22 June 2024, Saturday

ഗ്രാമീണ തൊഴില്‍ദാന പദ്ധതി കാര്യക്ഷമമാക്കണം

പ്രൊഫ. കെ അരവിന്ദാക്ഷൻ
May 29, 2024 4:05 am

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണകൂടം 2005ല്‍ നിയമമാക്കിയതിനെ തുടര്‍ന്ന് നിലവില്‍ വന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംഎന്‍ആര്‍ഇജിഎ), അന്നു മുതല്‍ വ്യത്യസ്ത ഫലസിദ്ധിയോടെയാണെങ്കിലും ഇന്ത്യയില്‍ ഏറെക്കുറെ മുഴുവന്‍ ഗ്രാമങ്ങളിലും പ്രതിവര്‍ഷം 100 ദിവസങ്ങളില്‍ തൊഴില്‍ നല്‍കിവരുന്നു. സമീപകാല റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനയനുസരിച്ച് കേന്ദ്ര മോഡി സര്‍ക്കാര്‍ തൊഴില്‍ദാന പദ്ധതിയുടെ സമ്പൂര്‍ണ അഴിച്ചുപണിയിലേക്ക് നീങ്ങുകയാണ്.
പിന്നിട്ട രണ്ടു ദശകക്കാലത്തിനിടയില്‍ ഈ പദ്ധതിയെപ്പറ്റി ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അതെല്ലാം ഒരു പരിധിയോളം അതിജീവിക്കാനും തുടര്‍ന്നുള്ള നിലനില്പ് ഉറപ്പാക്കാനും ഇതിനു കഴിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് നിരവധി ഗ്രാമീണ കുടുംബങ്ങളെ മുഴുപ്പട്ടിണിയില്‍ നിന്നെങ്കിലും കൈപിടിച്ചുയര്‍ത്താന്‍ ഗ്രാമീണ തൊഴില്‍ദാന പദ്ധതി വിജയിച്ചിട്ടുണ്ട്. ദുരിതപൂര്‍ണമായ ജീവിതവും എം‌എൻ‌ആർ‌ഇ‌ജി‌എയും തമ്മില്‍ പ്രത്യക്ഷത്തില്‍ തന്നെ ബന്ധമുണ്ടെന്ന് സംശയാതീതമയി തെളിയിക്കപ്പെട്ടൊരു കാലഘട്ടമായിരുന്നു കോവിഡനന്തര ഗ്രാമീണ ഇന്ത്യയുടേത്. ഈ തൊഴില്‍ദാന പദ്ധതിക്ക് തുടക്കമിട്ട് രണ്ടു വര്‍ഷത്തിനകം തന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച, 2008–09ല്‍ 3.1 ശതമാനത്തിലേക്ക് കൂപ്പുകുത്തുകയാണുണ്ടായത്. ഇതിനുവഴിയൊരുക്കിയത് ആഗോള ധനകാര്യ പ്രതിസന്ധിയായിരുന്നു. 2007–08ല്‍ 7.7 ശതമാനമായിരുന്ന ജിഡിപി വളര്‍ച്ചാനിരക്കാണ് പൊടുന്നനെ ഈ നിലയിലെത്തിയത്. ഏറെ താമസിയാതെ ജിഡിപി വളര്‍ച്ചാനിരക്ക് മെച്ചപ്പെടുകയുണ്ടായെങ്കിലും ഈ പദ്ധതി നടത്തിപ്പിലേക്ക് കൂടുതല്‍ പണം ഒഴുക്കി വിടേണ്ട സാഹചര്യവും ഉണ്ടാവുകയും ചെയ്തു. സമാനമായൊരു പ്രവണതയാണ് കോവിഡ് പൊട്ടിപ്പുറപ്പെടുകയും ലോക്ഡൗണ്‍ വ്യാപകമാവുകയും ചെയ്തതിന്റെ ഫലമായി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കുള്ള പ്രസക്തി വര്‍ധിച്ചതിലൂടെ അനുഭവപ്പെട്ടത്.
സ്വാഭാവികമായും യുപിഎ സര്‍ക്കാരിന്റെ സന്തതിയായ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കുക മോഡി ഭരണകൂടത്തിന് ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ലെങ്കിലും അതിനെ തള്ളിപ്പറയാനും സര്‍ക്കാരിന് കഴിയുമായിരുന്നില്ല. കാരണം 2020–21 ആയതോടെ, തൊഴില്‍ പദ്ധതിക്കുള്ള ഡിമാന്‍ഡ് പതിന്മടങ്ങാണ് കുതിച്ചുയര്‍ന്നത്. പദ്ധതി തുടക്കം കുറിച്ചതിനുശേഷം ഇതാദ്യമായാണ് ബജറ്റിലെ നീക്കിയിരിപ്പ് തുക ഒരു വര്‍ഷക്കാലത്തിനിടയില്‍ ഏതെങ്കിലും ഒരു പദ്ധതിക്കായി കേന്ദ്ര സര്‍ക്കാരിന്റെ പ്രതിവര്‍ഷ ചെലവിനേക്കാള്‍ മൂന്ന് ശതമാനത്തിലേറെ വര്‍ധനവ് രേഖപ്പെടുത്തുന്നത്. ഇതിലേക്കായി ജിഡിപിയുടെ 0.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 

ഗ്രാമീണ തൊഴില്‍ദാന പദ്ധതി സാമ്പത്തിക ദുരന്തം ഗുരുതരമാകുമ്പോഴെല്ലാം കേന്ദ്ര‑സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് താങ്ങും തണലുമായി അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ പിന്നെ എന്തിനുവേണ്ടിയാണ് ഇതിന്റെ അഴിച്ചുപണിയെപ്പറ്റി ചിന്തിക്കുന്നത് എന്നതാണ് പ്രസക്തമായി ഉയരുന്ന ചോദ്യം. സാമ്പത്തികപ്രതിസന്ധിയുടെ ഗുരുതരാവസ്ഥയില്‍ എപ്പോഴെല്ലാം ഇടിവു രേഖപ്പെടുത്തിയിട്ടുണ്ടോ അപ്പോഴെല്ലാം സര്‍ക്കാരിന്റെ ധനകാര്യ ബാധ്യതയിലും ഇടിവാണ് അനുഭവപ്പെട്ടിട്ടുള്ളത്. ഇതിനു കാരണമായിട്ടുള്ളത് അത്തരമൊരു ഘട്ടത്തില്‍ ജിഡിപി നിരക്കുവര്‍ധനവിനോടൊപ്പം തൊഴിലവസരങ്ങളില്‍ വര്‍ധനവും വരുമാനത്തില്‍ ഉയര്‍ച്ചയും ഉണ്ടാകുന്നതാണ്. സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍ വഴി തൊഴിലവസരങ്ങള്‍ ഒരുക്കേണ്ടതിന്റെ ആവശ്യകതയും കുറവായിരിക്കും. 2023–24ല്‍ കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം ചെലവിന്റെ 1.9 ശതമാനം മാത്രമാണ് ഗ്രാമീണ തൊഴില്‍ദാന പദ്ധതിക്കായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്നത്.
ധനകാര്യ പ്രതിസന്ധി രൂക്ഷമായിരുന്ന കാലഘട്ടം പിന്നിട്ടതിനുശേഷവും ഗ്രാമീണ മേഖലയില്‍ നിന്നുള്ള തൊഴിലവസരങ്ങള്‍ക്കുള്ള ഡിമാന്‍ഡ് ഉയര്‍ന്നുതന്നെ തുടരുന്നത് ഇന്ത്യന്‍ ഗ്രാമീണ മേഖലയിലെ പൊതുസ്ഥിതി ഒട്ടും തൃപ്തികരമല്ല എന്ന് കാണിക്കുന്നു. ഇത്തരം സൂചനകളില്‍ നിന്നും നയരൂപീകരണ മേഖലയിലുള്ളവരും നമ്മുടെ രാഷ്ട്രീയ ഭരണാധികാരികളും പ്രധാനമായൊരു പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ട്. ബാഹ്യതലത്തില്‍ കാണുന്നതിലും ഏറെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നമ്മുടെ ഗ്രാമീണ മേഖല അഭിമുഖീകരിക്കുന്നുണ്ട്. അല്ലെങ്കില്‍ തൊഴിലുകള്‍ക്കായുള്ള നെട്ടോട്ടം ഈ നിലയില്‍ തുടരുമായിരുന്നില്ല. തൊഴില്‍ദാന പദ്ധതിയുടെ പ്രസക്തിയും ഈ നിലയില്‍ അനുഭവപ്പെടുമായിരുന്നില്ല.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴില്‍ദാന പദ്ധതി കേന്ദ്ര മോഡി സര്‍ക്കാരിനെ അസ്വസ്ഥമാക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. കാരണം ഒരു ദശകക്കാലത്തെ മോഡി ഭരണം, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ വികസനത്തിന്റെ പുതിയ ഉയരങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്ന വീരവാദമാണല്ലോ ബിജെപി-സംഘ്പരിവാര്‍ വൃത്തങ്ങള്‍ പ്രചരിപ്പിക്കുന്നത്. അപ്പോള്‍ നിസാരമായ ദിവസക്കൂലിക്ക് പ്രതിവര്‍ഷം 100 ദിവസത്തെ തൊഴിലിനായി ലക്ഷക്കണക്കിന് ഗ്രാമീണര്‍ വരിവരിയായി നില്‍ക്കുന്നു എന്ന പ്രതിഭാസം ഒരു വൈരുധ്യം തന്നെയല്ലേ? ഇത്തരമൊരു ‘വൈരുധ്യാധിഷ്ഠിത’ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും താല്‍ക്കാലികമായെങ്കിലും തലയൂരാനുള്ള എളുപ്പവഴി എന്ന നിലയിലാണ്, പദ്ധതിയുടെ പുനഃപരിശോധനക്കായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരിക്കുന്നതെന്ന് കരുതുന്നതില്‍ തെറ്റില്ല. രണ്ടാമത്, ഗ്രാമീണ തൊഴില്‍ദാന പദ്ധതി മാത്രമാണ് മുഴുവനായും കേന്ദ്രസഹായത്തോടെ നടപ്പാക്കുന്നതെങ്കിലും അതിന്റെ മോണിറ്ററിങ് ചുമതല സംസ്ഥാനങ്ങളുടേതാണ്. സമീപകാലത്ത് പുറത്തുവന്നിട്ടുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, ഏതാനും സംസ്ഥാനങ്ങള്‍ പദ്ധതി നടത്തിപ്പിന് കേന്ദ്രം നല്‍കുന്ന ധനസഹായം ഒരു പരിധിവരെയെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ്.
ഇതില്‍ ഒരു പരിധിവരെ ശരിയുണ്ടാകാനും വഴിയുണ്ട്. പണം ചെലവാക്കുന്നതിനു മുമ്പ് തൊഴിലിനുവേണ്ടിയുള്ള മൊത്തം ഡിമാന്‍ഡ് മാത്രം പരിഗണിച്ചാല്‍ മതിയാവില്ല. ഈ വിഭാഗത്തില്‍പ്പെടുന്നവരില്‍ എത്രപേര്‍ യഥാര്‍ത്ഥത്തില്‍ അതിനുള്ള അര്‍ഹതയുള്ളവരാണ് എന്നതുകൂടി കണക്കിലെടുക്കേണ്ടതാണ്. മാത്രമല്ല, നിലവില്‍ എത്ര പദ്ധതികള്‍ സംസ്ഥാന ബജറ്റില്‍ ഇടം കണ്ടെത്തിയിട്ടുണ്ടെന്നു നോക്കി, അവയെ കേന്ദ്ര ധനസഹായത്തില്‍ നിന്നും ഒഴിവാക്കുകയും വേണം. ശരിയായ മോണിറ്ററിങ്ങിന്റെ അഭാവത്തില്‍ ഇത്തരം പാകപ്പിഴകള്‍ സ്വാഭാവികമായും ഉണ്ടാകാം. ദുരുപയോഗ സാധ്യതകള്‍ കൂടുതലായുണ്ടാവുക വേതനനിരക്കുകള്‍ താരതമ്യേന ഉയര്‍ന്നവയായിരിക്കുന്ന സംസ്ഥാനങ്ങളിലായിരിക്കും.

സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടത്തില്‍ ഏറ്റവുമധികം പണം ചെലവാക്കിയത് പശ്ചിമ ബംഗാള്‍ സര്‍ക്കാരായിരുന്നു. തൊട്ടുപിന്നില്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക എന്നീ ക്രമത്തിലാണ്. 2023–24ലെ കണക്കുകളനുസരിച്ച് ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളാണ് മൊത്തം തുകയുടെ മൂന്നിലൊന്നും ചെലവഴിച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ ആന്ധ്ര, കര്‍ണാടക, കേരള, തമിഴ്‌നാട്, തെലങ്കാന എന്നിവ ഉള്‍പ്പെടുന്നു. പദ്ധതിയുടെ നിബന്ധനയ്ക്കു വിപരീതമായി ഫണ്ട് വിനിയോഗം നടത്തിയതിന്റെ പേരില്‍ 2022–23, 2023–24 വര്‍ഷങ്ങളില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ വിഹിതം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
തൊഴില്‍ദാന പദ്ധതിയുടെ നിയമത്തിന്റെ നിബന്ധനകള്‍ ലംഘിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആനുകൂല്യം നിഷേധിക്കാന്‍ കേന്ദ്ര ഭരണത്തിന് അധികാരമുണ്ടെങ്കില്‍ എന്തേ ഫണ്ട് ദുരുപയോഗം തടയാന്‍ അനുയോജ്യമായ മോണിറ്ററിങ് സംവിധാനം കൂടി കേന്ദ്ര സര്‍ക്കാരിന് ഏറ്റെടുത്തുകൂടാ എന്ന ചോദ്യവും ഉയരുന്നു. ദേശീയ പ്രാധാന്യവും വ്യാപ്തിയുമുള്ളൊരു തൊഴില്‍ദാന പദ്ധതിയാണ് എംഎന്‍ആര്‍ഇജിഎ എന്നതിനാല്‍, അതിന്റെ നേട്ടങ്ങള്‍ മുഴുവനായും അവകാശപ്പെടാന്‍ കഴിയുക യൂണിയന്‍ സര്‍ക്കാരിനു തന്നെയല്ലെ? ഇത്തരമൊരു ഭാവനാപൂര്‍ണവും വസ്തുനിഷ്ഠവുമായ നയസമീപനത്തിനു പകരം, മൊത്തം പദ്ധതിച്ചെലവിന്റെ 20 മുതല്‍ 40 ശതമാനംവരെ സംസ്ഥാന സര്‍ക്കാരുകള്‍ക്കുമേല്‍ അടിച്ചേല്പിക്കുന്നതില്‍ അര്‍ത്ഥമില്ല. മാത്രമല്ല, ഫണ്ട് ദുര്‍വിനിയോഗം ഒഴിവാക്കാനും കഴിയില്ല. ‌
നിലവിലിരിക്കുന്ന നിയമത്തിന്റെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ട് ഏതാനും ചില വ്യവസ്ഥകളില്‍ മാറ്റംവരുത്തുക നിയമവിരുദ്ധമായിരിക്കും. പാര്‍ലമെന്റ് അംഗീകരിച്ച ഒരു നയമായതിനാല്‍ അതിന് ഭേദഗതികള്‍ വേണമെങ്കില്‍ ഇരു സഭകളുടെയും അംഗീകാരം കൂടിയേ തീരൂ. ഈ പ്രശ്നം അത്ര ലളിതമായി കാണേണ്ട ഒന്നല്ല. അനുദിനം ഗുരുതരമായി വരുന്ന തൊഴിലില്ലായ്മാ പ്രശ്നത്തിന് താല്‍ക്കാലികാശ്വാസം എന്ന നിലയിലാണെങ്കില്‍ക്കൂടി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ദാന പദ്ധതി തുടര്‍ന്നും നടപ്പാക്കാതെ രക്ഷയില്ല. ധനകാര്യ ബാധ്യത കുറയ്ക്കുക എന്ന നയസമീപനത്തിനു പകരം, കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ പ്രവര്‍ത്തനമാണ് പ്രശ്നത്തിനുള്ള പരിഹാരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.