23 December 2024, Monday
KSFE Galaxy Chits Banner 2

വികസന വിരുദ്ധര്‍ക്ക് തൃക്കാക്കര തിരിച്ചടി നല്‍കും: കാനം

Janayugom Webdesk
കൊച്ചി
May 23, 2022 10:45 pm

നാടിന്റെ വികസനത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള മത്സരമാണ് തൃക്കാക്കരയില്‍ നടക്കുന്നതെന്നും പ്രബുദ്ധരായ വോട്ടര്‍മാര്‍ വികസന വിരോധികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിന്റെ പ്രചരണാര്‍ത്ഥം പൂണിത്തുറയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാനം. പരമ്പരാഗത വികസനമെന്ന കാഴ്ചപ്പാടിന് പ്രസക്തിയില്ലാതായി. അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതടക്കം നാടിന്റെയും ജനങ്ങളുടെയും സമഗ്ര വികസനത്തിലൂന്നിയുള്ള പദ്ധതികളാണ് ഇനി വേണ്ടത്. 

എല്‍ഡിഎഫ് സര്‍ക്കാര്‍ കൊച്ചി ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളുടെയും വികസനം മുന്നില്‍ കണ്ടാണ് വ്യത്യസ്തങ്ങളായ പദ്ധതികള്‍ ആവിഷ്കരിച്ചത്. എന്നാല്‍ വികസനത്തെ എതിര്‍ക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് യുഡിഎഫിനുള്ളത്. എന്തു വിലകൊടുത്തും വികസനത്തെ എതിര്‍ക്കുമെന്നും നാട് നന്നാവാന്‍ അനുവദിക്കില്ലെന്നും പറയുന്ന വികസന വിരോധികളെ തൃക്കാക്കരക്കാര്‍ മനസിലാക്കിക്കഴിഞ്ഞു. അക്കൂട്ടര്‍ക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ ലഭിക്കാന്‍ പോകുന്നത്. എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും രാഷ്ട്രീയ പ്രാധാന്യം ഉണ്ടെങ്കില്‍ പോലും തൃക്കാക്കരയില്‍ പ്രചാരണ രംഗത്ത് ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദം വികസനത്തിന്റെതാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസന മുന്നേറ്റത്തില്‍ നാടൊന്നാകെ ആഹ്ലാദിക്കുമ്പോള്‍ നിരാശ പൂണ്ട് വികസനത്തെ അട്ടിമറിക്കാന്‍ ഇറങ്ങി നടക്കുകയാണ് യുഡിഎഫുകാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫിന്റെ വികസന മുദ്രാവാക്യത്തെ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ ഏറ്റെടുക്കുമെന്നത് ഉറപ്പാണെന്നും പിണറായി പറഞ്ഞു. കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയും സമ്മേളനത്തില്‍ പങ്കെടുത്തു. സിപിഐ സംസ്ഥാന കൗണ്‍സിലംഗം കെ എന്‍ സുഗതന്‍ അധ്യക്ഷത വഹിച്ചു.

Eng­lish Summary:Thrikkakara will retal­i­ate against anti-devel­op­ment activists: Kanam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.