അതിരപ്പള്ളി വാഴച്ചാൽ ഷോളയാർ വഴി മലക്കപ്പാറയിലേക്ക് ആനവണ്ടിയിലൊരു കിടിലൻ ജംഗിൾ സഫാരി. ഒറ്റക്കൊരു യാത്ര ആഗ്രഹിച്ചിരിക്കുമ്പോഴാണ് കെഎസ്ആർടിസിയുടെ തികച്ചും സുരക്ഷിതവും ബജറ്റ് ഫ്രണ്ട് ലിയുമായ ഉല്ലാസയാത്രയെ കുറിച്ച് കേട്ടത്. ഒരു ഈറൻ വെളുപ്പാൻ കാലത്ത് പൊന്നാനി ഡിപ്പോയിൽ നിന്നും യാത്ര തുടങ്ങിയ ഞങ്ങൾ പ്രഭാത ഭക്ഷണത്തിന് ചാലക്കുടിയിൽ ഇറങ്ങിയപ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. കെഎസ്ആർടിസി യാത്രകളിൽ സ്ഥിരമായി വരുന്നതുകൊണ്ടാവാം നല്ല സ്വീകരണമായിരുന്നു ഭക്ഷണത്തോടൊപ്പം ഹോട്ടലിൽ ലഭിച്ചത്. വഴിയോരക്കാഴ്ചകളിലൂടെ യാത്ര തുടരുമ്പോൾ കലാഭവൻ മണിച്ചേട്ടന്റെ ഓട്ടോ സ്റ്റാൻഡിൽ കണ്ണുകളുടക്കി മനസ് മൂകമായി.
ഉറക്കമുണർന്ന് ഭക്ഷണശേഷം ഉഷാറായ കുട്ടികളെല്ലാം പാട്ടിനൊത്ത് താളം പിടിക്കാൻ തുടങ്ങിയിരുന്നു. തുമ്പൂർമുഴി ഡാം എന്ന വലിയ ബോർഡിന് അരികിലായി ബസ് നിർത്തി. അങ്ങിങ്ങ് തെരുവ് നായകൾ കിടന്നുറങ്ങുണ്ട്. നേരം പര പരാ വെളുക്കുന്നതേയുള്ളൂ. യാത്രക്കാർക്ക് ഇറങ്ങാനും കുളിക്കാനുമൊക്കെ അവിടെ സൗകര്യമുണ്ട്. ഡാമിന് ഇരുവശങ്ങളിലുമായി നിൽക്കുന്ന മനോഹരമായ എണ്ണപ്പന തോട്ടങ്ങൾ, കേരള സർക്കാരിന്റെ അധീനതയിലുള്ള പ്ലാന്റേഷൻ വക ഭൂമിയാണ്. ഈന്തപ്പനകളെ പോലെ തോന്നിക്കുന്ന എണ്ണപ്പനകളിൽ കുലകളായി നിൽക്കുന്ന എണ്ണക്കുരുവിന്റെ തൊണ്ട് ആട്ടിയെടുത്തിട്ടാണത്രെ പാമോലിൻ ഓയിൽ ഉണ്ടാക്കുന്നത്. തൊണ്ട് പൊട്ടിച്ചു കിട്ടുന്ന തേങ്ങ പോലത്തെ ഉൾഭാഗം സംസ്കരിച്ച് ഔഷധഗുണമുള്ള കർനൽ ഓയിൽ ആട്ടിയെടുക്കുന്നു. ആന ശല്യമുള്ള സ്ഥലമാണെന്ന് ബോർഡ് കണ്ടു. എണ്ണപ്പനകൾ കുത്തിമറിച്ചിട്ട് അതിന്റെ പൊങ്ങ് കഴിക്കാൻ വരുന്ന ആനക്കൂട്ടത്തിന്റെ വീരേതിഹാസ കഥകൾ സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിന്റെ സെക്യൂരിറ്റി ചേട്ടൻ പറയുന്നുണ്ടായിരുന്നു.
ഏഴാറ്റുമുഖത്തിന്റെ അക്കരെയാണ് അപൂർവയിനം ദേശാടന ശലഭങ്ങൾ വിരുന്നെത്തുന്ന തുമ്പൂർമുഴി ശലഭപാർക്ക്. മഴ കുറഞ്ഞ് വെയിൽ കണ്ടു തുടങ്ങിയതോടെയാണ് പല വർണത്തിലുള്ള ശലഭങ്ങൾ ഉദ്യാനത്തിൽ നിറഞ്ഞത്. ഇവിടെയുള്ള ചെടികളും അനുയോജ്യമായ കാലാവസ്ഥയും ആകാം പശ്ചിമഘട്ട മലനിരകളിലെ ഒട്ടുമിക്ക ശലഭങ്ങളേയും വസന്തകാലത്ത് ഇവിടേക്ക് ആകർഷിക്കുന്നത്. പുലർച്ചെയെത്തുന്ന ശലഭങ്ങൾ വെയിൽ കനക്കുന്നതോടെ അപ്രത്യക്ഷരാകുന്നു. പാർക്കിന്റെ ഒരു ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത് കാണാം. ലോകപ്രശസ്തമായ അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് കുറുകെയുള്ള ചാലക്കുടി നദിയിലാണ് തുമ്പൂർമുഴി അണക്കെട്ടും തൂക്കുപാലവും ഉള്ളത്. പ്രളയത്തിനുശേഷം പുനർ നിർമ്മിച്ചതാണ് ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിന്റെ ഭാഗമായ ഈ മനോഹര ഗ്രീൻലാൻഡ് ബ്രിഡ്ജ്. കുത്തിയൊലിച്ചൊഴുകുന്ന ചാലക്കുടി പുഴയുടെ ഇരു ഭാഗത്തും പ്ലാന്റേഷന് വേണ്ടി ഒരു ചെറിയ ഡാം പണിതിട്ടുണ്ട്. അതിന്റെ വശങ്ങളിലായി ചിറക് വിരിച്ചു നിൽക്കുന്ന 4000 ഹെക്ടർ എണ്ണപ്പന തോട്ടം. രണ്ടു ജില്ലകളിലായി കിടക്കുന്ന തൂക്കുപാലവും തുമ്പൂർമുഴിയും. എറണാകുളം, തൃശൂർ ജില്ലകളിലേക്ക് വേനൽക്കാലത്ത് പോലും ജലസേചനം നടത്തുന്ന 48 കി. മി. നീണ്ട വിശാലമായ കനാലുകൾ.
തുമ്പൂർമുഴി മോഡൽ എയ്റോബിക് കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ പണ്ടേ കേട്ടിരുന്നു. ഈ പരിസ്ഥിതി സൗഹൃദ പദ്ധതി വികസിപ്പിച്ചെടുത്ത തുമ്പൂർമുഴി കന്നുകാലി പ്രജനന കേന്ദ്രത്തിന്റെ പ്രൊഫസറും മേധാവിയുമായിരുന്ന ഫ്രാൻസിസ് സേവ്യറിനെക്കുറിച്ചും ഒരുപാട് വായിച്ചിട്ടുണ്ട്. വളരെ ചെലവ് കുറഞ്ഞ രീതിയിൽ ചത്തമൃഗങ്ങൾ ഉൾപ്പെടെയുള്ള ജൈവാവശിഷ്ടങ്ങൾ വേഗത്തിൽ ജൈവവളമായി മാറുന്ന പ്രക്രിയ. വായു കടക്കുന്നതിനാൽ ദുർഗന്ധം ഉണ്ടാകുന്നില്ല. ഈ യാത്രയിൽ തുമ്പൂർ മുഴിയെന്ന അത്ഭുതവും കാണാൻ സാധിച്ചു.
ചാർപ്പ വെള്ളചാട്ടത്തിൽ വെള്ളം കുറവായിരുന്നു. അതിന്റെ മുന്നിലുള്ള ആർച്ച് പാലം പണി കഴിഞ്ഞാൽ നയന സുന്ദരമായ കാഴ്ചയാവും നൽകുക.
ബ്രിട്ടീഷുകാർ ഉണ്ടാക്കിയ വാഴച്ചാൽ പാലത്തിലൂടെ കടന്ന് നമ്മുടെ ഇഷ്ട സ്ഥലം ആയിട്ടുള്ള ആതിരപ്പള്ളിയിലേക്ക് ഒമ്പതോടെ എത്തിച്ചേർന്നു. റോഡിൽ ഇറങ്ങിയപ്പോൾ തന്നെ വെള്ളച്ചാട്ടത്തിന്റെ വിശാലമായ പതനവും അലയൊലികളും കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമായിരുന്നു. ഉയരത്തിൽ നിന്നും വെള്ളം വീഴുന്നതിന്റെ ഇരമ്പം ചെവിയിൽ മുഴങ്ങുന്നു. ചെറു കണികകൾ അലയടിച്ചു. ഹൃദയം അപ്പൂപ്പൻ താടിപോലെ കൂട്ടം തെറ്റി ഞാൻ കുത്തനെയുള്ള പടവുകൾ ഇറങ്ങാൻ തുടങ്ങി.
ഷോളയാർ വനമേഖലയുടെ കവാടമാണ് അതിരപ്പള്ളി. പശ്ചിമഘട്ട മലനിരകളിൽ ഷോളയാർ റേഞ്ചിലുള്ള ഏറ്റവും ഭംഗിയുള്ള പ്രദേശം. അതിരപ്പള്ളി വാഴച്ചാൽ വെള്ളച്ചാട്ടം കാണുന്നതിന് 50 രൂപയുടെ ടിക്കറ്റ് മതി. റോഡിനിരുവശങ്ങളിലും തെരുവോര കച്ചവടക്കാരുടെ ഒച്ചയും ബഹളങ്ങളും. കവാടത്തിനുള്ളിലേക്ക് പ്രവേശിച്ചയുടനെ ഔഷധസസ്യങ്ങളുടെ തോട്ടം കണ്ടു. അതിനരികെ സാധാരണ ജോലിക്കാർ ഇരിക്കുന്ന കെട്ടിടം പ്രേതഭവനത്തെ ഓർമിപ്പിക്കും വിധം ഇടിഞ്ഞു പൊളിഞ്ഞ് ചോർന്നൊലിക്കുന്നതായിരുന്നു. വെള്ളത്തിലേക്ക് ഇറങ്ങരുതെന്ന് ബോർഡ് വച്ചതിന് സമീപത്ത് കാട്ടുചോലകളിലൂടെ ഒഴുകിവരുന്ന തെളിനീർ വെള്ളത്തിൽ മുഖം കഴുകി. ബാഹുബലി അടക്കം ഹോളിവുഡ് സിനിമക്ക് വരെ ലൊക്കേഷൻ ആയ വെള്ളച്ചാട്ടത്തിന് അടുത്തെത്താൻ കുത്തനെയുള്ള കൽപാതയിലൂടെ ഒന്നര കിലോമീറ്റർ നടക്കണം. തിരിച്ചു കയറുന്നത് വലിയ ബുദ്ധിമുട്ട് തന്നെ. എന്നിട്ടും വിദേശീയരടക്കം കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം കാണാൻ താഴെ എത്തുന്നു. മുകളിലെത്തിയാൽ കുടിക്കാൻ ഒരു യുവതി വെള്ളം നൽകുന്നുണ്ട്. വെള്ളത്തിന്റെ രുചിയറിഞ്ഞു ആർത്തിയോടെ കുടിക്കുന്നത് കണ്ടിട്ടാവാം
യാന്ത്രികമായി ജോലി തുടരുന്ന ആ പെൺ കുട്ടി ഭാവബേധമൊന്നുമില്ലാതെ മുഖമുയർത്തി. വെള്ളത്തിന് മുകളിലൂടെ വിസ്മയിപ്പിച്ച് കിടക്കുന്ന മഴവില്ലിന്റെ കാന്തിയാൽ അവളുടെ നീല കണ്ണുകൾ വജ്രംപോലെ തിളങ്ങി. നീണ്ടു പരന്ന പാറക്കെട്ടുകൾക്കു മുകളിൽ നിന്ന് 24 മീറ്റർ താഴേക്ക് വെള്ളം അലതല്ലി പതഞ്ഞ് പാൽപതയായ് താഴേക്ക് പതിക്കുന്ന ചാലക്കുടിപ്പുഴയുടെ രൗദ്രഭാവം കാണണമെങ്കിൽ ജൂൺ ജൂലൈ മാസങ്ങളിൽ എത്തണം.
അവിടെ നിന്നും നേരെ തൊട്ടടുത്ത വാഴച്ചാലിലേക്ക്.
കളകളാരവം മുഴക്കി കല്ലോളങ്ങളിലൂടെ ഒഴുകി വരുന്ന ചാലക്കുടിപ്പുഴ നിർന്നിമേഷം അല്പനേരം നോക്കി നിന്നു. വെള്ളമൊഴുകി മയം വന്ന ഉരുളൻ കല്ലുകളിൽ തപസിനെന്നപോലെ ഒറ്റക്കാലിൽ ഇരിക്കുന്ന വിവിധ തരം പക്ഷികൾ. തൊട്ടടുത്ത് പ്രദേശവാസികളുടെ വീടുകളാണെന്നു തോന്നുന്നു. മുറ്റത്തിരുന്ന് ഒരാൾ ചൂണ്ടക്കൊളുത്ത് ശ്രദ്ധാപൂർവം ശരിയാക്കുന്നുണ്ട്. കുട്ടികൾ അയാളെ സഹായിക്കുന്നത് കാണാം.
ഇവിടെ ഒരു മണിക്കൂറോളം ചെലവഴിക്കാമെന്ന് ബസിൽ നിന്ന് ഇറങ്ങുമ്പോൾ കണ്ടക്ടർ പറഞ്ഞത് വെറുതെയായില്ല.
ബസ് വീണ്ടും യാത്ര തുടങ്ങി. ആനക്കയം താഴ് വാരത്തിന് താഴെയായി ചാലക്കുടി പുഴയിൽ, കൊച്ചി രാജാവ് രാമവർമ്മയുടെ കാലത്ത് നിർമ്മിച്ച അണക്കെട്ടും പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതിയും കഴിഞ്ഞു ആനക്കയം പാലം കടക്കുമ്പോൾ താഴെ ചങ്ങാടത്തിൽ മീൻ പിടിക്കുന്നത് കണ്ടു. ആദിവാസികൾ ആയിരിക്കാം എന്ന് ബസിൽ നിന്നാരോ പറഞ്ഞു. ഷോളയാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലൂടെ മലക്കപ്പാറക്ക് പോകുന്ന സമയത്ത് ഭാഗ്യമുണ്ടെങ്കിൽ കാട്ടാന കൂട്ടത്തെയോ മറ്റ് വന്യമൃഗങ്ങളെയോ കാണാം. മൂന്ന് കിമീ അപ്പുറത്ത് ആനയുണ്ടെന്ന് എതിരെ വന്ന യാത്രക്കാരൻ വിളിച്ചുപറയുന്നുണ്ടായിരുന്നു. സമുദ്രത്തിൽ നിന്നും 900 മീറ്റര്‍ ഉയരത്തിൽ കേരളത്തിന്റെ അധീനതയിൽപ്പെട്ട ലോവർ ഷോളയാർ ഡാമിന്റെയും തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള അപ്പർ ഷോളയാർ ഡാമിന്റെയും ഇടയിൽസ്ഥിതിചെയ്യുന്ന മനോഹരമായ ഒരു താഴ് വരയാണ് മാലാഖപ്പാറയെന്ന മലക്കപ്പാറ.
തൃശൂർ ജില്ലയുടെ ഭാഗമാണെന്ന് കൂടെയുള്ള സുഹൃത്ത് ഓർമ്മിപ്പിച്ചു. മലക്കപ്പാറ ചെക്ക് പോസ്റ്റ് സ്വകാര്യ വാഹനങ്ങൾ പരിശോധനക്ക് ശേഷം വിട്ടയക്കുന്നതു കാണാം. ബൈക്കിൽ എത്തിയ രണ്ട് യാത്രക്കാരോട് വൈകുന്നേരം ആറുമണിക്ക് ചെക്ക് പോസ്റ്റ് അടയ്ക്കും എന്നും പിന്നീട് രാവിലെ ആറിന് മാത്രമേ സ്വകാര്യ വാഹനങ്ങൾ ചെക്ക് പോസ്റ്റ് വഴി കടത്തിവിടു എന്നും പറയുന്നത് കേട്ടു. ആനവണ്ടിക്ക് ഇത് ബാധകമല്ലത്രേ.
ഒരു ബസിനു മാത്രം പോവാനുള്ള ഇടുങ്ങിയ റോഡുകളും ഇറക്കങ്ങളും കിടിലൻ ഹെയർപിൻ വളവുകളും തിരിവുകളും. എതിരെ വണ്ടി വന്നാൽ ഒതുക്കി നിർത്തണം. കൂടാതെ ഏറ്റവും കൂടുതൽ വൈൽഡ് അനിമൽസ് ക്രോസിങ് ഏരിയ ബോർഡുകളുള്ള വനപാതയാണിത്. ഡ്രൈവർമാർക്ക് വെല്ലുവിളി ഉയർത്തുന്ന ഡ്രൈവ് തന്നെയാണ് ഇവ സമ്മാനിക്കുന്നത്. ഏത് നിമിഷം വേണമെങ്കിലും കുട്ടിയാനകളുമായി ആനക്കൂട്ടം വട്ടം എത്താം. അല്ലെങ്കിൽ മറ്റു മൃഗങ്ങൾ. അതിന്റെ ലവലേശം പേടിയും അയാളുടെ മുഖത്ത് ഉണ്ടായിരുന്നില്ല. യാത്രയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോ നല്ലൊരു സ്കൂളോ കാണാൻ കഴിഞ്ഞില്ല. ഇവിടെയുള്ള കുട്ടികൾ എങ്ങനെയാണ് പഠനം മുന്നോട്ടു കൊണ്ടു പോകുക എന്നോർത്ത് എനിക്ക് വിഷമം തോന്നി. ബസിൽ നന്നായി പാടുന്നവർ ഉണ്ടായിരുന്നു. പാട്ട് കേട്ടിട്ട് ആവാം വഴിയിലൂടെ പോകുന്നവർ ഞങ്ങൾക്ക് യാത്രാമംഗളങ്ങൾ നേരുന്നു. പുളിയിലപ്പാറയിൽ ചായക്ക് വേണ്ടി വണ്ടി നിർത്തി. പറയത്തക്ക സൗന്ദര്യം ഒന്നുമില്ലാത്ത ഒരു അങ്ങാടിയാണത്. പഴംപൊരി കഴിക്കാൻ വരുന്ന മ്ലാവിനെ കണ്ടു. ചിരപരിചയം പോലെ അത് അടുത്ത് വന്നു നിന്ന് പഴംപൊരി ആവശ്യപ്പെട്ടു. ഒരു കൊടും വളവ് കഴിഞ്ഞപ്പോൾ പാച്ചമരം ആദിവാസി കോളനിയിലേക്ക് പോകുന്ന റോഡും ബോർഡും ഉണ്ടായിരുന്നു. ഫോറസ്റ്റിന്റെ അനുവാദത്തോട് കൂടി മാത്രമേ അങ്ങോട്ട് പോകാൻ കഴിയൂ എന്ന് ഡ്രൈവർ പറയുന്നുണ്ട്.
ആന കഴിക്കുന്ന ഈറ്റ ഇരു വശത്തും വളർന്നുനിൽക്കുന്നു. അതിനിടയിലൂടെ കൂട്ടമായി കാട്ടുകോഴികൾ നടക്കുന്നത് കാണാം. പഴുത്ത ചക്കയെല്ലാം യഥേഷ്ടം കഴിക്കുന്ന പലതരം കാട്ടുകുരങ്ങുകളെയും കണ്ടു. കരിങ്കുരങ്ങുകൾ കൂടുതൽ സുന്ദരന്മാരും വലുതുമായിരുന്നു. നീണ്ട വാലും കഴുത്തിൽ ചാര നിറത്തിൽ ആടയാഭരണം കണക്കെ രോമവും അവയ്ക്ക് കൂടുതൽ തലയെടുപ്പ് തോന്നിച്ചു. ഉച്ചത്തിൽ ശബ്ദമുണ്ടാക്കി അവ ഉയരത്തിലേക്ക് ചാടി കളിച്ചു കൊണ്ടിരുന്നു. 40 കിലോമീറ്ററോളം മനുഷ്യന്റെ കൈകടത്തലുകൾ വന്നിട്ടില്ലാത്ത കാനന ഭംഗിയും ആകാശം മുട്ടെ വളർന്ന മലകളും മഴയും കോടമഞ്ഞും കൂടിയ അനിർവചനീയ കാഴ്ചകൾ. ഒരു സ്ട്രീറ്റ് ലൈറ്റ് പോലുമില്ല. ദൂരെ ഷോളയാർ ഡാമിന്റെ റിസർവോയർ കാണാം. സമീപത്തായി ദ്വീപ് പോലെയുള്ള സ്ഥലത്ത് കൂട്ടത്തോടെ വെള്ളം കുടിക്കുന്ന ആന ക്കൂട്ടത്തിൽ കുട്ടിയാനകളുമുണ്ട്.
നെല്ലിക്കുന്നിലെ ഷോളയാർ ഹൈഡ്രോ ഇലക്ട്രിക് പവർസ്റ്റേഷൻ എത്തിയപ്പോൾ ബസ് നിർത്തി. എല്ലാവർക്കും കാണാനുള്ള സൗകര്യം ഒരുക്കി തന്നു. ഷോളയാർ ഡാമിൽ നിന്നും പവർ സ്റ്റേഷനിലേക്ക് വെള്ളം കൊണ്ടുപോകുന്ന വലിയ ഉരുണ്ട മൂന്ന് പെൻസ്റ്റോക്ക് പൈപ്പുകൾ. അപ്പർ ഷോളയാർ ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നു വച്ചിരിക്കുന്നു. ടാറ്റയുടെ തേയില കമ്പനിയും തൊട്ടടുത്ത് കാണാം. മുകളിൽ വാൽവ് ഹൗസിന്റെ താഴെയായി മൂന്ന് തടിച്ചു കൊഴുത്ത നായകളെ കണ്ടു. ഇണക്കമുണ്ട്. ഇതിന്റെയെല്ലാം ഉടമസ്ഥരാണെന്ന ഭാവത്തിൽ ഒരു കാടിന്റെ വന്യത മുഴുവൻ പൂത്തുനിൽക്കുന്ന കണ്ണുകളോടെ അവരവിടെ വിരാചിക്കുന്നു. തമിഴ്നാടിന്റെ അധീനതയിലുള്ള ലോവർ ഷോളയാർ ഡാമിലേക്ക് കടക്കാൻ അനുവാദം ഇല്ല. കോടമഞ്ഞും മഴയും ഇഴചേർന്നു കിടക്കുന്ന റോഡും കാടുകളും ചേർന്ന വൃത്തിയുള്ള വഴികളുമായി മലക്കപ്പാറ പൊലീസ് സ്റ്റേഷനും ഫോറസ്റ്റ് ഓഫിസും പ്രൗഡിയോടെ നിൽക്കുന്നു.
ചുരുങ്ങലും പെരുമ്പാറയും കടന്ന് ഒരു ചെറിയ വെള്ളച്ചാട്ടമുണ്ട്. അതു കഴിഞ്ഞാണ് തേയില കൊണ്ട് പൊതിഞ്ഞ മലക്കപ്പാറ എന്ന തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കൊച്ചു ഗ്രാമം. ആനത്താരകൾ കടന്നുവേണം മലക്കപ്പാറക്ക് എത്താൻ. ഇവിടെ പ്രധാനമായും ഉള്ളത് ടാറ്റാ കമ്പനിയുടെ തേയില തോട്ടങ്ങളും ടാറ്റാ കോഫി കമ്പനിയുടെ കാപ്പിത്തോട്ടങ്ങളും ആണ്. തേയില തോട്ടങ്ങൾ കൊളുന്തു നുള്ളിക്കഴിഞ്ഞ സമയം ആയതുകൊണ്ട് അത്ര ഭംഗിയുള്ളതായി തോന്നിയില്ല. ചെറിയൊരു അങ്ങാടിയാണ് മലക്കപ്പാറ. ചെറിയ ചെറിയ പെട്ടിക്കടകൾ പണ്ടുകാലത്തെ ഓർമിപ്പിച്ചു. നമ്മുടെ സങ്കല്പത്തിലുള്ള കാഴ്ചയല്ല അവിടെയുള്ളത്. നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന മരക്കരിയിട്ട് കത്തിച്ചു ചൂടാക്കുന്ന പിച്ചള സമോവറും ചായയും. ഭക്തിപൂർവ്വം പ്രാർത്ഥിച്ചു തുടങ്ങുന്ന കച്ചവടം. കടൽക്കിഴവനെ പോലെ ഒരാൾ മുന്നിലെ ബെഞ്ചിൽ ഇരുന്നു ബീഡി വലിക്കുന്നു. അയാൾ ഞങ്ങൾ വന്നതും തിരിച്ചു പോരുന്നതും അറിഞ്ഞിട്ടേയില്ലെന്നു തോന്നുന്നു. കോടമഞ്ഞ് വീഴുന്നതെല്ലാം അല്പനേരം നോക്കി നിന്ന് വീണ്ടും യാത്ര തുടർന്നു.
കൊളുന്ത് നുള്ളി കൂട്ടമായി ചാക്കിൽ നിറക്കുന്ന നാടൻ സുന്ദരികൾ കലപില വർത്തമാനം പറയുന്നു. മലയാളവും തമിഴും ഇടകലർന്ന ഭാഷ. എന്താണാവോ നിർത്താതെ ഇവരിങ്ങനെ പറഞ്ഞു കൂട്ടുന്നത്. പ്രകൃതിയുടെ വശ്യത മാത്രമല്ല നിഷ്കളങ്കരായ മനുഷ്യരുടെ ജീവിതം കൂടിയാണ് ഈ യാത്രയെ ഹൃദ്യമാക്കിയത്. കാട് എന്താണെന്നും കാടിന്റെ താളം എന്താണെന്നും അറിഞ്ഞുവേണം ഇവിടേക്കെത്താൻ. ഉറക്കെ ശബ്ദമുണ്ടാക്കാനോ അവരുടെ താളം തെറ്റിക്കാനോ പാടില്ല. ഇത്തരം ഗ്രാമങ്ങളിലും ധാരാളം ഗോത്രവർഗങ്ങൾ ഉണ്ടത്രേ. ലക്ഷണമൊത്ത കൊമ്പനായ കബാലിയുടെ വിഹാര കേന്ദ്രമാണിത്. അവന്റെ ഉയർന്ന മസ്തകം ഒരു നോക്ക് കാണാൻ കാടിന്റെ ഉൾപടർപ്പുകളിലേക്ക് ചാഞ്ഞും ചരിഞ്ഞും ഞാൻ നോക്കി. അവന്റെ വിളയാട്ടങ്ങളും വീരശൂര പരാക്രമങ്ങളും ഒരുപാട് കേട്ടിട്ടുണ്ട്. കബാലി എന്ന ഒറ്റയാൻ അടക്കിവാഴുന്ന അവന്റെ തട്ടകത്തിലൂടെ തേയില കൃഷിയുടെ മാദക ഗന്ധം ശ്വസിച്ച് യാത്ര ചെയ്യുമ്പോൾ റോഡിന്റെ അരികിലുള്ള ഒരു പള്ളിയുടെ വളഞ്ഞു പോയ ഡോർ കാണിച്ച് കണ്ടക്ടർ ചേട്ടൻ പറഞ്ഞു, ”കഴിഞ്ഞ ആഴ്ച കവാലി തകർത്തതാണ്.”
ഉച്ചഭക്ഷണത്തിനായി നിർത്തിയിരിക്കുന്നത് കേരളത്തിന്റെ അതിര്‍ത്തിയിലാണ്. ഞാൻ ഒരു രസത്തിന് നടന്ന് തമിഴ്‌നാട് ബോർഡറിന് അപ്പുറത്തേക്ക് കടന്നു. അവിടെ തമിഴ് സംസ്കാരത്തിലുള്ള ഒരു ക്ഷേത്രം ഉണ്ട്. ചെറിയ ഹോട്ടലാണെങ്കിലും പുഴയുടെ കളകളാരവം കേട്ട് കാഴ്ചകളും കണ്ട് മലക്കപ്പാറയുടെ മടിത്തട്ടിലിരുന്ന് രുചികരമായ ഭക്ഷണം കഴിച്ചു. വഴിയരികിൽ അവിടവിടെ മുറിവുകളുമായി നിൽക്കുന്ന കാട്ടുപോത്തിനെ കണ്ടു. ഒറ്റക്കാവില്ല കുടുംബം തൊട്ടടുത്ത് എവിടെയെങ്കിലും ഉണ്ടാവാം. വന്യ മൃഗങ്ങൾ ആക്രമിച്ചതോ മറ്റു പോത്തുകളുമായി കുത്തുകൂടിയതോ ആവാം. അവക്കുള്ള മരുന്നുകൾ കാടൊരുക്കി നൽകിക്കോളും എന്ന് ആശ്വസിച്ചു.
ആറു മണിക്ക് തന്നെ ഇരുട്ടിയത് പോലെ. വണ്ടി തിരിച്ചിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. വഴിയിൽ മണ്ണ് മാന്തി നിൽക്കുന്ന ഒരു മോഴയാന. കൊമ്പില്ലാത്ത ഇവർ ദേഷ്യക്കാരാണത്രെ. പുറം തിരിഞ്ഞു നിൽക്കുന്ന അവനെ വിശ്വാസമില്ലാത്തത് കൊണ്ടാവാം ഡ്രൈവർ വണ്ടി എടുത്തില്ല. പുകലപ്പാറ എത്തിയപ്പോൾ ഇരുട്ടിൽ നിന്നൊരു മ്ലാവ് തല പൊക്കി ഒരു പ്രത്യേക ശബ്ദമുണ്ടാക്കി. പൊന്തയിൽ നിന്നും കുറെ മ്ലാവുകൾ ഓടിമറയുന്നത് കണ്ടപ്പോഴാണ് അപായ മണിമുഴക്കിയതാണെന്ന് മനസിലായത്. കൊടുംകാട്ടിലൂടെയുള്ള യാത്ര. ചുണ്ണാമ്പ് പാറയിലൂടെ ആനച്ചൂര് മണക്കുന്ന ഇടത്താവളങ്ങളൊക്കെയും കടന്ന് മഴ പെയ്തിറങ്ങിയ കാനനപാതയും താണ്ടി വെറ്റിലപ്പാറ വഴി ചുരറങ്ങുമ്പോൾ നല്ല രീതിയിൽ ഇരുട്ടിത്തുടങ്ങിയിരുന്നു.
ഈ മഹാപ്രപഞ്ചത്തിൽ വിശദീകരണം നൽകാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത വിവരണാതീതമായ പ്രതിഭാസം. മഴക്കാലം തുടങ്ങി രണ്ട് ആഴ്ച വരെ കാണുന്ന ലക്ഷക്കണക്കിന് മിന്നാമിന്നിക്കൂട്ടങ്ങൾ. കാടങ്ങനെ പന്തം കത്തിച്ചപോലെ തിളങ്ങി കത്തുന്നു. വനാതിർത്തിയും കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ പകൽ പോലെ കാട് തെളിഞ്ഞു കണ്ടു. വിവരിക്കാൻ കഴിയാത്തവിധം ദിവസങ്ങളോളം ഉള്ളിൽ നിറഞ്ഞു നിന്ന നയന സൗന്ദര്യം. തിരിച്ചിറങ്ങുമ്പോൾ എല്ലാവരും നിശബ്ദരായിരുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോൾ ഹൃദയവേദന ഉണ്ടാകുന്ന വിധം ഒരു ആത്മബന്ധം ഒറ്റ ദിവസത്തെ യാത്ര കൊണ്ട് ഉണ്ടായി. രാത്രി 12ഓടെ കനത്ത മഴയിൽ നാട്ടിലെത്തിച്ചേർന്നു. എത്ര വേഗത്തിലാണ് ഒരുദിവസം കഴിഞ്ഞത്. എല്ലാവരോടും യാത്ര പറഞ്ഞ് മഴയത്ത് വീട്ടിലേക്ക് വണ്ടിയോടിക്കുമ്പോൾ ഹൃദയം ശാന്തമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.