26 April 2024, Friday

വീണ്ടും ടോള്‍ കൊള്ള: പച്ചക്കൊടി കാട്ടി ദേശീയ പാത അധികൃതർ

ബേബി ആലുവ
കൊച്ചി
November 3, 2022 9:02 pm

നിലവിൽ രൂക്ഷമായ എതിർപ്പിന് ഇടയാക്കിയിട്ടുള്ള ദേശീയ പാത ടോൾപ്ലാസകളിലെ നിരക്കുകൾ വീണ്ടും ഉയരുന്നു. കരാർ കമ്പനികളോട് ഉദാരസമീപനം പുലർത്തുന്ന ദേശീയ പാത അധികൃതർ കൊള്ളപ്പിരിവിന് പച്ചക്കൊടി കാണിക്കുന്ന പതിവ് തുടരുകയാണ്. ഇടപ്പള്ളി — മണ്ണുത്തി ദേശീയ പാതയിലെ പാലിയേക്കര ടോൾ ബൂത്തിലെ നിരക്ക് അടുത്തിടെ കുത്തനെ കൂട്ടിയതിനു പിന്നാലെ, കഴിഞ്ഞ ദിവസം തൃശൂർ‑പാലക്കാട് റൂട്ടിലെ പന്നിയങ്കര പിരിവ് കേന്ദ്രത്തിലും നിരക്ക് കൂട്ടി. ഹൈക്കോടതിയുടെ നിശിത വിമർശനങ്ങൾ ഏറ്റുവാങ്ങിയതും കരാർ ലംഘനവും അഴിമതിയും നടന്നുവെന്ന് സിബിഐ കണ്ടെത്തിയതുമായ ഇടപ്പള്ളി ‑മണ്ണുത്തി പാതയിലെ പാലിയേക്കരയിൽ സെപ്റ്റംബര്‍ ഒന്ന് മുതൽ 15 ശതമാനം നിരക്കു വർദ്ധനയ്ക്കാണ് ദേശീയ പാത അതോറിട്ടി അനുമതി നൽകിയത്.

തൃശൂർ‑പാലക്കാട് ദേശീയ പാതയിലെ പന്നിയങ്കരയിൽ അഞ്ച് ശതമാനം നിരക്കു വർദ്ധനയാണ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞ മാർച്ച് അഞ്ച് മുതൽ പിരിവ് തുടങ്ങിയ പന്നിയങ്കരയിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ രണ്ടാം പ്രാവശ്യമാണ് നിരക്കു കൂട്ടുന്നത്. ദേശീയ പാതയിൽ 60 കിലോമീറ്ററിനുള്ളിലാണ് രണ്ട് ടോൾ ബൂത്തുകൾ. ഒരേ ദിശയിലുള്ള പാതയിൽ 60 കിലോമീറ്ററിനകത്ത് രണ്ടിടത്ത് ടോൾ എന്നത് നിയമം വിലക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, പാലിയേക്കര — പന്നിയങ്കര ബൂത്തുകളിൽ ഒന്ന് നിർത്തലാക്കുമെന്ന് അടുത്തിടെ ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരി പാർലമെന്റിൽ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ, മന്ത്രിയുടെ പ്രഖ്യാപനത്തെ തള്ളി രംഗത്തുവന്ന ദേശീയ പാത അതോറിട്ടി, പാലിയേക്കര, പന്നിയങ്കര പ്ലാസകളിൽ ഒന്നും പൂട്ടാൻ തീരുമാനിച്ചിട്ടില്ലെന്ന് തീർത്തു പറഞ്ഞു. ഇടപ്പള്ളി — മണ്ണുത്തി പാത നാലുവരിയും മണ്ണുത്തി — വടക്കാഞ്ചേരി പാത ആറു വരിയുമാണെന്നും രണ്ടിന്റെയും ഒബിടി കരാറുകൾ വ്യത്യസ്തമാണെന്നും ആയിരുന്നു മന്ത്രിയെ തിരുത്തിക്കൊണ്ടും കരാർ കമ്പനികളെ പ്രീണിപ്പിച്ചു കൊണ്ടുമുള്ള ദേശീയ പാത അധികൃതരുടെ വാദം.

രാജ്യത്താകെ ടോൾ പ്ലാസകൾ നിർത്തലാക്കി പകരം, ടോൾ ചുമത്തിയിട്ടുള്ള പാതയിലൂടെ എത്ര ദൂരം സഞ്ചരിക്കുന്നു എന്ന് കണക്കാക്കി തുക ഈടാക്കുന്ന ജിപിഎസ് പരിഷ്കാരം നടപ്പാക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനുള്ള നടപടികളും ഇഴയുകയാണ്. അത്രത്തോളം ശക്തമാണ് രാജ്യത്തെ ടോൾ മാഫിയയുടെ ഇടപെടൽ എന്നാണ് റിപ്പോർട്ടുകൾ. നേരത്തേ പ്രവർത്തനം തുടങ്ങിയ പ്ലാസകളിലൂടെ കരാർ കമ്പനികൾ ഇപ്പോൾത്തന്നെ, പാത നിർമ്മാണത്തിനു മുടക്കിയതിനെക്കാൾ കൂടുതൽ തുക നേടിക്കഴിഞ്ഞു.

ഇടപ്പള്ളി ‑മണ്ണുത്തി പാതയ്ക്കായി ചെലവ് 721.17 കോടി രൂപയാണെങ്കിൽ കരാർ കമ്പനിയുടെ കൈവശമെത്തിയത് 957.68 കോടി രൂപയാണെന്ന് ദേശീയ പാത അതോറിട്ടി വിവരാവകാശപ്രകാരം നൽകിയ മറുപടിയിൽ പറയുന്നു. ലാഭം 200 കോടിയിലേറെ. 2026‑ൽ അവസാനിക്കേണ്ട കരാർ 2028‑ലേക്ക് നീട്ടി നൽകുകയും ചെയ്തു. പുറമെയാണ്, സെപ്റ്റംബർ ഒന്നിലെ നിരക്ക് വർധന. എന്നിട്ടും, പാതയിലെ കുഴിയിൽ വീണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പോലും നൽകിയിട്ടില്ലെന്ന പരാതി നിലനിൽക്കുന്നു. നിർമ്മാണത്തിൽ നിയമ ലംഘനവും അഴിമതിയും സിബിഐ കണ്ടെത്തിയിട്ടും കേന്ദ്രം അനുമതി നൽകാത്തതിനാൽ ദേശീയ പാത അതോറിട്ടി അധികൃതർക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

Eng­lish Sum­ma­ry: toll rate increase again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.