30 April 2024, Tuesday

Related news

April 2, 2024
February 6, 2024
July 20, 2023
July 3, 2023
June 29, 2023
May 8, 2023
December 22, 2022
June 4, 2022
March 30, 2022

ദേശീയപാതയില്‍ വൃക്ഷവിലാപം; മുറിച്ചുതള്ളിയത് അരലക്ഷം വന്മരങ്ങള്‍

കെ രംഗനാഥ്
തിരുവനന്തപുരം
February 6, 2024 10:46 pm

ദേശീയ പാതവികസനത്തിന് രണ്ടു വര്‍ഷത്തിനുള്ളില്‍ മുറിച്ചുതള്ളിയത് 45,438 വന്മരങ്ങള്‍. കൊല്ലം ജില്ലയിലാണ് ഏറ്റവുമധികം വൃക്ഷനാശം. 12,943. അതേസമയം, ഭൂരിഭാഗം പ്രദേശങ്ങളും വനഭൂമിയായ ഇടുക്കി ജില്ലയില്‍ പാതവികസനം മൂലം കടപുഴകിയ വൃക്ഷങ്ങള്‍ വെറും 62. ദേശീയപാത 66ന് വേണ്ടിയാണ് ഏറ്റവുമധികം വൃക്ഷങ്ങള്‍ മുറിച്ചുമാറ്റിയത്. സംസ്ഥാന പാതാ വികസനത്തിനുവേണ്ടി വെട്ടിയത് മൊത്തം വൃക്ഷനാശത്തിന്റെ 19 ശതമാനം മാത്രം. ചുരുങ്ങിയ കാലയളവിനുള്ളില്‍ കന്യാകുമാരി-മുംബൈ ദേശീയപാത 66ന്റെ വികസനത്തിനുവേണ്ടി നടന്ന വൃക്ഷ നശീകരണത്തിന്റെ കണക്ക് ഇപ്രകാരമാണ്. തിരുവനന്തപുരം ‑5,276, ആലപ്പുഴ‑4,869, കണ്ണൂര്‍— 3,295, മലപ്പുറം- 2,518, കോഴിക്കോട്- 2,354, പാലക്കാട്- 2,226, തൃശൂര്‍— 1,531, എറണാകുളം- 1,160, കോട്ടയം- 427, വയനാട്- 244.

മുറിച്ചുമാറ്റുന്ന ഓരോ മരത്തിനും പകരം പത്തു വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കണമെന്ന് 2010ലെ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവുകളിലുണ്ട്. എന്നാല്‍ ഇത്തരം സാമൂഹ്യ വനവല്‍ക്കരണത്തിനുള്ള പ്രത്യേക സംവിധാനം ദേശീയപാതാ അതോറിട്ടിക്കില്ല. അതിനാല്‍ പകരം വച്ചുപിടിപ്പിക്കാനുള്ള തുക അവര്‍ സംസ്ഥാന വനം വകുപ്പിനെയാണ് ഏല്പിക്കുക. ഇതനുസരിച്ച് 5,276 മരങ്ങള്‍ നശിപ്പിക്കപ്പെട്ട തിരുവനന്തപുരം ജില്ലയില്‍ നട്ടത് 42,300 തൈകള്‍ മാത്രം. പരിപാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ പുതുതായി വച്ചുപിടിപ്പിച്ച 60 ശതമാനം തൈകളും കരിഞ്ഞുണങ്ങി. പകരം വനവല്‍ക്കരണം നടത്തുമ്പോള്‍‍ അത് വെറും വഴിപാടാകുന്നത് പരിസ്ഥിതിയെ സംബന്ധിച്ചിടത്തോളം അത്യന്തം ആശങ്കാജനകമാണെന്നാണ് വിദഗ്ധരുടെ പക്ഷം.
പാതാ വികസനത്തിന് സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാല്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ സ്ഥലം തികയാതെ വരുന്നതു വനവല്‍ക്കരണത്തിനു പ്രതിസന്ധിയാവുന്നു. പാതയോരങ്ങളിലെ ജനസാന്ദ്രത തന്നെയാണ് കാരണം. പുതിയ വനവല്‍ക്കരണത്തിനുവേണ്ടി മാത്രം വന്‍തോതില്‍ ഭൂമി ഏറ്റെടുക്കാനുള്ള സാമ്പത്തിക സ്ഥിതിയുമില്ല.

വന്മരങ്ങള്‍ മുറിച്ചുതള്ളുന്നതുമൂലം വന്‍ തോതില്‍ പരിസ്ഥിതി നാശം ഉണ്ടാകുന്നുവെന്നുമാത്രമല്ല ചെറു പ്രാണികളും പക്ഷികളുമടക്കമുള്ളവയുടെ ആവാസ വ്യവസ്ഥയുമാണ് നശിപ്പിക്കപ്പെടുന്നത്. വന്‍വൃക്ഷങ്ങളില്‍ കൂടുകെട്ടി വസിച്ചിരുന്ന കൊക്കുകള്‍, തത്തകള്‍, ഓലേഞ്ഞാലിക്കിളികള്‍ മുതല്‍ വയല്‍ക്കുരുവികളും മൈനകളും കരിയിലക്കിളികളും നശിപ്പിക്കപ്പെട്ട തങ്ങളുടെ വൃക്ഷത്താവളങ്ങളില്‍ ഏതാനും ദിവസം തങ്ങിയശേഷം അകലങ്ങളിലേക്ക് അപ്രത്യക്ഷമാകുന്നതും ദയനീയ ദൃശ്യങ്ങളാവുന്നു. പാതയുടെ സഞ്ചാരപഥങ്ങളില്‍ ലേശം വ്യത്യാസം വരുത്തിയാല്‍ മാത്രം ആിരക്കണക്കിനു വന്മരങ്ങളെ രക്ഷിക്കാനാവും. ഇതിനു ചെലവു കൂടുമെന്ന ന്യായീകരണത്താല്‍ പാതകളുടെ അലൈൻമെന്റില്‍ തെല്ലു വ്യത്യാസം വരുത്താത്തതും വൃക്ഷനശീകരണം മൂര്‍ധന്യത്തിലാക്കുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. പകരം വച്ചുപിടിപ്പിക്കുന്ന വൃക്ഷത്തൈകളുടെ പരിപാലനമില്ലായ്മ മൂലം അവ അല്പായുസുകളാകുന്നതും പ്രശ്നം വഷളാക്കുന്നുവെന്ന വിലയിരുത്തലുമുണ്ട്. 

Eng­lish Sum­ma­ry: Tree mourn­ing on the nation­al high­way; Half a mil­lion trees were cut down

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.