ രണ്ടാം സ്ഥാനക്കാരായ പാർട്ടി ഒരു ഉപപ്രധാനമന്ത്രിയെ നാമനിർദേശം ചെയ്യാൻ വിസമ്മതിച്ചാല്‍ പ്രധാനമന്ത്രിക്ക് അധികാരമേൽക്കാൻ കഴിയില്ല. സിന്‍ ഫെയ്ൻ നേതാവ് മിഷേൽ നീലിനെയാകും പാര്‍ട്ടി നാമനിര്‍ദേശം ചെയ്യുക.

ബ്രിട്ടനിൽ നിന്ന് വടക്കൻ അയർലന്‍ഡിലേക്ക് പ്രവേശിക്കുന്ന ചരക്കുകളുടെ ബ്രെക്‌സിറ്റ് പരിശോധന നീക്കം ചെയ്യുന്നതുവരെ ഉപപ്രധാനമന്ത്രിയെ നിര്‍ദേശിക്കില്ലെന്നാണ് യൂണിയനിസ്റ്റുകളുടെ നിലപാട്. വടക്കന്‍ അയർലന്‍ഡിന്റെ ബ്രെക്‌സിറ്റ് പ്രോട്ടോക്കോൾ പരിഷ്‌കരിക്കുന്നതിന് യുകെ സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് നിയമ സെക്രട്ടറി ഡൊമിനിക് റാബ് അറിയിച്ചിട്ടുണ്ട്.

Eng­lish summary;the Nation­al Par­ty won in North­ern Ireland

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.