5 May 2024, Sunday

ടെെറ്റന്റെ തകര്‍ച്ചയ്ക്ക് പിന്നില്‍ ‍ശക്തമായ മര്‍ദത്തിലുണ്ടായ സ്ഫോടനം

Janayugom Webdesk
വാഷിങ്ടണ്‍
June 23, 2023 9:41 pm

കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണ് സമുദ്രപേടകമായ ടെെറ്റന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് പ്രാഥമിക നിഗമനം. മദര്‍ഷിപ്പായ പോളാര്‍ പ്രിന്‍സസില്‍ നിന്ന് വേര്‍പ്പെട്ട് കടലിനടിയിലേക്കുള്ള യാത്ര തുടങ്ങി ഒന്നേമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞതോടെ പേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഏകദേശം ഇതേ സമയത്ത് തിരിച്ചറിഞ്ഞ ശബ്ദതരംഗം സമുദ്രപേടകം കടലിന്റെ അടിയില്‍ വച്ച് പൊട്ടിത്തെറിച്ചതിന്റെയാകാമെന്നാണ് യുഎസ് കോസ്റ്റ് ഗാര്‍ഡ് പറയുന്നത്. നേരത്തെ റെസ്ക്യൂ വിമാനങ്ങൾക്ക് കിട്ടിയ അകോസ്റ്റിക് ബാങ്ങിങ് നോയ്‌സ് പ്രദേശത്തുകൂടി സഞ്ചരിച്ച മറ്റേതെങ്കിലും കപ്പലിന്റെ ആയിരുന്നിരിക്കാം എന്നും അമേരിക്കൻ കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. പേടകത്തിലെ അഞ്ച് യാത്രക്കാര്‍ മരിച്ചതായും ടൈറ്റാനിക്കിന്റെ അവശിഷ്ടത്തില്‍ നിന്ന് 1,600 അടി ഉയരത്തില്‍ പേടകത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയതായും ഉടമസ്ഥരായ ഓഷ്യന്‍ ഗേറ്റ് കമ്പനി സ്ഥിരീകരിച്ചിരുന്നു. ടൈറ്റന്റെ പിന്നിലെ കോണാകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെടുത്തത്. കൂടുതൽ ഭാഗങ്ങൾ കണ്ടെത്തുന്നതിനായി കടലിന്റെ അടിത്തട്ടില്‍ തിരച്ചില്‍ തുടരുകയാണ്. വിക‍്ടര്‍ 6000 റോബോട്ടിക് പേടകമാണ് അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്ഥാനി വ്യവസായി ഷെഹ്സാദ ദാവൂദ്, മകന്‍ സുലേമാന്‍, പേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്‌സ്പെഡീഷന്‍സിന്റെ സിഇഒ സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍ വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരായിരുന്നു ടൈറ്റന്‍ പേടകത്തിലുണ്ടായിരുന്നത്. കാനഡ, യുഎസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വിമാനങ്ങളും കപ്പലുകളും റോബോട്ടുകളും തിരച്ചിലിന്റെ ഭാഗമായിരുന്നു. ഇതിനു പുറമേ ജൂലിയറ്റ് എന്ന സമുദ്രപേടകവും തിരച്ചിലിനായി ഉപയോഗിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴത്തിലേക്ക് യാത്ര തിരിച്ച ടൈറ്റന്‍ പേടകം അപകടത്തില്‍പ്പെട്ടത്. യാത്ര തിരിച്ച് 1.45 മണിക്കൂറിനുശേഷം മദർഷിപ്പ് പോളാർ പ്രിൻസിന് പേടകവുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു. ബുധനാഴ്ച കനേഡിയൻ നിരീക്ഷണ വിമാനമായ പി-3 പിടിച്ചെടുത്ത മുഴക്കങ്ങള്‍ കാണാതായ അന്തര്‍ വാഹിനിയില്‍ നിന്നാണെന്ന പ്രതീക്ഷയുണ്ടായിരുന്നു.
ഒരു സഞ്ചാരിക്ക് 25,000 ഡോളര്‍ (രണ്ടു കോടി രൂപ) എന്ന നിരക്കിലാണ് യാത്രക്കാരില്‍ നിന്നും തുക ഈടാക്കിയത്. 2018 ൽ അന്തർവാഹിനി വിദഗ്ധരുടെ ഒരു സിമ്പോസിയം ഓഷ്യൻഗേറ്റ് കമ്പനിയുടെ സമുദ്രപേടകത്തിന് വേണ്ടത്ര സുരക്ഷയില്ല എന്ന് കാണിച്ച് കമ്പനിക്ക് ഒരു കത്തെഴുതിയിരുന്നു.

eng­lish summary;A strong pres­sure explo­sion behind Titon’s collapse

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.