24 September 2024, Tuesday
KSFE Galaxy Chits Banner 2

സംസ്ഥാനത്ത് മൂന്ന് മാസത്തിനിടെ ലഭിച്ചത് 112 ശതമാനം അധിക മഴ

Janayugom Webdesk
കൊച്ചി
May 20, 2022 9:48 pm

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ലഭിച്ചത് ശരാശരിയിലും 112 ശതമാനം അധിക മഴയെന്ന് കണക്കുകൾ. 252.8 മില്ലീമീറ്റർ മഴ ലഭിക്കേണ്ടതിന് പകരം 535.9 മില്ലീമീറ്റർ മഴ പെയ്തെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക്. എട്ട് ജില്ലകളിൽ കനത്ത മഴ പെയ്തു. ഇവിടെ 100 ശതമാനത്തിലേറെ മഴ ലഭിച്ചെന്നാണ് വിലയിരുത്തൽ. കാസർകോട്, കോഴിക്കോട്, തൃശൂർ, വയനാട്, കണ്ണൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മഴ കനത്തത്.

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് സംസ്ഥാനത്തെ ജില്ലകളിലും 50 ശതമാനത്തിലേറെ മഴ ലഭിച്ചു. എന്നാൽ കേരളത്തിൽ തന്നെ ഏറ്റവുമധികം മഴ ലഭിച്ചത് എറണാകുളത്താണ്. 844 മില്ലി മീറ്റർ മഴയാണ് പെയ്തത്. ശരാശരി 257.1 മില്ലീ മീറ്റർ മഴയാണ് ജില്ലയിൽ പ്രതീക്ഷിച്ചിരുന്നത്. 228 ശതമാനം അധികമഴയാണ് രേഖപ്പെടുത്തിയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

എറണാകുളത്തിന് പിന്നാലെ കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. പത്തനംതിട്ടയിൽ 112 ശതമാനം അധികം മഴ പെയ്തു. 386.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 820. 1 മില്ലീമീറ്റർ മഴ പെയ്തു. കോട്ടയത്ത് 167 ശതമാനം അധികമഴയാണ് ലഭിച്ചത്. 305.9 മില്ലീമീറ്റർ ലഭിക്കേണ്ടിടത്ത് പെയ്തത് 817.9 മില്ലീമീറ്ററാണ്.

കേരളത്തിൽ 23-ാം തീയതി വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം ശക്തമായ മഴ സാധ്യത തുടരുന്ന പശ്ചാത്തലത്തിൽ കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള — ലക്ഷദ്വീപ് — കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Eng­lish summary;The state received 112 per cent extra rain­fall in three months

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.