21 May 2024, Tuesday

Related news

May 10, 2024
April 30, 2024
April 21, 2024
April 12, 2024
February 17, 2024
December 29, 2023
November 16, 2023
November 15, 2023
November 14, 2023
November 4, 2023

വയനാട് കമ്പമലയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റും എറ്റുമുട്ടി

സ്വന്തം ലേഖകൻ 
മാനന്തവാടി
April 30, 2024 1:48 pm

പേര്യ ചപ്പാരത്തുണ്ടായ മാവോവാദി തണ്ടർബോൾട്ട് വെടിവെപ്പിനു ശേഷം വയനാട്ടിൽ വീണ്ടും മാവോവാദികളും തണ്ടർബോൾട്ടും പരസ്പരം ഏറ്റുമുട്ടി. കമ്പമലയിൽ നിന്നു ഏകദേശം ഒന്നര കിലോമീറ്റർ അകലത്തിലുള്ള തേൻപാറ ആനക്കുന്ന് ഭാഗത്തെ ഉൾവനത്തിലാണ് മാവോവാദികളും തണ്ടർബോൾട്ടും പരസ്പരം വെടിയുതിർത്തത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണു സംഭവം. ഒമ്പത് റൗണ്ടാണ് വെടിയുതിർത്തത്. വെടിയൊച്ച കമ്പമല പാടിയിലുള്ള തൊഴിലാളികൾ കേട്ടെങ്കിലും ആദ്യം ഏറ്റുമുട്ടലാണെന്ന് മനസ്സിലായില്ല. പ്രദേശത്ത് പൊലീസും മറ്റും എത്തിത്തുടങ്ങിയതോടെയാണ് തണ്ടർബോൾട്ട് മാവോവാദി വെടിവെപ്പാണന്ന് പുറംലോകമറിഞ്ഞത്. 

പതിവു നിരീക്ഷണത്തിനായി തണ്ടർബോൾട്ട് സംഘം വനത്തിൽ കടന്നപ്പോഴാണ് മാവോവാദിസംഘം ആദ്യം കുന്നിൻമുകളിൽ നിന്നു വെടിയുതിർത്തത്. പിന്നാലെ തണ്ടർബോൾട്ടും വെടിവെച്ചതോടെ മാവോവാദികൾ പിൻവാങ്ങിയതായാണ് കരുതപ്പെടുന്നത്. ഓപ്പറേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല. കണ്ണൂരിലെ പാൽച്ചുരവുമായി അതിരിടുന്ന ഭാഗത്താണ് ചേർന്ന ഭാഗമാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പ് സമയത്ത് തോട്ടത്തിൽ തൊഴിലാളികൾ തേയില ചപ്പ് നുള്ളുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് മാനന്തവാടി ഡിവൈഎസ്പി പി ബിജുരാജിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി.
കഴിഞ്ഞ നവംബർ ഏഴിനു രാത്രി പേര്യ ചപ്പാരം കോളനിയിലെത്തിയ മാവോവാദികൾ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. കമ്പമല എസ്റ്റേറ്റിൽ അത്രിക്രമം കാട്ടിയ മാവോവാദികൾക്കായി പൊലീസും തണ്ടർബോൾട്ടും തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ഇത്. മാവോവാദി നേതാക്കളായ ചന്ദ്രുവിനെയും ഉണ്ണിമായയെയും ഇവിടെ നിന്നു കസ്റ്റഡിയിലെടുക്കാൻ പൊലീസിന് സാധിച്ചിരുന്നു. 

കേരള വനം വികസന കോർപ്പറേഷനു കീഴിൽ പ്രവർത്തിക്കുന്ന കമ്പമലയിൽ മാവോവാദി സംഘം അടിക്കടി എത്തുന്നുണ്ട്. കഴിഞ്ഞ 24ന് രാവിലെ എത്തിയ സംഘം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു. എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന പാടിക്കു സമീപത്താണ് സായുധ സംഘമെത്തിയത്. സി പി മൊയ്തീൻ, ആഷിഖ് എന്ന മനോജ്, സന്തോഷ്, സോമൻ എന്നിവരാണ് എത്തിയതെന്നും പിന്നീട് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ കമ്പമലയിൽ രണ്ടു തവണകളിലായി എത്തിയ മാവോവാദിസംഘം കെഎഫ്ഡിസി ഡിവിഷണൽ മാനേജരുടെ ഓഫീസും പാടിയിൽ പൊലീസ് സ്ഥാപിച്ച നിരീക്ഷണ കാമറകളും അടിച്ചു തകർത്തിരുന്നു. 

Eng­lish Sum­ma­ry: Thun­der­bolt and Maoist clash in Wayanad Kambamala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.