23 December 2024, Monday
KSFE Galaxy Chits Banner 2

യൂറോപ്പില്‍ യുദ്ധഭീഷണി കനക്കുന്നു

രാജാജി മാത്യു തോമസ്
February 23, 2022 7:00 am

യുഎസിന്റെ നേതൃത്വത്തില്‍ ബ്രിട്ടന്‍ ഉള്‍പ്പെട്ട നാറ്റോ സഖ്യവും വ്ലാദിമിര്‍ പുടിന്‍ നേതൃത്വം നല്‍കുന്ന റഷ്യന്‍ വിത്തപ്രഭുത്വ വാഴ്ചയും (ഒളിഗാര്‍ക്കി) യൂറോപ്പിനെ മറ്റൊരു യുദ്ധത്തിന്റെ വക്കിലേക്ക് തള്ളിനീക്കിയിരിക്കുന്നു. കിഴക്കന്‍ ഉക്രെയിനിലെ ഡോണ്‍ബാസ് മേഖലയിലെ ഡൊണട്സ്ക്, ലുഹാന്‍സ്ക് പ്രദേശങ്ങളിലെ സ്വയംപ്രഖ്യാപിത ജനകീയ റിപ്പബ്ലിക്കുകള്‍ക്ക് റഷ്യ അംഗീകാരം നല്‍കുകയും ഇരു റിപ്പബ്ലിക്കുകളുമായി സൗഹൃദ‑സുരക്ഷാ കരാറുകളില്‍ പുടിന്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ഡൊണട്സ്കിലും ലുഹാന്‍സ്കിലും ‘സമാധാന സംരക്ഷണ ചുമതല’കള്‍ക്ക് സെെന്യത്തിന് പുടിന്‍ ഉത്തരവു നല്‍കിയതോടെ യുഎസും ബ്രിട്ടനും കടുത്ത ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ തുറന്ന യുദ്ധത്തോട് നാളിതുവരെ വിരക്തി പ്രകടിപ്പിച്ചിരുന്ന ഫ്രാന്‍സും ജര്‍മനിയും മറ്റും ഗത്യന്തരമില്ലാതെ യുഎസിനെയും ബ്രിട്ടനെയും പിന്തുടരാന്‍ നിര്‍ബന്ധിതരായേക്കും. 2014ല്‍ അന്നത്തെ പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ചിനെ അധികാരഭ്രഷ്ടനാക്കിയ ഉക്രെയിനിലെ ‘യൂറോമെെദാന്‍’ പ്രതിഷേധ പരമ്പരയാണ് ആ രാജ്യത്തെ ന്യൂനപക്ഷ റഷ്യന്‍ വംശജരും ഉക്രെയ്ന്‍‍ വംശജരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചത്. യൂറോപ്യന്‍ യൂണിയനും ഉക്രെയ്‌നും ഉള്‍പ്പെട്ട ‘യൂറോപ്യന്‍ സാമ്പത്തിക സഹകരണ കരാറി‘ല്‍ ഒപ്പുവയ്ക്കാന്‍ യാനുക്കോവിച്ച് വിസമ്മതിച്ചതാണ് തീവ്ര വലതുപക്ഷത്തെ ചൊടിപ്പിച്ചത്. ‘അന്തസിന്റെ വിപ്ലവം’ എന്ന് പാശ്ചാത്യാനുകൂല ശക്തികള്‍ പേരിട്ട യൂറോമെെദാന്‍ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യത്ത് റഷ്യന്‍-ഉക്രെയ്ന്‍ വംശീയ സംഘര്‍ഷം മൂര്‍ച്ഛിക്കുകയും ഉക്രെയ്‌ന്റെ തെക്കന്‍ അതിര്‍ത്തിയില്‍ കരിങ്കടല്‍ തീരത്തുള്ള ക്രിമിയന്‍ ഉപദ്വീപ് റഷ്യയോട് ചേരുകയുമുണ്ടായി. ക്രിമിയയില്‍ നടന്ന ജനഹിത പരിശോധനയില്‍ അവിടത്തെ ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് റഷ്യയുടെ ഭാഗമാകാന്‍ തീരുമാനിച്ചത്. ഉക്രെയ്‌ന്റെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള ഡോണ്‍ബാസ് മേഖലയിലെ ജനങ്ങളും ഉക്രെയ്ന്‍ വംശാധിപത്യത്തിനെതിരെ സ്വയംഭരണ അവകാശത്തിനുവേണ്ടി ശബ്ദമുയര്‍ത്തി. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ നാളിതുവരെ ഇരുപതിനായിരത്തില്‍പരം റഷ്യന്‍ വംശജര്‍‍ കൊല ചെയ്യപ്പെടുകയും റഷ്യയിലേക്ക് അഭയാര്‍ത്ഥി പ്രവാഹത്തിനു കാരണവുമായി. റഷ്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഡോണ്‍ബാസ് മേഖലയിലെ ആഭ്യന്തര കലാപം റഷ്യന്‍ — ഉക്രെയ്‌ന്‍ ഉഭയകക്ഷി ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തി. 2019ലെ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഉക്രെയ്‌ന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വെളൊഡിമിര്‍ സെലന്‍സ്കി റഷ്യയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നു. എങ്കിലും, രാജ്യത്തെ ഫാസിസ്റ്റുകള്‍ അടക്കം തീവ്ര വലതുപക്ഷം അതിനെ ശക്തമായി എതിര്‍ക്കുകയാണ്. യുഎസും നാറ്റോ സഖ്യശക്തികളും ഭൂവിസ്തൃതിയില്‍ യൂറോപ്പില്‍ റഷ്യ കഴിഞ്ഞാല്‍ ഏറ്റവും വലിയ രാജ്യമായ ഉക്രെയിനെ പാശ്ചാത്യ സ്വാധീനത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ബഹുമുഖതന്ത്രങ്ങളാണ് അവലംബിക്കുന്നത്. യാഥാസ്ഥിതിക പാശ്ചാത്യ ഫണ്ടിങ് ഏജന്‍സികള്‍ ഏറ്റവും കൂടുതല്‍ പണമൊഴുക്കുന്ന രാഷ്ട്രമായി ഉക്രെയ്ന്‍ മാറിയിരിക്കുന്നു. റഷ്യയുമായി യാതൊരു ഒത്തുതീര്‍പ്പിനും അനുവദിക്കാത്ത വിധം തീവ്ര വലതുപക്ഷത്തെ കൂടെ നിര്‍ത്തുന്നതില്‍ പാശ്ചാത്യ ശക്തികള്‍ വിജയിക്കുകയും ചെയ്തു. യുഎസ് കോര്‍പറേറ്റുകള്‍ക്കും ഉന്നത രാഷ്ട്രീയ വൃത്തങ്ങള്‍ക്കും ഉക്രെയ്‌നുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കഴിഞ്ഞ യുഎസ് തെരഞ്ഞെടുപ്പില്‍ ആ രാജ്യത്ത് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഡൊണട്സ്കിലെയും ലുഹാന്‍‍സ്കിലെയും സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകള്‍ക്ക് ഉക്രെയ്ന്‍ രാഷ്ട്രത്തിന്റെ ചട്ടക്കൂടില്‍ സ്വയംഭരണാവകാശം നല്‍കണമെന്ന് റഷ്യയും ഉക്രെയ്‌നും യൂറോപ്യന്‍ സുരക്ഷിതത്വത്തിനും സഹകരണത്തിനുമുള്ള സംഘട(ഒഎസ്‌സിഇ)നയും തമ്മില്‍ ഒപ്പുവച്ച 2014ലെ മിന്‍സ്ക് കരാര്‍— ഒന്നില്‍ വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ ആ കരാര്‍ നടപ്പാക്കാന്‍ ഉക്രെയ്‌ന്‍ വംശീയവാദികള്‍ അനുവദിച്ചില്ല.


ഇതുകൂടി വായിക്കാം; വിജയിക്കാനാവാത്ത യുദ്ധം: പ്രതീക്ഷ നല്കുന്ന തിരിച്ചറിവ്


ഡോണ്‍ബാസ് മേഖലയിലെ സംഘര്‍ഷവും ഉന്മൂലനവും നിര്‍ബാധം തുടര്‍ന്നു. സംഘര്‍ഷം യൂറോപ്പില്‍ വീണ്ടുമൊരു യുദ്ധത്തിനു വഴിതുറക്കുമെന്ന ആശങ്കയില്‍ 2015ല്‍ ഒഎസ്‌സിഇക്കു പുറമെ ഫ്രാന്‍സിന്റെയും ജര്‍മനിയുടെയും മധ്യസ്ഥതയില്‍ ഉണ്ടാക്കിയ മിന്‍സ്ക്- രണ്ടാം കരാറും പരാജയപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങളില്‍ ഒന്ന്. പുടിന്‍ നേതൃത്വം നല്‍കുന്ന ഒളിഗാര്‍ക്കി‍ക്ക് അവരുടെതായ ലക്ഷ്യങ്ങളുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ രാജ്യത്തിന്റെ പൊതുസമ്പത്ത് കൊള്ളയടിച്ച് അതിസമ്പന്നരായി മാറിയ ഒരു പുതുപ്പണ വര്‍ഗത്തിന്റെ താല്പര്യങ്ങളാണ് അത്. ഇരുപത്തിരണ്ട് വര്‍ഷങ്ങളായി അധികാരം കയ്യാളുന്ന പുടിന്‍ ഭരണഘടനാ ഭേദഗതിയിലൂടെ തന്റെ ആജീവനാന്ത അധികാരവാഴ്ചയ്ക്ക് അടിത്തറ പാകിയിട്ടുണ്ട്. പുടിനെതിരെ രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രതിഷേധത്തെ മറികടക്കാന്‍ തീവ്ര ദേശീയത ആളിക്കത്തിക്കാനും അധികാരം നിലനിര്‍ത്താനും അവലംബിക്കുന്ന തന്ത്രം കൂടിയാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ ദുരുപയോഗം. എന്നാല്‍,‍ ശിഥിലമായ സോവിയറ്റ് രാഷ്ട്രത്തെക്കുറിച്ചുള്ള റഷ്യന്‍ ജനതയുടെ യഥാര്‍ത്ഥ ഉല്‍ക്കണ്ഠകള്‍ അവഗണിക്കാവുന്നതല്ല. റഷ്യന്‍ വംശജര്‍ക്കും ഭാഷ സംസാരിക്കുന്നവര്‍ക്കും ഭൂരിപക്ഷമുള്ള ഡൊണട്സ്കിലെയും ലുഹാന്‍സ്കിലെയും ജനങ്ങളോടുള്ള റഷ്യക്കാരുടെ ഐക്യദാര്‍ഢ്യവും വെെകാരികതയും അന്യായമായി കരുതാനാവില്ല. ഇരുപ്രദേശങ്ങളിലെയും സ്വയം ഭരണാധികാര റിപ്പബ്ലിക്കുകളെ അംഗീകരിച്ച് ഉക്രെയ്‌ന്റെ രാഷ്ട്ര ചട്ടക്കൂടില്‍ നിലനിര്‍ത്തണമെന്ന ആവശ്യം മുന്‍ സോവിയറ്റ് ഭൂപ്രദേശത്തെ സംബന്ധിച്ചിടത്തോളം അസാധാരണമല്ല. മറ്റൊരു യൂറോപ്യന്‍ യുദ്ധത്തെ എതിര്‍ക്കുമ്പോഴും ഡൊണട്സ്ക്, ലുഹാന്‍സ്ക് ജനകീയ റിപ്പബ്ലിക്കുകളെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റഷ്യന്‍ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി ഗെന്നഡി സ്യുഗാനോവ് ദൂമയില്‍ അവതരിപ്പിച്ച പ്രമേയം‍ വന്‍ ഭൂരിപക്ഷത്തോടെയാണ് റഷ്യന്‍ പാര്‍ലമെന്റ് ഫെബ്രുവരി 14ന് അംഗീകരിച്ചത്. മിന്‍‍സ്ക് കരാര്‍ നടപ്പാക്കണമെന്ന ആവശ്യം അംഗീകരിച്ചാല്‍ സംഘര്‍ഷങ്ങള്‍ക്ക് അയവു വരുമെന്നിരിക്കെ ജര്‍മനിയും ഫ്രാന്‍സും ഒ എസ്‌ സിഇയും മധ്യസ്ഥത വഹിച്ച കരാര്‍ നടപ്പാക്കുന്നതിന് പ്രതിബന്ധം യുഎസിന്റെ കര്‍ക്കശ നിലപാടാണ്. അത് യുഎസിന്റെ സൈനിക സാമ്പത്തിക താല്പര്യങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ശിഥിലമായ സോവിയറ്റ് യൂണിയനില്‍ നിന്നും വേര്‍പെട്ട റിപ്പബ്ലിക്കുകളും കിഴക്കന്‍ യുറോപ്പിലെ മുന്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും യുഎസ് ഉല്പന്നങ്ങളുടെയും ആയുധങ്ങളുടെയും വിപണിയാണ്. റഷ്യന്‍ ഭീഷണി ഉയര്‍ത്തിക്കാണിച്ച് പോളണ്ട്, ഹംഗറി, റുമാനിയ, ലാറ്റിവ്യ, മോള്‍ദോവിയ, ചെക്ക്, സ്ലോവാക് തുടങ്ങിയ രാജ്യങ്ങളെയെല്ലാം നാറ്റോ ചേരിയില്‍ അണിനിരത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഉക്രെയ്ന്‍ കൂടി നാറ്റോയില്‍ ഉള്‍പ്പെടുന്നതോടെ ഫലത്തില്‍ യുഎസിനും നാറ്റോയ്ക്കും റഷ്യയുടെ പടിഞ്ഞാറന്‍ മേഖലയെ ആകെ വലയം ചെയ്യാനാവും. അതുതന്നെയാണ് റഷ്യയെ ആശങ്കപ്പെടുത്തുന്നതും പ്രകോപിപ്പിക്കുന്നതും. വഷളായ ഉക്രെയ്ന്‍ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രകൃതിവാതകം ജര്‍മനിയിലും യൂറോപ്പിലും നേരിട്ടെത്തിക്കാന്‍ കഴിയുന്ന നോര്‍ത്ത് സ്ട്രീം- രണ്ട് വാതക കുഴല്‍ യു എസിന്റെ ഊര്‍ജ കച്ചവട താല്പര്യങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണ്. റഷ്യയുടെ വാതക, എണ്ണ വിപണി തടയണമെങ്കില്‍ യൂറോപ്പില്‍ റഷ്യന്‍ വിരുദ്ധ വികാരം സജീവമായി നിലനിര്‍ത്തണം, നോര്‍ത്ത് സ്ട്രീം- രണ്ട് പ്രാവര്‍ത്തികമാകരുത്. യുഎസില്‍ നിന്ന് നേര്‍രേഖയില്‍ ആറായിരത്തില്‍പരം കിലോമീറ്റര്‍ ആകലെ യുദ്ധവും ദുരിതവും നിലനിന്നാല്‍‍ മാത്രമെ തങ്ങള്‍ക്ക് കച്ചവടവും ആഗോള സാമ്പത്തിക മേധാവിത്തവും നിലനിര്‍ത്താനാവു എന്ന് യുഎസ് തിരിച്ചറിയുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം നാളിതുവരെ തങ്ങള്‍ നടത്തിയ ഒരു യുദ്ധത്തിലും വിജയിക്കാന്‍ കഴിയാത്ത യുഎസ് സാമ്രാജ്യത്വമാണ് യൂറോപ്പിന്റെ മേല്‍ മറ്റൊരു യുദ്ധം അടിച്ചേല്പിക്കുന്നത്. മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ യുഎസ് സേന യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കില്ലെന്നും യുഎസ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് തകര്‍ന്നു താറുമാറായ സമ്പദ്ഘടനകള്‍ക്കും ദുരിതക്കയത്തിലായ മഹാഭൂരിപക്ഷം ലോക ജനതയ്ക്കും താങ്ങാനാവാത്ത മറ്റൊരു യുദ്ധത്തിലേക്കാണ് യുഎസ് ലോകത്തെ വലിച്ചിഴയ്ക്കുന്നത്.

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.