26 July 2024, Friday
KSFE Galaxy Chits Banner 2

ആത്മഹത്യാമരണങ്ങൾ ഒഴിവാക്കാൻ

സി ദിവാകരൻ
December 7, 2022 4:42 am

രു രാഷ്ട്രത്തിന്റെ ഏറ്റവും അമൂല്യമായ സമ്പത്ത് ആ രാജ്യത്തിന്റെ മനുഷ്യവിഭവശേഷിയാണ്. “മനുഷ്യൻ ഹാ! എത്ര സുന്ദര പദം” എന്ന മാക്സിംഗോർക്കിയുടെ പ്രസിദ്ധമായ വിശേഷണവും ശ്രദ്ധേയമാണ്. അനുഗ്രഹീതമായ കാലാവസ്ഥയും സമർത്ഥമായ പ്രകൃതിവിഭവങ്ങളുമുണ്ടെങ്കിലും ആരോഗ്യമുള്ള മനുഷ്യസമൂഹം ഇല്ലാതെ വന്നാൽ മറ്റെല്ലാം ഉപയോഗശൂന്യമാകും. ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളി പ്രകൃതി ദുരന്തങ്ങളുടെയും കോവിഡ് പോലുള്ള മഹാമാരികളുടെയും രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളുടെയും ഫലമായി ഭൂമിയിലെ വിലമതിക്കാനാവാത്ത മനുഷ്യവിഭവത്തിന്റെ നാശമാണ്. ഇത്തരം ദുരന്തങ്ങള്‍ പലതും നിയന്ത്രണാതീതമാണ്. കാലാവസ്ഥാ വ്യതിയാനം, സുനാമി, ഭൂചലനം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ മുന്നിൽ ഇന്നും നാം പകച്ചു നില്ക്കുകയാണ്. ഇവയെല്ലാം ഒരതിർത്തിവരെ നിയന്ത്രിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. പ്രകൃതിയുടെ നേർക്കുള്ള മനുഷ്യന്റെ കൈയേറ്റങ്ങൾ പ്രധാനമായും കാടുവെട്ടി തെളിക്കൽ, പാറപൊട്ടിക്കൽ, അശാസ്ത്രീയമാംവിധം ഭൂമി തുരന്നുള്ള മണ്ണ് സംഭരണം തുടങ്ങിയവ, അഥവാ മനുഷ്യനിർമ്മിത ദുരന്തങ്ങൾ നിയന്ത്രിക്കപ്പെട്ടാൽ ഒരു പരിധിവരെ മനുഷ്യരുടെ കൂട്ട മരണങ്ങൾ അവസാനിപ്പിക്കാൻ കഴിയും.
കാലാകാലങ്ങളിൽ സംഭവിക്കുന്ന ഇത്തരം പ്രകൃതി ദുരന്തങ്ങളോടൊപ്പം ഒരു പുതിയ വെല്ലുവിളി ആധുനികസമൂഹം നേരിടുന്നുണ്ട്. വിമാന, തീവണ്ടി, റോഡ്, ബോട്ട് അപകടങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരുന്നു. കുറെ വാർത്തകളോടെയും സർക്കാർ നിയോഗിക്കുന്ന ഒരു കമ്മിഷന്റെ അന്വേഷണത്തോടെയും എല്ലാം അവസാനിക്കുന്നു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വിവിധ ജുഡീഷ്യൽ കമ്മിഷനുകൾ മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശങ്ങൾ എല്ലാം അനാഥമാകുന്നു. ചില താല്ക്കാലിക നടപടികളിൽ അവസാനിക്കുന്നു.


ഇതുകൂടി വായിക്കൂ: വനാവകാശ സംരക്ഷണ നിയമവും ആദിവാസി സമൂഹവും


നമ്മുടെ രാജ്യത്തിന്റെ മനുഷ്യവിഭവ നഷ്ടത്തിന്റെ ഏറ്റവും ഒടുവിലത്തെ സ്ഥിതി വിവര കണക്കുകൾ പുറത്തുവന്നിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ആത്മഹത്യ ചെയ്യുന്നവരുടെ കണക്കുകൾ പ്രസിദ്ധീകരിച്ചുകൊണ്ട് ആത്മഹത്യ തടയാനും നിയന്ത്രിക്കാനും സമഗ്രമായ ദേശീയ നയം അനിവാര്യമാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. രാജ്യത്തെ സാമൂഹ്യ‑സാംസ്കാരികരംഗത്തെ പ്രവർത്തനങ്ങള്‍ മനുഷ്യർ ആത്മഹത്യ ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയുംവിധം പുനഃസംവിധാനം ചെയ്യണം. ഈ വിഷയത്തിൽ സാംസ്കാരികപ്രവർത്തകർക്ക് ഒരു വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് രേഖയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു.
മനുഷ്യജീവന് വലിയ വില കല്പിക്കുന്നതും ആത്മഹത്യാ ശ്രമങ്ങളിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശക്തമായ പ്രേരണയും എല്ലാവിധ സഹായവും ചെയ്യാൻ കഴിയുന്നതുമായ സമഗ്ര പദ്ധതിക്ക് രൂപം നൽകിയാല്‍ രാജ്യത്തെ ആത്മഹത്യാ നിരക്ക് നിയന്ത്രിക്കാൻ കഴിയയും. പൊതുജനാരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ആത്മഹത്യ നിയന്ത്രിക്കുന്നതിനാവശ്യമായ പ്രത്യേക സംവിധാനത്തിനു രൂപം നൽകുകയും പ്രവർത്തനങ്ങളിൽ ഈ വിഷയത്തിന് പ്രത്യേക പ്രാധാന്യം നൽകുകയും വേണം. സമൂഹം ഒന്നായും, ഓരോ വ്യക്തിയും ഈ പ്രശ്നത്തിൽ നിർണായക പങ്കുവഹിക്കണം. ഒരു സാധാരണ സർക്കാർ പദ്ധതി എന്ന നിലയിൽ ഇതിനെ കാണാൻ പാടില്ല. ഗുരുതരമായ ഒരു സാമൂഹ്യപ്രശ്നമെന്ന നിലയിൽ പരിഗണിക്കണം. ആത്മഹത്യകൾ പ്രതിരോധിക്കാനുള്ള രാഷ്ട്രത്തിന്റെ പ്രഥമ പരിശ്രമമെന്ന നിലയിൽ ഈ പദ്ധതി വിജയിപ്പിക്കേണ്ടതുണ്ട്. പദ്ധതി ഒരു പ്രഖ്യാപനമായി മാത്രം അതവസാനിപ്പിക്കാൻ പാടില്ല. വിവിധ ഘട്ടങ്ങളിൽ പദ്ധതിയുടെ പുരോഗതി വിലയിരുത്താനും കുറവുകൾ പരിഹരിച്ചും രാഷ്ട്രത്തിന്റെ മഹത്തായ ഒരു പദ്ധതിയായി മുന്നോട്ടുകൊണ്ടുപോകണമെന്നും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച നയപ്രഖ്യാപനരേഖയിൽ വ്യക്തമാക്കിയിരിക്കുന്നു.


ഇതുകൂടി വായിക്കൂ: വർധിക്കുന്ന ആത്മഹത്യ


ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് പ്രതിവർഷം എട്ട് ലക്ഷം പേർ ലോകത്ത് ആത്മഹത്യ ചെയ്യുന്നു. ഇവരിൽ മൂന്നിലൊന്നുപേർ യുവജനങ്ങളാണ്. 15 മുതൽ 29 വരെ പ്രായമുള്ളവരുടെ മരണകാരണം ആത്മഹത്യയാണ്. 15 മുതൽ 19 വരെ പ്രായമുള്ള പെൺകുട്ടികളുടെ മരണ കാരണവും മറ്റൊന്നല്ല. 15 നും 29 നും മധ്യേ പ്രായമുള്ളവർ ആത്മഹത്യ മൂലം മരണമടയുന്നതിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. കൂടാതെ നല്ലൊരു വിഭാഗം റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആഗോളവ്യാപകമായി ആത്മഹത്യാനിരക്കിൽ ഇന്ത്യ മുന്നിൽ നിൽക്കുന്നു.
1990‑ൽ റോഡപകടങ്ങളിൽ മരിച്ചവരുടെ ശരാശരി 25.3ആണെങ്കിൽ 2016‑ൽ 36.6 ആയി വർധിച്ചു. കഴിഞ്ഞ മൂന്നുവർഷങ്ങളിലെ കണക്കനുസരിച്ച് ആത്മഹത്യാനിരക്ക് 10.2 ൽനിന്ന് 11.3 ശതമാനമായി (ഒരു ലക്ഷം പേരിൽ). കോവിഡ് മഹാമാരി പടർന്നുപിടിച്ചതിന്റെ ഫലമായി ആത്മഹത്യാ ശ്രമങ്ങള്‍ കൂടുതലായി കാണപ്പെട്ടിരുന്നു. രോഗം അനിയന്ത്രിതമായിത്തീർന്നതും, കോവിഡ് രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതെ വന്നതും പരിഭ്രാന്തി പരത്തി. ലോകാരോഗ്യ സംഘടനയും വിവിധ രാജ്യങ്ങളും കോവിഡ് മൂലം മരണമടഞ്ഞവരുടെ കണക്കുകൾ തിട്ടപ്പെടുത്തുന്നതിൽപോലും പരാജയപ്പെട്ടു. കോവിഡ് കാരണം നഷ്ടമായ മനുഷ്യസമ്പത്ത് തിട്ടപ്പെടുത്താൻ ഇന്നും പല ഏജൻസികൾക്കും കഴിഞ്ഞിട്ടില്ല.


ഇതുകൂടി വായിക്കൂ: യുദ്ധം വഴിയൊരുക്കുന്ന ആഗോളവിപത്തുകള്‍


ആത്മഹത്യാശ്രമങ്ങളിൽനിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാനും അത്തരം ശ്രമങ്ങളിൽപ്പെട്ടു പരാജയപ്പെടുന്നവരെ പുനരധിവസിപ്പിക്കാനും ഇന്ന് രാജ്യത്ത് ഒരു പദ്ധതിയും നിലവിലില്ല. പൊതുജനാരോഗ്യവകുപ്പുകൾ, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഈ വിഷയം ഗൗരവമായി പരിഗണിക്കാൻ സന്നദ്ധമാകുന്നില്ല. ലോകാരോഗ്യ സംഘടനപോലും ഈ അടുത്തകാലത്താണ് ഈ വിഷയത്തിൽ ഒരു പഠനം നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
ആത്മഹത്യാശ്രമങ്ങളിൽനിന്ന് വിലപ്പെട്ട മനുഷ്യജീവിതങ്ങളെ രക്ഷിക്കാൻ ഇച്ഛാശക്തിയോടെ പ്രവർത്തിക്കണം. ശാസ്ത്രീയവും പ്രായോഗികവും സമഗ്രവുമായ ഒരു ദേശീയ പദ്ധതിക്ക് രൂപം നൽകാൻ കേന്ദ്ര ആരോഗ്യവകുപ്പ് സന്നദ്ധമാകണം. സംസ്ഥാന സർക്കാരുകളും പ്രസ്തുത പദ്ധതി നടപ്പിലാക്കാനാവശ്യമായ ജനകീയ സമിതികൾക്ക് രൂപം നല്കാൻ മുന്നോട്ടുവരേണ്ടതാണ്. ആത്മഹത്യകളിൽനിന്ന് മനുഷ്യസമൂഹത്തെ സംരക്ഷിക്കുകയെന്നത് ആധുനിക സമൂഹത്തിന്റെ കടമയായി മാറണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.