രാജ്യത്താകെ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി ഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡിന് പ്രത്യേക സമിതി. തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കുന്നതിനാലാണ് ധൃതിപിടിച്ച നീക്കം. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ കീഴില്‍ സമിതി രൂപീകരിക്കാനുള്ള ശുപാര്‍ശയ്ക്ക് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അംഗീകാരം നല്‍കി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. ഹിമാചലിലും അടുത്ത ദിവസങ്ങളില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഏക സിവില്‍ കോഡിലൂടെ സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും പയറ്റിയ തന്ത്രം കൂടിയാണിത്. ഇതോടൊപ്പം ഭരണ വിരുദ്ധ വികാരം, പണപ്പെരുപ്പം, മോശം സമ്പദ്‌വ്യവസ്ഥ, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ തുടങ്ങിയ ആശങ്കകളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ കഴിയുമെന്നും കണക്കുകൂട്ടുന്നു.
ഏക സിവില്‍ കോഡ് ബിജെപിയുടെ പ്രഖ്യാപിത നയങ്ങളിലൊന്നാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബിജെപി ഇക്കാര്യം വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയില്‍ എല്ലാവര്‍ക്കും ഒരു നിയമം എന്നതാണ് ഏകസിവില്‍ കോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ക്രിമിനല്‍ നിയമം എല്ലാവര്‍ക്കും തുല്യമാണെങ്കിലും സിവില്‍ നിയമം നിലവില്‍ വ്യത്യസ്തമാണ്. വിവാഹം, വിവാഹ മോചനം, പാരമ്പര്യ സ്വത്ത്, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളിലും രാജ്യത്ത് ഒരു നിയമം നടപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
വ്യത്യസ്ത മതവിഭാഗങ്ങള്‍ ജീവിക്കുന്ന ഇന്ത്യയില്‍ ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിച്ചാല്‍ പ്രതിഷേധം ഉയരുമെന്നതും തീര്‍ച്ചയാണ്. ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ നീക്കമാണിതെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. ഏകീകൃത സിവില്‍ കോഡിനായി ബിജെപി അണിയറ നീക്കങ്ങള്‍ വളരെ നാളുകളായി നടത്തുന്നുണ്ട്. ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അടുത്തിടെ ബിജെപി നേതാവ് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി ഇതിന്റെ ഭാഗമായിരുന്നു. ഈ വിഷയത്തില്‍ ഏതെങ്കിലും നിയമം രൂപീകരിക്കാനോ നിയമമാക്കാനോ പാര്‍ലമെന്റിന് നിര്‍ദ്ദേശം നല്‍കാന്‍ കോടതിക്കാകില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഈ മാസം ആദ്യം സുപ്രീം കോടതിയില്‍ നിലപാടെടുത്തത്. ഇത് തങ്ങള്‍തന്നെ നിയമനിര്‍മ്മാണം നടത്താമെന്ന സന്ദേശം നല്കാനായിരുന്നുവെന്നാണ് വിലയിരുത്തല്‍. നേരത്തെ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സര്‍ക്കാരുകള്‍ ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി പ്രഖ്യാപിച്ചിരുന്നു. വിജയിച്ച ശേഷം സമിതി രൂപീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുകയും ചെയ്തിട്ടുണ്ട്.
English Summary:to a single civil code
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.