23 December 2024, Monday
KSFE Galaxy Chits Banner 2

അധിനിവേശത്തിന്റെ ശൈത്യം

ജയശ്ചന്ദ്രൻ കല്ലിംഗൽ
December 10, 2022 4:10 am

ശ്മീരിൽ ശൈത്യകാലം തുടങ്ങി. മഞ്ഞുമൂടിയ മലനിരകളാൽ കശ്മീർ സ്വർഗതുല്യമാകുന്ന കാലം. കാഴ്ചയ്ക്ക് മാത്രമാണ് സൗന്ദര്യം. തണുപ്പു കാലത്ത് കശ്മീരികളുടെ ജീവിതം അത്ര സുഖകരമല്ല. കഠിനമായ ശൈത്യം വിനോദസഞ്ചാരത്തിന് അനുകൂലമല്ലാത്തതിനാൽ തൊഴിലവസരങ്ങൾ ഇല്ലാതാകും. ആപ്പിൾ സീസൺ കഴിയുന്നതോടെ കാർഷിക രംഗത്തെ തൊഴിലിലും കുറവുണ്ടാകും. മഞ്ഞുവീഴ്ച കുറഞ്ഞ രജൗരി തുടങ്ങിയ ഇടങ്ങളിലേക്ക് താമസം മാറ്റേണ്ടി വരും. ശൈത്യകാലത്തും വേനൽക്കാലത്തും ജീവിക്കാൻ പാകത്തിൽ രണ്ട് വീടുകളുള്ള സമ്പന്നരുടെ ജീവിതത്തെ കാലാവസ്ഥ ബാധിക്കാറില്ല. ഭൂരിഭാഗം ജനതയും താല്ക്കാലിക ടെന്റുകൾ പോലുള്ളവ വീടായി ഉപയോഗിക്കുന്നവരാണ്. ഇവർക്ക് വീടു മാറ്റം വലിയ വൈതരണിയാണ്. രാഷ്ട്രീയപരമായി ഭരണകർത്താക്കൾക്ക് അല്പം ആശ്വാസമുണ്ടാകുന്നതും ശൈത്യകാലത്താണ്. മഞ്ഞിന്റെ മറവിൽ അതിർത്തിയിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റം അല്പം വർധിക്കുമെങ്കിലും പൊതുവെ സമാധാനപരമായ ഒരു അന്തരീക്ഷമായിരിക്കും.
നവംബര്‍ ആദ്യവാരം നാലു ദിവസമാണ് കശ്മീർ സന്ദർശിക്കുവാൻ അവസരം ലഭിച്ചത്. ഭരണഘടന അനുവദിച്ചു നൽകിയ പ്രത്യേക അവകാശം ഇല്ലാതായിട്ട് മൂന്ന് വർഷം, ഓഗസ്റ്റ് അ‌ഞ്ചിന് പൂർത്തിയായി. ആർട്ടിക്കിൾ 370 പിൻവലിച്ചപ്പോൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകൾ ഒന്നും ഫലവത്തായിട്ടില്ല. കശ്മീർ ഒഴിച്ചുള്ള പ്രദേശങ്ങളിലെ ജനങ്ങൾ പ്രത്യേകിച്ച് ജമ്മുവിലെ ഹിന്ദുക്കളും ലഡാക്കിലെ ബുദ്ധിസ്റ്റുകളും കേന്ദ്ര നടപടിയെ ആദ്യം അംഗീകരിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ അവരും അത്ര ശുഭാപ്തി വിശ്വാസത്തിലല്ല.


ഇതുകൂടി വായിക്കൂ: കേന്ദ്ര സര്‍ക്കാര്‍ ഗുരുതര ധനകാര്യ പ്രതിസന്ധിയില്‍


ഇന്ത്യൻ നഗരങ്ങളിലെ ഒരു പൊതുസ്ഥിതി ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രത്യേക വികസന പദ്ധതികൾ നടത്തിവരുന്ന കാലമാണിത്. മേല്‍പ്പാലങ്ങളും ബൈപ്പാസുകളും കൂറ്റൻ മാളുകളുമായി ഇന്ത്യയിലെ മധ്യവർഗം അവരുടെ വളർച്ച കാണിക്കുന്നു. രാജ്യത്തിന്റെ എല്ലാ വിഭാഗം ജനങ്ങൾക്കുമായി ലഭ്യമാകേണ്ടിയിരുന്ന പൊതുസമ്പത്ത് നഗരങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനാണ് കേന്ദ്രസർക്കാർ ഉപയോഗിച്ചു വരുന്നത്. നഗരങ്ങളോടൊപ്പം ബഹു ഭൂരിപക്ഷം ജനങ്ങൾ ജീവിക്കുന്ന ഗ്രാമങ്ങൾ വികസിക്കുന്നില്ല എന്ന് മാത്രമല്ല കൂടുതൽ അന്യവല്ക്കരിക്കപ്പെടുകയുമാണ്. ജീവിത സാഹചര്യത്തിൽ വലിയ അന്തരമാണ് ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കശ്മീരിലെ സ്ഥിതിയും ഇതു തന്നെയാണ്. പ്രത്യേക പാക്കേജുകളായി പ്രഖ്യാപിച്ച ഹൈവേകൾ ഉൾപ്പെടെയുള്ള വികസന പദ്ധതികൾ ഭൂരിഭാഗവും നഗരങ്ങൾ കേന്ദ്രീകരിച്ചതും പാകിസ്ഥാന്റെയും ചൈനയുടെയും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലേക്കുള്ള സൈനിക നീക്കം വേഗത്തിലാക്കുന്നതിനുമാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞു കൊണ്ട് പ്രധാനമന്ത്രിയും ആഭ്യന്തരവകുപ്പ് മന്ത്രിയും നടത്തിയ പ്രഖ്യാപനങ്ങളിൽ കശ്മീർ ജനതയുടെ സർവതോമുഖമായ പുരോഗതിയാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനായി പ്രത്യേക പാക്കേജിലൂടെ കോടിക്കണക്കിന് രൂപയുടെ പദ്ധതികളും പ്രഖ്യാപിച്ചു. എന്നാൽ ഇവയിൽ തദ്ദേശീയർക്ക് ഗുണം ലഭിക്കുന്ന ഒന്നു പോലും പ്രാവർത്തികമായിട്ടില്ല.
പൊതുവെ ഇപ്പോഴും ഗോത്രവർഗ സംസ്കാരം പിന്തുടരുന്നവരാണ് കശ്മീരികൾ. ചരിത്രത്തിലിടം നേടിയിട്ടുള്ള അധിനിവേശങ്ങളിൽ കശ്മീരിന് നല്ല പങ്കുണ്ടെങ്കിലും അത്തരം അധിനിവേശങ്ങളൊന്നും കശ്മീരികളുടെ തനത് സംസ്കാരത്തെ പോറലേല്പിച്ചിട്ടില്ല. ഇതിന് മാറ്റം വരുത്തുന്നതിനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ പൗരന്മാർക്ക് വോട്ടവകാശം അനുവദിച്ചത് രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടാണ്. പ്രത്യേക ഭരണഘടനാവകാശം നിലനിന്നപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർക്ക് കശ്മീരിൽ ഭൂമി വാങ്ങുവാൻ കഴിയുമായിരുന്നില്ല. ആർട്ടിക്കിൾ 370 ന്റെ ഭാഗമായി നടപ്പിലാക്കിയ ഈ നിയമം ഇല്ലാതായി. കശ്മീരിൽ ഭൂമി സ്വന്തമാക്കാം എന്ന വ്യവസ്ഥയെ കശ്മീരികൾ ഒഴിച്ചുള്ളവര്‍ പിന്തുണച്ചു. കോർപറേറ്റുകൾ ഭൂമി വാങ്ങുന്നതിനും വ്യാപാരസ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും വലിയ ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യമിട്ട അത്രയും ഫലം കണ്ടിട്ടില്ല.


ഇതുകൂടി വായിക്കൂ: ഇന്ത്യയുടെ ക്ഷേമരാഷ്ട്ര സങ്കല്പം


സംസ്ഥാന പദവി എടുത്ത് കളഞ്ഞ് കേന്ദ്രഭരണത്തിന്‍ കീഴിലായപ്പോൾ ഭീകര പ്രവർത്തനം അമർച്ച ചെയ്യുവാൻ കഴിഞ്ഞു എന്നാണ് സർക്കാരിന്റെ അവകാശവാദം. അക്രമ സംഭവങ്ങൾ അല്‍പം കുറഞ്ഞു എന്നത് യാഥാർത്ഥ്യമാണ്. പക്ഷേ അതിന് വേണ്ടി നിഷ്പക്ഷരായ ബഹുഭൂരിപക്ഷം കശ്മീരികളുടെ സ്വതന്ത്രമായ ആശയവിനിമയം ഉൾപ്പെടെയുള്ള ജീവിത വ്യവഹാരങ്ങൾ വിലക്കപ്പെട്ടിരിക്കുകയാണ്. പ്രധാന ദിനപത്രങ്ങൾ റൈസിങ് കശ്മീർ, ഗ്രേറ്റർ കശ്മീർ എന്നിവയാണ്. പത്രം ലഭിക്കുന്ന സ്ഥലങ്ങളും അപൂർവങ്ങളാണ്. ശ്രീനഗറിൽ ദിനപത്രം ലഭിക്കുന്ന കടകൾ കുറവാണ്. ദിനപത്രത്തിന്റെ പ്രസക്തി എത്രത്തോളമെന്ന് ഇതിൽ നിന്നും ബോധ്യപ്പെടും. വാർത്തകളിൽ അധികവും സർക്കാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചാണ്. സർക്കാർ ഗസറ്റിന്റെ തരത്തിലാണ് വാർത്തകൾ. സുതാര്യമായ അഭിപ്രായപ്രകടനങ്ങളോ വിമർശനങ്ങളോ ഒന്നും പത്രവാർത്തകളിലില്ല. ഞങ്ങള്‍ കണ്ട ദിവസത്തെ ഒരു പത്രത്തിലെ പ്രധാന വാർത്ത ബാരമുള്ള ജില്ലയിലെ ഒരു പട്ടാള ഉദ്യോഗസ്ഥൻ 1947 ലെ ഇന്ത്യ‑പാകിസ്ഥാൻ യുദ്ധത്തിൽ മുന്നണി പോരാളിയായിരുന്നതും വീരമൃത്യുവരിച്ചതുമായി ബന്ധപ്പെട്ടാണ്. ഇതേ നിലയിൽ ദേശസ്നേഹം വളർത്തുന്ന വാർത്തകൾ പ്രധാന തലക്കെട്ടുകളായി വരും. പത്രങ്ങളുടെ ഉള്ളടക്കം പൊതുവെ സർക്കാർ ഏജൻസികളുടെ പ്രവർത്തനങ്ങൾ അറിയിപ്പുകൾ, ബോധവല്ക്കരണങ്ങൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടങ്ങിയവയാണ്. രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങളോ അഭിപ്രായങ്ങളോ സുതാര്യമായി പ്രസിദ്ധീകരിക്കുവാൻ സാധിക്കാത്ത ഒരു സാഹചര്യമാണെന്ന് പത്രങ്ങൾ വായിക്കുമ്പോൾ ബോധ്യപ്പെടും. അപ്രഖ്യാപിതമായ സെൻസർഷിപ്പ് പത്രങ്ങൾ നേരിടുന്നു എന്നതാണ് യാഥാർത്ഥ്യം. അല്ലെങ്കിൽ പത്രസ്ഥാപനങ്ങളും പത്രപ്രവർത്തകരും ആരെയോ ഭയപ്പെടുന്നുണ്ട്.


ഇതുകൂടി വായിക്കൂ: കശ്മീരിന് പ്രത്യേകപദവി: രാഷ്ട്രീയപാർട്ടികൾ ഒരുമിക്കുന്നു


ഇടയ്ക്കിടയ്ക്ക് സൈറൺ മുഴക്കി പോകുന്ന സൈനിക വാഹന വ്യൂഹങ്ങൾ, മേൽമൂടിയില്ലാത്ത ജീപ്പിൽ തോക്കു ചൂണ്ടി നിൽക്കുന്ന സൈനികർ ഇതെല്ലാം ഇപ്പോഴും കാണാം. എങ്കിലും പൊതുവെ ശാന്തമാണ് ജമ്മു കശ്മീർ. ഭീകരാക്രമണങ്ങൾ കുറഞ്ഞിട്ടുണ്ട്. ചൂണ്ടിയ തോക്കിന് മുന്നിൽ പിറന്നുവീഴുന്ന കുട്ടികൾ എത്രമാത്രം ആശങ്കാകുലരായിട്ടായിരിക്കും അവരുടെ ജീവിതം മുന്നോട്ട് നയിക്കുന്നത്. നമ്മുടെ വീടിനു മുന്നിൽ ഒരു പൊലീസുകാരൻ വന്നാൽ പോലും നമ്മൾ നിശബ്ദരാകും. എങ്ങും കനത്ത ശാന്തതയാണ്. ഇപ്പോൾ കാണുന്ന ശാന്തത അടിച്ചമർത്തപ്പെട്ടവന്റെ ഭയത്തിൽ നിന്നുമുള്ളതാണോ എന്ന് കാലം തെളിയിക്കും. ജനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ സ്വാതന്ത്യ്രവും അഭിപ്രായപ്രകടനങ്ങൾക്കും വിമത സ്വരങ്ങൾക്കും അവസരവും നല്കിയാൽ അവർ ഭരണകൂടത്തെ കൂടുതൽ വിശ്വസിക്കും എന്നതാണ് യാഥാർത്ഥ്യം. കർശനമായ സൈനിക നിരീക്ഷണങ്ങൾക്കിടയിലും ഇപ്പോഴും മതിലുകളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം എഴുതുവാൻ യുവാക്കൾ ധൈര്യം കാണിക്കുന്നു എന്നതിൽ നിന്ന് അമർന്ന് കത്തുന്ന അഗ്നിയാണ് അവിടെ ഉള്ളതെന്നാണ് വെളിപ്പെടുന്നത്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക പാക്കേജുകൾ ജനങ്ങൾക്ക് കൂടി ബോധ്യപ്പെടത്തക്ക നിലയിൽ അവരെ വിശ്വാസത്തിലെടുത്ത് നടപ്പിലാക്കുകയാണ് ഇതിന് പ്രതിവിധി. മുമ്പ് സൂചിപ്പിച്ചത് പോലെ ഇന്ത്യയിലെ മറ്റ് ജനവിഭാഗങ്ങളിൽ നിന്നും വിഭിന്നമായി കഠിനമായ ഗോത്ര മനോഭാവം പുലർത്തുന്ന ജനതയാണ് കശ്മീരികൾ. തനതായ സംസ്കാരവും ഭാഷയും വേഷവും സംരക്ഷിക്കുന്നതിൽ അവർ ശ്രദ്ധാലുക്കളായിരിക്കും. അത് തീവ്ര ഇസ്‌ലാമിക ബോധത്തിൽ നിന്നും വളർന്നതല്ല. മറിച്ച് പാരമ്പര്യമായി അവർ ശീലിച്ചു പോന്നതാണ്. അത് പരിഷ്കൃതമായ കാഴ്ചപ്പാടിലേക്ക് മാറണമെങ്കിൽ അധിനിവേശ നയങ്ങൾ കൊണ്ട് കഴിയില്ല. വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തി തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാകുന്ന പദ്ധതികൾ നടപ്പിലാകണം. തൊഴിലവസരങ്ങളുടെ വർധനവിനെ സംബന്ധിച്ച് വലിയ വാദഗതികളാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നതെങ്കിലും അതൊന്നും താഴെത്തട്ടിലേക്ക് എത്തിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.


ഇതുകൂടി വായിക്കൂ: ഭൂപരിഷ്ക്കരണം അട്ടിമറിക്കും; കുത്തകകൾ ആധിപത്യമുറപ്പിക്കും


നഗരങ്ങളിൽ പോലും ദാരിദ്യ്രത്തിന്റെ അലയൊലികൾ ദർശിക്കാം. ശൈത്യകാലത്തിന്റെ ആരംഭത്തിലാണ് ഏറ്റവും കൂടുതൽ തുകൽ ഉല്പന്നങ്ങളും കമ്പിളി വസ്ത്രങ്ങളും ചെലവഴിക്കപ്പെടുന്നത്. പ്രധാന കടകളിലെല്ലാം വില്പന തീരെ കുറവാണ്. തെരുവിൽ രണ്ടാം തരമായും മൂന്നാം തരമായും വിൽക്കുന്നവർക്കാണ് അല്പമെങ്കിലും വ്യാപാരം നടക്കുന്നത്. എല്ലാ മുഖങ്ങളിലും അസംതൃപ്തിയും അസന്തുഷ്ടിയുമാണ്. ഭയത്തിന്റെ ഒരു ലാഞ്ചന യുവാക്കളുടെ ചിരിയിൽ വരെ ഉണ്ടെന്നതാണ് യാഥാർത്ഥ്യം. ഒരു അപകർഷതാബോധം കശ്മീരികളെ കീഴടക്കിയിരിക്കുന്നതായി തോന്നുന്നു. സ്വാതന്ത്യ്രം വിലക്കപ്പെട്ടവരെന്ന ചിന്തയാണ് അവരെ നയിക്കുന്നത്. ഭയത്തിന്റെ ഈ അന്തരീക്ഷം മാറ്റി കശ്മീരി ജനതയെ എന്ന് വിശ്വാസത്തിലെടുക്കുവാൻ കഴിയുന്നുവോ അന്ന് മാത്രമെ നമുക്ക് അവരുടെ ഹൃദയങ്ങളിൽ ഇടം നേടാനാകൂ. അപ്പോൾ മുതൽ കശ്മീർ ജനത പൂർണമായും ഇന്ത്യക്കാരാകും. കേന്ദ്രസർക്കാരിന്റെ ഇടപെടലുകൾ അധിനിവേശത്തിന്റേതാണെന്ന തോന്നൽ സൃഷ്ടിക്കാതെ, അവരെയും കൂടി ഉൾക്കൊള്ളുന്നതാകുമ്പോൾ നമുക്ക് കശ്മീരിൽ വിജയിക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.