2 November 2024, Saturday
KSFE Galaxy Chits Banner 2

തോല്‍വി ഭയക്കുന്നവരുടെ വെപ്രാളങ്ങള്‍

Janayugom Webdesk
April 1, 2024 5:00 am

പ്രതിപക്ഷ വേട്ട നടത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ വിനീത വിധേയരായി എല്ലാ ഏജന്‍സികളും കഴിഞ്ഞ കുറേക്കാലമായി അമിത ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായ നികുതി (ഐടി) വകുപ്പ്, സിബിഐ, എന്‍ഐഎ തുടങ്ങിയ എല്ലാ ഏജന്‍സികളുടെയും മേധാവികള്‍ മോഡി — അമിത് ഷാ പ്രഭൃതികളുടെ വീട്ടുജോലിക്കാരും ബിജെപി ഓഫിസില്‍ നിന്ന് വേതനം പറ്റുന്നവരുമാണെന്ന രീതിയിലാണ് അടിമപ്പണി ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലാവരും അവര്‍ക്കാകാവുന്നതുപോലെ ചെയ്തുവരികയാണെങ്കിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അമിത ജോലി ചെയ്യുന്ന ഇഡി, സിബിഐ, എന്‍ഐഎ എന്നിവയെ അപേക്ഷിച്ച് ഐടി വകുപ്പ് അല്പം പിറകിലായിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത്, മോഡിയുടെ പരാജയ ഭീതി ശക്തമായതോടെ അവര്‍ കെട്ടഴിഞ്ഞുപോയ ഭീകരജീവിയെപ്പോലെ അഴിഞ്ഞാടുകയാണ് ഇപ്പോള്‍.


ഇതുകൂടി വായിക്കൂ: യുഡിഎഫ് കാണിക്കേണ്ട രാഷ്ട്രീയ ധാര്‍മ്മികത


ഇന്നലെയും കോണ്‍ഗ്രസിന് ആദായനികുതി വകുപ്പില്‍ നിന്നുള്ള നോട്ടീസ് ലഭിച്ചു. 1746 കോടി രൂപ പിഴയൊടുക്കണമെന്നാവശ്യപ്പെട്ടുള്ളതായിരുന്നു നോട്ടീസ്. 2014–15 മുതല്‍ 2016–17 വരെയുള്ള കണക്കുകള്‍ പരിശോധിച്ചുള്ളതാണ് പുതിയ നോട്ടീസ്. 2014–15 വര്‍ഷങ്ങളിലെ ആദായ നികുതി രേഖകള്‍ സമര്‍പ്പിച്ചതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് പിഴയൊടുക്കല്‍ കടലാസുകള്‍ നല്‍കിയിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്ന പിഴത്തുക 3567 കോടി രൂപയായി. നേരത്തെ 2014–15 (663 കോടി), 2015–16 (664 കോടി), 2016–17 (417 കോടി) വര്‍ഷങ്ങളിലെ പിഴയൊടുക്കുന്നതിന് നോട്ടീസ് നല്‍കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളില്‍ നിന്ന് സ്വരൂപിക്കുന്ന ഫണ്ടിന് നികുതിയിളവ് അനുവദനീയമാണ്. എങ്കിലും കൃത്യമായി കണക്കുകള്‍ നല്‍കേണ്ടത് ഓരോ പാര്‍ട്ടികളുടെയും ഉത്തരവാദിത്തവുമാണ്. യഥാസമയം അത് നല്‍കാത്തവര്‍ക്കെതിരെ അതാത് ഘട്ടങ്ങളില്‍ നോട്ടീസ് അയക്കുവാനും വിശദീകരണം തേടാനും ഐ­ടി വകുപ്പിന് അധികാരവുമുണ്ട്. എന്നാല്‍ ഇവിടെ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളെ സാമ്പത്തികമായി ഞെരുക്കുന്നതിനും സാമ്പത്തിക കുറ്റവാളികളാണെന്ന് ചിത്രീകരിക്കുവാനുമുള്ള ബോധപൂര്‍വമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. എഎപി, കോണ്‍ഗ്രസ് നേതാക്കള്‍ക്കും നോട്ടീസ് ലഭിച്ചതായി സ്ഥിരീകരണമുണ്ടായിട്ടുണ്ട്. ഇതോടൊപ്പം ത­ന്നെ ഇടതുപാര്‍ട്ടികള്‍ക്ക് ഉള്‍പ്പെടെ നോട്ടീസ് അയച്ചുവെന്നും പിഴയൊടുക്കുവാന്‍ ആവശ്യപ്പെട്ടെന്നും വാര്‍ത്ത പ്രചരിപ്പിച്ചു. പഴയ പാ­ന്‍കാര്‍ഡ് നമ്പര്‍ ചേര്‍ത്തതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഐക്ക് ലഭിക്കുകയും വിശദീകരണം നല്‍കുകയും ചെയ്ത നോട്ടീസ് പുതിയതെന്ന രീതിയില്‍ ഐടി വിഭാഗത്തിന്റെ ഭാഗത്തുനിന്ന് പ്രചരിപ്പിക്കുകയാണ് ചെയ്തത്.


ഇതുകൂടി വായിക്കൂ: കേരളത്തെ ഞെരുക്കുന്ന കേന്ദ്രവും കൂട്ടുനില്‍ക്കുന്ന യുഡിഎഫും


സിപിഐ(എം)നെതിരെയും ഇതേ രീതിയില്‍ പ്രചരണമുണ്ടായി. കോണ്‍ഗ്രസിനെയെന്നതുപോലെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെയും സാമ്പത്തികമായി പൂട്ടുക എന്ന ദുരുദ്ദേശ്യം ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് കരുതണം. പഴയ കണക്കുകളുടെ പേരില്‍ കോണ്‍ഗ്രസിന് പിഴയൊടുക്കുവാന്‍ നോട്ടീസ് നല്‍കിയതും തീര്‍പ്പാക്കിയ കേസുകള്‍ പുതിയതാണെന്ന് പ്രചരിപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ സാമ്പത്തിക കുറ്റവാളികളാണെന്ന് വരുത്തുന്നതിനുമുള്ള നടപടി യാദൃച്ഛികമാണെന്ന് കരുതുവാനും കഴിയില്ല. കാരണം രണ്ടാണ്. ഒന്ന് ഈ നോട്ടീസുകളും മറുപടിയും തീര്‍പ്പാക്കലുമൊക്കെ കക്ഷികളും ഐടിയും തമ്മില്‍ മുമ്പ് നടന്നവയാണ്. അതില്‍ മറുപടിയും തീര്‍പ്പാക്കിയ ഭാഗവും ഒഴിവാക്കി നോട്ടീസ് നല്‍കിയെന്ന വിവരം മാത്രം പ്രചരിപ്പിക്കപ്പെടണമെങ്കില്‍ അതിന് പിന്നില്‍ കുറുക്കന്‍ ബുദ്ധി തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് ഐടിക്ക് ഏതോ ഉന്നതങ്ങളില്‍ നിന്ന് ലഭിച്ച ആജ്ഞയുടെ വിധേയ പരിപാലനവുമാണ്. രണ്ടാമത്തേത്, 10 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കണക്കുകള്‍ക്കാണ് കോണ്‍ഗ്രസിന് പിഴയടയ്ക്കുവാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇത്രയും കാലം ഐടി വകുപ്പ് നടപടിയെടുക്കാതിരുന്നത് അന്ന് അതില്‍ പിശക് കണ്ടെത്താത്തതിനാല്‍ ആയിരിക്കുമല്ലോ.


ഇതുകൂടി വായിക്കൂ: കോഴ നിയമവല്‍ക്കരിച്ച് കോടികള്‍ കൊയ്ത ബിജെപി


ഇലക്ടറല്‍ ബോണ്ട് എന്ന വന്‍ കുംഭകോണത്തിന്റെ പാപക്കറയില്‍ മുങ്ങിനില്‍ക്കുകയാണ് ബിജെപി. ഇതുവരെ ഒളിപ്പിച്ചുവച്ച എല്ലാ കോഴ ഇടപാടുകളും കുത്തിയൊഴുകി പുറത്തെത്തിയപ്പോള്‍ അഴിമതിക്കെതിരാണ് തങ്ങളെന്ന മോഡിയുടെ അവകാശവാദവും ഗോദി മീഡിയകളെ ഉപയോഗിച്ച് പണംകൊടുത്തുണ്ടാക്കിയ വാര്‍ത്തകളിലൂടെ സൃഷ്ടിക്കാന്‍ ശ്രമിച്ച പ്രതിച്ഛായയും തകര്‍ന്നടിഞ്ഞു. അങ്ങനെ മുഖം വികൃതമായി നില്‍ക്കുമ്പോള്‍ എല്ലാവരും സാമ്പത്തിക കുറ്റവാളികളാണെന്ന് വരുത്തുന്നതിന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിത് എന്ന് വ്യക്തം. മോഡിയുടെയും അമിത് ഷായുടെയും അന്തഃപുരങ്ങളിലാണ് ഇതിന്റെ വേരുകള്‍ എന്നതിലും സംശയമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച കണക്കുകൂട്ടലുകള്‍ പരിശോധിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഏജന്റുമാര്‍ പരാജയമാണ് മുന്നില്‍ കാണുന്നതെന്ന് ഓരോ ദിവസം കഴിയുന്തോറും ബോധ്യമായിക്കൊണ്ടിരിക്കുകയാണ്. അത് ഇരുവരെയും വിറളി പിടിപ്പിക്കുകയും ചെയ്യുന്നുണ്ട്. തോല്‍ക്കുന്നവരല്ലെങ്കില്‍ ഹീനവും നികൃഷ്ടവുമായ യുദ്ധ തന്ത്രങ്ങള്‍ പ്രയോഗിക്കേണ്ടതില്ല. തോല്‍ക്കാനുറച്ചാല്‍ ആവനാഴിയിലെ അവസാന ആയുധങ്ങള്‍ പ്രയോഗിക്കുമെന്നത് പുരാണങ്ങളിലായാലും ആധുനിക കാലത്തായാലും യുദ്ധത്തെക്കുറിച്ചുള്ള വിചാരങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ നാം കാണുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.