18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 14, 2024
October 29, 2024
August 6, 2024
July 17, 2024
May 24, 2024
May 13, 2024
May 12, 2024
May 11, 2024
May 7, 2024
May 3, 2024

വൈദ്യുതി പ്രതിസന്ധി ഗുരുതരം

ജയനാരായണന്‍
May 10, 2022 5:13 am

കൽക്കരിക്ഷാമത്തെ തുടർന്ന് രാജ്യം വൈദ്യുതി പ്രതിസന്ധിയെ നേരിടുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ പവർകട്ട് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത ഉഷ്ണം ഉണ്ടായതിന്റെയും കോവിഡ് രോഗബാധ കുറഞ്ഞതിന്റെ ഫലമായി ആഭ്യന്തര ഉല്പാദക മേഖലകളിൽ ഉണർവ് വന്നതിന്റെയും പശ്ചാത്തലത്തിൽ വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നു. റഷ്യ — ഉക്രെയ്ൻ യുദ്ധപശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ കൽക്കരിയുടെ വില കുത്തനെ ഉയർന്നതിനെത്തുടർന്ന് ഇറക്കുമതി കുറയാൻ ഇടയായതും രാജ്യത്തെ കൽക്കരിക്ഷാമത്തിന് കാരണമായി.

രാജ്യത്തെ പല ഭാഗങ്ങളിലും അന്തരീക്ഷ താപനില കുതിച്ചുയരുകയാണ്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചൂട് 40 ഡിഗ്രിക്ക് മുകളിലെത്തി. ഇത് ഇവിടങ്ങളിൽ വൈദ്യുതി ഉപഭോഗം കുത്തനെ ഉയരാൻ ഇടയാക്കി. രാജ്യത്തെ 173 താപനിലയങ്ങളിൽ 108 എണ്ണത്തിലും കൽക്കരിയുടെ സ്റ്റോക്ക് 25 ശതമാനത്തിൽ താഴെയാണ്. ഇവയിൽ 50 എണ്ണത്തിൽ കൽക്കരി സ്റ്റോക്ക് 10 ശതമാനത്തിൽ താഴെ മാത്രമാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ റഷ്യ — ഉക്രെയ്ൻ യുദ്ധപശ്ചാത്തലത്തിൽ കൽക്കരിയുടെ വില കുത്തനെ ഉയരുന്നത് കാരണം കൽക്കരി ഇറക്കുമതിയെ ആശ്രയിക്കുന്ന പല താപനിലയങ്ങളും വൈദ്യുതോല്പാദനം കുത്തനെ കുറച്ചിരിക്കുകയാണ്. റഷ്യയിൽ നിന്നുള്ള കൽക്കരി ഇറക്കുമതിക്ക് വിവിധ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ കൽക്കരിയുടെ സുഗമമായ വിതരണം തടസപ്പെടുമെന്ന ഭീതി അന്താരാഷ്ട്ര വിപണിയിൽ ശക്തമാണ്. സൗത്ത് ആഫ്രിക്ക, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൽക്കരി നാം ആവശ്യാനുസരണം ഇറക്കുമതി ചെയ്യുന്നത്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ കൽക്കരിയുടെ ആവശ്യകത വലിയതോതിൽ ഉയർന്നതിന്റെ ഫലമായി കൽക്കരി നമ്മുടെ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിൽ ഈ രാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് കൽക്കരി ഇറക്കുമതി കുറയുന്നതിന് കാരണമായി. എന്നിരുന്നാലും കർണാടക, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളോട് 10 ശതമാനം വരെ അധികം കൽക്കരി ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതുകൂടി വായിക്കൂ:  നെഞ്ചളവും വൈദ്യുതി പ്രതിസന്ധിയും തമ്മിലെന്ത്?


പൊതുമേഖലാ — സ്വകാര്യമേഖലാ വൈദ്യുത നിലയങ്ങൾക്കുള്ള മൊത്തം കൽക്കരി വിതരണത്തിന്റെയും മേൽനോട്ടം നടത്തിവരുന്നത് കൽക്കരി, വൈദ്യുത, റയിൽവേ എന്നീ മന്ത്രാലയങ്ങളാണ്. കൽക്കരി ക്ഷാമം ഉണ്ടായതിന്റെ കാരണങ്ങളുമായി ബന്ധപ്പെട്ട് ഈ മന്ത്രാലയങ്ങൾ പരസ്പരം പഴിചാരി വരികയാണ്. റയിൽവേ വാഗണുകൾ എത്തിച്ചിട്ടും യഥാസമയം കൽക്കരി താപവൈദ്യുത നിലയങ്ങളിൽ എത്തിക്കാത്തതിന് കൽക്കരി കമ്പനികളെയും അവ കാലതാമസം കൂടാതെ ഇറക്കാത്തതിന് താപനിലയങ്ങളെയും റയിൽവേ കുറ്റപ്പെടുത്തുന്നു. ആവശ്യാനുസരണം റയിൽവേ വാഗണുകൾ നൽകാൻ റയിൽവേയും തയാറാകുന്നില്ല എന്ന് കൽക്കരി ഖനി കമ്പനികളും വൈദ്യുതി ഉല്പാദക കമ്പനികളും തിരിച്ചും ആരോപണം ഉന്നയിക്കുന്നു. പ്രശ്നപരിഹാരത്തിനായി റയിൽവേ, കൽക്കരി — വൈദ്യുത മന്ത്രാലയങ്ങളെ ഉൾപ്പെടുത്തി ഒരു ഇന്റർ മിനിസ്റ്റീരിയൽ സബ് ഗ്രൂപ്പ് ഉണ്ടാക്കി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തി. എന്നാൽ പ്രശ്നപരിഹാരം കണ്ടെത്താൻ ഇതിനൊന്നും കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.

ആവശ്യത്തിനനുസരിച്ചുള്ള കൽക്കരി ശേഖരം നമ്മുടെ രാജ്യത്ത് ഉണ്ട് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. നമ്മുടെ വൈദ്യുതാവശ്യങ്ങളിൽ 70 ശതമാനവും നിറവേറ്റുന്നത് കൽക്കരി മുഖേനയാണ്. കൽക്കരി ശേഖരത്തിന്റെ കാര്യത്തിൽ ലോകത്തിൽ അഞ്ചാം സ്ഥാനത്താണ് നമ്മുടെ രാജ്യം. 15 വർഷങ്ങൾക്ക് മുമ്പാണ് കൽക്കരി നാം ഗണ്യമായ തോതിൽ ഇറക്കുമതി ചെയ്യാൻ ആരംഭിച്ചത്. അത് ക്രമേണ വർധിച്ച് കൽക്കരി ഇറക്കുമതിയിൽ ലോകത്തെ തന്നെ രണ്ടാം സ്ഥാനക്കാരായി തീർന്നിരിക്കുന്നു നമ്മുടെ രാജ്യം. കഴിഞ്ഞ സാമ്പത്തിക വർഷം 125 മില്യൺ ടൺ കൽക്കരി നാം ഇറക്കുമതി ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ കൽക്കരിക്ഷാമവും വിലയും കുത്തനെ ഉയർന്നതിന്റെ ഫലമായി കൽക്കരിയുടെ ഇറക്കുമതി കുറയുകയുണ്ടായി. ഇന്നുണ്ടായ പ്രതിസന്ധി മുൻകൂട്ടി കണ്ട് സമയബന്ധിതമായി കുറഞ്ഞ അളവിൽ കൽക്കരി ഇറക്കുമതി നടത്താൻ കേന്ദ്ര സർക്കാർ തയാറാകാത്തതാണ് വൈദ്യുതി പ്രതിസന്ധി രാജ്യത്ത് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം.


ഇതുകൂടി വായിക്കൂ:  വൈദ്യുതി പ്രതിസന്ധി രൂക്ഷം: രാജ്യം ഇരുട്ടിലേക്ക്


നമ്മുടെ രാജ്യത്ത് കൽക്കരി ഉല്പാദനം 2020–21 സാമ്പത്തിക വർഷത്തിൽ 3.7 ശതമാനം വർധിച്ചുവെന്നാണ് ഇന്റർനാഷണൽ അറ്റോമിക എനർജി ഏജൻസി പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കൽക്കരി ഉല്പാദനം 813 മില്യൺ ടൺ ആയി ഉയർന്നു. കൽക്കരിയുടെ വിതരണം 777 മില്യൺ ടൺ ആയി ഉയരുകയും ചെയ്തു. കാര്യങ്ങൾ ഈ വിധം ആയതിനാൽ ഈ വേനൽകാലത്ത് പവർകട്ടിന്റെ ആവശ്യകത ഇല്ലായിരുന്നു. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം അന്താരാഷ്ട്ര വിപണിയിൽ കൽക്കരിയുടെ വില കുത്തനെ ഉയർന്നതിനാൽ കൽക്കരിയുടെ ഇറക്കുമതി വൻതോതിൽ വെട്ടിക്കുറച്ചു. ഇതിന്റെ ഫലമായി ഇറക്കുമതി കൽക്കരി പ്രയോഗിച്ചുള്ള വൈദ്യുത നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ഉല്പാദനം 50 ശതമാനം കുറഞ്ഞു. ചില വൈദ്യുത നിലയങ്ങൾ ഇറക്കുമതി കൽക്കരിയെ മാത്രം ആശ്രയിച്ച് പ്രവർത്തിക്കുന്നവയാണ്. ഇറക്കുമതി കൽക്കരി ലഭിക്കാത്ത സാഹചര്യത്തിൽ ഇവയുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. കൽക്കരിക്ഷാമംമൂലം 72,000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന നിലയങ്ങളാണ് അടച്ചിട്ടിരിക്കുന്നത്. ഗ്യാസിന്റെ വിലവർധനമൂലം 20,000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഗ്യാസ്‌പ്ലാന്റുകളും അടച്ചുപൂട്ടിയിരിക്കുകയാണ്. രാജ്യത്തെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ശരാശരി 22 മില്യൺ ടൺ കൽക്കരി ആവശ്യമാണ്. എന്നാൽ ലഭിക്കുന്നതോ ശരാശരി 16.4 മില്യൺ ടൺ മാത്രമാണ്. ഇവയെല്ലാം തന്നെ മൊത്തം വൈദ്യുതോല്പാദനത്തിൽ നാല് ശതമാനത്തിന്റെ കുറവ് ഉണ്ടാക്കി. ഇത് വൈദ്യുതി പ്രതിസന്ധിയെ രൂക്ഷമാക്കി എന്ന് പറയേണ്ടതില്ലല്ലോ?

രാജ്യം ഇന്ന് നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്കുള്ള മറ്റൊരു കാരണം ഡിമാന്റ് — സപ്ലെെ അനുസരിച്ച് വിലയിരുത്തുന്നതിൽ കേന്ദ്രസർക്കാരിന് സംഭവിച്ച വീഴ്ച്ചയാണ്. വൈദ്യുതി മേഖലയിലെ ഡിമാന്റ് — സപ്ലെെ എന്നത് ഒരു വിപണി വിഷയവും കൂടിയാണ്. ഖനി കമ്പനികൾ, താപനിലയങ്ങൾ, ന്യൂക്ലിയർ നിലയങ്ങൾ, ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുകൾ, വൈദ്യുതി വിതരണകമ്പനികൾ, റയിൽവേ എന്നിവ വേണ്ടവിധത്തിൽ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നില്ല എന്നതാണ് വസ്തുത. റയില്‍വേ ഒഴികെയുള്ള മേഖലകളിൽ പൊതുമേഖലയും സ്വകാര്യമേഖലയും പ്രവർത്തിക്കുന്നുണ്ട്. ഇവയൊന്നും തന്നെ ഉപരിതലത്തിനപ്പുറം ഗൗരവതരമായ പാരസ്പര്യത്തോടെ പ്രവർത്തിക്കുന്നില്ല എന്നതിനാൽ വൈദ്യുതിയെ സംബന്ധിച്ച് ഡിമാന്റും സപ്ലെെയും കൃത്യമായി മുൻകൂട്ടി നിർണയിക്കാൻ കഴിയുന്നില്ല എന്നതാണ് നിരന്തരം ആവർത്തിക്കപ്പെടുന്ന വൈദ്യുതി പ്രതിസന്ധികൾ തെളിയിക്കുന്നത്. മതിയാകുന്ന അളവിൽ കൽക്കരി ശേഖരം നമ്മുടെ രാജ്യത്ത് ഉണ്ടെങ്കിലും അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ കൽക്കരിക്ഷാമവും വിലക്കയറ്റവും ഉത്തരേന്ത്യയിൽ ഉണ്ടായ അതികഠിനമായ ഉഷ്ണംമൂലവും കോവിഡ് വ്യാപനം കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര ഉല്പാദന, വ്യവസായ മേഖലകളിൽ ഉണ്ടായ ഉണർവിന്റെ ഫലമായും ഉണ്ടായ ഉയർന്ന വൈദ്യുതാവശ്യങ്ങളും മുൻകൂട്ടി കണക്കാക്കാൻ കേന്ദ്രസർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല.


ഇതുകൂടി വായിക്കൂ:  വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡ്


ആഗോളതലത്തിൽ വൈദ്യുതഉല്പാദന മേഖലകൾ വലിയ മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. ഫോസിൽ ഇന്ധനങ്ങൾ കുറച്ചുകൊണ്ടുവരുന്ന നിലപാടാണ് ലോകം പൊതുവെ സ്വീകരിക്കുന്നത്. രാജ്യത്തെ വൈദ്യുതാവശ്യത്തിൽ വർഷംതോറും വലിയ വർധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാൽ ഫോസിലേതര വൈദ്യുത സ്രോതസുകൾ രൂപപ്പെടുത്തുന്ന കാര്യത്തിൽ മാറിമാറി വരുന്ന കേന്ദ്ര ഭരണാധികാരികൾ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ല എന്നാണ് വസ്തുത. ലഭ്യമായ കണക്കുകളനുസരിച്ച് നമ്മുടെ രാജ്യത്തെ മൊത്തം വൈദ്യുതോല്പാദനത്തിൽ കൽക്കരിയിൽ നിന്നും 79.3 ശതമാനവും ജലവൈദ്യുത പദ്ധതികളിൽ നിന്നും 8.5 ശതമാനവും കാറ്റിൽ നിന്ന് 2.8 ശതമാനവും സൗരോർജത്തിൽ നിന്ന് 5.9 ശതമാനവും പുനരുജ്ജീവിപ്പിക്കാവുന്ന ഊർജസ്രോതസിൽ നിന്ന് 1.2 ശതമാനവും ന്യൂക്ലിയർ ഇന്ധനത്തിൽ നിന്ന് 2.2 ശതമാനവുമാണ്. പത്ത് ശതമാനം വരെ പുനരുജ്ജീവിപ്പിക്കാവുന്ന സ്രോതസിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാമെന്ന് ലക്ഷ്യമിട്ടെങ്കിലും അതൊന്നും ഫലം കണ്ടില്ല. 2003ലെ വൈദ്യുതി നിയമത്തിലും 2005ലെ വൈദ്യുതി നയത്തിലും 2010ലെ നാഷണൽ ക്ലീൻ എനർജി ഫണ്ട് നയത്തിലും പുനരുജ്ജീവിപ്പിക്കാവുന്ന ഊർജ ഉല്പാദന പരിപാടികൾ ശക്തിപ്പെടുത്തുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചെങ്കിലും അക്കാര്യമൊന്നും ഗൗരവമായി ആലോചിക്കാൻ കേന്ദ്രസർക്കാർ ഇതുവരെയും തയാറായിട്ടില്ല. കാർബൺ ഉൽസർജനത്തിന്റെ തോത് ഒരു ബില്യൺ ടൺ കുറയാനുതകുന്ന വിധത്തിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം 500 ജിഗാവാട്ടിലേക്ക് ഇന്ത്യ കുറയ്ക്കുമെന്ന് ഗ്ലാസ്ഗോ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതെല്ലാം മറന്ന മട്ടിലാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത്. പൊതുമേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്ന തിരക്കിലാണല്ലോ മോഡി സർക്കാർ. രാജ്യത്തെ ഊർജ്ജപ്രതിസന്ധി പരിഹരിക്കാനെവിടെ സമയം കിട്ടാനാണ് കേന്ദ്ര ഭരണാധികാരികൾക്ക്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില കുതിച്ചുയരുകയാണ്. പല സംസ്ഥാനങ്ങളിലും എട്ട് മണിക്കൂർ വരെ ഊർജനിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞു. ഇതോടെ ലോഹങ്ങൾ, ലോഹ സങ്കരങ്ങൾ, സിമന്റ് എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ തകിടം മറിയും. മോട്ടോർ വ്യവസായവുമായി ബന്ധപ്പെട്ട വിതരണശൃംഖലകൾ തകരും. വൻകിട — ചെറുകിട വ്യവസായങ്ങൾക്ക് വൈദ്യുതി പ്രതിസന്ധി തിരിച്ചടിയുണ്ടാക്കും. കോവിഡുമൂലമുണ്ടായ മാന്ദ്യത്തിൽ നിന്ന് ചെറിയതോതിലാണെങ്കിലും തിരിച്ചുവരവിന്റെ പാതയിലായിരുന്നു നമ്മുടെ സമ്പദ്‌വ്യവസ്ഥ. വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് അത് ഇനിയും പ്രതിസന്ധിയിലേക്ക് നീങ്ങും എന്നതാണ് നിലവിലെ സ്ഥിതി.

എണ്ണവില, പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവ ഉയർന്നുനിൽക്കുന്ന പശ്ചാത്തലത്തിലും കോവിഡ് മഹാമാരി ഉണ്ടാക്കിയ ദുരിതത്തിനിടയിലും നമ്മുടെ സമ്പദ്‌വ്യവസ്ഥ കടുത്ത ഞെരുക്കത്തിലാണ്. വൈദ്യുതി പ്രതിസന്ധി കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കി വരികയാണ്. വരുംമാസങ്ങളിൽ മൺസൂൺ ആരംഭിക്കുകയാണ്. കൽക്കരി ട്രാൻസ്പോട്ടേഷന് മഴയും മഹാമാരിയും വലിയ തടസങ്ങളുണ്ടാക്കും. അതുകൊണ്ടുതന്നെ കൃത്യമായി നയപരിപാടികളും കർമ്മപദ്ധതികളും ആവിഷ്ക്കരിച്ച് കൽക്കരിസംഭരണം അടിയന്തരമായി നടപ്പിലാക്കാത്തപക്ഷം വൈദ്യുതി പ്രതിസന്ധി ഇനിയും രൂക്ഷമാകാനിടയുണ്ട്. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥക്ക് വരുത്തിവയ്ക്കുന്ന ആഘാതം വളരെ വലുതായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.