23 December 2024, Monday
KSFE Galaxy Chits Banner 2

Related news

March 21, 2024
July 3, 2023
April 6, 2023
February 25, 2023
February 14, 2023
November 23, 2022
November 21, 2022
November 12, 2022
October 27, 2022
October 25, 2022

കേരള നേതാക്കള്‍ വെട്ടിയില്ലെങ്കില്‍ തരൂരിന് പാര്‍ട്ടിയില്‍ മികച്ചപദവി ലഭിക്കുമെന്ന പ്രതീക്ഷയില്‍ അണികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 20, 2022 1:04 pm

എഐസിസി പ്രസിഡന്‍റ് തെര‍‍ഞ്ഞെടുപ്പില്‍ ശശിതരൂര്‍ പരാജയപ്പെട്ടെങ്കിലും ‚1072 വോട്ട് നേടിയതോടെ സോണിയകുടുംബഭക്തരെ ഏറെ ആശങ്കപെടുത്തിയിരിക്കുകയാണ്.പുറമേ അവര്‍ ഒന്നും പറയുന്നില്ലെങ്കിലും തരൂരിന്‍റെ ഇനിയുമുള്ള നാളുകള്‍ അവരുടെ നിരീക്ഷണത്തിലായിരിക്കും.എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക വിഭാഗത്തിന്റെ അനൌദ്യോഗിക പിന്തുണയുമായിട്ടാണ് മല്ലികാര്‍ജ്ജുനഖാര്‍ഗെ രംഗത്തുവന്നത്.

അഞ്ഞൂറ് വോട്ടില്‍ കൂടുതല്‍ തരൂരിന് ലഭിക്കില്ലെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ.പോള്‍ ചെയ്തതിന്‍റെ ഏതാണ് 12 ശതമാനം വോട്ടുകള്‍ തരൂര്‍ നേടിയിരിക്കുകയാണ്. ഈ പോരാട്ട വീര്യത്തിന്റെ ആവേശത്തില്‍ പാർട്ടിയിലെ തുടർ നീക്കങ്ങളുമായി സജീവമാവാനായി ഒരുങ്ങുകയാണ് ശശി തരൂർ എന്നും അദ്ദേഹത്തിനൊപ്പമുള്ളവര്‍ അഭിപ്രായപ്പെടുന്നു.പാർട്ടിക്ക് അകത്ത് മാറ്റങ്ങള്‍ വേണമെന്ന മുദ്രാവാക്യവുമായിട്ടാണ് ശശി തരൂർ എ ഐ സി സി പ്രസിഡന്‍റ്തെര‍ഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയത്.

തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷവും അത് അദ്ദേഹം തുടരുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇത് സംബന്ധിച്ച് പാർട്ടിയിലെ വിശ്വസ്തരുമായി തരൂർ കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് രംഗത്തുവന്ന ജി 23യുടെ ഭാഗമായിരുന്നു തരൂര്‍.എന്നാല്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ അവരും അദ്ദേഹത്തെ കൈവിട്ടിരുന്നു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളില്‍ കടുത്ത നിലപാട് വേണ്ടെന്ന കാര്യത്തില്‍ തരൂർ ക്യാമ്പില്‍ തന്നെ ധാരണയായിട്ടുണ്ട്. എന്നാല്‍ സംഘടനയിലെ മാറ്റങ്ങള്‍ക്കായുള്ള വാദം ശക്തിയുക്തം തന്നെ തുടരുകയും ചെയ്യും. കേരളത്തില്‍ നിന്നടക്കം പകുതിയോടടുത്ത് ആളുകള്‍ കൂടെ നിന്നുവെന്നാണ് തരൂർ ക്യാമ്പ് വിലയിരുത്തുന്നത്.

287 വോട്ടില്‍ 130 ലേറെ വോട്ടുകള്‍ കേരളത്തില്‍ നിന്ന് മാത്രം തരൂരിന് ലഭിച്ചെന്നാണ് അവകാശവാദം . എന്നാല്‍ ഖാര്‍ഗെ വിഭാഗത്തിന്‍റെ പ്രധാനിയായ കൊടിക്കുന്നില്‍ സുരേഷ് നിഷേധിച്ചിരിക്കുകയാണ്. തരൂരിന് ഒറ്റപ്പെട്ട വോട്ടുകൾ വന്നാണ് 1000 ത്തിലധികം വോട്ടുകൾ നേടാനായതെന്നും കൊടിക്കുന്നിൽ അഭിപ്രായപ്പെട്ടു.അധ്യക്ഷ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലടക്കം തരൂര്‍ മുന്നോട്ട് വച്ച ആശയങ്ങള്‍ കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് ഗുണം ചെയ്യുമെന്ന അഭിപ്രായവും പാര്‍ട്ടിയിലെ ഒരു വിഭാഗം ഉന്നിയിക്കുന്നു.

പാർട്ടിയിൽ പുതിയ ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ ഇനി തരൂരിനെ അവഗണിച്ചു പോകാൻ നേതൃത്വത്തിനുമാവില്ല. പരാജയപ്പെട്ടെങ്കിലും പാർട്ടിക്കുള്ളിൽ തരംഗമുണ്ടാക്കിയ തരൂരിന് പിന്നില്‍ പാർട്ടിയിലെ യുവനേതൃത്വം അണിനിരന്നാലും അത്ഭുതപ്പെടാനുമില്ല.കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കങ്ങൾ തരൂർ വളരെ നേരത്തെ തുടങ്ങിയിരുന്നു. രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിഞ്ഞ സമയം മുതല്‍ തന്നെ അദ്ദേഹം സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കുകയും ചെയ്തിരുന്നു. വിമതനായി നില്ക്കുന്നത് ഗുണം ചെയ്യില്ലെന്ന് മനസ്സിലാക്കിയ തരൂർ ഗാന്ധി കുടുംബത്തോട് എതിപ്പില്ലെന്ന നിലപാട് ആദ്യം മുതല്‍ തന്നെ അദ്ദേഹം പരസ്യമാക്കിയിരുന്നു. ഗാന്ധി കുടുംബം ഇല്ലെങ്കിലേ മത്സരിക്കാനുള്ളു എന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.

തരൂർ മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിന്നതോടെയാണ് കോണ്‍ഗ്രസ് നേതൃത്വവും സമ്മർദത്തിലായത്. മല്ലികാർജ്ജുൻ ഖർഗയെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചില്ലെങ്കിലും പാർട്ടി ഒറ്റക്കെട്ടായി അണിനിരക്കുന്നതാണ് പിന്നീട് കണ്ടത്. പ്രമുഖരെല്ലാം മറുപക്ഷത്തായിരുന്നുവെങ്കിലും കാർത്തി ചിദംബരം, സൽമാൻ സോസ്, പ്രിയദത്ത്, സന്ദീപ് ദീക്ഷിത്, എംകെ രാഘവൻ തുടങ്ങിയ നേതാക്കള്‍ പരസ്യമായി തന്നെ തരൂരിന് വേണ്ടി നിലകൊണ്ടു.

സോണിയ ഗാന്ധിക്കെതിരെ മത്സരിച്ച ജിതേന്ദ്ര പ്രസാദയ്ക്ക് കിട്ടിയ വോട്ടുകളുടെ പത്തിരട്ടി വോട്ടുകൾ നേടിയ തരൂരിനെ ജിതേന്ദ്രയെ അവഗണിച്ച പോലെ നേതൃത്വത്തിന് അവഗണിക്കാനും സാധിക്കില്ല. അതുകൊണ്ട് തന്നെ തരൂരിന് പാർട്ടിയില്‍ മികച്ച പദവി തന്നെ ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റേയും അനുയായികളുടേയും പ്രതീക്ഷ.അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഖാർഗെയ്ക്ക് പിന്തുണച്ച നേതാക്കളില്‍ പലരും തരൂരിന് മികച്ച പരിഗണന നല്‍കണമെന്ന അഭിപ്രായമുള്ളവരാണ്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളും, രാഹുല്‍ഗാന്ധിയില്‍ സ്വാധീനമുള്ള നേതാക്കളും അതു വെട്ടിക്കളയുമെന്ന ആശങ്കയിലാണ് തരൂരിനൊപ്പമുള്ളവര്‍ 

Eng­lish Summary:
The ranks are hop­ing that Tha­roor will get a top rank in the par­ty if the Ker­ala lead­ers do not cut him

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.