21 December 2024, Saturday
KSFE Galaxy Chits Banner 2

സൈന്യാധിപന് സല്യൂട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
December 9, 2021 9:52 am

വസാന ശ്വാസത്തിലും രാജ്യത്തെ സേവിച്ച ധീരനായ പോരാളിക്ക് രാജ്യത്തിന്റെ അന്ത്യാഭിവാദ്യം. ഇന്ന് ‍ഡല്‍ഹിയിലെത്തിക്കുന്ന മൃതദേഹം സൈനിക ബഹുമതികളോടെ സംസ്കരിക്കും. പാക് അധീന കശ്മീരിലടക്കം രാജ്യം കണ്ട ഏറ്റവും പ്രധാന സൈനിക ഓപ്പറേഷനുകൾക്കെല്ലാം ചുക്കാ­ൻ പിടിച്ച സൈനികത്തലവനായിരുന്നു ബിപിന്‍ റാവത്ത്. ഉത്തരാഖണ്ഡിലെ പൗഡിൽ 1948 മാര്‍ച്ച് 16നായിരുന്നു ബിപിൻ റാവത്തിന്റെ ജനനം. ഡെറാഡൂണിലെ കാബ്രിയാൻ ഹാൾ സ്കൂളിലും ഷിംലയിലെ സെന്റ് എഡ്വേര്‍ഡ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. വെല്ലിങ്ടണ്‍ ഡിഫൻസ് സര്‍വീസസ് സ്റ്റാഫ് കോളജ്, നാഷണൽ ഡിഫൻസ് അക്കാദമി, ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, അമേരിക്കയിലെ ആര്‍മി സ്റ്റാഫ് കോളജ് എന്നിവിടങ്ങളിൽ നിന്ന് ഉന്നത സൈനിക വിദ്യാഭ്യാസം നേടി.1978 ഡിസംബര്‍ പതിനാറിന് ഗൂര്‍ഖാ റൈഫിൾസിൽ സെക്കന്‍ഡ് ലെഫ്റ്റനന്റായി തുടക്കം. കരസേനയിൽ ലെഫ്. ജനറലായിരുന്ന അച്ഛൻ ലക്ഷ്മണ സിങ്ങിന്റെ അതേ യൂണിറ്റിൽ നിന്നു തന്നെയായിരുന്നു റാവത്തിന്റെയും ആദ്യ നിയോഗം. ഒരു വര്‍ഷത്തിന് ശേഷം ലെഫ്റ്റനന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നു.

നാല് ദശകം നീണ്ട സൈനിക സേവനത്തിടെ ബ്രിഗേഡിയർ കമാൻഡർ, ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് സത്തേൺ കമാൻഡ്, മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ട്രേറ്റിലെ ജനറൽ സ്റ്റാഫ് ഓഫീസർ ഗ്രേഡ് 2, കേണൽ മിലിട്ടറി സെക്രട്ടറി, ഡെപ്യൂട്ടി മിലിട്ടറി സെക്രട്ടറി, ജൂനിയ‌ർ കമാൻഡ് വിങ്ങിലെ സീനിയർ ഇൻസ്ട്രക്ടർ എന്നീ ചുമതലകൾ വഹിച്ചു. യുഎൻ സമാധാന സേനയുടെ ഭാഗമായി കോംഗോ ഡെമോക്രാറ്റിക് റിപ്ലബിക്കിലും ബിപിൻ റാവത്ത് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഉയരമുള്ള യുദ്ധമുഖത്ത് പ്രത്യേക ­­ പരിശീലനം നേടിയ സൈനിക ഉദ്യോഗസ്ഥനായിരുന്നു റാവത്ത്. പത്ത് വര്‍ഷം ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടത്തിൽ സൈന്യത്തെ നയിച്ചു. 2014 ജൂണ്‍ ഒന്നിന് ലെഫ്റ്റനന്റ് ജനറലായി. ജനറൽ ബൽബീ‌ർ സിങ് സുഹാഗിന്റെ പിൻഗാമിയായി ഇന്ത്യയുടെ കരസേനാ മേധാവി സ്ഥാനത്തേക്കെത്തി.
ജമ്മുകശ്മീരിലെ നിര്‍ണായക സൈനിക നീക്കങ്ങൾ നടന്ന രണ്ട് വര്‍ഷം അദ്ദേഹമായിരുന്നു കരസേനാ മേധാവി. സേവനകാലത്ത് പരംവിശിഷ്ട സേവാ മെഡൽ ഉൾപ്പെടെ നിരവധി സൈനിക പുരസ്കാരങ്ങൾ റാവത്തിനെ തേടിയെത്തിയിരുന്നു.

ആദ്യ സംയുക്ത സേനാ മേധാവി

2019 ഡിസംബർ 31നാണ് ഫോർ സ്റ്റാർ ജനറൽ പദവിയില്‍ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ബിപിൻ റാവത്തിനെ നിയമിച്ചത്. മൂന്ന് വര്‍ഷം കാലാവധിയിൽ 65 വയസുവരെ സ്ഥാനത്ത് തുടരുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം. ഒരു വ്യക്തിക്ക് 62 വയസുവരെ മാത്രമേ സൈനിക സേവനത്തിൽ തുടരാനാകൂ എന്ന ചട്ടം ഭേദഗതി ചെയ്താണ് ബിപിൻ റാവത്തിന് 65 വയസുവരെ തുടരാൻ കേന്ദ്രസർക്കാർ അവസരമൊരുക്കിയിരുന്നത്.

 

ബലാക്കോട്ട്, മ്യാൻമർ മിന്നലാക്രമണങ്ങളുടെ ശില്പി

ഇന്ത്യൻ സൈന്യത്തിലെ കരുത്തുറ്റ പോരാളിയായിരുന്നു ജനറൽ ബിപിൻ റാവത്ത് മിന്നലാക്രമണങ്ങളുടെ നായകന്‍ കൂടിയായിരുന്നു. പ്രധാനപ്പെട്ട സൈനിക ഓപ്പറേഷനുകളുടെ ആസൂത്രണത്തിന്റെയും നിർവഹണത്തിന്റെയും ഭാഗമായിരുന്നു അദ്ദേഹം. കാർക്കശ്യം, ധീരത, ഉറച്ച നിലപാട് എന്നും റാവത്തിന്റെ മുഖമുദ്രയായിരുന്നു. ബലാക്കോട്ട്, മ്യാൻമർ മിന്നലാക്രമണങ്ങൾക്ക് നേതൃത്വം നൽകിയതും റാവത്ത് ആയിരുന്നു. 40 സൈനികരുടെ മരണത്തിന് ഇടയാക്കിയ പുൽവാമ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ബാലക്കോട്ടിൽ നടത്തിയ വ്യോമാക്രമണം നടക്കുമ്പോൾ സൈനി­ക ­മേധാവിയായിരുന്നു ബിപിൻ റാവത്ത്. 2015ൽ മ്യാൻമറിൽ നടന്ന അതിർത്തി കടന്നുള്ള കൗണ്ടർ ഓപ്പറേഷനും ജനറൽ റാവത്ത് മേൽനോട്ടം വഹിച്ചു. 80 ഭീകരരാണ് ആ സൈനിക നീക്കത്തിൽ കൊല്ലപ്പെട്ടത്. ഉറിയിൽ സൈനിക ക്യാമ്പിൽ നടന്ന ഭീകരാക്രമണത്തിൽ 19 സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെയും ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. 2016ൽ പാക് അധീന കശ്മീരിൽ സൈന്യം മിന്നലാക്രമണം നടത്തി. ഇതിനു ചുക്കാൻ പിടിച്ചതും റാവത്തായിരുന്നു. ഇത് പാകിസ്ഥാനുള്ള സന്ദേശമെന്നാണ് ഓപ്പറേഷനു ശേഷം റാവത്ത് പ്രതികരിച്ചത്.

ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നത് രണ്ടാം തവണ

സംയുക്ത സൈനികമേധാവി ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിന്റെ ഞെട്ടലിലാണ് രാജ്യം. അതേസമയം ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നത് ഇതാദ്യമല്ല. ആറു വർഷം മുമ്പ് നാഗാലാൻഡിൽ വച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽനിന്ന് അത്ഭുതകരമായാണ് അദ്ദേഹം രക്ഷപ്പെട്ടത്.

2015ൽ നാഗാലാൻഡിലെ ദിമാപൂരില്‍ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഒറ്റ എഞ്ചിൻ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. അന്ന് പറന്ന ഉടൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്ന് വീഴുകയായിരുന്നു. അന്നത്തെ അപകടത്തിൽ ചെറിയ പരിക്ക് പോലുമില്ലാതെ റാവത്ത് രക്ഷപെട്ടു. എഞ്ചിൻ തകരാർ ആയിരുന്നു അന്ന് അപകടത്തിന് കാരണമായത്.

മരണത്തിലും ഒന്നിച്ച്

 

 

ജീവിത സഖിയായി ബിപിൻ റാവത്തിന്റെ കൈപിടിച്ച മധുലിക അന്ത്യയാത്രയിലും പ്രിയതമനൊപ്പം. 1985ൽ ബിപിൻ റാവത്തിന്റെ ജീവിത സഖിയായ മധുലിക എല്ലാ യാത്രകളിലും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. എന്നാൽ വെല്ലിങ്ടൺ കോളജിലേക്കുള്ളത് അവസാന യാത്രയായിരുന്നു. 1966ൽ രൂപീകരിച്ച ആർമി വൈഫ്സ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായിരുന്നു മധുലിക. സൈനികരുടെ ഭാര്യമാരുടെയും കുട്ടികളുടെയും ആശ്രിതരുടെയും ക്ഷേമത്തിനായി നിരന്തരം പ്രവർത്തിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ എൻജിഒകളിൽ ഒന്നായ എഡബ്ല്യുഡബ്ല്യുഎയിലെ അംഗവുമാണ്.

മധ്യപ്രദേശിലെ ഷാഡോൾ സ്വദേശിയായ മധുലിക അന്തരിച്ച രാഷ്ട്രീയ നേതാവ് മൃഗേന്ദ്ര സിങ്ങിന്റെ മകളാണ്. കാൻസർ ബാധിതർക്കായി പ്രവർത്തിച്ചിരുന്ന മധുലിക വീരമൃത്യൂ വരിച്ച സൈനികരുടെ വിധവകളെ ശാക്തീകരിക്കുന്നതിനായി വിവിധ സന്നദ്ധ പരിപാടികൾക്കും നേതൃത്വം നൽകിയിരുന്നു. ബിപിൻ റാവത്ത്- മധുലിക ദമ്പതികൾക്ക് രണ്ട് പെണ്മക്കളാണ് ഉള്ളത്.

എംഐ‑17വി5: മലനിരകളിലെ വിശ്വസ്തന്‍

 

പ്രതീകാത്മക ചിത്രം-എംഐ‑17വി5

 

ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും വിശ്വസ്തമായ സൈനിക വാഹനങ്ങളിലൊന്നാണ് എംഐ‑17വി5 ഹെലികോപ്റ്റര്‍. സൈനികരെ വിന്യസിക്കാനും ആയുധ ഗതാഗതം, അഗ്നിശമന സഹായം, പെട്രോളിങ്, സർച്ച് ആന്റ് റെസ്ക്യൂ ദൗത്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു. ലോകത്തിലെ ഏറ്റവും നൂതനമായ സൈനിക ഗതാഗത ഹെലികോപ്റ്ററുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

ഏത് പ്രതികൂല സാഹചര്യങ്ങളിലും ഉഷ്ണമേഖലാ, സമുദ്ര കാലാവസ്ഥയിലും മരുഭൂമിയിലും പോലും പറക്കാൻ കഴിയും. സ്റ്റാർബോർഡ് സ്ലൈഡിങ് ഡോർ, പാരച്യൂട്ട് ഉപകരണങ്ങൾ, സർച്ച് ലൈറ്റ്, എമർജൻസി ഫ്ലോട്ടേഷൻ സിസ്റ്റം എന്നിവ ഹെലികോപ്റ്ററിൽ സജ്ജീകരിച്ചിരിക്കുന്നു. നൈറ്റ് വിഷൻ ഉപകരണങ്ങൾ, ഓൺബോർഡ് വെതർ റഡാർ, ഒരു ഓട്ടോപൈലറ്റ് സിസ്റ്റം എന്നിവയും കോക്പിറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്. പരമാവധി ടേക്ക് ഓഫ് ഭാരം 13,000 കിലോഗ്രാം ആണ്, കൂടാതെ 36 സായുധ സൈനികരെ യാത്രക്കാരായി കൊണ്ടുപോകാനും കഴിയും.

ഹെലികോപ്റ്ററിൽ മിസൈലുകൾ, എസ്-8 റോക്കറ്റുകൾ, 23 എംഎം മെഷീൻ ഗൺ, പികെടി മെഷീൻ ഗൺ, എകെഎം അന്തർവാഹിനി തോക്കുകൾ എന്നിവയുണ്ട്. ശത്രു സൈനികർ, കവചിത വാഹനങ്ങൾ എന്നിവയെ നേരിടാനും ലക്ഷ്യസ്ഥാനങ്ങൾ ഭേദിക്കാനും ഇവയ്ക്ക് കഴിയും. പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്, സാധാരണ റേഞ്ച് 580 കിലോമീറ്ററാണ്. ഇതിന് പരമാവധി 6,000 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിയും.റഷ്യയുടെ റോസോബോറോണ്‍ എക്സ്പോര്‍ട്ട് 2008‑ൽ ഇന്ത്യൻ സർക്കാരുമായി 80 എംഐ‑17വി5 ഹെലികോപ്റ്ററുകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ ഒപ്പുവച്ചു, അത് 2013 ൽ പൂർത്തിയായി. ഇന്ത്യൻ വ്യോമസേനയ്ക്കായി 71 എംഐ ‑17 V5 ഹെലികോപ്റ്ററുകൾ വിതരണം ചെയ്യുന്നതിനുള്ള പുതിയ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്.

തീഗോളമായി നിലംപതിച്ചു

അപകടം നടന്ന ഉടൻ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾക്കൊപ്പം മരങ്ങളും കത്താൻ തുടങ്ങിയതോടെ പ്രദേശമാകെ ആളിക്കത്താൻ തുടങ്ങിയെന്ന് പ്രദേശവാസികള്‍. ഈ മേഖല പിന്നീട് തീഗോളമായി മാറുകയായിരുന്നു. കനത്ത മൂടൽ മഞ്ഞ് കാരണമാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. എന്നാൽ ആകാശത്ത് വച്ച് ഹെലികോപ്റ്ററിന് തീപിടിച്ചെന്നും ഉടനെ മരങ്ങളിൽ ഇടിച്ച് തീകത്തുകയായിരുന്നുവെന്നും പ്രദേശവാസികളിൽ ചിലർ പറഞ്ഞു.

വലിയ ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോൾ ഹെലികോപ്റ്റർ കത്തുന്നതാണ് കണ്ടതെന്ന് ഗ്രാമവാസികൾ പറഞ്ഞു.
ഒരു കെട്ടിടത്തിന്റെ താഴ് ഭാഗത്ത് വനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഹെലികോപ്റ്റർ പതിച്ചത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മണിക്കൂറുകളോളം ഈ സ്ഥിതി തുടർന്നു. ഇത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു.ഹെലികോപ്റ്ററിൽ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്താൻ സാധിക്കാതെ വന്നു.

പ്രത്യേക ശബ്ദം കേട്ടതായി പ്രദേശവാസി

കൂനൂര്‍: പതിവായി സൈനിക ഹെലികോപ്റ്റര്‍ പോകുന്ന പാതയാണെങ്കിലും അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ പറന്നപ്പോള്‍ പതിവിൽ നിന്ന് വിപരീതമായി പ്രത്യേക ശബ്ദം കേട്ടിരുന്നതായി കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയും എഐവൈഎഫ് പ്രവർത്തകനുമായിരുന്ന സി സൂരജ് പറഞ്ഞു.ഹെലികോപ്റ്റര്‍ അപകടം നടന്ന കൂനൂരില്‍ നീലഗിരി മൗണ്ടൻ റയിൽവേയിൽ ട്രാക്ക് മെയിന്റനർ ആയി ജോലി ചെയ്യുകയാണ് സൂരജ്. അപകട സ്ഥലത്തുനിന്നും ഒരു കിലോമീറ്റര്‍ ദൂരം മാത്രമാണ് സൂരജ് ജോലി ചെയ്യുന്ന വെള്ളിമേട് റയില്‍വേ സ്റ്റേഷനിലേക്കുള്ളത്.

ഹെലികോപ്റ്റര്‍ പോയി അല്‍പസമയത്തിന് ശേഷം വലിയ ശബ്ദം കേട്ടെന്നും തുടര്‍ന്നാണ് തകർന്നുവീണ വിവരം അറിഞ്ഞതെന്നും സൂരജ് ജനയുഗത്തോട് പറഞ്ഞു.സംഭവസ്ഥലത്തേക്ക് എത്തിയെങ്കിലും അപ്പോഴേയ്ക്കും പട്ടാളക്കാർ ആ പ്രദേശമെല്ലാം പൂര്‍ണമായും അടച്ചിരുന്നു. അപകടത്തില്‍പ്പെട്ട ആരും രക്ഷപ്പെടാനിടയില്ലെന്ന് തൊട്ടടുത്ത് താമസക്കാരായ എസ്റ്റേറ്റ് തൊഴിലാളികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. മൃതദേഹങ്ങൾ പലതും പൂർണമായും കത്തിക്കരിഞ്ഞിരുന്നതായി രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം എത്തിയ സ്ഥലവാസികള്‍ പറഞ്ഞിരുന്നുവെന്നും സൂരജ് അറിയിച്ചു.

അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു. ഹെലികോപ്റ്റർ പറത്തിയത് പരിചയ സമ്പന്നനായ പൈലറ്റായിരുന്നു എന്നാണ് വ്യോമസേന പ്രാഥമിക റിപ്പോർട്ടില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ അറിയിച്ചത്. പ്രതികൂല കാലാവസ്ഥയടക്കം വ്യത്യസ്തങ്ങളായ കാരണങ്ങളുടെ സാധ്യതകൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.കഴിഞ്ഞ കുറച്ചുദിവസങ്ങളായി കൂനൂർ അടക്കമുള്ള മേഖലകളിൽ കനത്ത മഴ പെയ്യുകയായിരുന്നു. ഇവിടെ ഇപ്പോഴും കനത്ത മഞ്ഞുണ്ട്. കാലാവസ്ഥ തന്നെയാവും പ്രധാന കാരണമെന്നാണ് കരുതപ്പെടുന്നത്. മൂടൽ മഞ്ഞിൽ കാഴ്ച തടസപ്പെട്ട് മരത്തിൽ തട്ടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പൈലറ്റിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയോ ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയോ റിപ്പോർട്ടിൽ തള്ളുന്നുണ്ട്.പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി. രാജ്‌നാഥ് സിങ് ഇന്ന് പാർലമെന്റിൽ പരസ്യ പ്രസ്താവന നടത്തിയേക്കും. അപകടവാര്‍ത്തയ്ക്ക് പിന്നാലെ രാജ്‌നാഥ് സിങ്ങും കരസേനാ മേധാവി എം എം നരവനെയും ബിപിൻ റാവത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.