4 May 2024, Saturday

ടൈറ്റൻ അന്തർവാഹിനി തകർന്നു; അഞ്ച് യാത്രികരും മരിച്ചു

Janayugom Webdesk
ബോസ്റ്റണ്‍
June 23, 2023 8:26 am

അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പൽ തകർന്നതായി സ്ഥിരീകരണം. അഞ്ച് യാത്രക്കാരും മരിച്ചുവെന്ന് യുഎസ് കോസ്റ്റ് ​ഗാർഡ് സ്ഥിരീകരിച്ചു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനി ടൈക്കൂൺ ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, സബ്മെർസിബിൾ കമ്പനിയുടെ സിഇഒ സ്റ്റോക്ടൻ റണ്ട്, ക്യാപ്റ്റൻ പോൾ ഹെൻറി എന്നിവരാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്.

ടൈറ്റാനിക്കിൽ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങൾ. 6.7 മീറ്റർ നീളവും മണിക്കൂറിൽ 3.5 കിമി വേഗതയുമുള്ള ടൈറ്റൻ സ്വാതന്ത്രമായാണ് സമുദ്രത്തിൽ സഞ്ചരിച്ചിരുന്നത്. മുങ്ങിക്കപ്പലിന്റെ കാർബൺ ഫൈബറിലോ ടൈറ്റാനിയം ഹള്ളിലോ ചെറിയ പൊട്ടൽ വന്നാൽ പോലും ഇംപ്ലോഷൻ ( അകത്തേക്ക് പൊട്ടിത്തെറിക്കൽ) സംഭവിക്കാം.

ഇന്ന് വൈകീട്ട് 4.30 വരെ ഉപയോ​ഗിക്കാൻ കഴിയുന്നത്ര ഓക്സിജൻ മാത്രമായിരുന്നു മുങ്ങിക്കപ്പലിൽ ഉണ്ടായിരുന്നത്.ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് ടൈറ്റൻ.

അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തിനാണ് സഞ്ചാരികൾ പോയത്. 2,50,000 ഡോളറുകളാണ് ( ഏകദേശം രണ്ടു കോടി ഇന്ത്യൻ രൂപ) ഓരോ സഞ്ചാരിയും ഈ അതിസാഹസിക യാത്രയ്ക്കായി നൽകിയത്. ടൈറ്റാനിക് കപ്പൽ കാണാൻ‌ പോയ സംഘം അപകടത്തിൽപെട്ടത് ഞായറാഴ്ചയാണ്. ടൈറ്റന് മദർഷിപ്പുമായുളള ബന്ധം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് യുഎസ് നേവിയുടെ നേതൃത്വത്തിൽ കൂടുതൽ കപ്പലുകളും അത്യാധുനിക സംവിധാനങ്ങളുമുപയോ​ഗിച്ച് വ്യാപക തിരച്ചിലാണ് നടന്നത്.

Eng­lish Sum­ma­ry: titan implod­ed 5 died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.