September 26, 2022 Monday

Related news

September 20, 2022
September 10, 2022
August 25, 2022
August 18, 2022
August 18, 2022
August 11, 2022
August 6, 2022
August 4, 2022
July 28, 2022
July 19, 2022

കേന്ദ്ര സര്‍ക്കാര്‍ ഗുരുതര ധനകാര്യ പ്രതിസന്ധിയില്‍

പ്രൊഫ. കെ അരവിന്ദാക്ഷൻ
February 24, 2022 6:00 am

ഏറ്റവുമൊടുവില്‍ ഡാവോസില്‍ ചേര്‍ന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ സമ്മേളനവുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 10 അംഗരാജ്യ പ്രതിനിധികളില്‍ ഒരാള്‍ ഒഴികെ മറ്റെല്ലാവരും വരുന്ന മൂന്നു വര്‍ഷക്കാലത്തിനിടയില്‍ ആഗോള സമ്പദ്‌വ്യവസ്ഥക്ക് പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടുക ശ്രമകരമായിരിക്കുമെന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ഇതിനുപുറമെ 1,000 പേര്‍ പങ്കെടുത്ത മറ്റൊരു സര്‍വേയുടെ ഭാഗമായി ബിസിനസ് സ്ഥാപനങ്ങള്‍, സര്‍ക്കാരുകള്‍, അക്കാദമിക്ക് സമൂഹം തുടങ്ങിയ വിഭാഗങ്ങള്‍ സ്വന്തം അഭിപ്രായങ്ങള്‍ ഈ വിഷയത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഇവരില്‍ ആറില്‍ ഒരാള്‍ മാത്രമാണ് ആഗോള സാമ്പത്തിക സ്ഥിതിയില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത്. (ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ജനുവരി 12, 2022) ഇത്തരമൊരു അനിശ്ചിതത്വവും ആശങ്കയും സൃഷ്ടിക്കുന്നതിനിടയാക്കിയത് നിരവധി കാരണങ്ങളാലാണ്. ഇതില്‍ പ്രധാനപ്പെട്ടത് കാലാവസ്ഥ വ്യതിയാനങ്ങള്‍ തന്നെയാണ്. 2021 നവംബറില്‍ യു എന്‍ ‘കോപ്പ’ കാലാവസ്ഥാ സമ്മേളനത്തില്‍ പങ്കെടുത്ത ഇരുന്നൂറില്‍പരം രാജ്യങ്ങളിലെ പ്രതിനിധികളും സമാനമായ വികാരമാണ് പ്രകടമാക്കിയത്. സ്വാഭാവികമായും കാലാവസ്ഥയില്‍ ഉണ്ടാകുമെന്നുറപ്പുള്ള ആഴമേറിയ വ്യതിയാനങ്ങള്‍ ആഗോള സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയേയും വികസന സാധ്യതകളേയും ഗുരുതരമായി ബാധിക്കുമെന്നത് ഉറപ്പാണല്ലോ. ഇത്തരമൊരു ആഗോള സാമ്പത്തിക പശ്ചാത്തലം കണക്കിലെടുത്തായിരിക്കണം ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ അവയുടെ ബജറ്ററി നയങ്ങള്‍ അടക്കമുള്ള സാമ്പത്തിക അജണ്ടകള്‍ തയാറാക്കുമ്പോള്‍ നീങ്ങേണ്ടത്. ഈ തിരിച്ചറിവായിരിക്കാം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതായ മോണിറ്ററി പോളിസി കമ്മിറ്റിയുടെ ഏറ്റവുമൊടുവിലായി പുറത്തുവന്നിരിക്കുന്ന (ഫെബ്രുവരി 10, 2022) തീരുമാനങ്ങള്‍ക്ക് ഇടയാക്കിയത്. മഹാമാരിയുടെ ആഘാതത്തില്‍ അകപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പുനരുദ്ധരിക്കുന്നതിനായി പണനയം കരുപ്പിടിപ്പിക്കുന്ന അവസരത്തില്‍ ആര്‍ബിഐയുടെ കൈകള്‍ തീര്‍ത്തും ബന്ധിപ്പിക്കപ്പെട്ട നിലയിലാണ്. ഇക്കാരണത്താലാണ് തുടര്‍ച്ചയായി നാലാം വട്ടവും ബാങ്കിന്റെ റിപ്പോ നിരക്കിലും റിവേഴ്സ് റിപ്പോ നിരക്കിലും യാതൊരു മാറ്റവുമില്ലാതെ മരവിപ്പില്‍ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേ അവസരത്തില്‍ കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്റെ നാലാമത്തെ കേന്ദ്ര ബജറ്റിന്റെ സമീപനം ഇതില്‍ നിന്നും അല്പം വ്യത്യസ്തമാണെന്നു തോന്നുന്നു. പാന്‍ഡെമിക്കിന്റെ മൂന്നു തരംഗങ്ങള്‍ തുടര്‍ച്ചയായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിര്‍ജീവാവസ്ഥയിലായ സമ്പദ്‌വ്യവസ്ഥയെ ജീവസുറ്റതാക്കാന്‍ വന്‍തോതില്‍ പൊതു മൂലധന ചെലവ് വര്‍ധനവാണ് 2022–23 ലേക്കുള്ള ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഈ നയസമീപനമാണെങ്കില്‍ പൊതുവില്‍ സ്വാഗതം ചെയ്യപ്പെട്ടിട്ടുമുണ്ട്. സ്വകാര്യ മേഖലാ നിക്ഷേപം മടിച്ചുനില്ക്കുന്നത് സ്വാഭാവികമായും സ്വകാര്യ ഉപഭോഗത്തിലും ഡിമാന്‍ഡിലും കാണപ്പെടുന്ന തുടര്‍ച്ചയായ ഇടിവുകാരണമാണ്. ഈ സ്ഥിതി മാറണമെങ്കില്‍ പൊതുനിക്ഷേപ വര്‍ധനവ് അനിവാര്യമാണ്. അങ്ങനെ മാത്രമേ സാമ്പത്തിക മേഖലയിലേക്ക് കടന്നുവരാന്‍ സ്വകാര്യ മൂലധന നിക്ഷേപം സന്നദ്ധമാവുകയുള്ളു. ഇടക്കാല നിക്ഷേപ വര്‍ധനവിലൂടെ സ്വകാര്യ നിക്ഷേപകര്‍ക്ക് പ്രോത്സാഹനം നല്കാനായാല്‍ അവര്‍ ക്രമേണ രംഗത്തുവരുകയും സ്വന്തം മൂലധന നിക്ഷേപം ഉയര്‍ത്തുകയും ചെയ്യും. അപ്പോള്‍ പോലും ദീര്‍ഘകാല നിക്ഷേപത്തിന് സ്വകാര്യ മേഖല ആവേശം കാണിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. വിശിഷ്യാ ആന്തരഘടനാ മേഖലപോലുള്ള ദീര്‍ഘകാല നിക്ഷേപമേഖലകളില്‍ നിക്ഷേപം നടത്താന്‍ ഇത്തരമൊരു സാഹചര്യത്തിന്റെ പേരിലാണത്രെ ധനമന്ത്രി ആന്തരഘടന മൂലധന നിക്ഷേപം വന്‍തോതില്‍ പൊതുനിക്ഷേപത്തിന്റെ രൂപത്തില്‍ നടത്താന്‍ ബജറ്റില്‍ നിര്‍ദേശം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പുതിയ ബജറ്റില്‍ സര്‍ക്കാര്‍ മൂലധന ചെലവില്‍ ഒരു കുതിച്ചുചാട്ടം തന്നെയാണ് കാണാന്‍ കഴിയുക. 2021–22 നെ അപേക്ഷിച്ച് 2022–23 ധനകാര്യ വര്‍ഷത്തില്‍ വര്‍ധന 25 ശതമാനം ‑7.5 ട്രില്യന്‍ രൂപയായിരിക്കുന്നു. 2021–22 ല്‍ ഇത് 6 ട്രില്യന്‍ മാത്രമായിരുന്നു.


ഇതുകൂടി വായിക്കാം; കോവിഡാനന്തരം പാൻഡെമിക് ഇക്കണോമിക്സിന്റെ പ്രസക്തി


എയര്‍ ഇന്ത്യയുടെ വില്പനയിലൂടെയുള്ള വരുമാനം കൂടിയായാല്‍ ഈ വര്‍ധന 36 ശതമാനംവരെയാകാം. പൊതുമൂലധന ചെലവുവര്‍ധന പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ദീര്‍ഘകാല ആന്തര ഘടനാ പദ്ധതികളിലെ മൂലധന നിക്ഷേപവുമാണ്. ഇതിനാവശ്യമായ റവന്യു വരുമാന വര്‍ധന ഉണ്ടാകുന്നുമില്ല. കാരണം റവന്യു വരുമാനം പരമാവധി ഒരു ശതമാനം മാത്രമായിരിക്കുമെന്ന് ധനമന്ത്രി പറയുന്നുമുണ്ട്. നാമമാത്രമായ ഈ റവന്യു വരുമാന വര്‍ധനവിലൂടെ ഗുരുതരമായിരിക്കുന്ന തൊഴിലില്ലായ്മയും വരുമാനത്തകര്‍ച്ചയും പരിഹരിക്കുന്നതിന് ഗ്രാമീണ തൊഴില്‍ഉറപ്പു പദ്ധതിക്ക് അധിക തുക നീക്കിവയ്ക്കുക എന്നതു മാത്രമല്ല, പാന്‍ഡെമിക് പ്രതിരോധനത്തിന് കൂടുതല്‍ പണം വകയിരുത്താനും സാധ്യതയില്ല. സബ്സിഡിയുടെ കാര്യം പിന്നെ പറയേണ്ട കാര്യവുമില്ല. ഇത്രയും കാര്യങ്ങള്‍ മാത്രം കണക്കിലെടുത്താല്‍ മോഡി ഭരണകൂടം നിലവില്‍ നേരിടുന്ന ഗുരുതരമായ വികസന വെല്ലുവിളികളുടെ ഭാഗമായ ധനകാര്യ പ്രതിസന്ധിയുടെ ഏകദേശ രൂപം വ്യക്തമാവുകയും ചെയ്യും. ബജറ്റിലെ മൊത്തം ചെലവിന്റെ കാര്യമെടുത്താല്‍ അടുത്ത ധനകാര്യ വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത് 4.6 ശതമാനം സര്‍ക്കാര്‍ ചെലവ് വര്‍ധനവാണെങ്കില്‍ നിലവിലുള്ള വിപണിയിലെ സ്ഥിതിയില്‍ സമ്പദ്‌വ്യവസ്ഥയില്‍ പ്രതീക്ഷിക്കുന്നത് 11.1 ശതമാനമായിരിക്കും. 2021–22 ധനകാര്യവര്‍ഷത്തേതിനെ അപേക്ഷിച്ച് 2022–23 വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ചാനിരക്കുമായി തട്ടിച്ചുനോക്കിയാല്‍ ഇടിയുകയായിരിക്കും ഫലത്തില്‍ സംഭവിക്കുക. ഇതിനുള്ള പ്രധാന കാരണം ധനകാര്യ വരുമാന ഞെരുക്കം തന്നെയാണ്. മൂലധന ചെലവില്‍ സര്‍ക്കാര്‍ വര്‍ധനവു വരുത്തിയിട്ടുണ്ടെന്നത് ശരിതന്നെയാണെങ്കിലും നടപ്പുവര്‍ഷത്തില്‍ തന്നെ അധിക ബാധ്യതയായി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരുക 15 ശതമാനത്തോളം വരുന്ന പലിശ ഇനത്തിലുള്ളതായിരിക്കും. 2020–21 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 2021–22 ലെ പലിശ വര്‍ധന 38 ശതമാനം വരെയായിരിക്കും. ഇത്രയും വലിയൊരു ബാധ്യത കേന്ദ്ര സര്‍ക്കാര്‍ വക റവന്യു വരുമാന വര്‍ധനവിന്റെ 48 ശതമാനത്തോളമായിരിക്കും. തുടര്‍ച്ചയായി അധിക വായ്പാ പലിശ ബാധ്യത കൂടിയാവുമ്പോള്‍ ധനസ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്നത് ഉറപ്പാണ്. കേന്ദ്ര സര്‍ക്കാരിന്റെ കടബാധ്യതയുടെ വലുപ്പം തന്നെ 2022–23 ആകുമ്പോള്‍ ജിഡിപിയുടെ 60.2 ശതമാനം വരെയാകുമെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. ഇടക്കാല ബാധ്യതയെന്ന നിലയില്‍ പ്രതീക്ഷിച്ചിരുന്ന ബാധ്യത ജിഡിപിയുടെ 40 ശതമാനത്തില്‍ ഒതുങ്ങിനില്ക്കുമെന്നായിരുന്നു. ചുരുക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഒരു ഊരാക്കുടുക്കില്‍ അകപ്പെട്ടിരിക്കുകയാണ്. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ പൊതുനിക്ഷേപം ഉയര്‍ത്താതെ വഴിയില്ല. പൊതുനിക്ഷേപം ഉയര്‍ത്തുന്നതിനാവശ്യമായ നികുതി — നികുതിഇതര വരുമാനം ലഭ്യവുമല്ല. അപ്പോള്‍ കടം വാങ്ങേണ്ടിവരുമല്ലോ. അതോടെ കടവും ജിഡിപിയും തമ്മിലുള്ള അനുപാതം കുതിച്ചുയരും. ഇത് ആരോഗ്യകരമായൊരു പ്രവണതയല്ല. നികുതി വരുമാന വര്‍ധനവിനുള്ള സാധ്യതകള്‍ വിരളമായതിനാല്‍ നികുതി — ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ മാത്രമേ സാധ്യമാകൂ. എന്നാല്‍, ഇന്നത്തെ സാമ്പത്തിക സുസ്ഥിരത ഇല്ലായ്മയുടെയും അനിശ്ചിതത്വത്തിന്റെയും പശ്ചാത്തലത്തില്‍ വിപണികളുടെ പ്രവണത ഡിസ് ഇന്‍വെസ്റ്റ്മെന്റ് പദ്ധതി വിജയിക്കുന്നതിന് അനുകൂലവുമല്ല.


ഇതുകൂടി വായിക്കാം; ചില ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍: ജിഡിപി വളര്‍ച്ചനിരക്കും ദാരിദ്ര്യവും


അപ്പോള്‍, ഈ ബദല്‍ മാര്‍ഗത്തിലും പരിമിതികള്‍ ഏറെയാണ്. ഇതിനുപുറമെ ആഗോള ധനകാര്യ വിപണികളിലും ചാഞ്ചാട്ടങ്ങള്‍ അതിശക്തമായി തുടരുകയാണ്. ആഗോളതലത്തില്‍ ചരക്കുകളുടെ വിപണികള്‍ തളര്‍ച്ചയിലായതിനാല്‍ അവയുടെ രൂക്ഷമായ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. നിക്ഷേപ സാധ്യതകള്‍ക്ക് തന്മൂലം വന്‍ ഇടിവുണ്ടാവുക ഈ സാഹചര്യത്തില്‍ സ്വാഭാവികമായിരിക്കും. അതായത് ആഭ്യന്തര നിക്ഷേപ വിപണിയിലേതുപോലെ സ്വകാര്യ നിക്ഷേപകരും സംരംഭകരും ആഗോളതലത്തിലും മൂലധന നിക്ഷേപ വര്‍ധനവിന് മടിച്ചുനില്ക്കുന്ന സാഹചര്യമാണ് നമുക്കു കാണാന്‍ കഴിയുന്നത്. സ്വാഭാവികമായും പുതിയ പണനയ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ആര്‍ബിഐയുടെ പ്രഖ്യാപനത്തില്‍ 2022–23 ധനകാര്യ വര്‍ഷത്തിലേക്കുള്ള ജിഡിപി വളര്‍ച്ചനിരക്ക് 7.8 ശതമാനം മാത്രമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് മുഖവിലക്കെടുക്കേണ്ടിവരികയാണ്. സാമ്പത്തിക സര്‍വേയിലെ പ്രതീക്ഷയായ 8–8.5 ശതമാനം എന്നത് തീര്‍ത്തും അപ്രാപ്യമായി കരുതേണ്ടിവരികയും ചെയ്യുന്നു. ചുരുക്കത്തില്‍ ആര്‍ബിഐയുടെ ഏറ്റവുമൊടുവില്‍ പുറത്തുവന്ന പണനയം സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച് വിലയിരുത്തുമ്പോള്‍ ശ്രദ്ധാപൂര്‍വം സ്വീകരിക്കുന്നത് വളരെയൊന്നും ശുഭാപ്തിവിശ്വാസത്തിന് ഇടം നല്കാത്ത ഒന്നാണെന്നതും അവഗണിക്കാന്‍ പാടില്ല. പണപ്പെരുപ്പത്തിന്റെ ഭീഷണിക്ക് അധിക ഊന്നല്‍ നല്കാതിരിക്കുന്നതിനായി ഭക്ഷ്യധാന്യ ലഭ്യത ഉയരാനുള്ള സാധ്യതകളെപ്പറ്റിയും പഴം-പച്ചക്കറി വിഭവങ്ങളുടെ വേണ്ടത്ര ലഭ്യത ഉറപ്പാണെന്നതിനെപ്പറ്റിയും പരാമര്‍ശിക്കുന്നുണ്ടെന്നത് ശരിതന്നെ. എന്നാല്‍, ആഗോള എണ്ണവിപണിയില്‍ വിലനിലവാരം കുതിച്ചുയരുന്ന സാഹചര്യം കൂടി ഇതോടൊപ്പം പരാമര്‍ശിക്കാതിരിക്കുന്നില്ല എന്നത് ഇതോടൊപ്പം ചേര്‍ത്തുകാണേണ്ടതാണ് ഉചിതമായിരിക്കുക. അതായത്, ആര്‍ബിഐയെ സംബന്ധിച്ചിടത്തോളം വല്ലാത്തൊരു സ്ഥിതിവിശേഷമാണ് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നതെന്ന് വ്യക്തമാകുന്നു. ഈ ലേഖനം അവസാനിപ്പിക്കുന്നതിന് മുമ്പ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ അവകാശവാദങ്ങള്‍ എന്തുതന്നെയായിരുന്നാലും ഒരു കാര്യം നിഷേധിക്കാനാവില്ല. വര്‍ധിച്ചുവരുന്ന കേന്ദ്രസര്‍ക്കാരിന്റെ കടബാധ്യത തന്നെയാണിത്. ഇന്നത്തെ നിലയില്‍ തന്നെ പൊതുകടം ജിഡിപിയുടെ 90 ശതമാനമായി കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഇതിനുള്ള പ്രധാന പരിഹാരം നികുതി-ജിഡിപി അനുപാതം ഉയര്‍ത്തുക എന്നതു മാത്രമാണ്. മറിച്ചുള്ള നിലയിലാണ് കാര്യങ്ങള്‍ തുടരുക എങ്കില്‍ സര്‍ക്കാരിന്റെ ധനസ്ഥിതി കൂടുതല്‍ ഗുരുതരാവസ്ഥയിലെത്തുക തന്നെ ചെയ്യും. അതോടെ സാമ്പത്തിക വളര്‍ച്ചാസാധ്യതകള്‍ക്കും മങ്ങലേല്ക്കാതിരിക്കില്ല. പ്രത്യക്ഷ‑പരോക്ഷ നികുതി വ്യവസ്ഥകള്‍ സമഗ്രമായൊരു പുനഃപരിശോധനയ്ക്കു വിധേയമാക്കുന്നതിലൂടെ മാത്രമേ, ഇവയില്‍ നിന്നും നികുതി വരുമാന വര്‍ധന ഉറപ്പാക്കാന്‍ കഴിയൂ. സര്‍ക്കാരിന്റെ വികസന പ്രതീക്ഷകള്‍ ലക്ഷ്യത്തിലെത്തിക്കാനാവശ്യമായ ധനകാര്യ ‘സ്പേസ്’ രൂപപ്പെടുത്തണമെങ്കില്‍ നികുതിനിരക്കുകള്‍ കൂടുതല്‍ യുക്തിസഹമാക്കുന്നതോടൊപ്പം നികുതിദായകരെ നികുതി വിധേയരാക്കുന്നതിന് സജ്ജമാക്കുകയും വേണം. രാഷ്ട്രീയ ഇച്ഛാശക്തിയുള്ളൊരു ഭരണകൂടത്തിന്റെ അഭാവമാണ് ഇതിനുള്ള മുഖ്യ പ്രതിസന്ധി എന്നതും നാം വിസ്മരിക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.