22 December 2024, Sunday
KSFE Galaxy Chits Banner 2

വാക്ശല്യം പോലുമരുത് ; മനസുനിറയ്ക്കണം

ഇന്ന് ലോകവയോജന പീഡനവിരുദ്ധ ബോധവല്‍ക്കരണ ദിനം
Janayugom Webdesk
June 15, 2022 5:22 am

ജൂൺ 15 ലോകവയോജന പീഡനവിരുദ്ധ ബോധവല്ക്കരണ ദിനമായി 2011 മുതൽ ആചരിച്ചുവരികയാണ്. ഐക്യരാഷ്ട്രസഭ 2011 ഡിസംബറിൽ അംഗീകരിച്ച 66/127-ാം നമ്പർ പ്രമേയമാണ് ഈ ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. 2006 ൽ “ഇന്റർനാഷണൽ നെറ്റ് വർക്ക് ഫോർ ദി പ്രിവെൻഷൻ ഓഫ് എൽഡർ അബ്യൂസ്’ എന്ന സംഘടനയാണ് ഇതിന് തുടക്കം കുറിച്ചതെങ്കിലും ഒരു അന്തർദേശീയ ദിനാചരണത്തിന്റെ ഔന്നത്യം വന്നുചേർന്നത് യുഎൻ പ്രമേയത്തോടെയാണ്. വയോജനങ്ങൾക്കെതിരെയുള്ള പീഡനങ്ങൾക്കും അവരെ കഷ്ടപ്പെടുത്തുന്നതിനുമെതിരെ ലോകം ഒരുമിച്ച് ശബ്ദമുയർത്തുന്ന ദിനമാണിത്.
വയോജനങ്ങളെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം പുതിയ തലമുറയാണ് മനസിലാക്കേണ്ടത്. മാതാപിതാക്കളെ അവഗണിക്കുകയും ഉപേക്ഷിക്കുകയും വൃദ്ധസദനങ്ങളിലാക്കുകയും സ്വത്തു തട്ടിയെടുക്കുകയും ചികിത്സ ഉൾപ്പെടെയുള്ള അത്യാവശ്യ സഹായങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഏറിവരുന്ന ഇന്നത്തെക്കാലത്ത് ഈ ദിനാചരണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.


ഇതുകൂടി വായിക്കൂ: അപ്രത്യക്ഷമാകുന്ന ഐച്ഛികങ്ങൾ


മുതിർന്ന പൗരന്മാരുടെ ജനസംഖ്യ ലോകത്തെല്ലായിടത്തും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ സെക്കന്റിലും ലോകത്ത് രണ്ടുപേർ വീതം അറുപതാം ജന്മദിനം ആഘോഷിക്കുന്നുണ്ട്. ജനസംഖ്യയിലെ ഈ വർധനവിനനുസരിച്ച് അവർക്കുനേരെയുള്ള ശാരീരികവും വൈകാരികവും സാമ്പത്തികവും സാമൂഹ്യവുമായ പീഡനങ്ങളും വർധിക്കുകയാണ്. 2002 ൽ തന്നെ ലോകാരോഗ്യ സംഘടന ഈ കാര്യങ്ങൾ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയുണ്ടായി. വിവിധ രൂപത്തിലുള്ള പീഡനങ്ങളുടെ ഫലമായി മുതിർന്ന പൗരന്മാർ വളരെ പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നു എന്നവർ കണ്ടെത്തി. ശാരീരിക പ്രവർത്തനങ്ങൾ മന്ദഗതിയിലാവുന്നു. മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് അവർ മാറുന്നു. നിസഹായത, മാനസിക സമ്മർദ്ദം, മനോബലം നഷ്ടപ്പെടൽ, ആഹാരത്തിനോട് വിരക്തി, ഡിപ്രഷൻ, ഡിമെൻഷ്യ തുടങ്ങിയവ അവരെ പിടികൂടുന്നു. പീഡനങ്ങൾക്ക് വിധേയരാവുന്ന വയോജനങ്ങളുടെ മരണനിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്.
ക്രൂരവും പരിഹാസം കലർന്നതുമായ വാക്കുകൾകൊണ്ടുള്ള പീഡനം അസഹനീയമാണ്. അതിന് ഫലപ്രദമായ ചികിത്സയുമില്ല. അത് വയോജനങ്ങളെ ശാരീരികവും മാനസികവുമായി പെട്ടെന്ന് തളർത്തും.
“നാരാചശല്യം ദേഹത്തിങ്കൽ നിന്നെടുത്തിടാം ക്രൂരവാക്ശല്യമെടുക്കും ചികിത്സകനില്ല” എന്ന വിദുരവാക്യം ഈയവസരത്തിൽ ഓർക്കേണ്ടതാണ്.
ആരോഗ്യവും സമ്പത്തും ഉണ്ടായിരുന്ന കാലത്ത് കുടുംബത്തിനും സമൂഹത്തിനുംവേണ്ടി അത്യധ്വാനം ചെയ്ത വയോജനങ്ങളെ അത്യധികം വിഷമിപ്പിക്കുന്നത് ഈ ക്രൂര വാക്ശല്യമാണ്. വാര്‍ധക്യകാലത്തെ ഒറ്റപ്പെടലും ഏകാന്തതയും അവഗണനയും കൊണ്ട് മനസിടിഞ്ഞ് ജീവിതം തള്ളിനീക്കുന്ന അവരെ ഒരുതരത്തിലും വിഷമിപ്പിക്കുവാൻ പാടില്ല. മാനസികാരോഗ്യം കുറഞ്ഞ അവരെ അപമാനവും വിവേചനവും ഭയചകിതരാക്കുന്നു.


ഇതുകൂടി വായിക്കൂ: വയോജനങ്ങൾ നാടിന്റെ സമ്പത്ത്, അവരെ സംരക്ഷിക്കാൻ അണിചേരുക


വയോജനങ്ങൾ സമൂഹത്തിൽ വഹിച്ചിരുന്ന പങ്ക് മറന്നുപോകരുത്. പരിചാരകരും സന്നദ്ധപ്രവർത്തകരും രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ, സമുദായനേതാക്കളായും ജനപ്രതിനിധികളായും വിവിധ നിലകളിൽ അവർ സാമൂഹ്യജീവിതത്തിൽ പങ്കാളികളാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ആരോഗ്യപ്രവർത്തകരായും മാർഗദർശികളായും അവർ സജീവ സാന്നിധ്യമാണ്.
കോവിഡ് വ്യാപനത്തെത്തുടർന്ന് വൃദ്ധസദനങ്ങളിലും അതുപോലുള്ള സ്ഥാപനങ്ങളിലും ഉള്ള അന്തേവാസികൾ അവഗണനയും പീഡനവും നേരിടുന്നതായി ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. കുടുംബാംഗങ്ങളോടൊപ്പം ക്വാറന്റെെനിലാവുന്ന വയോജനങ്ങൾ അക്രമത്തിനും പീഡനത്തിനും അവഗണനയ്ക്കും കൂടുതൽ ഇരയാവാനുള്ള സാധ്യതയുമുണ്ട്. മറ്റുള്ളവരെ പരിചരിക്കേണ്ടിവരുന്ന വയോജനങ്ങൾക്ക് രോഗം വ്യാപിക്കാനും സാധ്യത കൂടുതലാണ്. അവരുടെ ജീവനും സുരക്ഷയ്ക്കും മാത്രമല്ല വൈറസ് ഭീഷണിയായിട്ടുള്ളത്. അവരുടെ സാമൂഹ്യബന്ധം, ആരോഗ്യസംവിധാനം, തൊഴിൽ, പെൻഷൻ എന്നിവയ്ക്കെല്ലാം വൈറസ് ഭീഷണിയുയർത്തുന്നു. മറ്റ് രോഗങ്ങൾക്കുള്ള ചികിത്സയും ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധയും ലഭിക്കുന്നില്ല. തൊഴിലെടുത്ത് ജീവസന്ധാരണം നടത്തുന്നവർക്ക് അതിന് സാധ്യമല്ലാതെവരുന്നു. സാമൂഹ്യ അകലം എന്നത് വ്യക്തികളിൽനിന്നുള്ള അകലമാവുമ്പോൾ അത് ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം ചെറുതല്ല. അകലം പാലിക്കുമ്പോൾത്തന്നെ സാമൂഹികമായ പിന്തുണ തങ്ങൾക്കുണ്ടെന്ന് ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ അവരുടെ ആശങ്ക കുറേയെങ്കിലും അകറ്റാനാകും.
ആരോഗ്യപരിരക്ഷ മനുഷ്യാവകാശങ്ങളിൽ ഉൾപ്പെടുന്നതാണ്. പ്രായഭേദമന്യേ എല്ലാവർക്കും അത് ബാധകമാണ്. ചികിത്സയെ സംബന്ധിച്ച കടുത്ത തീരുമാനങ്ങളെടുക്കുമ്പോൾ ആരോഗ്യം അവകാശമാണെന്നും അത് അന്തസോടെ വയോജനങ്ങൾക്ക് നൽകാനും കഴിയണം. പ്രായം കണക്കാക്കിയുള്ള വിവേചനം പാടില്ല. അവരുടെ രോഗപ്രതിരോധശക്തി വർധിപ്പിക്കാനുള്ള വിവിധതരം സംവിധാനങ്ങൾ വ്യാപകമാക്കണം.
വീട്ടിൽ ആളുകളുണ്ടെങ്കിലും ആൾക്കൂട്ടത്തിൽ തനിയെ എന്നതാണ് വയോജനങ്ങളുടെ അനുഭവം. ഏകാന്തതയും വിരസതയുമകറ്റാൻ ഡിജിറ്റൽ സാങ്കേതികവിദ്യ അവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും പരിശീലിപ്പിക്കുകയും വേണം. സ്മാർട്ട്ഫോണും സാമൂഹ്യമാധ്യമങ്ങളും ഇന്റർനെറ്റും ഒക്കെ ജീവിതത്തിന്റെ ഭാഗമായാൽ അവർക്ക് മാനസികാരോഗ്യം ഉണ്ടാവും. സ്മാർട്ട്ഫോണും കമ്പ്യൂട്ടറുമെല്ലാം ലഭ്യമാക്കി അവരെ പിന്തുണയ്ക്കേണ്ടത് സർക്കാരിന്റെ കടമയാണ്.
ശാരീരികവും മാനസികവുമായ വിവിധതരത്തിലുള്ള പീഡനങ്ങൾക്ക് വിധേയരാണ് വയോജനങ്ങൾ. 2017 ലെ കണക്കനുസരിച്ച് ആറ് പേരിൽ ഒരാൾ പീഡിപ്പിക്കപ്പെടുന്നു. കോവിഡ്19 ന്റെ വരവോടെ വയോജനങ്ങൾക്കെതിരെയുള്ള പീഡനം വർധിച്ചതായി ഐക്യരാഷ്ട്രസഭതന്നെ വെളിപ്പെടുത്തുന്നു. പ്രായമായ സ്ത്രീകളാണ് കൂടുതലും ഇരകൾ. ആഹാരത്തിനും ചികിത്സയ്ക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്ന ഇവരുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.


ഇതുകൂടി വായിക്കൂ: തുടർഭരണത്തിൽ വയോജനങ്ങളുടെ പ്രതീക്ഷകൾ


ദാരിദ്യ്രം അകറ്റി, രോഗങ്ങളെ കീഴ്പ്പെടുത്തി മനുഷ്യന്റെ ആയുസ് പരമാവധി വർധിപ്പിക്കുന്നതിനുള്ള പരിശ്രമത്തിൽ ആയിരുന്നു മനുഷ്യസമൂഹം. അതിൽ നല്ലൊരളവുവരെ വിജയിക്കാനുമായി. ആയൂർദൈർഘ്യത്തിന്റെ കാര്യത്തിൽ കേരളം വളരെ മുന്നിലാണ്. കേരളത്തിലെ ആയൂർദൈർഘ്യം ഇന്ത്യൻ ശരാശരിയെക്കാൾ 10 വയസ് കൂടുതലുമാണ്. ഇന്ത്യയിൽ 60 വയസിന് മുകളിലുള്ളവർ ജനസംഖ്യയുടെ ഒന്‍പത് ശതമാനമാണെങ്കിൽ അത് കേരളത്തിൽ 13 ശതമാനത്തിനു മുകളിലാണ്. ജനനമരണ നിരക്കുകളിലെ കുറവും ശിശുമരണനിരക്ക്, മാതൃമരണനിരക്ക് എന്നിവയിലെ കുറവും വയോജനങ്ങളുടെ ദീർഘായുസും അവരുടെ എണ്ണത്തിലെ വർധനവുമെല്ലാം തന്നെ പുരോഗതിയുടെ സൂചകമാണ്. എന്നാൽ സമൂഹത്തിൽ വയോജനങ്ങളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനവ് ആ വിഭാഗത്തിന് കൂടുതൽ ശ്രദ്ധയും പരിഗണനയും സർക്കാർ നൽകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
വൃദ്ധജനങ്ങൾ നേരിടുന്ന പല പ്രശ്നങ്ങളും അവർക്ക് സ്വന്തം നിലയിലൊ അവരുടെ കുടുംബത്തിനോ സമൂഹത്തിനുതന്നെയോ പരിഹരിക്കാൻ പറ്റുന്നവയല്ല. സർക്കാർ തലത്തിലെ ശക്തമായ ഇടപെടലുകളിലൂടെ മാത്രമെ ഈ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുകയുള്ളൂ.
2006ലെ എൽഡിഎഫ് സർക്കാരാണ് സംസ്ഥാന വയോജന നയത്തിന് രൂപം നൽകിയത്. നയത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട കാര്യങ്ങൾ ധാരാളമുണ്ട്.


ഇതുകൂടി വായിക്കൂ:  വയോജനങ്ങൾക്ക് ഒരു കരുതൽ


മറ്റൊരു പെൻഷനും ലഭിക്കാത്ത എല്ലാ മുതിർന്ന പൗരന്മാർക്കും പ്രതിമാസം 5000 രൂപ പെൻഷൻ അനുവദിക്കുക, മുതിർന്ന പൗരന്മാരുടെ കാര്യങ്ങൾ ചിട്ടയായും മുൻഗണനാക്രമത്തിലും കൈകാര്യം ചെയ്യുന്നതിന് സർക്കാരിൽ ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കുക, മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുവാനും അവരുടെ പരിരക്ഷ ഉറപ്പുവരുത്തുവാനും പീഡനങ്ങളിൽനിന്ന് ഒരുപരിധി വരെ രക്ഷിക്കുവാനും അവർക്കുവേണ്ടി ഒരു പ്രത്യേക കമ്മിഷൻ രൂപീകരിക്കുക, രക്ഷിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള ആക്ടിന്റെ നടത്തിപ്പിനായുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, പൊലീസ് സ്റ്റേഷനുകളിൽ വയോജനങ്ങളുടെ രജിസ്റ്റർ സൂക്ഷിക്കുക, ഭവനസന്ദർശനം നിർബന്ധമാക്കുക എന്നിവ അടിയന്തര പ്രാധാന്യമുള്ളവയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനപരിപാലനം ഉറപ്പാക്കണം.
പരാശ്രയമില്ലാതെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കാനാകാത്തവർക്കും ഏകാന്തത അനുഭവിക്കുന്നവർക്കും ഇത് ആശ്വാസമാകും. കുറഞ്ഞ വിലയ്ക്ക് ഔഷധങ്ങൾ നൽകുന്ന മാവേലി മെഡിക്കൽ സ്റ്റോറുകളും നീതിസ്റ്റോറുകളും വ്യാപകമാക്കണം. ന്യായവിലയ്ക്ക് കണ്ണട നൽകുന്ന സ്റ്റോറുകൾ ആരംഭിക്കണം. ദയാവധം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജീവിതാന്ത്യത്തിൽ ചികിത്സ സംബന്ധിച്ച് മാനദണ്ഡങ്ങൾ നിശ്ചയിക്കണം. ഈ വിധിയുടെ അടിസ്ഥാനത്തിൽ ലിവിങ്‌വിൽ നിയമവിധേയമായി നടപ്പിലാക്കണം. വയോജനങ്ങൾക്ക് എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന വിധത്തിൽ ഒരു തിരിച്ചറിയൽ കാർഡ് ലഭ്യമാക്കണം. മുതിർന്ന പൗരന്മാരുടെ സേവനം വിരമിക്കലിനുശേഷവും സമൂഹത്തിന് ലഭ്യമാക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകണം. അവരുടെ ഏകാന്തതയും വിരസതയും അകറ്റാനും വികസനപ്രവർത്തനങ്ങളുടെ ഭാഗമാകാനും ഇതുമൂലം കഴിയും.
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയിൽ വയോജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ സമയബന്ധിതമായും ഫലപ്രദമായും നടപ്പിലാക്കുകയും മുകളിൽ പറഞ്ഞ മറ്റുകാര്യങ്ങൾ സജീവമായി പരിഗണിക്കുകയും ചെയ്താൽ സംസ്ഥാനത്തെ വയോജനങ്ങളെ നല്ലനിലയിൽ പരിരക്ഷിക്കാനാവും.
മഹത്തായ നമ്മുടെ പാരമ്പര്യവും സംസ്കാരവും അടയാളപ്പെടുത്തേണ്ടത് വയോജനങ്ങളെ സംരക്ഷിച്ചുകൊണ്ടാവണം. അതിന്റെ പ്രാധാന്യം ഹൃദയത്തിൽ ഉൾക്കൊള്ളേണ്ടത് പുതിയ തലമുറയാണ്. പാഠ്യപദ്ധതിയിൽ ഈ വിഷയം ഉൾപ്പെടുത്തണം. സ്കൂളുകളിലും കോളജുകളിലും വയോജന പീഡനവിരുദ്ധ ബോധവല്ക്കരണ ദിനത്തിന്റെ സന്ദേശമെത്തിക്കാൻ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജൂൺ 15 മുതൽ 25 വരെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുള്ള മറ്റുപരിപാടികളും സംഘടന ആസൂത്രണം ചെയ്തിട്ടുണ്ട്.
വയോജനങ്ങൾ നാടിന്റെ സമ്പത്ത്. അവരെ മാനിക്കുക, ആരോഗ്യത്തോടെ സംരക്ഷിക്കുക, സന്തോഷത്തോടെ ജീവിക്കാൻ പ്രാപ്തരാക്കുക. ഇതായിരിക്കട്ടെ ഇത്തവണത്തെ ദിനാചരണ സന്ദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.