December 1, 2023 Friday

ഇന്ത്യ സഖ്യത്തിന്റെ പ്രകടനം പ്രതീക്ഷ നൽകുന്നത്

ഡോ. ഗ്യാന്‍ പഥക്
September 13, 2023 4:30 am

ഇന്ത്യ സഖ്യം രൂപീകരിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ എൻഡിഎയെ മറികടന്ന് മേൽക്കെെ നേടിയിരിക്കുന്നു. 28 പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഇന്ത്യ സഖ്യവും 39 കക്ഷികളെ ചേർത്തു നവീകരിച്ച ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും ആദ്യ തെരഞ്ഞെടുപ്പ് ഫലം രുചിച്ചിരിക്കുകയാണ്. സെപ്റ്റംബർ അഞ്ചിന് ഝാർഖണ്ഡിലെ ധുമ്രി, പശ്ചിമ ബംഗാളിൽ ധുപ്ഗുരി, ത്രിപുരയിൽ ബോക്സാനഗർ, ധൻപൂർ, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ, കേരളത്തിലെ പുതുപ്പള്ളി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ധുപ്ഗുരി, ധുമ്രി, ഘോസി, പുതുപ്പള്ളി (ഇവിടെ പ്രത്യേക സാഹചര്യമാണെങ്കിലും) എന്നിവിടങ്ങളിലാണ് ഇന്ത്യ സഖ്യ കക്ഷികൾ ജയിച്ചത്. ബോക്സാനഗർ, ധൻപൂർ, ബാഗേശ്വർ എന്നിവിടങ്ങളിൽ ബിജെപിയും ജയിച്ചു. ഫലത്തിന്റെ മറ്റൊരു വശവും ശ്രദ്ധേയമാണ്, ഇന്ത്യ സഖ്യം വിജയിച്ച നാലു സീറ്റുകളിലും വ്യത്യസ്ത സാഹചര്യങ്ങളിലാണെങ്കിലും ജയിച്ചത് അതിന്റെ വ്യത്യസ്ത ഘടകകക്ഷികളാണ് എന്നതാണത്. പശ്ചിമ ബംഗാളിലെ ധുപ്ഗുരിയിൽ ടിഎംസി വിജയിച്ചത്പോലെ, ജെഎംഎം ഝാർഖണ്ഡിലെ ധുമ്രിയിലും എസ്‌പി ഉത്തർപ്രദേശിൽ ഘോസിയിലും കോൺഗ്രസ് പുതുപ്പള്ളിയിലും വിജയിച്ചു.

 


ഇതുകൂടി വായിക്കൂ; മറച്ചു പിടിക്കപ്പെട്ട യാഥാർത്ഥ്യങ്ങൾ


ഉത്തർപ്രദേശിലെയും ഝാർഖണ്ഡിലെയും വിജയമാണ് ഇതിൽ പ്രധാനം. ഇത് ഇന്ത്യ സഖ്യത്തിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. ഇവിടെ രണ്ടിടങ്ങളിലും ഇന്ത്യ സഖ്യം സീറ്റ് പങ്കിടലിൽ കാട്ടിയ സമവായം ഭാവിയിലേക്കുള്ള ചൂണ്ടുപലകയാകേണ്ടതുമാണ്. അങ്ങനെ വന്നാൽ വീണ്ടും പ്രധാനമന്ത്രിയാകാൻ രാജ്യം മുഴുവൻ ഓടിനടക്കുന്ന നരേന്ദ്ര മോഡിക്കും എൻഡിഎ സഖ്യത്തിനും അത് വലിയ വെല്ലുവിളിയാകുമെന്നതിൽ തർക്കമില്ല. സീറ്റ് പങ്കിടലിൽ മാത്രമല്ല ഒറ്റക്കെട്ടായി മത്സരിക്കുന്നതിനും ഇന്ത്യ സഖ്യകക്ഷികള്‍ക്ക് സാധിക്കുമെന്നും ഈ ഫലങ്ങൾ തെളിയിക്കുന്നുണ്ട്. അതേസമയം ഇതിന്റെ മറുവശത്ത് ബിജെപി നേടിയ മൂന്ന് സീറ്റുകളിലെ വിജയം അവർക്ക് മാത്രം അവകാശപ്പെട്ടതാണ്. ബിജെപി നേതൃത്വത്തിന് അവരുടെ സഖ്യകക്ഷികളോടുള്ള സാഹോദര്യമനോഭാവത്തിലെ അഭാവവും സീറ്റുകൾ നൽകുന്നതിലെ അലംഭാവവും വ്യക്തമാണ്. ഇവിടെല്ലാം തന്നെ എണ്ണത്തിൽ കൂടുതലാണെങ്കിലും തെരഞ്ഞെടുപ്പ് ചിത്രത്തിൽ വലിയ പങ്കാളിത്തം ലഭിക്കാത്തവയാണ് ബിജെപിയുടെ സഖ്യകക്ഷികൾ. ത്രിപുരയിലെ രണ്ടും ഉത്തരാഖണ്ഡിലെ ഒന്നും സീറ്റുകളിലെ ബിജെപി വിജയം അവിടെയുണ്ടായിരിക്കുന്ന സാമുദായിക ധ്രുവീകരണത്തിന്റെയും തെരഞ്ഞെടുപ്പ് ക്രമക്കേടുകളുടെയും ഫലമായാണ് എന്നതും പ്രസക്തമാണ്. മറ്റ് നാല് സംസ്ഥാനങ്ങളിലും-പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ‑സാമുദായിക ധ്രുവീകരണം ഫലം കണ്ടതുമില്ല. അനുയായികൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഉണ്ടെന്ന് കരുതപ്പെടുന്ന വ്യക്തിപ്രഭാവം മങ്ങുന്നുവെന്നും വലിയ സംസ്ഥാനങ്ങളിൽ ബിജെപി-ആർഎസ്എസ് കൂട്ടുകെട്ടിന്റെ അടിത്തറ ദുർബലമാകുന്നുവെന്നുമുള്ള സംശയം ബലപ്പെടുത്തുന്നതിനും ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇടയാക്കുന്നുണ്ട്. ബിജെപി നേതൃത്വത്തിന് ഇത് കൂടുതൽ ആശങ്കയ്ക്ക് ഇട നൽകുന്നുണ്ടെന്നതും യാഥാർത്ഥ്യമാണ്. പ്രത്യേകിച്ച് ബംഗാൾ, ഝാർഖണ്ഡ്, യുപി സംസ്ഥാനങ്ങളെ സംബന്ധിച്ച്. കാരണം ഇവിടെ നിന്ന് ആകെ 136 ലോക്‌സഭാംഗങ്ങൾ തെരഞ്ഞെടുക്കപ്പെടുന്നതാണ്. കേരളം 20 പേരെ തെരഞ്ഞെടുത്ത് അയയ്ക്കുന്നുണ്ടെങ്കിലും അവിടെ നിന്ന് ബിജെപിക്ക് ഒന്നും നേടാനില്ല.

ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം രണ്ട്, അഞ്ച് വീതം അംഗങ്ങൾ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പുകളിലുണ്ടായ തോൽവി, മൂന്നാംതവണയും പ്രധാനമന്ത്രി പദത്തിന് കാത്തിരിക്കുന്ന നരേന്ദ്ര മോഡിയെ സംബന്ധിച്ച് പ്രാധാന്യമർഹിക്കുന്നതാണ്. ബംഗാളിലും യുപിയിലും നിന്ന് യഥാക്രമം 16, 62 സീറ്റുകൾ വീതം ബിജെപിക്ക് നിലവിലുണ്ടെന്നതുകൊണ്ടുതന്നെ പ്രധാനമന്ത്രി മോഡി വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ എളുപ്പത്തിൽ തോല്പിക്കുവാൻ കഴിയാത്തവിധം ഇന്ത്യ സഖ്യകക്ഷികൾ ശക്തമാണെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) തങ്ങളുടെ മേൽക്കൈ സ്ഥാപിച്ചപ്പോൾ യുപിയിൽ പ്രധാനമന്ത്രി മോഡിയുടെയും മുഖ്യമന്ത്രി ആദിത്യനാഥിന്റെയും യോജിച്ച പ്രചരണങ്ങളുണ്ടായിട്ടും സമാജ്‌വാദി പാർട്ടി (എസ്‌പി) കൂടുതൽ ശക്തവും വിജയസാധ്യതയുമുള്ളതായി മാറുകയും ചെയ്തു.
തൃണമൂൽ നേതാവ് നിർമൽ ചന്ദ്ര റോയ് ധുപ്ഗുരിയിൽ ബിജെപിയുടെ തപസി റോയിയെ 4309 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. ഝാർഖണ്ഡിലെ ധുമ്രിയിൽ ജെഎംഎമ്മിലെ ബേബി ദേവി എജെഎസ്‌യു പാർട്ടിയുടെ യശോദാ ദേവിയെ പരാജയപ്പെടുത്തിയത് 17,153 വോട്ടുകൾക്കും. യുപിയിലെ ഘോസിയിൽ എസ്‌പിയുടെ സുധാകർ സിങ്, ബിജെപിയുടെ ദരാ സിങ് ചൗഹാനെ 42,759 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തോല്പിച്ചത്. വൻഭൂരിപക്ഷം സൂചിപ്പിക്കുന്നത് ബിജെപിക്ക് കാര്യമായ തോൽവിയുണ്ടായി എന്നാണ്. ഝാർഖണ്ഡിലെയും ഉത്തർപ്രദേശിലെയും ബിജെപിയുടെ അടിത്തറയിൽ ഇടിവുണ്ടായെന്നാണ് മനസിലാക്കേണ്ടത്. ഇത് ഇന്ത്യൻ സഖ്യത്തിന് നേട്ടമാണ്. പശ്ചിമ ബംഗാളിനെ സംബന്ധിച്ചാണെങ്കിൽ ടിഎംസി ബിജെപിയെ വ്യക്തമായി അടിയറവ് പറയിക്കുകയായിരുന്നു.


ഇതുകൂടി വായിക്കൂ; മതേതര ഇന്ത്യ ബ്രാഹ്മണഭാരത്!


യുപി തെരഞ്ഞെടുപ്പ് ഫലം എസ്‌പിക്കും ഇന്ത്യ സഖ്യത്തിനും ആത്മവിശ്വാസം പകരുന്നതായി. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഘോസി മണ്ഡലത്തിൽ എസ്‌പിക്ക് 1,08,430, ബിജെപിക്ക് 86,214 വോട്ടുകൾ വീതമാണ് ലഭിച്ചത്. ഇത്തവണ എസ്‌പിയുടെ വോട്ടു വിഹിതം 1,24,427 ആയി വർധിച്ചു. അതേസമയം ബിജെപിയുടേത് 81,668 വോട്ടായി കുറഞ്ഞു. മുഖ്യമന്ത്രി ആദിത്യനാഥിന്റെ ജനപ്രീതിയിൽ ഇടിവ് വരുന്നുണ്ടെന്നും എസ‌് പിയുടെയും അതിന്റെ നേതാവ് അഖിലേഷ് യാദവിന്റെയും ജനകീയാംഗീകാരം വർധിക്കുന്നുവെന്നുമാണ് ഇത് തെളിയിക്കുന്നത്. ബിജെപി കേന്ദ്ര‑സംസ്ഥാന നേതൃത്വങ്ങൾക്ക് ആത്മവിശ്വാസക്കുറവുണ്ടാക്കുന്നതുമാണിത്.
ഝാർഖണ്ഡിൽ നിയമസഭാ മണ്ഡലത്തിൽ ജെഎംഎം 1,00,317 വോട്ടുകളാണ് നേടിയത്. 2019ൽ 71,128 വോട്ടുകളായിരുന്നു അവരുടെ വിഹിതം. അതേസമയം 2019ൽ 36,840 വോട്ടു നേടിയ എജെഎസ്‌യുവിന്റെ എതിർസ്ഥാനാർത്ഥിക്ക് ഇത്തവണ 83,164 വോട്ടുകളുണ്ടായിരുന്നു. ഇതിനുള്ള കാരണം ബിജെപി പിന്തുണയായിരുന്നു. കഴിഞ്ഞ തവണ ഇവിടെ ബിജെപിക്ക് സ്വന്തം സ്ഥാനാർത്ഥിയുണ്ടായിരുന്നു. അവർക്ക് 36,013 വോട്ടുകളും ലഭിച്ചിരുന്നു. ഇന്ത്യ സഖ്യകക്ഷിയായ ജെഎംഎംന്റെ വോട്ടു വിഹിതം ഗണ്യമായി വർധിച്ചെങ്കിലും എൻഡിഎയ്ക്ക് അത്രയും വർധനയുണ്ടായില്ലെന്ന് നിസംശയം പറയാവുന്നതാണ്.
പശ്ചിമ ബംഗാളിലെ വിധി ബിജെപിയെ ഞെട്ടിക്കുന്നതായിരുന്നു. 2019ൽ ബിജെപി ജയിച്ച ധുപ്ഗുരിയിൽ അവർക്ക് 1,04,688 വോട്ടുകൾ ലഭിച്ചപ്പോൾ ടിഎംസിക്ക് 1,00,333 വോട്ടുകളാണ് കിട്ടിയത്. രണ്ടു പാർട്ടികൾക്കും വോട്ടുചോർച്ചയുണ്ടെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇത്തവണ ബിജെപിക്ക് 93,304, ടിഎംസിക്ക് 97,613 വോട്ടുകളാണ് ലഭിച്ചത്. മണ്ഡലം നഷ്ടമായെന്നു മാത്രമല്ല ബിജെപിയുടെ അടിത്തറ ടിഎംസിയെക്കാൾ കുറയുന്നുവെന്നും ഇതിലൂടെ വിലയിരുത്താവുന്നതാണ്. പശ്ചിമ ബംഗാളിലെ ബിജെപിയുടെ രാഷ്ട്രീയസാധ്യത മങ്ങുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
ഇന്ത്യ സഖ്യം ഇതിനകംതന്നെ പ്രധാനമന്ത്രി മോഡിക്കും ബിജെപിക്കുമെതിരായ ശ്രദ്ധേയമായ രാഷ്ട്രീയ സഖ്യമായി ഉയർന്നുകഴിഞ്ഞുവെന്നും ബിജെപിയുടെ നില താഴേക്കാണെന്നും തന്നെയാണ് ഈ മാസം നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നത്.
(ഇന്ത്യ പ്രസ് ഏജൻസി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.