17 June 2024, Monday

Related news

June 5, 2024
May 23, 2024
May 12, 2024
May 8, 2024
May 6, 2024
April 26, 2024
April 26, 2024
April 24, 2024
April 22, 2024
April 19, 2024

കിഫ്ബിക്കെതിരായി നിൽക്കുന്നത് ‘സാഡിസ്റ്റ്’ മനോഭാവമുള്ളവർ, നീക്കത്തിനു പിന്നിൽ കേരളത്തിന്റെ വളർച്ച പാടില്ലെന്ന ഉദ്ദേശ്യം: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 16, 2021 8:09 pm

കേരളം ഇന്നു നിൽക്കുന്നിടത്തുനിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോകാൻ പാടില്ലെന്ന ഉദ്ദേശ്യമാണു കിഫ്ബിക്കെതിരായ നീക്കങ്ങൾക്കു പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്ഭവനിൽ ചാൻസലേഴ്‌സ് അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം ലക്ഷ്യം വച്ചു തുടക്കം കുറിച്ച ഒന്നിനും മുടക്കമുണ്ടാകില്ലെന്നും അതിന്റേതായ വഴിക്കു തന്നെ അവ പോകുമെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിയെ എങ്ങനെയൊക്കെ നിശ്ശേഷമാക്കാമെന്നും അപകീർത്തിപ്പെടുത്താമെന്നുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളം ഇപ്പോൾ നിൽക്കുന്നിടത്തുനിന്ന് അൽപ്പെമെങ്കിലും പിന്നോട്ടു പോയാൽ ആശ്വാസവും സന്തോഷവും തോന്നുന്ന ‘സാഡിസ്റ്റ്’ മനോഭാവമുള്ളവരാണ് ഇതിനു പിന്നിൽ. ഇതു തിരിച്ചറിയണം. കേരളത്തിന്റെ സാമ്പത്തിക രംഗം അത്ര കണ്ടു വിഭവസമൃദ്ധമല്ല. സാമ്പത്തിക രംഗത്തിന്റെ ശേഷിക്കുറവുകൊണ്ടു വിദ്യാഭ്യാസ മേഖലയടക്കമുള്ളവ ശക്തിപ്പെടാതിരുന്നാൽ അതു നാളത്തെ തലമുറയോടു ചെയ്യുന്ന കുറ്റമായി മാറും.

ബജറ്റിന്റെ ശേഷിവച്ചു മാത്രം ഇവയെല്ലാം ചെയ്യാൻ നമുക്കു കഴിയില്ല. അതിനു വേറിട്ട വഴിയിലൂടെ സഞ്ചരിക്കണം. സർക്കാരിന്റെ പണത്തിനൊപ്പം കിഫ്ബിയിലൂടെ നല്ല രീതിയിൽ പണം ചെലവാക്കിയപ്പോഴാണ് പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടത്. ഇതിന്റെ നല്ല ഫലം ഇന്നു നാട്ടിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനും കിഫ്ബി സ്രോതസ് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിഎജി റിപ്പോര്‍ട്ടിന്റെ പേരില്‍ വിവാദമുണ്ടാക്കാനാണ് നീക്കമെന്ന് ധനമന്ത്രി

സിഎജി റിപ്പോര്‍ട്ടിന്റെ പേരില്‍ വിവാദമുണ്ടാക്കാനാണ് നീക്കമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സിഎജിയുടെ കരട് റിപ്പോര്‍ട്ട് പോലും വന്നിട്ടില്ല. അന്തിമ റിപ്പോര്‍ട്ട് നിയമസഭയില്‍ വരുകയും സഭാസമിതി പരിശോധിക്കുകയും വേണം. ഗോസിപ്പ് പോലെ ഇത്തരം വാര്‍ത്തകള്‍ പുറത്തുവിട്ട് വിവാദം സൃഷ്ടിക്കുന്നത് കേരളത്തിന് ഗുണകരമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവിനെപ്പോലെ ഉത്തരവാദിത്ത സ്ഥാനങ്ങളിലുള്ളവര്‍ ചോര്‍ന്നു കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിമര്‍ശനമുയര്‍ത്തുന്നത് ശരിയാണോ എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:Those who are against Kiifb are ‘sadist’ minded;CM
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.