21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024

ഗോത്ര പാരമ്പര്യത്തിന്റെ കാഴ്ചകളൊരുക്കി ‘എൻ ഊര്’

Janayugom Webdesk
June 9, 2022 10:53 pm

തണുത്ത കാറ്റും, കോടമഞ്ഞും പുൽകുന്ന കുന്നിൻ മുകളിൽ അവിസ്മരണീയമായ കാഴ്ചകളുമായി ‘എൻ ഊര്’ ഗോത്ര പൈതൃക ഗ്രാമം. ഇടതൂർന്ന കാടുകളാലും പുൽമേടുകളാലും ചുറ്റപ്പെട്ട ഗോത്ര പൈതൃക ഗ്രാമത്തിൽ നിന്നുള്ള താഴ്‌വരക്കാഴ്ച ഏറെ മനോഹരമാണ്. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട ഗോത്രഗ്രാമത്തിലേക്ക് നൂറു കണക്കിന് സഞ്ചാരികളാണ് ഓരോ ദിവസവും എത്തുന്നത്. വയനാടിന്റെ കവാടമായ ലക്കിടിക്കടുത്ത് പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിക്ക് സമീപം കുന്നിൻ മുകളിലാണ് ഗോത്ര തനിമ നിലനിർത്തിക്കൊണ്ട് അതിമനോഹരമായ രീതിയിൽ എൻ ഊര് ഗോത്ര പൈതൃക ഗ്രാമം രൂപപ്പെടുത്തിയിട്ടുള്ളത്. മാനന്തവാടി ടീ പ്ലാന്റേഷൻ കോർപറേഷന്റെ കീഴിൽ പൂക്കോടുള്ള 25 ഏക്കർ സ്ഥലത്താണ് ഗോത്ര പൈതൃക ഗ്രാമം. ലക്കിടിയിലെ നവോദയ വിദ്യാലയം കടന്ന് സുഗന്ധഗിരി കുന്നിൻ മുകളിലാണ് പ്രകൃതിയുടെയും ഗോത്രപാരമ്പര്യത്തിന്റെയും വിസ്മയ കാഴ്ചകൾ. ഗോത്ര പാരമ്പര്യം നിറഞ്ഞ നാട്ടുവഴികളും പുല്ലു കൊണ്ട് മേഞ്ഞ മനോഹരകുടിലുകളും ഉൾപ്പെടെ ഗോത്ര വൈവിധ്യം നിറഞ്ഞു നിൽക്കുന്ന ഗ്രാമം സഞ്ചാരികളുടെ ഹൃദയത്തിൽ ഇടം പിടിക്കുന്നു.
ലക്കിടിയിൽ നിന്ന് പൈതൃക ഗ്രാമത്തിലേക്കുള്ള യാത്രയും പ്രകൃതി വൈവിധ്യങ്ങളിലൂടെയാണ്. മനോഹരമായ കുന്നിൻ ചെരിവുകൾക്കും പച്ചപ്പുകൾക്കും ഇടയിലൂടെയാണ് യാത്ര. വെറ്ററിനറി സർവകലാശാലയ്ക്ക് സമീപം വരെയാണ് സ്വകാര്യ വാഹനം അനുവദിക്കുക. തുടർന്ന് പൈതൃക ഗ്രാമം ഏർപ്പെടുത്തിയ ജീപ്പ് സർവ്വീസുണ്ട്. രാവിലെ ഒൻപത് മുതൽ വൈകിട്ട് ഏഴു വരെയാണ് പ്രവേശനം. 

ഗോത്ര ജനതയുടെ പൈതൃകവും സംസ്ക്കാരവും സംരക്ഷിക്കുകയും പാരമ്പര്യ വിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിനൊപ്പം നാടിന്റെ ഉണർവും ലക്ഷ്യമിട്ടുള്ളതാണ് എൻ ഊര് ഗോത്ര പൈതൃക ഗ്രാമം. ഗോത്ര ജനതയുടെ വൈവിധ്യങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്താനാണ് എൻ ഊര് ഗോത്ര പൈതൃക ഗ്രാമം പരിശ്രമിക്കുന്നത്. ഗോത്ര വിപണിയാണ് ഈ പൈതൃക ഗ്രാമത്തിന്റെ വളരെ പ്രധാനപ്പെട്ട പ്രത്യേകത. ഗോത്ര സമൂഹത്തിന് അവരുടെ ഉല്പന്നങ്ങൾ വിൽക്കാൻ ഇടനിലക്കാരില്ലാതെയുള്ള നേരിട്ടുള്ള വിപണിയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 

വയനാട്ടിലെ തനത് ഉല്പന്നങ്ങളെല്ലാം എൻ ഊരിലെ വിപണിയിൽ ലഭ്യമാണ്. ഗോത്ര വിഭാഗങ്ങൾ നിർമ്മിച്ച കരകൗശല വസ്തുക്കളും വനവിഭവങ്ങളും പരമ്പരാഗത തനത് കാർഷിക ഉല്പന്നങ്ങളും പച്ച മരുന്നുകളും മുള ഉല്പന്നങ്ങളും ചൂരൽ ഉല്പന്നങ്ങളും പാരമ്പര്യ ഔഷധ ചെടികളും എല്ലാം ഈ വിപണിയിൽ ലഭിക്കും. വിവിധ ഗോത്ര വിഭാഗങ്ങളുടെ കൗരകൗശല വൈദഗ്ധ്യം നേരിട്ട് കാണാനും ഇവിടെ അവസരമുണ്ട്. എൻ ഊര് എന്ന ബ്രാൻഡിലുള്ള ഉല്പന്നങ്ങൾ വിപണനം ചെയ്യുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. ഓപ്പൺ എയർ തിയേറ്റർ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും സന്ദർശകർക്കായി വിവിധ ഗോത്ര കലാ പരിപാടികളുടെ അവതരണവും നടക്കും. വംശീയ ഭക്ഷണശാലയാണ് മറ്റൊരു പ്രത്യേകത. രണ്ട് പ്രീമിയം ഭക്ഷണ ശാലകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഗോത്ര വിഭാഗങ്ങളുടെ തനത് വംശീയ ഭക്ഷണ രുചികളും മറ്റുള്ള വിഭവങ്ങൾക്കൊപ്പം ഇവിടെ സന്ദർശകർക്കായി പരിചയപ്പെടുത്തുന്നു. ഫെസിലിറ്റേഷൻ സെന്റർ, സൂക്ഷിപ്പു കേന്ദ്രം എന്നിവയെല്ലാം ഇതിനകം പൂർത്തിയായിട്ടുണ്ട്. 

കുട്ടികളുടെ പാർക്ക്, പൈതൃക നടവഴി, ഗോത്ര പുനരാഖ്യാന കേന്ദ്രം, കരകൗശല പണിശാല എന്നിവയെല്ലാം വരും നാളുകളിൽ ഇവിടെ യാഥാർത്ഥ്യമാകും. എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. സബ് കളക്ടറാണ് സൊസൈറ്റിയുടെ അധ്യക്ഷൻ. വൈത്തിരി, പൊഴുതന പഞ്ചായത്തുകളിലെ പതിമൂന്ന് ഊരു മൂപ്പൻമാർ ഇതിൽ അംഗങ്ങളാണ്. പൂർണമായും ഗോത്രവിഭാഗങ്ങൾ നിയന്ത്രിക്കുന്ന പദ്ധതിയാണ് എന്ന പ്രത്യേകതയും ഗോത്ര പൈതൃക ഗ്രാമത്തിനുണ്ട്. പ്രമുഖ ടൂർ ഓപ്പറേറ്റർമാരുമായും റിസോർട്ടുകളുമായും ബന്ധപ്പെടുത്തി വയനാട്ടിലെത്തുന്ന മുഴുവൻ സഞ്ചാരികളെയും ഇവിടേക്ക് ആകർഷിക്കാനുള്ള പദ്ധതികളും ആലോചിക്കുന്നുണ്ട്. 

Eng­lish Summary:tribal her­itage in kozhikode
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.