27 April 2024, Saturday

Related news

April 19, 2024
April 19, 2024
April 15, 2024
April 13, 2024
April 13, 2024
January 2, 2024
May 1, 2023
April 30, 2023
April 30, 2023
April 29, 2023

തൃശൂരിൽ ഇന്ന് പൂരം പൂത്തുലയും

ബിനോയ് ജോർജ് പി
തൃശൂർ
April 30, 2023 4:00 am

ലോകപ്രശസ്തമായ തൃശൂർ പൂരം ഇന്ന്. സവിശേഷമായ പൂര വൈവിധ്യങ്ങൾ ആസ്വദിക്കാൻ പതിനായിരങ്ങളാണ് പൂര നഗരിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 48 മണിക്കൂർ നീളുന്ന പൂരച്ചടങ്ങുകളിൽ പ്രസിദ്ധമായ തെക്കോട്ടിറക്കവും ഇലഞ്ഞിച്ചോട്ടിലെ മേളവും മഠത്തിൽവരവ് പഞ്ചവാദ്യവുമെല്ലാം ഉൾപ്പെടുന്നു. നഗരത്തെ പ്രകമ്പനം കൊള്ളിക്കുന്ന വെടിക്കെട്ടും പൂരപ്രേമികളുടെ പ്രധാന ആകർഷണമാണ്. ഇന്നലെ പൂരവിളംബരം നടത്തി നെയ്തലക്കാവ് ഭഗവതി എറണാകുളം ശിവകുമാറിന്റെ പുറത്തേറി തെക്കേ ഗോപുരനട തുറന്നു. ചടങ്ങ് അല്പം വൈകിയെങ്കിലും ആയിരങ്ങളാണ് അതിനായി മണിക്കൂറുകൾ കാത്തുനിന്നത്. തൃശൂർ പൂരത്തിന്റെ പ്രധാന പങ്കാളി ക്ഷേത്രങ്ങളായ പാറമേക്കാവും-തിരുവമ്പാടിയും കൂടാതെ 8 ഘടകക്ഷേത്രങ്ങൾ കൂടിയുണ്ട്. ഇവയിൽ പൂരദിനത്തിൽ ഏറ്റവും ആദ്യം വടക്കുംനാഥ സന്നിധിയിലെത്തുന്നത് കണിമംഗലം ശാസ്താവാണ്. നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേ ഗോപുരനട വഴിയെത്തുന്ന ഏക ഘടക പൂരമാണ് കണിമംഗലം ശാസ്താവിന്റേത്. പുലർച്ചെ 5ന് ആരംഭിക്കുന്ന ശാസ്താവിന്റെ പൂരം വെയിലേൽക്കുന്നതിന് മുൻപ് 9 ആനകളോടെ വടക്കുംനാഥനെ വണങ്ങി പടിഞ്ഞാറെ നടവഴി ഇറങ്ങുന്നു. 

ഇതിനു ശേഷം മറ്റു ഏഴ് ഘടകപൂരങ്ങളും ഒന്നിനും പുറകെ ഒന്നായി നിശ്ചിത സമയക്രമത്തിൽ പൂരപറമ്പിലേക്ക് എത്തും. 11 മണിക്ക് കോങ്ങാട് മധുവിന്റെ പ്രാമാണികത്വത്തിൽ ബ്രഹ്മസ്വം മഠത്തിൽ നിന്നും തിരുവമ്പാടിയുടെ അതി പ്രശസ്തമായ മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിക്കും. പൂരപറമ്പിലേയ്ക്ക കയറുമ്പോൾ പാണ്ടിയിലേക്ക് മാറും. 12 മണിയോടു കൂടി പാറമേക്കാവ് ഭഗവതി 15 ആനകളോടെ കിഴക്കൂട്ട് അനിയൻമാരാരുടെ ചെമ്പടയോടെ വടക്കുംനാഥനിലേക്ക് എഴുന്നുള്ളും. തുടർന്ന് കിഴക്കൂട്ടിന്റെ നേതൃത്വത്തിൽ മേളം ആരംഭിക്കും. 2 മണിക്ക് ഇലഞ്ഞിച്ചോട്ടിൽ 250 ഓളം കലാകാരന്മാരെ അണിനിരത്തി വിസ്മയം തീർക്കുന്ന ഇലഞ്ഞിതറമേളത്തിന് കിഴക്കൂട്ട് അനിയൻമാരാർ പ്രമാണിയാകും. പ്രാമാണികനായി 25 വർഷം പൂർത്തിയാക്കാനാകാതെ പെരുവനം കുട്ടൻമാരാർ പുറത്തായ സാഹചര്യത്തിലാണ് കിഴക്കൂട്ട് ഈ സ്ഥാനത്തെത്തുന്നത്. ഇലഞ്ഞിതറമേളത്തിനു ശേഷം പാറമേക്കാവ് ഭഗവതി വടക്കുംനാഥനെ വണങ്ങി തെക്കോട്ടിറങ്ങി കോർപ്പറേഷൻ ഓഫീസിനുമുന്നിലെ പ്രതിമ വലംവച്ച് തെക്കെഗോപുരത്തിന് അഭിമുഖം നിലയുറപ്പിക്കുന്നതോടെ, അപ്പുറത്ത് തിരുവമ്പാടിയും തയ്യാറായിട്ടുണ്ടാകും. 

ഇതോടെ വിശ്വപ്രസിദ്ധമായ കുടമാറ്റം ആരംഭിക്കുകയായി. കുടമാറ്റത്തിന് ശേഷം രാത്രി പൂരങ്ങളുടെ ആവർത്തനമാണ്. പുലർച്ച 3ന് വെടിക്കെട്ടും. പിറ്റേന്ന് ദേശക്കാരുടെ പകൽപ്പൂരം. ഉച്ചക്ക് 1 മണിയോടെ വടക്കുംനാഥന്റെ ശ്രീമൂലസ്ഥാനത്ത് പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാരും ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഈ വർഷത്തെ പൂരത്തിന് സമാപനമായി. ഇത്തവണത്തെ പൂരം കൊടുചൂടിലായതിനാൽ നിർജലീകരണം ഒഴിവാക്കുവാൻ സംഘാടകരും പൊലീസും പൂരത്തിനെത്തുന്നവർക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പൂരത്തിന് രണ്ടു ദിവസം മുൻപു തന്നെ ധാരാളം ജലം കുടിക്കണമെന്നും തൊപ്പിയും കുടയും വെള്ളവും എപ്പോഴും കൂടെ കരുതണമെന്നും അറിയിച്ചിരുന്നു. കുടമാറ്റം കാണുന്നതിന് ഭിന്നശേഷിക്കാർക്ക് ഇത്തവണ അവസരം ഒരുക്കിയിട്ടുണ്ട്. മുൻ വർഷങ്ങളെപോലെ സ്ത്രീകൾക്ക് കുടമാറ്റം കാണുന്നതിന് പ്രത്യേക സൗകര്യമുണ്ടാകും. നഗരം പൂർണമായും ക്യാമറകളുടെ നിരീക്ഷണത്തിലാണ്. പൊലീസ് കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 

Eng­lish Sum­ma­ry; thris­sur Pooram today 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.