15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 14, 2024
November 13, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024

സംസ്ഥാനത്ത് തക്കാളിപ്പനി: ആശങ്ക വേണ്ട, കരുതല്‍ മതി

Janayugom Webdesk
തിരുവനന്തപുരം
May 12, 2022 10:30 pm

സംസ്ഥാനത്ത് ചില ജില്ലകളില്‍ തക്കാളിപ്പനിയെന്നറിയപ്പെടുന്ന ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്എഫ്എംഡി) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാവര്‍ക്കും രോഗത്തെപ്പറ്റി അവബോധം ഉണ്ടായിരിക്കണമെന്ന് ആരോഗ്യ വകുപ്പ്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. പൊതുവില്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കിലും അപൂര്‍വമായി ഈ രോഗം മുതിര്‍ന്നവരിലും കാണാറുണ്ട്. രോഗത്തിന് അപകട സാധ്യത കുറവാണെങ്കിലും അപൂര്‍വമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമാകാം. അതിനാല്‍ രോഗലക്ഷണങ്ങള്‍ ക­ണ്ടാ­ല്‍ ഡോക്ടറുടെ സേവനം തേടണം. കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍ ധാരാളം വെള്ളം കൊടുക്കണം. മറ്റ് കുട്ടികള്‍ക്ക് ഈ രോഗം പകരാതെ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

കുട്ടികളുടെ കൈവെള്ളയിലും പാദത്തിലും വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്. പനി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും കാല്‍വെള്ളയിലും വായ്ക്കകത്തും പൃഷ്ഠഭാഗത്തും കൈകാല്‍മുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കള്‍, തടിപ്പുകള്‍ എന്നിവയാണ് പ്ര­ധാന രോഗലക്ഷണങ്ങള്‍. വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം എന്നിവയും ഉണ്ടാകാം. ശക്തമായ തുടര്‍ച്ചയായ പനി, കഠിനമായ ക്ഷീണം, അസ്വസ്ഥത, കൈകാലുകളിലെ രക്തചംക്രമണത്തിനു തടസം എന്നീ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുക.

കരുതല്‍ വേണം

രോഗബാധിതരില്‍ നിന്നും നേരിട്ടാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗം ബാധിച്ച കുഞ്ഞുങ്ങളില്‍ നിന്ന് മൂക്കിലേയും തൊണ്ടയിലെയും സ്രവം വഴിയോ, ഉമിനീര്‍, തൊലിപ്പുറമെയുള്ള കുമിളകളില്‍ നിന്നുള്ള സ്രവം, രോഗിയുടെ മലം തുടങ്ങിയവ വഴിയുള്ള സമ്പര്‍ക്കം വഴിയോ മറ്റൊരാളിലേക്ക് പകരുന്നു. രോഗികളായ കുഞ്ഞുങ്ങള്‍ സ്പര്‍ശിച്ച കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റും തൊടുന്നത് വഴി പോലും രോഗം പകരാം. സാധാരണഗതിയില്‍ ഒരാഴ്ച മുതല്‍ പത്ത് ദിവസം കൊണ്ട് രോഗം പൂര്‍ണമായും മാറും. രോഗം വന്ന് കഴിഞ്ഞാല്‍ ലക്ഷണങ്ങള്‍ക്കനുസരിച്ചാണ് ചികിത്സിക്കുന്നത്. കുഞ്ഞിന്റെ അസ്വസ്ഥത കുറയ്ക്കുന്നതിനും രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും.

രോഗം വന്ന കുഞ്ഞുങ്ങളുടെ ശരീരം എപ്പോഴും വൃത്തിയായും ശുചിയായും സൂക്ഷിക്കണം. കുളിപ്പിക്കുമ്പോള്‍ തേച്ചുരച്ച് കുമിള പൊട്ടിക്കരുത്. വായ്ക്കകത്തെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണമെന്തെങ്കിലും കൊടുക്കാം. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണം. ദേഹത്തു വരുന്ന കുരുക്കള്‍ ചൊറിഞ്ഞുപൊട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ മറ്റു കുട്ടികള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്. മലമൂത്ര വിസര്‍ജനത്തിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകള്‍ നന്നായി സോപ്പുപയോഗിച്ച് കഴുകാന്‍ കുട്ടികളെ പഠിപ്പിക്കണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍, വൈറസ് പടരാതിരിക്കാന്‍ മൂക്കും വായും മൂടുകയും ഉടന്‍ കൈ കഴുകുകയും വേണം. കുഞ്ഞിനെ ശുശ്രൂഷിക്കുന്നവര്‍ തൊടുന്നതിന് മുന്‍പും ശേഷവും കൈ സോപ്പിട്ട് കഴുകുക. ഇത് മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയും. രോഗബാധിതരായ കുട്ടികളെ അങ്കണവാടികളിലും സ്‌കൂളുകളിലും വിടരുത്. വീട്ടിലെ മറ്റ് കുട്ടികളുമായുള്ള ഇടപെടല്‍ ഈ കാലയളവില്‍ ഒഴിവാക്കുക.

Eng­lish Summary;Tomato fever in the state
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.