26 April 2024, Friday

Related news

January 31, 2023
January 8, 2023
January 4, 2023
June 27, 2022
March 24, 2022
March 22, 2022
January 6, 2022
December 24, 2021
November 18, 2021
November 1, 2021

ക്ഷീരോല്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക്

ജെ ചിഞ്ചുറാണി
ക്ഷീരവികസന വകുപ്പ് മന്ത്രി
October 13, 2021 5:15 am

ക്ഷീരോല്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് നീങ്ങുന്ന കേരളം കഴിഞ്ഞ സർക്കാരിന്റെ പ്രവർത്തനത്തിന്റെ ബാക്കിപത്രമാണ്. നിലവിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷീര വിപണനശൃംഖല മൂന്ന് മേഖലകളിലായി പടർന്ന് പന്തലിച്ച കേരളത്തിന്റെ സ്വന്തം മിൽമ ആണ്. മുൻ കാലങ്ങളിൽ സംസ്ഥാനത്തിനകത്തെ ഉപഭോഗത്തിന് കേരളത്തിന് പുറമെ നിന്നും മിൽമയുടെ ഡയറി പ്ലാന്റുകൾ പാൽ വാങ്ങിയിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. പാൽ ഉല്പാദനത്തിൽ കേരളം സ്വയം പാര്യാപ്തതയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.
കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനം നേരിട്ട നിരവധി പ്രതിസന്ധികളിൽ ഒന്ന് സംസ്ഥാനത്തെ ഹോട്ടലുകളും ടീ ഷോപ്പുകളും അടഞ്ഞു കിടന്നതും, ആളുകൾ പാൽ വാങ്ങുന്നത് ഒഴിവാക്കുകയും ചെയ്തത് വഴി പാലിന്റെ ഉപഭോഗം വൻ തോതിൽ കുറയുകയും ചെയ്തതതിനാൽ മിൽമയിലെ ഉപഭോഗം കുറയാൻ ഉണ്ടായ സാഹചര്യമാണ്. മിൽമ ആകട്ടെ കർഷകരിൽ നിന്നും പാൽ സംഭരിക്കുകയും അത് സംസ്ഥാനത്തിന് പുറത്തുള്ള പാൽപ്പൊടി നിർമ്മാണ ശാലകളിൽ കൊണ്ട് പോയി സംസ്കരിച്ച് സൂക്ഷിക്കുകയും ചെയ്യേണ്ടുന്ന ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നു. എന്നാൽ അതും ഫലപ്രദമാകാതെ വന്നപ്പോൾ ഈ സർക്കാരിന്റെ ആദ്യ നാളുകളിൽ കർഷകർ നൽകിയ പാൽ ഏറ്റെടുക്കാൻ ആകാത്ത സാഹചര്യം മിൽമക്ക് ഉണ്ടാകുകയും തുടർന്ന് ചിലയിടങ്ങളിലെങ്കിലും പാൽ ഒഴുക്കി കളയേണ്ടുന്ന സാഹചര്യം ഉണ്ടായി.

 


ഇതുകൂടി വായിക്കൂ: ക്ഷീരോല്പാദന മേഖലയില്‍ സ്വയംപര്യാപ്തത ഉറപ്പാക്കി ഇടതുസര്‍ക്കാര്‍

 


ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, മലയാളികളുടെ ഭക്ഷണശീലം എന്നിവ പാലിന്റെ മൂല്യ വർധിത ഉല്പന്നങ്ങൾക്ക് കേരളത്തിൽ വലിയ സാധ്യത കല്പിച്ചിരുന്നില്ല. പക്ഷെ കോവിഡ് എന്ന മഹാമാരി നമ്മുടെ കണ്ണ് തുറപ്പിച്ചു. രാജ്യത്തെ മറ്റെല്ലാ സംരംഭങ്ങളും അടഞ്ഞു കിടന്നപ്പോഴും ഉല്പാദന മേഖലയിൽ വലിയ മുന്നേറ്റം കാഴ്ചവച്ച ഒരു മേഖലയാണ് മൃഗസംരക്ഷണ ക്ഷീര മേഖല. ധാരാളം ആളുകൾ ഈ രംഗത്തേക്ക് കടന്നു വരുന്ന ഒരു പശ്ചാത്തലം കണക്കിലെടുത്ത് സർക്കാർ ഊർജിതമായി ചില പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്തതിന്റെ ആദ്യ പടി ആണ് കേന്ദ്ര സർക്കാർ ഈ മേഖലയിൽ നൽകുന്ന ആനുകൂല്യങ്ങൾ കർഷകർക്ക് ലഭ്യമാക്കുവാൻ സംസ്ഥാനത്തിന്റെ ഒരു പ്രത്യേക പ്രതിനിധി സംഘം രാജ്യത്തിന്റെ തലസ്ഥാനത്ത് എത്തി കേന്ദ്ര മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയത്. വളരെ ക്രിയാത്മകമായ രീതിയിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ കേന്ദ്ര സർക്കാർ പരിഗണിക്കുകയും നിരവധി പുരോഗമന ആശയങ്ങൾ പരസ്പരം വിനിമയം ചെയ്യുകയും ചെയ്തു.
നമ്മുടെ സംസ്ഥാനത്തിന്റെ ശരാശരി പാൽ ഉല്പാദന ക്ഷമത 10.2 ലിറ്റർ ആണ്. രാജ്യത്തെ മൊത്തം നിലവാരം എടുത്താൽ പഞ്ചാബിന് പിന്നിലായി രണ്ടാം സ്ഥാനത്താണ് നമ്മള്‍. കേരളത്തിന്റെ കന്നുകാലി വികസന ബോര്‍ഡ് തുടങ്ങിവച്ച സങ്കരയിനം പശുക്കളുടെ ഉല്പാദനം രാജ്യത്താകെ മാതൃകയാണ്. നമ്മുടെ സംസ്ഥാനത്തെ 95 ശതമാനം പശുക്കളും സങ്കരയിനമാണ്. ആഗോള തലത്തിൽ കാലാവസ്ഥാ വ്യതിയാനം ഭീഷണി വരുത്തുന്ന ഒരു പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ തനത് വംശീയ ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തിന്റെ സ്വന്തം ജനുസുകളായ വെച്ചൂർ, കാസര്‍കോട് കുള്ളൻ, കുട്ടമ്പുഴ കുള്ളൻ, ചെറുവള്ളി പശു, വില്വാദ്രി എന്നീ ഇനം പശുക്കളെയും നാടൻ ഇനങ്ങളായി അംഗീകരിച്ച് പ്രത്യേക പരിഗണന നല്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്ത് കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. താരതമ്യേന അസുഖം കുറവുള്ള ഇവക്ക് പക്ഷെ പാൽ ഉല്പാദനത്തിൽ ക്ഷമത കുറവാണ്. അതിനാൽ ഇത്തരം ജനുസുകളിൽ പാൽ ഉല്പാദനം കൂട്ടുന്നതിനുള്ള ഗവേഷണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.
കന്നുകാലികളുടെ തീറ്റക്കും തീറ്റപ്പുല്ലിനും കർഷകർ വലിയ ചെലവ് വഹിക്കേണ്ടി വരുന്ന ഒരു സാഹചര്യം ഈ രംഗത്തെ പിന്നോട്ടടിക്കുന്ന ഒരു കാരണം ആണ്. പാൽ വില കൂട്ടാതെ തന്നെ ഉല്പാദന ചെലവ് കുറയ്ക്കുവാനുള്ള നടപടികളാണ് സർക്കാർ ആലോചിക്കുന്നത്. പഞ്ചാബ്, ഹരിയാന പോലെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വളരെ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന വൈക്കോല്‍, മറ്റു ഭക്ഷ്യസാധനങ്ങൾ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള കന്നുകാലികൾക്ക് കൊടുക്കാൻ പറ്റുന്ന ടോട്ടൽ മിക്സഡ് റേഷൻ (ടിഎംആര്‍) ഉല്പാദിപ്പിച്ച് കർഷകർക്ക് ലഭ്യമാക്കിയാൽ തീറ്റ ചെലവ് വളരെ വലിയ ഒരളവ് കുറയ്ക്കാൻ പറ്റും. ഇതിന് റയിൽ ഗതാഗതം ഉൾപ്പെടെ കേന്ദ്ര സർക്കാർ സഹായത്തോടെ ലഭ്യമാക്കുകയും കേന്ദ്ര പദ്ധതികൾ ആയ ദേശീയ ലൈവ് സ്റ്റോക്ക് മിഷൻ, മൃഗ സംരക്ഷണ പശ്ചാത്തല വികസന ഫണ്ട് തുടങ്ങിയവയുടെ സഹായത്താൽ സംസ്ഥാനത്ത് സംരംഭകരെ സഹായിക്കുവാൻ ഉള്ള പദ്ധതികൾ ആണ് സർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്.

 


ഇതുകൂടി വായിക്കൂ: ക്ഷീര കർഷകർ എൽഡിഎഫിനോടൊപ്പം

 


സംസ്ഥാനത്ത് നാല് ലക്ഷത്തോളം പശുക്കൾ പ്രസവിക്കുന്നുണ്ട്. അവയിൽ രണ്ട് ലക്ഷത്തോളം പെൺ കിടാങ്ങൾ ആണ് ജനിക്കുന്നത്. അവയിൽ 30,000 കിടാങ്ങൾ ആണ് പിന്നീട് പശുക്കളായി മാറി പാൽ ഉല്പാദനത്തിന് ലഭ്യമാകുന്നത്. ഇതൊരു വലിയ ചോദ്യ ചിഹ്നമായി സർക്കാരിന്റെ മുൻപിൽ വരികയും യഥാസമയം ചികിത്സ കൊടുക്കാത്തതുകൊണ്ടും ധാരാളം രോഗങ്ങൾ സംസ്ഥാനം കടന്ന് വരുന്നത് കൊണ്ടും കുട്ടികളെ വളർത്തി പശുവാക്കുന്നതിൽ ഉള്ള കർഷകരുടെ താല്പര്യമില്ലായ്മ അടക്കം നിരവധി കാരണങ്ങൾ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. കൃത്യമായ പരിചരണം നൽകി നല്ല പശുകുട്ടികളെ വളർത്തിയെടുക്കുന്ന കന്നുക്കുട്ടി പരിപാലന പദ്ധതി രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ സ്വന്തം പദ്ധതിയാണ്. ഈ പദ്ധതി വിപുലമാക്കുന്നതിനുള്ള പ്രത്യേക പരിപാടി സർക്കാർ വിഭാവനം ചെയ്തു വരികയാണ്. കൃത്യമായ സമയത്ത് പരിചരണം കൊടുക്കണമെങ്കിൽ അതിനുള്ള പശ്ചാത്തല സൗകര്യങ്ങൾ സംസ്ഥാനത്ത് ഉണ്ടാവണം.
ദേശീയ കന്നുകാലി മിഷന്റെ ഭാഗമായി 29 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സംസ്ഥാനത്തിന് ലഭ്യമാക്കുവാൻ നമുക്ക് കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളിലും ഒരു മൊബൈൽ വെറ്ററിനറി യൂണിറ്റ് എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിനു വേണ്ട സാമ്പത്തിക സഹായം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ഡിജിറ്റൽ ലൈവ് സ്റ്റോക്ക് മിഷന്റെ ഭാഗമായി കന്നുകാലികൾക്കുണ്ടാകുന്ന അസുഖങ്ങൾ നിയന്ത്രിക്കുവാനും ഫാമുകളുടെ യന്ത്രവൽക്കരണത്തിനും ഇൻഷുറൻസിനും കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. റേഡിയോ ഫ്രീക്വൻസി ഉപയോഗിച്ചുള്ള ചിപ്പുകൾ കന്നുകാലികളിൽ ഘടിപ്പിക്കുന്ന രീതി പൈലറ്റ് പദ്ധതിയായി ഏറ്റെടുത്തു കേരളം വ്യാപിപ്പിച്ചാൽ രാജ്യം മുഴുവൻ വ്യാപിപ്പിക്കും എന്ന് കേന്ദ്ര മന്ത്രി ഉറപ്പു നൽകി.
ശുദ്ധമായ പാലുല്പാദനം പ്രോത്സാഹിപ്പിക്കാൻ ആധുനിക കാലിത്തൊഴുത്തുകളുടെയും ചാണകക്കുഴികളുടെയും നിർമ്മാണവും നവീകരണവും, ബയോഗ്യാസ് പ്ലാന്റുകളുടെ നിർമ്മാണം, പാൽ സൊസൈറ്റികളിൽ സോളാർ പവർപ്ലാന്റ് നിർമ്മാണം, മീഥലിൻ ബ്ലൂ റിഡക്ഷൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പാൽ ഉല്പാദിപ്പിക്കുന്ന ക്ഷീര കർഷകർക്ക് ഇൻസെന്റീവ്, അഫ്ളാടോക്സിൻ എം-ഒന്നിന്റെയും ആന്റിബയോട്ടിക്സിന്റെയും അവശിഷ്ടങ്ങൾ കൂടാതെ പാലുല്പാദിപ്പിക്കുന്ന ക്ഷീര കർഷകർക്ക് അധിക ഇൻസെന്റീവ്, പ്രാദേശിക പാൽ യൂണിയനുകൾക്ക് നൂതനമായ പാലുല്പാദന വികസനത്തിനും ഗവേഷണത്തിനും വേണ്ടിയുള്ള സാമ്പത്തിക സഹായം, മൊബൈൽ ഫുഡ് ട്രക്ക് ഉൾപ്പെടുന്ന കോൾഡ് ചെയിൻ സംവിധാനങ്ങൾ മെച്ചപ്പെടുത്തുവാനുള്ള സാമ്പത്തിക സഹായം, ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയും ഡയറി കോർപറേറ്റീവ് സൊസൈറ്റിയെയും ബന്ധിപ്പിച്ച് മിൽക്ക് വാല്യു പേമന്റ് സിസ്റ്റം കൂടുതൽ ഫലപ്രദവും സുതാര്യവുമാക്കാൻ വേണ്ടിയുള്ള സാമ്പത്തിക സഹായം എന്നിവ കൂടി കേന്ദ്രത്തിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇവ പരിഗണിക്കുമെന്നും വിശദമായ പ്രൊപ്പോസൽ നൽകാനും കേന്ദ്രമന്ത്രി നിർദേശിച്ചു.

 


ഇതുകൂടി വായിക്കൂ: നൂറുദിന കർമ്മ പരിപാടിയും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പും

 


ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ചിന് കീഴിൽ കേരളത്തിലെ വെറ്റിറിനറി സർവകലാശാല വിദേശ സർവകലാശാലകളുമായി സഹകരിച്ച് നടത്തുന്ന ഗവേഷണങ്ങൾക്ക് കേന്ദ്രസർക്കാർ പ്രോത്സാഹനവും ധനസഹായവും നൽകാമെന്നും അത്യുല്പാദന ശേഷിയുള്ള കന്നുകാലികളുടെ ഉല്പാദനത്തിന് കേരളം സമർപ്പിച്ച സെക്സ്ഡ് സെമൻ കൺസർവേഷൻ ആന്റ് പ്രൊപ്പഗേഷൻ ഓഫ് എലീറ്റ് ജെംപ്ലാസം എന്ന പ്രോജക്ടിനു അംഗീകാരം നൽകാമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി പാർഷോത്തം രൂപലാ, കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര തോമർ, കേന്ദ്ര മൃഗസംരക്ഷണ ക്ഷീര സഹമന്ത്രി സഞ്ജീവ് കുമാർ ബല്യാൻ, നിതി ആയോഗ് അംഗം പ്രൊ. രമേശ് ചാന്ദ് എന്നിവരെ എല്ലാം പ്രത്യേകം പ്രത്യേകം സന്ദർശിക്കുകയും കേരളത്തിലെ പാലോട് വാക്സിൻ ഗവേഷണ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യവികസനം മുതൽ കേരളത്തിലെ കാലിത്തീറ്റയുടെ വിലകുറയ്ക്കുന്നതിനായി അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതുൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. അനുകൂലമായ പ്രതികരണമാണ് എല്ലായിടത്തുനിന്നും ലഭിച്ചത് എന്നത് വരും കാലത്തെക്കുറിച്ചുള്ള നല്ല പ്രതീക്ഷക്ക് വക നൽകുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.