22 December 2024, Sunday
KSFE Galaxy Chits Banner 2

റവന്യുറിക്കവറി ഭേദഗതി നിയമം ഒരു സാമൂഹ്യക്ഷേമ ഇടപെടൽ

കെ രാജന്‍
റവന്യു മന്ത്രി 
July 12, 2024 9:47 am

1968ലെ റവന്യു റിക്കവറി നിയമം ഒരു സാമൂഹ്യ ക്ഷേമ നിയമമല്ല. നികുതി കുടിശികയും വായ്പാ കുടിശികയും ഭൂമിയിൽ നിന്നുള്ള പൊതു കുടിശികയായി കണക്കാക്കി ഈടാക്കിയെടുക്കുന്നതിന് വേണ്ടിയുള്ള നിയമമാണിത്. അതുകൊണ്ടുതന്നെ തുക ഈടാക്കിക്കിട്ടാൻ സർക്കാരിനും വായ്പ നൽകിയ സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുന്ന വ്യവസ്ഥകളാണ് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 1985ലും 2007ലുമാണ് ഈ നിയമത്തിൽ മുമ്പ് ഭേദഗതി വരുത്തിയിട്ടുളളത്. ഈ രണ്ട് ഭേദഗതിയും നിയമത്തിലെ നടപടിക്രമങ്ങളിലെ പോരായ്മകൾ പരിഹരിക്കാനുള്ളവ മാത്രമായിരുന്നു. എന്നാൽ ഇപ്പോഴത്തെ ഭേദഗതിയിലെ വ്യവസ്ഥകൾ കുടിശികക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രമുള്ളതാണ്. സാധാരണക്കാരും പാവപ്പെട്ടവരുമാണ് കുടിശികക്കാരായി മാറുന്നത് എന്നതുകൊണ്ടാണ് അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചതും അത്തരത്തിലുള്ള വ്യവസ്ഥകൾ ഭേദഗതിയിൽ ഉൾപ്പെടുത്തിയതും. ഭേദഗതി നിയമം മാത്രമായി പരിശോധിച്ചാൽ ഇത് ഒരു സാമൂഹ്യക്ഷേമ നിയമമാണെന്ന് പറയാൻ കഴിയും. 

നിയമത്തിൽ വ്യവസ്ഥ ഇല്ലാതിരുന്നിട്ടുകൂടി മാനുഷിക പരിഗണന കണക്കിലെടുത്ത് കുടിശിക തുക ഗഡുക്കളാക്കി സർക്കാർ നൽകി വന്നിരുന്നു. എന്നാൽ നിയമത്തിൽ ഇതിനു വ്യവസ്ഥയില്ലെന്നും അതിനാൽ കുടിശിക ഗഡുക്കളായി നൽകാൻ പാടില്ലായെന്നുള്ള കോടതിവിധി വന്ന സാഹചര്യത്തിലാണ് ഒരു ഭേദഗതി സംബന്ധിച്ച ആലോചന ഉണ്ടാകുന്നത്. ഇത്തരമൊരു ഭേദഗതിയുമായി മുന്നോട്ടു പോയപ്പോൾ കുടിശികക്കാരായ സാധാരണക്കാർ അനുഭവിക്കുന്ന മറ്റു പല ബുദ്ധിമുട്ടുകൾക്കും വിഷമതകൾക്കും കൂടി ഭേദഗതിയിലൂടെ പരിഹാരം കാണാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
വായ്പയ്ക്ക് സ്റ്റേ നൽകാനും ഗഡുക്കൾ അനുവദിക്കാനും സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥ കൊണ്ടുവന്നതിനൊപ്പം മുഴുവൻ റവന്യു റിക്കവറി നടപടികൾക്കും മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള വ്യവസ്ഥകൾ കൊണ്ടുവന്നതും ഭൂമി ‘ബോട്ട് ഇൻ ലാന്റാ‘യി ഏറ്റെടുത്തതിന് ശേഷം പോലും സെറ്റിൽമെന്റ് സ്കീം നടപ്പിലാക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയതും കുടിശികക്കാരന്റെ താല്പര്യങ്ങൾ സംരക്ഷിക്കാന്‍ മാത്രമാണ്. കുടിശികക്കാരുടെ സ്ഥാവരവസ്തുക്കൾ സർക്കാരിലേക്ക് ജപ്തി ചെയ്യുകയും മതിയായ വിലയ്ക്ക് ലേലം കൊള്ളാൻ ആളില്ലാതെ വരുന്ന സാഹചര്യത്തിൽ സർക്കാർ തന്നെ നാമമാത്രമായ തുകയ്ക്ക് (ഒരു രൂപ) ലേലത്തിൽ പിടിച്ച് സർക്കാർ വസ്തുവാക്കി മാറ്റുകയും ചെയ്യുന്നതാണ് ‘ബോട്ട് ഇൻ ലാന്റ്’.

ബോട്ട് ഇൻ ലാന്റാക്കിയ ഭൂമി തിരികെ നൽകാൻ നിലവിലെ നിയമത്തിൽ വ്യവസ്ഥയില്ല. കുടിശികക്കാരന് നിരവധി അവസരങ്ങൾ നൽകിയിട്ടാണ് ഭൂമി ലേലം ചെയ്യുകയും ലേലം കൊള്ളാൻ ആളില്ലാതെ വരുമ്പോൾ ബോട്ട് ഇൻ ലാന്റാക്കി ഏറ്റെടുക്കുകയും ചെയ്യുന്നത്. മൂന്നാമതൊരാൾ ഭൂമി ലേലത്തില്‍ വാങ്ങുമ്പോൾ അത് തിരികെ വാങ്ങി നൽകാൻ കഴിയില്ല. എന്നാൽ സർക്കാരോ സ്ഥാപനങ്ങളോ ബോട്ട് ഇൻ ലാന്റാക്കുമ്പോൾ അഞ്ച് വർഷത്തേക്ക് അത് കൈമാറ്റം ചെയ്യാനോ ഭേദപ്പെടുത്താനോ പാടില്ല എന്നും, ഇക്കാലയളവിനുള്ളിൽ കുടിശികയടച്ചാൽ ഭൂമി തിരികെ നൽകണമെന്ന ഒരു വ്യവസ്ഥ 50എ എന്ന വകുപ്പിലൂടെ കൊണ്ടുവന്നതിലൂടെ കുടിശികക്കാരന്റെ താല്പര്യമാണ് സംരക്ഷിക്കപ്പെടുന്നത്. ഇക്കാലയളവിൽ കുടിശികക്കാരൻ മരിക്കുകയാണെങ്കിൽ അനന്തരാവകാശികൾക്കും ഇത്തരത്തിൽ ഭൂമി തിരിച്ചെടുക്കാൻ കഴിയുമെന്ന വ്യവസ്ഥ കൂടി വിശദീകരണമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
റവന്യു റിക്കവറിയുടെ പലിശ നിരക്ക് 12 ശതമാനത്തിൽ നിന്നും ഒമ്പത് ശതമാനമായി കുറച്ചതും കുടിശികക്കാർക്ക് വേണ്ടിയാണ്. ഒമ്പത് ശതമാനത്തിൽ കുറവാണ് കരാർ നിരക്കെങ്കിൽ കുറഞ്ഞ നിരക്കിലുള്ള പലിശ നൽകിയാൽ മതിയെന്ന് വളരെ വ്യക്തമായി ഭേദഗതിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഭൂമിയുടെ ലേല വിവരത്തിന് ആവശ്യമായ പ്രചരണം കിട്ടാത്തത് മൂലം ലേലത്തുക കുറയുന്നു എന്ന പരാതി പരിഹരിക്കാനാണ് രണ്ട് ദിനപത്രങ്ങളിലും വെബ്സൈറ്റിലും ലേല വിവരം പരസ്യപ്പെടുത്തണമെന്ന വ്യവസ്ഥ 12-ാം വകുപ്പിൽ ഉൾപ്പെടുത്തിയത്. 

ചെറിയ കുടിശികയ്ക്ക് വേണ്ടി വിലപിടിപ്പുള്ള മുഴുവൻ ഭൂമിയും ജപ്തി ചെയ്യപ്പെടുന്നത് കുടിശികക്കാർ നേരിട്ടുവന്നിരുന്ന മറ്റൊരു വലിയ പ്രതിസന്ധിയായിരുന്നു. ഇത്തരം സാഹചര്യം ഉണ്ടാകുകയാണെങ്കിൽ ഭൂമിയുടെ ന്യായ വിലയ്ക്കനുസൃതമായി ജപ്തി ക്ലിപ്തപ്പെടുത്തണമെന്ന് കുടിശികക്കാരന് അപേക്ഷിക്കാനും അത് അനുവദിക്കാൻ കളക്ടർക്ക് അധികാരം കിട്ടുന്നതുമായ വ്യവസ്ഥ 36-ാം വകുപ്പിൽ ഉൾപ്പെടുത്തിയത് വലിയ പ്രയോജനം ചെയ്യും. ജപ്തി ചെയ്ത ഭൂമി വില്പന നടത്താൻ കഴിയാത്തത് മൂലം ഭൂമി വിറ്റ് കുടിശിക അടയ്ക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതിന്റെ ഫലമായി ആത്യന്തികമായി ഭൂമി ലേലം ചെയ്യേണ്ടിവരും. ഇതൊഴിവാക്കാനാണ് ഭൂമി ജപ്തി ചെയ്തിട്ടുണ്ടെങ്കിൽ പോലും അത് വില്പന നടത്താൻ കുടിശികക്കാരന് അനുവാദം നൽകുന്ന വ്യവസ്ഥ 44-ാം വകുപ്പിൽ ഉൾപ്പെടുത്തിയത്.
ബോട്ട് ഇൻ ലാന്റായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില കണക്കാക്കി കുടിശികയിൽ നിന്നും കുറവ് ചെയ്യുന്നതിനും, കുടിശികയെക്കാൾ കൂടുതൽ തുക ഭൂമിയുടെ വിലയായി കണക്കാക്കുന്ന സാഹചര്യത്തിൽ പ്രസ്തുത തുക കുടിശികക്കാര്‍ക്ക് തിരികെ നൽകുന്നതിനും വേണ്ടിയാണ് 50-ാം വകുപ്പിൽ ആറാം ഉപവകുപ്പ് ഉൾപ്പെടുത്തിയത്. ഭൂമിയുടെ വില കണക്കാക്കുന്നത് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം (എല്‍എആര്‍ആര്‍) പ്രകാരമായിരിക്കണമെന്ന് വ്യവസ്ഥ ചെയ്തത് കുടിശികക്കാരുടെ ഭൂമിക്ക് മാന്യമായ വില ഉറപ്പാക്കുന്നതിനു വേണ്ടിയാണ്. 

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.